This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിമം

ദശരൂപകങ്ങളിലൊന്ന്. നാടകം, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി, അങ്കം, ഈഹാമൃഗം എന്നിവയാണ് പത്തു രൂപക (നാടക) ഭേദങ്ങള്‍. ഭരതമുനി നാട്യശാസ്ത്രത്തില്‍ ഓരോ രൂപകത്തിന്റേയും പ്രത്യേകതകള്‍ വിശദീകരിച്ചിട്ടുണ്ട്.

ഡിമത്തില്‍ ഇതിവൃത്തം പ്രസിദ്ധമായിരിക്കണം. ദേവന്‍, ഗന്ധര്‍വന്‍, യക്ഷന്‍, രക്ഷസ്സ് തുടങ്ങിയവര്‍ നായകന്മാരായിരിക്കണം. പതിനാറ് കഥാപാത്രങ്ങളുണ്ടാകണം. ഉദ്ധത കഥാപാത്രങ്ങള്‍ അനേകം വേണം. മായാവിദ്യ, ഇന്ദ്രജാലം, യുദ്ധം, ഉത്തമചേഷ്ടകള്‍, മല്ലയുദ്ധം എന്നിവ ഇതിവൃത്തത്തിലുള്‍പ്പെട്ടിരിക്കണം. വിഷ്കംഭവും പ്രവേശകവും ചേര്‍ന്ന നാല് അങ്കങ്ങളുണ്ടാകണം. ഹാസ്യവും ശൃംഗാരവും ശാന്തവുമൊഴികെയുള്ള ആറ് രസങ്ങളും നിറഞ്ഞു നില്‍ക്കണം. പ്രധാനരസം രൗദ്രമായിരിക്കണം-എന്നിങ്ങനെ ലക്ഷണം പറഞ്ഞിരിക്കുന്നു.

'അശാന്ത ഹാസ്യ ശൃംഗാര

വിമര്‍ശഃ ഖ്യാതവസ്തുകഃ

രൗദ്രമുഖ്യശ്ചതുരങ്കഃ

ഐന്ദ്രജാലരണോഡിമഃ' എന്ന് നാട്യദര്‍പ്പണകാരനായ ആചാര്യരാമചന്ദ്രനും ലക്ഷണനിരൂപണം ചെയ്തിട്ടുണ്ട്. പ്രകൃതിപ്രതിഭാസങ്ങളായ ഇടിമിന്നല്‍, സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍, വാല്‍നക്ഷത്രം തുടങ്ങിയവയുടെ വര്‍ണനയും ഇതിലുണ്ടായിരിക്കും.

'ഡിമ്' എന്ന ധാതുവിന് മുറിവേല്പിക്കുക എന്നാണര്‍ഥം. 'ഡിമം' അഥവാ 'യുദ്ധം' നാല് അങ്കങ്ങളുളള നാടകരൂപമാണെന്നും ദേവന്മാര്‍ രാക്ഷസന്മാരോട് ഏറ്റുമുട്ടി വിജയിക്കുന്നതാണ് പ്രതിപാദ്യമെന്നും അപൂര്‍വമായി മാത്രമേ മനുഷ്യകഥാപാത്രം ഇതില്‍ വരുന്നുളളൂ എന്നും ഏ.കെ. വാര്‍ഡര്‍ ഇന്‍ഡ്യന്‍ കാവ്യ ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥത്തില്‍ രൂപകങ്ങളേയും ഉപരൂപകങ്ങളേയും വിശദമായി പ്രതിപാദിക്കുന്ന സന്ദര്‍ഭത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകഥാപാത്രങ്ങളില്ല എന്ന പ്രത്യേകതയും ഡിമത്തിനുണ്ട്. ബ്രഹ്മാവാണ് ഡിമത്തിന്റെ ഉപജ്ഞാതാവ് എന്ന് ഭരതമുനി രേഖപ്പെടുത്തുന്നു. ത്രിപുരദാഹം ഡിമത്തിനുദാഹരണമായി ഭരതമുനിയും താരകോദ്ധരണം, വൃത്രോദ്ധരണം എന്നിവ ശാരദാതനയനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിമത്തില്‍ അപൂര്‍വമായി വരുന്ന മനുഷ്യകഥാപാത്രങ്ങള്‍ ശൈവഭക്തന്മാരോ വൈഷ്ണവഭക്തന്മാരോ ആണ്. ഇതിവൃത്തം എല്ലായ്പ്പോഴും വൈദിക കഥയോ പുരാണകഥയോ ആയിരിക്കും. ത്രിപുരദാഹം പരമശിവന്റെ വാസസ്ഥാനമായ ഹിമാലയത്തില്‍ അവതരിപ്പിച്ചതായി നാട്യശാസ്ത്രത്തില്‍ (IV-10) സൂചിപ്പിച്ചിട്ടുണ്ട്. ഇതുകപ്പോള്‍, ഇതിന് പൂര്‍വരംഗമായി തന്റെ താണ്ഡവനൃത്തവും കൂടി ഉണ്ടായിരിക്കുന്നതു നല്ലതാണ് എന്ന് പരമശിവന്‍ അഭിപ്രായപ്പെടുകയും താണ്ഡവനൃത്തത്തിന്റെ വിശദീകരണം നല്‍കുകയും ചെയ്തതായി ഭരതമുനി രേഖപ്പെടുത്തുന്നു.

പന്ത്രാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ കാലഞ്ജരരാജാവായിരുന്ന പരമര്‍ദിദേവന്റെ മന്ത്രിയായ വത്സരാജന്‍ ഡിമം, വ്യായോഗം, ഈഹാമൃഗം, സമവകാരം, ഭാണം, പ്രഹസനം എന്നീ വിഭാഗങ്ങളില്‍ ഓരോ രൂപകം (നാടകം) രചിച്ചു. ഇവ യഥാക്രമം ത്രിപുരദാഹം, കിരാതാര്‍ജുനീയം, രുക്മിണീഹരണം, സമുദ്രമന്ഥനം, കര്‍പ്പൂരചരിതം, ഹാസ്യചൂഡാമണി എന്നിവയാണ്. രൂപകഷട്കം എന്ന പേരില്‍ ബറോഡയില്‍ നിന്നും സി. ഡി ദലാല്‍ 1918-ല്‍ ഇതു പ്രസാധനം ചെയ്തു. വീരഭദ്രവിജൃംഭണം, മന്‍മഥോന്‍മഥനം എന്നിവയും ഡിമത്തിനുദാഹരണമായി സാഹിത്യചരിത്രങ്ങളിലുണ്ട്. ഡിമത്തോടു സാദൃശ്യമുളള ഡിമികം എന്ന ഉപരൂപകത്തെപ്പറ്റി നാട്യശാസ്ത്രാചാര്യനായ കോഹലന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍