This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്ളൊമൊണാഡിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിപ്ലൊമൊണാഡിഡ

Diplomonadida

പ്രോട്ടോസോവ ജന്തുഫൈലത്തിലെ സൂമാസ്റ്റിഗോഫോറ (Zoomastigophora) വര്‍ഗത്തില്‍പ്പെടുന്ന ഒരു ഗോത്രം. ഡിപ്ളൊമൊണാഡിഡകള്‍ നിറമില്ലാത്ത വലുപ്പം കുറഞ്ഞ ഫ്ലാജെല്ലിത ജീവികളാണ്. ഇവയില്‍ സ്വതന്ത്രജീവികളും പരാദങ്ങളും ഉള്‍പ്പെടുന്നു. ദ്വിപാര്‍ശ്വസമമിത രൂപത്തിലുള്ള ശരീരത്തിന് ദ്വികദര്‍പ്പണ പകുതികളുണ്ട്. ഓരോ പകുതിയിലും ഒരു കോശ കേന്ദ്രവും പൂര്‍ണതയിലുള്ള ഗതിക കോശാംഗങ്ങളും (kinetic organelle) ഉണ്ടായിരിക്കും. ജീവിയുടെ ഒരു വശത്ത് നീളത്തില്‍ ഏറ്റക്കുറച്ചിലുള്ള നാലു ഫ്ലാജെല്ലങ്ങള്‍ കാണപ്പെടുന്നു. കോശവിഭജന സമയത്ത് രണ്ടു കോശകേന്ദ്രങ്ങളും ഓരോ കീലമായി (spindle) രൂപപ്പെടുന്നു. അതിനാല്‍ ഓരോ പുത്രികാകോശവും രണ്ടു കോശകേന്ദ്ര സമ്മിശ്രമായിരിക്കും.

ട്രെപോമോണാസ് റോട്ടന്‍സ്

സ്വതന്ത്രമായി ജീവിക്കുന്ന ഡിപ്ലൊമൊണാഡിഡകളില്‍ വച്ച് ഏറ്റവും സാധാരണം ട്രെപോമോണാസ് റോട്ടന്‍സ് (Trepomonas) എന്നയിനമാണ്. ഇവ അഴുക്കുചാലുകളിലെയും ഓടകളിലെയും ഓക്സിജന്‍ കുറവായതും മാലിന്യം കലര്‍ന്നതുമായ ജലത്തിലാണ് സാധാരണ വളരുന്നത്. സമുദ്രജലത്തിലും ഇവ കാണപ്പെടുന്നുണ്ട്. ഇനഭേദമനുസരിച്ച് രണ്ടോ നാലോ നീളം കൂടിയ പാര്‍ശ്വ ഫ്ലാജെല്ലങ്ങളും നീളം കുറഞ്ഞ നാലോ ആറോ ഫ്ലാജെല്ലങ്ങളും ഉണ്ടായിരിക്കും. ജീവി സ്വയം അതിന്റെ അക്ഷത്തില്‍ കറങ്ങി, പതുക്കെ ശരീരം ഇളക്കി വെള്ളത്തില്‍ നീന്തുന്നു. മറ്റു ജന്തുക്കളില്‍, പ്രത്യേകിച്ച് ഉഭയജീവികളില്‍, പരാദങ്ങളായോ സഹജീവികളായോ ഇവ ജീവിക്കുന്നു. സ്വതന്ത്രമായും പരാദമായും ജീവിക്കുന്ന മറ്റൊരിനമാണ് ഹെക്സാമിറ്റ (Hexamitta). സ്പൈറോന്യുക്ലിയസ് (Spironucleus) ജീനസും പരാദജീവിയാണ്. ഇതിന്റെ സര്‍പ്പിലരൂപത്തിലുള്ള കോശകേന്ദ്രക്രമീകരണമാണ് ഈ പേരിന് ആധാരം. ഗിയാര്‍ഡിയ (Giardia)യും അതിന്റെ നിരവധി ഇനങ്ങളും കശേരുകികളിലെ പരാദജീവികളാണ്. ഇവ മനുഷ്യരില്‍ ഗിയാര്‍ഡിയാസിസ് എന്ന രോഗം ഉണ്ടാക്കുന്നു. കഠിനമായ ഈ വയറിളക്കരോഗത്തിന് ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍