This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിപ്ളൊപോഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിപ്ലൊപോഡ
Diplopoda
ആര്‍ത്രൊപ്പോഡ ജന്തുഫൈലത്തിലെ ഒരു വര്‍ഗം. മിറിയാപോഡ എന്നും അറിയപ്പെട്ടിരുന്നു. ഉരുണ്ടുനീണ്ട ശരീരത്തിനിരുവശത്തുമായി അനേകം ജോടി കാലുകള്‍ ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ പേരു നല്‍കിയത്. തേരട്ടകള്‍ (millipede)ക്കു പുറമേ പഴുതാര(centipede)കളും ഈ വര്‍ഗത്തില്‍പ്പെടുന്നു. തേരട്ടകള്‍ മന്ദഗാമികളും പഴുതാരകള്‍ ദ്രുതഗാമികളുമാണ്. ശരീരത്തിലാകെ വ്യാപിച്ചു കിടക്കുന്ന ശ്വാസനാളീ (trachea) വ്യൂഹത്തിലൂടെയാണ് ശ്വസനം നിര്‍വഹിക്കുന്നത്. സ്ഥിരവാസം കരയിലാണെങ്കിലും, മുട്ട വിരിയുന്നതിന് ഈര്‍പ്പം ആവശ്യമാണ്. ഇരുട്ടിലും, വിവിധ വസ്തുക്കളുടെ മടക്കുകള്‍, ഇടുക്കുകള്‍ എന്നിവിടങ്ങളിലുമാണ് ഡിപ്ലൊപോഡകള്‍ കൂടുതല്‍ കാണപ്പെടുന്നത്. മുഖ്യഭക്ഷണം ജീര്‍ണവസ്തുക്കളാണ്. ഏറ്റവും അറിയപ്പെടുന്ന ഡിപ്ലൊപോഡ് തേരട്ടയാണ്.
ഷഡ്പദങ്ങള്‍ (Insecta), ക്രസ്റ്റേഷ്യനുകള്‍ (Crustaeceae) എന്നിവയെപ്പോലെ ഇവയുടെ ശരീരത്തിനും ശിരസ്സ്, വക്ഷം, ഉദരം എന്നീ മൂന്നു ഭാഗങ്ങളുണ്ട്. ശിരസ്സു വ്യതിരിക്തമാണ്. ലളിതവും എട്ടു ഖണ്ഡങ്ങളുള്ളതുമായ ഒരു ജോടി ശൃംഗിക (antenna), ശക്തമായ രണ്ടു ചിബുകാസ്ഥികള്‍ (mandibles), ഇരയെ പിടിക്കാനും ചവച്ചരയ്ക്കാനുമുതകുന്ന നാത്തൊകിലേറിയം (gnathochilarium) എന്നീ അവയവങ്ങള്‍ ശിരസ്സിലുണ്ട്. പുഴുവിന്റേതുപോലെ ദീര്‍ഘിച്ചു ഇഴയുന്ന ദേഹത്തില്‍ വക്ഷസ്സും ഉദരവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും പ്രകടമല്ല. ശരീരം മോതിരം പോലുള്ള അനേകം സമാന സിലിറാകാര ഖണ്ഡങ്ങള്‍ (ഡിപ്പൊസൊമൈറ്റുകള്‍) ചേര്‍ന്നതാണ്. ചിലതരം തേരട്ടകളില്‍ ഖണ്ഡങ്ങളുടെ എണ്ണം 400 വരെ ആവാറുണ്ട്. ആദ്യത്തെ രണ്ടോ മൂന്നോ ഖണ്ഡങ്ങള്‍ ഒഴിച്ച് മറ്റുള്ളവയിലെല്ലാം ഓരോ ജോടി കാലുകളുണ്ട്. ശരീരഭിത്തി കനം കൂടിയതും കൈറ്റിന്‍ ആവൃതവുമാണ്. ഖണ്ഡങ്ങളുടെ കൈറ്റിന്‍ വലയങ്ങള്‍ തമ്മിലുള്ള സംയോജനം അത്യധികം നമ്യമാകയാല്‍ ശരീരം വളച്ച് ഒരു ചുരുള്‍ പോലെ ആക്കിത്തീര്‍ക്കുവാന്‍ ഇതിനു എളുപ്പത്തില്‍ സാധിക്കുന്നു. പ്രതികൂല സാഹചര്യമോ ഭീഷണിയോ നേരിടുമ്പോഴാണ് ജന്തു ഇങ്ങനെ ചുരുളുന്നത്. ശരീരത്തിലെ കൈറ്റിന്‍ സംരക്ഷിതമല്ലാത്ത ഭാഗം കാലുകളാണ്. പ്രതികൂലാവസ്ഥയില്‍ ചുരുണ്ടു കൂടുന്നതു കാലുകളെ സംരക്ഷിക്കുവാനാണെന്ന് കരുതപ്പെടുന്നു. ഉദരഖണ്ഡങ്ങളില്‍ ഓരോന്നിലും ഓരോ ജോടി ഗ്രന്ഥികളുണ്ട്. ദുര്‍ഗന്ധമുണ്ടാക്കുന്നതും വേഗം ബാഷ്പീകൃതമാവുന്നതുമായ ഒരിനം വിഷദ്രാവകം ഈ ഗ്രന്ഥികള്‍ സ്രവിക്കുന്നു. കാലുകളുടെ ആധാരത്തില്‍ സ്ഥിതിചെയ്യുന്ന സുഷിരങ്ങളിലൂടെയാണ് (മാല്‍പ്പീജിയന്‍ കുഴലുകള്‍) ശ്വസനനാളീവ്യൂഹം പുറത്തേക്കു തുറക്കുന്നത്. ശരീരത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന ഒരു നേര്‍രേഖീയ കുഴലാണു ദഹനേന്ദ്രിയം. ഒനിസ്കൊമോര്‍ഫ് (oniscomorph) വിഭാഗത്തില്‍ പ്പെടുന്ന ജീവികളില്‍ മാത്രം ഇതു വളഞ്ഞു പിരിഞ്ഞിരിക്കുന്നു. ഒടുവിലത്തെ ഉദരഖണ്ഡത്തിലാണ് ഗുദം സ്ഥിതിചെയ്യുന്നത്. ഇതിന്നിരുവശത്തും ശക്തിയേറിയ ഒരു ജോടി വാല്‍വുകളുണ്ട്. ജനനേന്ദ്രിയദ്വാരം സ്ഥിതിചെയ്യുന്നതു ദേഹത്തിന്റെ മുന്നറ്റത്തുനിന്നു രണ്ടാമത്തെ ഖണ്ഡത്തിലോ അതിനുതൊട്ടു പിന്നിലോ ആയിരിക്കും.
ഡിപ്ലൊപോഡകള്‍ ഏകലിംഗികളാണ്. ബാഹ്യവ്യത്യാസം വളരെ പ്രകടമല്ലെങ്കിലും ആണ്‍-പെണ്‍ ജനനേന്ദ്രിയങ്ങള്‍ സുവികസിതമാണ്. ലൈംഗികവികാസം പൂര്‍ത്തിയായാല്‍ ഇണചേരുന്നു. നീണ്ടുനില്‍ക്കുന്ന മൈഥുനത്തിലൂടെയാണ് പുംബീജം സ്ത്രീ ശരീരത്തില്‍ പ്രവേശിക്കുന്നത്. മുന്‍വശത്തെ ചില കാലുകള്‍ ബീജവിനിമയത്തിനായി പരിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇവ ഗോണാപോഡുകള്‍ എന്നറിയപ്പെടുന്നു. എന്നാല്‍ ഒനിസ് കൊമോര്‍ഫ് വിഭാഗത്തില്‍പെടുന്നവയ്ക്ക് ഗോണോപോഡുകള്‍ ഇല്ല. ഇവയില്‍ മുഖാംഗങ്ങളിലൂടെയാണ് പുംബീജം വിനിമയം ചെയ്യപ്പെടുന്നത്. ബീജസങ്കലനം നടന്ന ശേഷം മുട്ടകള്‍ ഒറ്റയായോ കൂട്ടമായോ നിക്ഷേപിക്കപ്പെടുന്നു. എണ്ണത്തിലും വലുപ്പത്തിലും മുട്ടകള്‍ ഏറെ വൈവിധ്യം പ്രകടിപ്പിക്കുന്നു. കുട്ടമായി നിക്ഷേപിക്കുമ്പോള്‍, പെണ്‍ജീവി അതിനുമുകളില്‍ അടയിരിക്കുന്നു. മറ്റു ചിലയിനങ്ങളില്‍ മണ്‍കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മുട്ടകള്‍ കാണപ്പെടുന്നത്. ഇത്തരം മുട്ടകള്‍ പരിസ്ഥിതി താപത്തില്‍ വിരിയുന്നു. കുഞ്ഞുങ്ങള്‍ ഏഴു തവണ പടം പൊഴിക്കുന്നു. ഓരോ പടം പൊഴിയലിനുശേഷവും കൂടുതല്‍ ഖണ്ഡങ്ങളും കാലുകളും ശരീരത്തില്‍ വളര്‍ന്നു ചേരുന്നു. അതിനാല്‍ വളര്‍ച്ച ക്രമാനുഗതമാണ് എന്നു പറയാം. വന്‍തോതിലുള്ള മാറ്റങ്ങള്‍ കായാന്തരണത്തിന്റെ ഒരു ഘട്ടത്തിലും കാണുന്നില്ല. വളര്‍ച്ച പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ എടുക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും ഉഷ്ണമേഖലയില്‍ ഡിപ്ലൊപോഡകള്‍ ധാരാളമായി കാണപ്പെടുന്നു, എന്നാല്‍ ഇവയുടെ സഞ്ചാര പരിധി വളരെ പരിമിതമാകയാല്‍ അട്ടവര്‍ഗത്തിന്റെ വിതരണവും പരിമിതം തന്നെ. ഒളിഞ്ഞു കഴിയുന്ന ശീലമുള്ളതിനാലും ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ കൂടുതല്‍ ഹിതകരമായതിനാലും ജനിച്ചു വളരുന്ന സ്ഥലങ്ങളില്‍ നിന്നു വളരെയകലേയ്ക്കൊന്നും ഇവ സഞ്ചരിക്കുന്നില്ല. ചില സ്പീഷീസിന്റെ വിതരണം ഏതാനും ച. കി. മീ. ക്കകത്താണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. സ്പീഷീസു മാത്രമല്ല, ജീനസ്സുകളും വിതരണ പരിമിതി കാണിക്കുന്നു. ഏതാനും ചില വിഭാഗങ്ങള്‍ മാത്രമേ വന്‍കരാതിര്‍ത്തി കടക്കാറുള്ളൂ.
എണ്ണായിരത്തിലധികം സ്പീഷീസ് ഇതിനകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ വലിയ സാമ്പത്തിക പ്രാധാന്യമില്ലാത്തതുകൊണ്ടായിരിക്കാം ഡിപ്ലൊപോഡകളെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ. കൂടുതല്‍ പഠനവിധേയമാക്കിയാല്‍ ഇവയുടെ എണ്ണം ഇന്നറിയപ്പെടുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാവാമെന്നാണ് ചില ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. പതിനൊന്നു ഗോത്രങ്ങളും നൂറിലേറെ കുടുംബങ്ങളുമായി ഡിപ്ലൊപോഡ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. ഖണ്ഡങ്ങളുടെ എണ്ണം, രൂപം, ശിരസ്സിലെ അവയവങ്ങള്‍, കാലുകള്‍, പുംജനനേന്ദ്രിയത്തിന്റെ രൂപം തുടങ്ങിയവയാണ് വര്‍ഗീകരണത്തിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.
ഡിപ്ലൊപോഡകളുടെ പരിണാമ ചരിത്രം സുദീര്‍ഘമാണ്. ആദിമ ഡെവോണിയന്‍ യുഗം മുതല്‍ ഇവയുടെ സാന്നിധ്യം ജീവാശ്മങ്ങളില്‍ വെളിവാകുന്നുണ്ട്. എന്നാല്‍ ഇവയുടെ പരിണാമം തീരെ മന്ദഗതിയിലായിരുന്നു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. പില്ക്കാല മാതൃകകള്‍ ആദിമരൂപങ്ങളില്‍നിന്നും വലിയ മാറ്റങ്ങളൊന്നും പ്രകടമാക്കിയിട്ടില്ല. ഇക്കാരണത്താല്‍ കരജീവികളുടെ അതിപുരാതനത്വം ഡിപ്ലൊപോഡകള്‍ക്ക് അവകാശപ്പെടാവുന്നതാണ്.
(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി)