This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിനോതീരിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിനോതീരിയം

Dinotherium

ഒരു വിലുപ്ത സസ്തനി. ഡിനോതീറിഡെ(Dinotheridae) ജന്തു കുടുംബത്തിലെ ഏക അംഗമായിരുന്നു ഇത്. മയോസീന്‍ കാലഘട്ടത്തില്‍ യൂറോപ്പിലും ഏഷ്യയിലും കാണപ്പെട്ടിരുന്ന ഇത്തരം ജീവികളെ അമേരിക്കയില്‍ കണ്ടെത്താനായില്ല. ആനയേക്കാള്‍ വലുപ്പം കൂടിയ ഇവയ്ക്ക് അഞ്ചു മീറ്ററിലധികം നീളമുണ്ടായിരുന്നു. ഇവയുടെ കീഴ്ത്താടിയുടേയും കൊമ്പുകളുടേയും അസാധാരണ ഭാരം ഭാഗികമായെങ്കിലും ഇവ ജലജീവികളായിരുന്നിരിക്കാം എന്ന സംശയത്തിനിടനല്‍കുന്നു. ജലസസ്യങ്ങളുടെ വേരുകള്‍ തുരന്നെടുത്തു ഭക്ഷിക്കാന്‍ ഈ കൊമ്പുകള്‍ പ്രയോജനപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ചില ശാസ്ത്രകാരന്മാര്‍ കടല്‍ പശുക്കളുടെ ബന്ധുവായി നേരത്തെ ഇവയെ വിശേഷിപ്പിച്ചിരുന്നു. ഡിനോതീരിയം യഥാര്‍ഥ ആനകളില്‍ നിന്നും പ്രകടമായ വ്യത്യാസങ്ങളുള്ളവയായിരുന്നു. ഡിനോതീരിയം ജൈജാന്റിയ(Dinotherium giganteum)ത്തിന്റെ തലയോട്ടിയായിരുന്നു ജീവാശ്മപഠനങ്ങള്‍ക്ക് ആദ്യമായി ലഭ്യമായത്. ഇതിന്റെ കീഴ്ത്താടിയില്‍ വളരെ ശക്തമായ ഒരു ജോടി ഉളിപ്പല്ലുകള്‍ കാണപ്പെട്ടിരുന്നു. (ആനകള്‍ക്ക് മേല്‍ത്താടിയിലാണ് ഒരു ജോടി ഉളിപ്പല്ലുകളുള്ളത്) കീഴ്ത്താടിയുടെ അസ്ഥി-ഉപാസ്ഥി സംയോഗം (Symphysis) നീളം കൂടിയതും, താഴേയ്ക്ക് നന്നായി വളഞ്ഞിരിക്കുന്നതുമായിരുന്നു. ഇക്കാരണത്താലാകാം ഡിനോതീരിയത്തിന്റെ കൊമ്പുകള്‍ തലയുടെ നീ അക്ഷത്തില്‍ നിന്നും സമകോണമായിട്ടായിരുന്നു ഉണ്ടായത്. ഇവ പിന്നിലേക്ക് വളഞ്ഞാണ് കാണപ്പെട്ടിരുന്നത്. താടിയെല്ലിന്റെ ഇരുവശത്തും അഞ്ചു ചര്‍വണകങ്ങള്‍ വീതം ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. ടപീറുകളുടേതില്‍ നിന്നും വ്യത്യസ്തമായി കുറുകേ രണ്ടോ മൂന്നോ അരികുപാളികളുളള അണപ്പല്ലുകളായിരുന്നു ഇവയ്ക്കുണ്ടായിരുന്നത്. പല്ലിന്റെ അരികുപാളികള്‍ക്കിടയിലായി സിമെന്റ് (cement) കാണപ്പെട്ടിരുന്നില്ല. രണ്ട് അഗ്രചര്‍വണകങ്ങളും മൂന്നു ചര്‍വണകങ്ങളുമുണ്ടായിരുന്നു. എല്ലാ പല്ലുകളും വലുപ്പം കുറഞ്ഞവയായിരുന്നതിനാല്‍ താടിയെല്ലില്‍ ഒരേ നിരയിലായി ക്രമീകരിക്കുവാനും, ഒരേ സമയം എല്ലാ പല്ലുകളും ഉപയോഗപ്പെടുത്തുവാനും ഇവയ്ക്ക് കഴിയുമായിരുന്നു.

അസ്ഥികൂടത്തിലെ അസ്ഥികളെല്ലാം തന്നെ ആനകളുടേതുപോലെയായിരുന്നുവെങ്കിലും ഡിനോതീരിയത്തിന്റെ തലയോട്ടി ആദിമ സവിശേഷതകളുള്ളതായിരുന്നു. പ്രൊബോസിഡെ (proboscidea) അംഗങ്ങളില്‍ ഏറ്റവും ആദിമസ്ഥാനം ഡിനോതീരിയത്തിനാണ്. ഇവയെ ആനകളുടെ മുന്‍ഗാമികളായി കാണാനാകില്ല എന്നാണ് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍