This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിട്രോയ്റ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിട്രോയ്റ്റ്
Detroit
യു.എസ്സിലെ മിഷിഗണ്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രങ്ങളില്‍ ഒന്ന് എന്ന സവിശേഷതയും ഈ നഗരത്തിനുണ്ട്. മിഷിഗണ്‍ സംസ്ഥാനത്തിന്റെ തെ. കി. ഭാഗത്തായി, ഡിട്രോയ്റ്റ് നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. യു.എസ്സിലെ ആറാമത്തെ വലിയ നഗരമാണിത്. 'വെയ് ന്‍' (Wayne) കൗണ്ടിയുടെ ആസ്ഥാനവും സംസ്ഥാനത്തിലെ ഏറ്റവും ജനബാഹുല്യമുള്ള നഗരവും ഇതുതന്നെയാണ്. നദിയുടെ മറുകരയില്‍ കനേഡിയന്‍ നഗരമായ വിന്‍ഡ്സര്‍ (Windor) സ്ഥിതിചെയ്യുന്നു. ഈറി (Eri) തടാകത്തെ സെന്റ് ക്ലയറുമായി (St.clair) ബന്ധിപ്പിക്കുന്ന യു.എസ്. കനേഡിയന്‍ അതിര്‍ത്തിയുടെ ഭാഗമാണ് ഡിട്രോയ്റ്റ് നദി. നഗരവിസ്തീര്‍ണം 360 ച.കി.മീ., ജനസംഖ്യ 1,027,974 (1990).
ഡിട്രോയ്റ്റിലെ ഫ്രഞ്ചുനിവാസികളാണ് നഗരത്തിനു ഡിട്രോയ്റ്റ് എന്ന പേരു നല്‍കിയത് (1701). 'ഡീട്രോയ്റ്റ്' (de'troit') എന്ന ഫ്രഞ്ചുപദമാണ് ഡിട്രോയ്റ്റ് എന്ന നഗരനാമത്തിന് ആധാരം. ജലസന്ധി അഥവാ ഇടുങ്ങിയ സ്ഥലം എന്നര്‍ഥമുള്ള ഈ പദം മഹാതടാകങ്ങള്‍ (Great-lakes)ക്കിടയിലുള്ള ഒരു ജലസന്ധിയാണ് ഡിട്രോയ്റ്റ് നദി എന്ന ധാരണയിലാണ് ഇവര്‍ ഉപയോഗിച്ചത്. 'അമേരിക്കന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ കേന്ദ്ര'മെന്നും 'മോട്ടോര്‍ സിറ്റി' എന്നും 'ഓട്ടോമൊബൈല്‍ കാപ്പിറ്റല്‍ ഒഫ് ദ് വേള്‍ഡ്' എന്നും ഈ നഗരം അറിയപ്പെടുന്നു. 19-ാം ശ. -ല്‍ ഇവിടെ കുടിയേറിയ ഇംഗ്ലീഷ്, ഐറിഷ്, കനേഡിയന്‍, ജര്‍മന്‍, ഫ്രഞ്ച് ജനവിഭാഗങ്ങളാണ് നഗരത്തിന് ഇന്നത്തെ കോസ്മോപൊലിറ്റന്‍ സ്വഭാവം സംഭാവനചെയ്തത്. 20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ റഷ്യന്‍, ആസ്റ്റ്രിയന്‍, ഹംഗേറിയന്‍ വംശജരും തുടര്‍ന്ന് പോളിഷ് ജനതയും ഈ നഗരത്തില്‍ കുടിയേറിയിരുന്നു. 1920-കളിലെ കുടിയേറ്റ നിയന്ത്രണനിയമങ്ങള്‍ കുടിയേറ്റം ഗണ്യമായി കുറച്ചു. ലോകപ്രശസ്തമായ ഒട്ടുമിക്ക ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളുടേയും കേന്ദ്ര ആഫീസുകള്‍ ഡിട്രോയിറ്റിലും പ്രാന്തപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഡിട്രോയ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മെട്രോപൊലിറ്റന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയുടെ കേന്ദ്രം കൂടിയാണ് ഈ നഗരം.
അസമമായ ആകൃതിയാണ് ഡിട്രോയിന്റേത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും സമതലസമാനമായ ഭൂപ്രകൃതിയാണുള്ളത്. കി.-പ. മുപ്പതിലധികം കി.മീറ്ററും, തെ.-വ. 20 കി.മീറ്ററോളവും നഗരം വ്യാപിച്ചിരിക്കുന്നു. പ്രധാന ഓഫീസ് കെട്ടിടങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ നഗരകേന്ദ്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു. മറ്റു പ്രദേശങ്ങള്‍ കൂടുതലും വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുപയോഗിക്കപ്പെടുന്നു. നഗരപ്രാന്തപ്രദേശങ്ങളെ രണ്ടായി തരംതിരിക്കാം; 1930-നുമുമ്പ് സ്ഥാപിതമായവയും രണ്ടാംലോക യുദ്ധത്തിനുശേഷം വികസിച്ചവയും. ഹംറ്റ്രമാക്, ഹൈലന്‍ഡ്പാര്‍ക്ക് എന്നീ നഗരങ്ങള്‍ ഡിട്രോയ്റ്റ് നഗരത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു.
19-ാം ശ. -ത്തിന്റെ മധ്യകാലഘട്ടം മുതല്‍ ഒരു ഉത്പാദക കേന്ദ്രമെന്ന നിലയില്‍ മുന്‍പന്തിയിലായിരുന്നു ഡിട്രോയ്റ്റ്. 1820-കളില്‍ ഉണ്ടായ രോമവ്യാപാര തകര്‍ച്ചയെ തുടര്‍ന്ന് ഡിട്രോയ്റ്റ് ഒരു പ്രധാന കപ്പല്‍ നിര്‍മാണ നഗരവും ധാന്യസംസ്കരണ കേന്ദ്രവുമായി വികസിച്ചു. 1860-ലാണ് ഇവിടെ നീരാവി എന്‍ജിനുകള്‍, റെയില്‍-റോഡ് കാറുകള്‍, ബോയിലറുകള്‍, സ്റ്റൗവ്, ഫര്‍ണസുകള്‍ തുടങ്ങിയവയുടെ ഉത്പാദനം ആരംഭിച്ചത്. വന്‍തോതില്‍ മരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍, പെയിന്റ് മുതലായവയും ഇവിടെ ഉത്പാദിപ്പിച്ചു തുടങ്ങി. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ ഡിട്രോയ്റ്റില്‍ ഉപ്പു നിക്ഷേപം കണ്ടെത്തിയതിനെത്തുടര്‍ന്ന് രാസവ്യവസായം വന്‍തോതില്‍ വികസിച്ചു. 20-ാം ശ. -ത്തിന്റെ ആരംഭഘട്ടത്തില്‍ ഡിട്രോയ്റ്റ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ കേന്ദ്രമായി മാറി. ലോകത്തിന്റെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്നായ 'യുണൈറ്റഡ് ഓട്ടോമൊബൈല്‍ വര്‍ക്കേഴ്സി'ന്റെ ആസ്ഥാനം കൂടിയാണ് ഈ നഗരം.
ഉത്പാദന മേഖലയാണ് ഡിട്രോയ്റ്റ് നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന പ്രധാന ഘടകം. ഓട്ടോമൊബൈല്‍ ഉത്പാദനമാണ് മുഖ്യ വ്യവസായം. വാറനിലുള്ള (Warren) 'ജനറല്‍ മോട്ടോര്‍സ് ടെക്നിക്കല്‍ സെന്ററും' (General Motors Technical Centre) മറ്റു സ്ഥാപനങ്ങളും ഓട്ടോമോട്ടീവ് ഗവേഷണത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്നു. ഡിട്രോയ്റ്റ് പ്രദേശത്തെ ഇരുമ്പുരുക്ക് ഉള്‍പ്പെടെയുള്ള ലോഹവ്യവസായങ്ങള്‍ 'ഓട്ടോമൊബൈല്‍' വ്യവസായങ്ങളുടെ ഭാഗികദാതാക്കളായി വര്‍ത്തിക്കുന്നു. വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. റബ്ബര്‍ വ്യവസായം, പ്രത്യേകിച്ചും ടയര്‍ നിര്‍മാണം ഇവിടത്തെ ഒരു പ്രധാന വ്യവസായമാണ്. 'അപ്പര്‍ ഗ്രേറ്റ് ലേക്സ്' പ്രദേശത്തെ മുഖ്യമൊത്ത വില്പന-വ്യാപാര -വാണിജ്യ കേന്ദ്രമാണ് ഡിട്രോയ്റ്റ്. ബാങ്കിങ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മറ്റു പല വാണിജ്യ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായിരിക്കുന്നു. നിരവധി വാണിജ്യസ്ഥാപനങ്ങളുടെ ആസ്ഥാനമായ ഈ നഗരത്തില്‍ ഫെഡറല്‍ റിസര്‍വ് ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ്സിലെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലും ഡിട്രോയ്റ്റ് പ്രാധാന്യമര്‍ഹിക്കുന്നു.
നഗര ജനസംഖ്യയില്‍ ഭൂരിഭാഗവും അമേരിക്കന്‍ വംശജരാകുന്നു. ഇവരില്‍ ഭൂരിഭാഗവും 19-ാം ശ. -ത്തിന്റെ അവസാന ഘട്ടത്തിലോ 20-ാം ശ. -ത്തിന്റെ ആദ്യഘട്ടത്തിലോ നഗരത്തില്‍ കുടിയേറിയ യൂറോപ്യന്‍ വംശജരുടെ പിന്‍തലമുറക്കാരാകുന്നു. ജനസംഖ്യയുടെ 40 ശ. മാ. കറുത്ത വര്‍ഗക്കാരാണ്.
മിഷിഗണിലെ ഏറ്റവും വലിയ തുറമുഖമാണ് ഡിട്രോയ്റ്റ്. ഒരു പ്രമുഖ കര-വായുഗതാഗത കേന്ദ്രം കൂടിയാണ് ഈ നഗരം. മൂന്ന് അന്തര്‍സംസ്ഥാന ഹൈവേകള്‍ ഇവിടെ സംയോജിക്കുന്നു. ധാരാളം റെയില്‍ പാതകളും നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. നഗരത്തിന് 17 കി.മീ. തെ. പ. മാറി പടിഞ്ഞാറന്‍ വെയ് ന്‍ കൗണ്ടിയിലുള്ള ഡിട്രോയ്റ്റ് മെട്രോപൊലിറ്റന്‍ അന്താരാഷ്ട്ര വിമാനത്താവളം ദേശീയ-അന്തര്‍ദേശീയ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. 'വിലോ റണ്‍ ഡിട്രോയ്റ്റ്സിറ്റി' (Willow Run Deteoitcity Airport) വിമാനത്താവളത്തില്‍ പ്രധാനമായി ഹ്രസ്വദൂരവിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുന്നത്. 'ദി അംബാസഡര്‍ ബ്രിഡ്ജും', ദ ഡിട്രോയ്റ്റ്-വിന്‍ഡ്സര്‍ ടണലും നഗരത്തെ കാനഡയിലെ വിന്‍ഡ്സര്‍ നഗരവുമായി ബന്ധിപ്പിക്കുന്നു.
ദേശീയ-അന്തര്‍ദേശീയ വാണിജ്യ പ്രാധാന്യമുള്ള ഒരു തുറമുഖ നഗരമാണ് ഡിട്രോയിറ്റ്. യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും യാത്രാസൗകര്യം പ്രദാനം ചെയ്യുന്ന ബോട്ടുകള്‍ നഗരത്തിനും മറ്റു മഹാതടാക തുറമുഖങ്ങള്‍ക്കുമിടയില്‍ സര്‍വീസുകള്‍ നടത്തുന്നു. 'സെന്റ് ലോറന്‍സ് സീവേ' മുഖേനയാണ് ഈ തുറമുഖം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് സാധ്യമാകുന്നത്. ഗ്രേറ്റ് ലേക്സ്-സെന്റ് ലോറന്‍സ് സീവേ ശൃംഖലയിലെ ഈറി, ഹൂറന്‍ തടാകങ്ങള്‍ക്കിടയില്‍ വരുന്ന ജലപാതയുടെ ഭാഗമാണ് ഡിട്രോയ്റ്റ് നദി. ലോകത്തിലെ തിരക്കേറിയ ഉള്‍നാടന്‍ ജലപാതകളിലൊന്നാണിത്.
മുന്നൂറിലധികം പബ്ലിക് സ്കൂളുകള്‍ ഡിട്രോയിറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെയ് ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡിട്രോയ്റ്റ് സര്‍വകലാശാല, ഓക്ലന്‍ഡ് സര്‍വകലാശാല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. കൂടാതെ നിരവധി ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും ചെറു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
യു.എസ്സിലെ മുഖ്യ ലൈബ്രറികളിലൊന്നായ 'ദ് ഡിട്രോയ്റ്റ് പബ്ലിക് ലൈബ്രറി' ഡിട്രോയ്റ്റിലാണ് സ്ഥിതിചെയ്യുന്നത്. 1960-ല്‍ സ്ഥാപിച്ച ലേബര്‍ ഹിസ്റ്ററി ആര്‍ക്കൈവ്സ് ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം. ധാരാളം പാര്‍ക്കുകളും ഡിട്രോയ്റ്റ് നഗരത്തിലുണ്ട്. കെങ്ഗിസ്റ്റണ്‍ മെട്രോപൊലിറ്റന്‍ പാര്‍ക് (Kengisten metropolitan Park) സ്റ്റോണിക്രീക് മെട്രോപൊലിറ്റന്‍ പാര്‍ക് (Stoney Creck Metropolitan Park) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. സെന്റ്ക്ലയര്‍ തടാകക്കരയിലെ 'മെട്രോപൊലിറ്റന്‍ ബീച്ച്' ലോകത്തിലെ വലിപ്പം കൂടിയ ശുദ്ധജല ബീച്ചുകളിലൊന്നാകുന്നു.
യു. എസ്സിലെ മനോഹരമായ മ്യൂസിയങ്ങളിലൊന്നാണ് ദ് ഡിട്രോയ്റ്റ് ഹിസ്റ്റോറിക്കല്‍ മ്യൂസിയം. ദ് ഡിട്രോയ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ട്സ്, ഹെന്റി ഫോര്‍ഡ് മ്യൂസിയം തുടങ്ങിയവയും പ്രധാനം തന്നെ. ദ് ഡിട്രോയ്റ്റ് സുവോളജിക്കല്‍ പാര്‍ക്, ഹോള്‍ഡന്‍ മ്യൂസിയം ഒഫ് ലിവിങ് റെപ്റ്റൈല്‍സ് (1960), പെന്‍ഗ്വിന്‍ ഹൗസ് എന്നിവയും നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ഡിട്രോയ്റ്റിലെ പ്രശസ്തമായ സിവിക് സെന്ററിലുള്ള ഫോര്‍ഡ് ആഡിറ്റോയത്തില്‍ സിംഫണി ഓര്‍ക്കെസ്ട്രയുടെ പ്രദര്‍ശനമുണ്ട്. ജെസി ബോണ്‍സ്റ്റെലി (Jessie Bontelle), ഹില്‍ബെറി ക്ലാസിക് (Hilberry classic) എന്നീ തിയെറ്ററുകളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു.
നഗരത്തിലുടനീളം നിരവധി കായിക വിനോദകേന്ദ്രങ്ങള്‍ കാണാം. സിവിക് സെന്ററിന് 3.2 കി.മീ. വ. കി. ഡിട്രോയ്റ്റ് നദിയിലെ ബെല്ലെദ്വീപില്‍ കുട്ടികളുടെ ഒരു വിനോദകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 3.2 കി.മീ. നീളവും 1.6 കി.മീ. വീതിയുമുള്ള ഈ ദ്വീപ് 1879-ലാണ് നഗരത്തിന്റെ ഭാഗമാകുന്നത്.
മേയര്‍ തലവനായിട്ടുള്ള ഭരണസംവിധാനമാണ് ഡിട്രോയ്റ്റ് നഗരത്തിലേത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുവരുന്ന വര്‍ഷത്തില്‍ ഇവിടെയും തിരഞ്ഞെടുപ്പു നടക്കുന്നു. മേയറും 9 അംഗങ്ങളും ഉള്‍പ്പെടുന്ന കൗണ്‍സിലിന്റെ കാലാവധി നാലുവര്‍ഷമാണ്.
ചരിത്രം. വെള്ളക്കാരുടെ കുടിയേറ്റത്തിനു മുമ്പ് ഇവിടെ നിവസിച്ചിരുന്നത് വ്യാന്‍ഡോട്ട് എന്ന അമേരിക്കന്‍ വംശജരായിരുന്നു. ഫ്രഞ്ച് വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനുയോജ്യമായ ഒരു താവളം ലക്ഷ്യമിട്ടിരുന്ന അന്‍ടോയിന്‍ കാഡില്ലാക് (Antoine de la Mothe Cadillac) എന്ന ഫ്രഞ്ച് അധിനിവേശക്കാരന്‍ ഗ്രേറ്റ് ലേക്കിനു സമീപത്തുള്ള ഡിട്രോയ്റ്റില്‍ ആകൃഷ്ടനായി. 1701 ജൂല.-ല്‍ ഇന്നത്തെ വെറ്ററന്‍സ് മെമ്മോറിയല്‍ കെട്ടിടം നില്‍ക്കുന്നിടത്ത് ഏതാണ്ട് 50-ഓളം കുടിയേറ്റക്കാരുമായി ഇദ്ദേഹം താവളമുറപ്പിച്ചു. സമീപവാസികളായ റെഡ് ഇന്ത്യരുടെ (ആദിമ നിവാസികള്‍) നിരന്തരശല്യമുണ്ടായിരുന്നെങ്കിലും ഈ കുടിയേറ്റ സങ്കേതം ക്രമേണ വികാസം പ്രാപിച്ചു.
1760-ല്‍ ബ്രിട്ടിഷുകാരുമായുണ്ടായ യുദ്ധത്തില്‍ പരാജയമടഞ്ഞ ഫ്രഞ്ചുകാര്‍ ഡിട്രോയ്റ്റ് ബ്രിട്ടനു വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായി. ഇംഗ്ലീഷുകാരുടെ ഭരണത്തില്‍ അസംതൃപ്തരായിത്തീര്‍ന്ന റെഡ് ഇന്ത്യര്‍ അവരുടെ നേതാവായ പോന്റിയാക്കിന്റെ (Pontiac) നേതൃത്വത്തില്‍ കലാപത്തിനു മുതിര്‍ന്നു. ഡിട്രോയിറ്റ് തിരിച്ചുപിടിക്കാന്‍ പോന്റിയാക്ക് 1763-ല്‍ പദ്ധതിയിട്ടെങ്കിലും അത് പാളിപ്പോവുകയാണു ചെയ്തത്. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിനു വിരാമമിട്ട പാരിസ് കരാറിലെ (1783) വ്യവസ്ഥ അനുസരിച്ച് ഡിട്രോയ്റ്റ് പ്രദേശങ്ങള്‍ ബ്രിട്ടന്‍ യു.എസ്സിനു വിട്ടുകൊടുത്തു. എങ്കിലും കരാര്‍ വ്യവസ്ഥയനുസരിച്ച് ഡിട്രോയ്റ്റില്‍നിന്നും പിന്മാറാന്‍ തയ്യാറാകുന്നതില്‍ ബ്രിട്ടന്‍ അലംഭാവം കാണിക്കുകയാണുണ്ടായത്. ബ്രിട്ടിഷ് സൈനികര്‍ യു.എസ്സില്‍നിന്നും ഒഴിഞ്ഞുപോകണമെന്ന് കര്‍ക്കശമായി നിഷ്ക്കര്‍ഷിച്ച ജേ ഉടമ്പടി പ്രകാരം ഒടുവില്‍ (1796) ഡിട്രോയ്റ്റ് യു.എസ്സിന്റെ കൈവശം വന്നുചേര്‍ന്നു.
അമേരിക്കയുടെ കൈവശമായതിനു ശേഷം ഡിട്രോയ്റ്റ് ദ്രുതഗതിയില്‍ വികാസം പ്രാപിച്ചുതുടങ്ങി. 1805-ല്‍ ഡിട്രോയ്റ്റ് മിഷിഗണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായി. 1805-ലെ തീപിടുത്തത്തില്‍പ്പെട്ട് പട്ടണത്തിലെ കെട്ടിടങ്ങളെല്ലാം എരിഞ്ഞുചാമ്പലായി. തുടര്‍ന്ന്, പുതിയ പ്ലാന്‍ തയ്യാറാക്കുകയും അതനുസരിച്ച് പട്ടണം പുതിക്കിപ്പണിയുകയും ചെയ്തു.
ബ്രിട്ടനുമായുണ്ടായ 1812-ലെ യുദ്ധത്തില്‍ ഡിട്രോയ്റ്റ് ബ്രിട്ടിഷുകാര്‍ പിടിച്ചെടുത്തെങ്കിലും 1813-ല്‍ അത് വീണ്ടും അമേരിക്ക കൈവശമാക്കി. 1837-ല്‍ ഡിട്രോയ്റ്റ് മിഷിഗണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. 1847-ല്‍ ഡിട്രോയ്റ്റിന് തലസ്ഥാന പദവി നഷ്ടമായെങ്കിലും പട്ടണത്തിന്റെ വളര്‍ച്ച തുടര്‍ന്നും അസൂയാവഹമായി പുരോഗമിച്ചുകൊണ്ടിരുന്നു. റെയില്‍വേ ശൃംഖല വികാസം പ്രാപിച്ചതോടെ ഈ പ്രദേശം യു.എസ്സിലെ പ്രധാനപ്പെട്ട വാണിജ്യ വ്യവസായ കേന്ദ്രമായി മാറി. വന്‍തോതില്‍ ഇവിടെയെത്തിക്കൊണ്ടിരുന്ന അസംസ്കൃത വസ്തുക്കള്‍ അവയുടെ സംസ്കരണത്തെത്തുടര്‍ന്ന് റയില്‍മാര്‍ഗം ഇതരമേഖലകളിലേക്ക് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങളുമുണ്ടായി.
1860-കളില്‍ ഫര്‍ണിച്ചര്‍, ഷൂ, സ്റ്റൗവ്, സൈക്കിള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ നിലവില്‍വന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ തുടക്കത്തോടെ ഡിട്രോയ്റ്റിന്റെ പുരോഗതി ദ്രുതഗതിയിലായി. ഡിട്രോയ്റ്റിന്റെ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ച മേഖലയാണിത്. ഡിട്രോയ്റ്റില്‍ നിന്നുള്ള വാഹനങ്ങള്‍ ലോകവിപണി കീഴടക്കി. ജനറല്‍ മോട്ടോഴ്സ്, ക്രിസ്ലര്‍, ഫോര്‍ഡ്, അമേരിക്കന്‍ മോട്ടോഴ്സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ആസ്ഥാനമായിത്തീര്‍ന്നു ഇവിടം. 'ഓട്ടോമൊബൈല്‍ ക്യാപിറ്റല്‍ ഒഫ് ദ വേള്‍ഡ്' എന്ന് ഡിട്രോയ്റ്റ് അറിയപ്പെട്ടു. തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടേക്ക് തൊഴിലാളികളുടെ പ്രവാഹം തന്നെയുണ്ടായി.
1930-കളിലെ സാമ്പത്തികമാന്ദ്യം ഡിട്രോയ്റ്റിനേയും ബാധിച്ചു. വില്പന ഇടിയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. 1950-നും 90-നും മധ്യേ ജനസംഖ്യയില്‍ സാരമായ കുറവു സംഭവിച്ചു. ഡിട്രോയ്റ്റിന്റെ സന്തുലിത സാമ്പത്തിക ഭദ്രത തകിടം മറിയാനിടയായി. 1990-നുശേഷം ഈ സ്ഥിതിക്കു ആശാസ്യമായ മാറ്റമുണ്ടായിട്ടില്ല.