This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍

Digital voltmeter

ഡിജിറ്റല്‍ പരിപഥങ്ങളുപയോഗിച്ച്, വൈദ്യുത വോള്‍ട്ടതയുടെ മൂല്യം, ദശാംശ അക്കങ്ങളുടെ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപകരണം. ചില ഇനങ്ങളില്‍ വോള്‍ട്ടത കൂടാതെ, പരിപഥത്തിലെ ധാരയുടേയും, പ്രതിരോധനത്തിന്റേയും (resistance) മാപനത്തിനും സൗകര്യമുണ്ടാവും.

അനുരൂപ (analogue) രീതിയില്‍ വോള്‍ട്ടത മാപനം ചെയ്യുമ്പോള്‍ പലപ്പോഴും മാപനം ചെയ്യേണ്ട സിഗ്നലിലെ വൈദ്യുത ധാര പ്രയോജനപ്പെടുത്തിയാവും വോള്‍ട്ടതാ മാപിനിയിലെ സൂചിയെ ചലിപ്പിക്കുന്നത്. ഇത് മാപനം ചെയ്യുന്ന വോള്‍ട്ടതയുടെ മൂല്യത്തിന് കുറവു വരുത്തുന്നു. ഇത്തരം വൈദ്യുത 'ലോഡിങ്' ഒഴിവാക്കാനായി മാപന ഉപകരണത്തിനും മാപനം ചെയ്യപ്പെടുന്ന സിഗ്നലിനുമിടയ്ക്ക് സക്രിയ പരിപഥങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇവ കൂടാതെ വോള്‍ട്ടതാ മാപിനിക്കായി ഒരു സ്വതന്ത്ര ഊര്‍ജ സ്രോതസ്സുകൂടി ക്രമപ്പെടുത്തിയാണ്, ഇലക്ട്രോണിക് പരിപഥങ്ങളുപയോഗിച്ച് ഡിജിറ്റല്‍ രീതിയില്‍ വോള്‍ട്ടതാ മാപനം നടത്തുന്നത്.

മാപനം ചെയ്യേണ്ട അനുരൂപ വോള്‍ട്ടതയെ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അനലോഗ്-ടു-ഡിജിറ്റല്‍ കണ്‍വെര്‍ട്ടര്‍, മൂല്യം സൂചിപ്പിക്കാനുള്ള ഡിസ്പ്ളേ സംവിധാനം എന്നിവയാണ് ഡിജിറ്റല്‍ വോള്‍ട്ട്മീറ്ററുടെ പ്രധാന ഭാഗങ്ങള്‍. മാപനം ചെയ്യുന്ന വോള്‍ട്ടതയെ താരതമ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിര്‍ദേശ (reference) വോള്‍ട്ടത സൃഷ്ടിക്കുന്നത് മിക്കപ്പോഴും സെനെര്‍ ഡയോഡുപയോഗിച്ചാണ്. ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതോര്‍ജം ബാറ്ററി മൂലമോ മെയിന്‍സില്‍ (mains) നിന്ന് നേരിട്ടോ ലഭ്യമാക്കുന്നു.

ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍ ശരിയായ പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെങ്കില്‍ അത് മാപനം ചെയ്യുന്ന വോള്‍ട്ടതയുടെ മൂല്യം പൂജ്യം മുതല്‍ ഏതാനും വോള്‍ട്ടതയോളം മാത്രമേ വരാവൂ. പക്ഷേ, മാപനം ചെയ്യേണ്ട വോള്‍ട്ടത മിക്കപ്പോഴും ഈ പരിധികള്‍ക്കുള്ളിലാവാന്‍ പ്രയാസവുമാണ്. ഇതിനൊരു പരിഹാരമായി രണ്ടു രീതികള്‍ സ്വീകരിക്കാറുണ്ട്. മാപനം ചെയ്യേണ്ട വോള്‍ട്ടതയുടെ മൂല്യം വളരെ കുറവാണെങ്കില്‍ പ്രസ്തുത സിഗ്നലിനെ പ്രവര്‍ധകങ്ങളുപയോഗിച്ച് പ്രവര്‍ധിതമാക്കി അതിന്റെ വോള്‍ട്ടതാ മൂല്യത്തെ നേരത്തെ സൂചിപ്പിച്ച പരിധിക്കുള്ളിലാക്കി മാറ്റുന്നു. ഇതോടൊപ്പം പ്രവര്‍ധക ഗുണാങ്കം (amplifying factor) എത്രയെന്നു കൂടി മനസ്സിലാക്കുന്നു. തുടര്‍ന്ന് ഉപകരണം സൂചിപ്പിക്കുന്ന പ്രവര്‍ധിത വോള്‍ട്ടതയെ നിശ്ചിത ഗുണാങ്കം കൊണ്ട് ഹരിച്ച് യഥാര്‍ഥ വോള്‍ട്ടത കണ്ടുപിടിക്കുന്നു. മാപനം ചെയ്യേണ്ട വോള്‍ട്ടതയുടെ മൂല്യം വളരെ ഉയര്‍ന്നതാണെങ്കില്‍ അതിനെ പ്രതിരോധക ക്ഷീണനകാരികളിലൂടെ (resistive attenuators) കടത്തിവിട്ട് സിഗ്നല്‍ വോള്‍ട്ടതയെ നിശ്ചിത പരിധിക്കുള്ളില്‍ വരുന്ന തരത്തില്‍ ക്രമീകരിച്ച് മാപനം നടത്തുന്നു. തുടര്‍ന്ന് പ്രസ്തുത മൂല്യത്തെ ക്ഷീണന ഗുണാങ്കം കൊണ്ട് ഗുണിച്ച് യഥാര്‍ഥ വോള്‍ട്ടതാ മൂല്യവും കണ്ടെത്തുന്നു.

ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍ പരിപഥവും ഡിസ് പ്ലേയും

നേരിട്ടാണ് (പരിവര്‍ത്തനം ഇല്ലാതെ) നേര്‍ വോള്‍ട്ടത മാപനം ചെയ്യാറുള്ളത്. പ്രത്യാവര്‍ത്തി വോള്‍ട്ടതയാണ് മാപനം ചെയ്യപ്പെടേണ്ടതെങ്കില്‍ ആദ്യമായി പൂര്‍ണ തരംഗ ദിഷ്ടകരണത്തിലൂടെ പ്രത്യാവര്‍ത്തി സിഗ്നലിനെ നേര്‍ ധാരാ രൂപത്തിലാക്കിയതിനു ശേഷം മാപനം നടത്തുന്നു.

ഇന്ന് ഡിജിറ്റല്‍ വോള്‍ട്ട്മീറ്ററില്‍ മൈക്രോപ്രോസസ്സറുകളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. സ്വചാലിതമായി അംശാങ്കനം ചെയ്യാന്‍ ഇവയ്ക്ക് കഴിവുണ്ടാവും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി സിഗ്നല്‍ ശ്രേണികളെ തുടര്‍ച്ചയായി അപഗ്രഥിക്കുന്ന വേളയില്‍ ഉപകരണത്തിനും അത് പ്രേഷണം ചെയ്യുന്ന ഡേറ്റയെ അപഗ്രഥിക്കുന്ന കംപ്യൂട്ടറിനും ഇടയ്ക്കുള്ള ഒരു 'ഇന്റര്‍ഫേസായി' ഡിജിറ്റല്‍ വോള്‍ട്ട്മീറ്റര്‍ പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍