This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിജിറ്റല്‍ ക്യാമറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിജിറ്റല്‍ ക്യാമറ
Digital Camera
വസ്തുക്കളുടെ പ്രതിബിംബങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ നേരിട്ടു ലഭ്യമാക്കാന്‍ സഹായിക്കുന്ന ഛായാഗ്രഹണോപകരണം. വസ്തുക്കളുടെ ചിത്രങ്ങളെ സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ പ്രതിബിംബം തയ്യാറാക്കുന്നതിനെക്കാള്‍ വളരെ വേഗത്തില്‍ ഡിജിറ്റല്‍ ക്യാമറയിലൂടെ അതിന്റെ ഡിജിറ്റല്‍ പ്രതിബിംബം സൃഷ്ടിക്കാനാവും. പ്രതിബിംബത്തില്‍ ഉണ്ടാവുന്ന അപാകതകളെ എഡിറ്റിങ്ങിലൂടെ നീക്കം ചെയ്യാവുന്നതോടൊപ്പം അവയെ ഇ-മെയില്‍ വഴി അയയ്ക്കാനും വെബ്സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കാനും കഴിയും. കംപ്യൂട്ടര്‍ സോഫ്റ്റ് വെയെര്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ പ്രതിബിംബങ്ങളെ ക്രമീകരിച്ചു മള്‍ട്ടീമീഡിയ പ്രസന്റേഷനുകളും നിര്‍മിക്കാവുന്നതാണ്. ക്യാമറയോടൊപ്പമുള്ള സോഫ്റ്റ് വെയെര്‍/ഹാര്‍ഡ്വെയെര്‍, പ്രതിബിംബങ്ങളെ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ എന്നിവയാണ് ഡിജിറ്റല്‍ ക്യാമറ സംവിധാനത്തിലെ പ്രധാന ഘടകങ്ങള്‍.
സാധാരണ ക്യാമറ പോലെ ഡിജിറ്റല്‍ ക്യാമറയും പ്രകാശത്തെ അടിസ്ഥാനമാക്കിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവയില്‍ ഫിലിമിനു പകരം 'ഇമേജിങ് അറെ' (imaging array) എന്നു പേരുള്ള കുറേ 'പ്രകാശ സംവേദക കംപ്യൂട്ടര്‍ ചിപ്പു'കളാണ് ഉപയോഗിക്കുന്നത്. ഈ ചിപ്പുകള്‍ സിസിഡി (ചാര്‍ജ് കപ്പിള്‍ഡ് ഡിവൈസ്), സിമോസ് (കോംപ്ളിമെന്ററി മെറ്റല്‍-ഓക്സൈഡ് സെമികണ്ടക്റ്റര്‍) എന്നീ രണ്ടു വ്യത്യസ്ത സാങ്കേതിക രീതികളില്‍ നിര്‍മിക്കപ്പെടുന്നു. ചിപ്പുകളില്‍ പ്രകാശ രശ്മികള്‍ പതിക്കുമ്പോള്‍ അവ വൈദ്യുത ചാര്‍ജുകളെ ഉത്സര്‍ജനം ചെയ്യുന്നു. ഈ ചാര്‍ജുകളെ വിശകലനം ചെയ്ത് ഡിജിറ്റല്‍ പ്രതിബിംബ ഡേറ്റയാക്കുന്നത് ക്യാമറയ്ക്കുള്ളിലെ പ്രോസസറാണ്. പ്രകാശത്തിന്റെ തീവ്രതയ്ക്ക് ആനുപാതികമായിട്ടാണ് ചാര്‍ജിന്റെ ശക്തി. ഇത്തരത്തില്‍ വൈദ്യുത ആവേഗ സിഗ്നലുകളെല്ലാം (electric impulse signals) പ്രതിബിംബ ഡേറ്റയായി രൂപപ്പെട്ടു കഴിഞ്ഞാലുടന്‍ അവയെ ക്യാമറയിലെ കംപ്യൂട്ടര്‍ അതിന്റെ മെമ്മറിയില്‍ സംഭരിച്ചു വയ്ക്കുന്നു. ക്യാമറയില്‍ നിന്ന് വേര്‍പെടുത്താനാവാത്ത ഇന്‍-ക്യാമറ ചിപ്പ്, ഊരി മാറ്റാവുന്ന 'റിമൂവബിള്‍ മെമ്മറി കാര്‍ഡ്', ഫ്ളോപ്പി ഡിസ്ക്, എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളില്‍ ക്യാമറയിലെ മെമ്മറി ക്രമീകരിക്കാനാകും. മെമ്മറിയിലെ പ്രതിബിംബ ഡേറ്റയെ കംപ്യൂട്ടര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ശേഷം പ്രിന്റ് ചെയ്യുന്നു. ചില ക്യാമറകളില്‍ അവയെ പ്രിന്ററുമായി നേരിട്ടു ഘടിപ്പിച്ചു പ്രിന്റുകള്‍ തയ്യാറാക്കാനുള്ള സംവിധാനവുമുണ്ടായിരിക്കും.
ഏതു വസ്തുവിന്റെ പ്രതിബിംബമാണോ ആവശ്യമുള്ളത് അതില്‍ നിന്നുള്ള പ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന ചുവപ്പ്, പച്ച, നീല എന്നീ വര്‍ണങ്ങളുടെ വിവരമാണ് പ്രതിബിംബ ഫയലില്‍ സംഭരിക്കുന്നത്. ഓരോ നിറത്തിനെ സംബന്ധിച്ചുള്ള ഡേറ്റയും ഫയലിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെടുന്നു. തുടര്‍ന്ന് ഈ മൂന്നു നിറങ്ങളുടേയും ഡേറ്റയുടെ മിശ്രണത്തിലൂടെ ക്യാമറയിലെ ഇമേജിങ് സോഫ്റ്റ് വെയര്‍ വസ്തുവിന്റെ പ്രതിബിംബത്തിന് രൂപം നല്‍കുന്നു.
ഡിജിറ്റല്‍ പ്രതിബിംബങ്ങള്‍ പിക്ചര്‍ എലിമെന്റ് അഥവാ പിക്സെലുകളുടെ (pixel) രൂപത്തിലാണ് സൂക്ഷിക്കപ്പെടുന്നത്. പ്രതിബിംബത്തിന്റെ ഓരോ ഇഞ്ച് അളവിലും ഉള്ള പിക്സെലുകളുടെ എണ്ണമാണ് (പിപിഐ-പിക്സെല്‍സ് പെര്‍ ഇഞ്ച്) പ്രധാനം. ഇതു വര്‍ധിപ്പിക്കുമ്പോള്‍ ഡിജിറ്റല്‍ പ്രതിബിംബവും മികവുറ്റതാകുന്നു. പിക്സെലുകളുടെ എണ്ണം കൂട്ടുന്നത് പ്രതിബിംബത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്തുമെങ്കിലും പിക്സെല്‍ സംഖ്യാ വര്‍ധന പ്രതിബിംബ ഫയലിന്റെ വലിപ്പം കൂടുന്നതിനു കാരണമാകും. പിക്സെലുകളുടെ എണ്ണം ഒരു പരിധിയില്‍ കുറഞ്ഞു പോയാല്‍ ചിത്രങ്ങള്‍ക്ക് മികവുണ്ടാവില്ല. തന്മൂലം ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയെര്‍ ഉപയോഗിച്ച് പ്രതിബിംബത്തിന്റെ വിയോജനത്തെ (resolution) ഒരു പൊതു മൂല്യത്തിലേക്ക് (default value) ക്രമീകരിക്കുന്നു. ഇതിനായി രണ്ട് രീതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സോഫ്റ്റ് വെയെറിലൂടെ പിക്സെലുകളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന റീസാംപ്ലിങ് (resampling) ആണ് ഒരു രീതി. ഡൗണ്‍സാംപ്ലിങ്ങിലൂടെ (downsampling) പിക്സെലുകളെ നീക്കം ചെയ്യുമ്പോള്‍ അപ്പ്സാംപ്ലിങ്ങ് (upsampling) വഴി പിക്സെലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. പിക്സെലുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താതെ അവ തമ്മിലുള്ള അകലം കൂട്ടിയോ കുറച്ചോ പ്രതിബിംബത്തെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുന്ന സംവിധാനമായ റീസൈസിങ്ങാണ് (resizing) രണ്ടാമത്തെ രീതി. ചില റീസൈസിങ് ഇമേജ് എഡിറ്റിങ് പ്രോഗ്രാമുകള്‍ സ്വചാലിതമായി റീസാംപലിങ് കൂടി പ്രാവര്‍ത്തികമാക്കാറുള്ളതിനാല്‍ അതിനെക്കുറിച്ച് ഉപയോക്താവ് ബോധവാനായിരിക്കണം.
വസ്തുക്കളെ ക്യാമറയുടെ വ്യൂഫൈന്‍ഡറിലൂടെ (viewfinder) നോക്കിയാണ് ഫോക്കസിങ് ക്രമീകരിക്കുന്നത്. ഇന്നത്തെ മിക്ക ഡിജിറ്റല്‍ ക്യാമറകളിലും ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ളേ (എല്‍സിഡി) സ്ക്രീന്‍ സജ്ജീകരിക്കാറുണ്ട്. ക്യാമറയില്‍ ലഭിക്കുന്ന പ്രതിബിംബത്തിന്റെ രൂപം ഉപയോക്താവിന് ഈ സ്ക്രീനിലൂടെ വീക്ഷിക്കാവുന്നതുമാണ്. പ്രസ്തുത സ്ക്രീനിന് ഒരു കംപ്യൂട്ടര്‍ മോണിറ്ററിന്റെ സമാന പ്രവര്‍ത്തനമാണ് ഉള്ളത്. കംപ്യൂട്ടര്‍ മെമ്മറിയിലെ ദൃശ്യ ഡേറ്റയെ നീക്കം ചെയ്യാനുള്ള ഡിലീറ്റ് (delete) നിര്‍ദേശം നല്‍കാനും ക്യാമറയിലെ ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് സൂചിപ്പിക്കാനും ഇതുപകരിക്കുന്നു. പ്രതിബിംബത്തിന്റെ പ്രിവ്യൂ (preview) ക്യാമറകളിലെ എല്‍സിഡി കളിലൂടെ നോക്കിക്കാണാനാകും.
ഒരു ഡിജിറ്റല്‍ ക്യാമറയുടെ സാധാരണ ഫിലിം വേഗത (film speed) ISO 100 ആണ്. അതായത് ISO 100 ഫിലിം വേഗതയില്‍ ഒരു സാധാരണ ക്യാമറ പ്രവര്‍ത്തിക്കുന്നതു പോലെയായിരിക്കും ഡിജിറ്റല്‍ ക്യാമറയുടെ 'ഡിഫാള്‍ട്ട്' പ്രവര്‍ത്തന സംവിധാനം. ഇതുമൂലം ക്യാമറയിലെ ഷട്ടര്‍ സ്പീഡ്, എക്സ്പോഷര്‍, വെളിച്ചം തുടങ്ങിയവ കൂടി ഇവയ്ക്ക് അനുയോജ്യമായിരുന്നാല്‍ മാത്രമേ ചിത്രത്തിനു വേണ്ടത്ര മികവ് ലഭിക്കുകയുള്ളു.
ക്യാമറയിലെ മെമ്മറിയില്‍ പ്രതിബിംബ ഫയലുകള്‍ മിക്കപ്പോഴും സംക്ഷിപ്തരൂപത്തിലാണ് സംഭരിക്കപ്പെടുന്നത്. ഫയലിന്റെ വലുപ്പം കുറയ്ക്കാനായി, അത്യാവശ്യമല്ലാത്ത ഡേറ്റ ഉപേക്ഷിക്കുന്ന രീതിയാണ്, ഫയല്‍ കംപ്രഷന്‍ (file compression) എന്നറിയപ്പെടുന്നത്. മിക്ക ഡിജിറ്റല്‍ ക്യാമറകളും ജോയിന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട്സ് ഗ്രൂപ്പ് (JPEG- ജെപെഗ്) നിര്‍വഹിച്ചിട്ടുള്ള സംവിധാനമാണ് ഇതിനായി ഉപയുക്തമാക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രം നിര്‍മിക്കണമെങ്കില്‍ കംപ്രഷന്‍ ഒഴിവാക്കേണ്ടതുണ്ട്.
വെളിച്ചം കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ഫ്ളാഷ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നു. ക്യാമറയോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ഫ്ളാഷ് സംവിധാനത്തില്‍ പൊതുവേ മൂന്നു തരം ക്രമീകരണങ്ങളുണ്ടായിരിക്കും. വെളിച്ചം അപര്യാപ്തമാണെന്ന് ക്യാമറയിലെ കണ്‍ട്രോള്‍ സിസ്റ്റത്തിന് ബോധ്യം വന്നാല്‍ മാത്രം ഫ്ളാഷ് പ്രവര്‍ത്തനക്ഷമമാകുന്ന സ്വചാലിത മോഡ് (automatic mode) ആണ് ഇവയിലൊന്ന്. ക്യാമറ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഫ്ളാഷ് പ്രവര്‍ത്തിക്കുന്ന ഫില്‍ ഫ്ളാഷ് മോഡ് (fill flash mode) ആണ് രണ്ടാമത്തെ സംവിധാനം, ഫ്ളാഷ് പ്രവര്‍ത്തനക്ഷമമാകാത്ത 'നോ ഫ്ളാഷ് മോഡ്' (no flash mode) എന്നൊരു സംവിധാനവുമുണ്ട്. വിലപിടിപ്പുള്ള ക്യാമറകളില്‍ ഇവയ്ക്കുപുറമേ തീരെ പ്രകാശം കുറഞ്ഞ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ സ്ളോ സിങ്ക് മോഡ് (slow sync mode), പുറത്തുള്ള ഒരു ഫ്ളാഷ് യൂണിറ്റ് ക്യാമറയുമായി ഘടിപ്പിക്കാവുന്ന ബാഹ്യ ഫ്ളാഷ് മോഡ് (external flash mode) എന്നിവയും ലഭ്യമാക്കാറുണ്ട്.
ഡിജിറ്റല്‍ ക്യാമറയില്‍ മൂന്നു തരത്തില്‍ ഫോക്കസിങ് ക്രമീകരിക്കാനാകും. ക്യാമറയ്ക്ക് വളരെ അടുത്തുള്ള (ക്ലോസ്-അപ്പ്; close up ദൃശ്യങ്ങള്‍ക്കായുള്ള മാക്രോ മോഡ് (macro mode), ക്യാമറയില്‍ നിന്ന് ഏകദേശം 3.65 മീ. (12 അടി) ദൂരെ വരുന്ന വസ്തുക്കളുടെ ഛായാഗ്രഹണത്തിനുള്ള പോട്രെയിറ്റ് മോഡ് (portrait mode), വിദൂര ഛായാഗ്രഹണത്തിന് അനുയോജ്യമായ ലാന്‍ഡ്സ്കേപ്പ് മോഡ് (landscape mode) എന്നിവയാണിവ. ഓട്ടോ ഫോക്കസ് സംവിധാനമുള്ള ക്യാമറയില്‍ ലെന്‍സില്‍ നിന്നു വസ്തുവിലേക്കുള്ള ദൂരത്തെ ആസ്പദമാക്കി ഫോക്കസ് ക്രമീകരിക്കാന്‍ കഴിയും. ഇവയില്‍ ഫോക്കസ് ലോക്ക് (focus lock) സൗകര്യവുമുണ്ടാവും. പ്രതിബിംബ ഫ്രെയിമിലെ ഒരു നിശ്ചിത വസ്തുവില്‍ത്തന്നെ ക്യാമറ ഫോക്കസ് ചെയ്യുവാനുള്ള സജ്ജീകരണമാണ് ഫോക്കസ് ലോക്ക് എന്നറിയപ്പെടുന്നത്. ആദ്യം വ്യൂഫൈന്‍ഡറിലൂടെ ദൃശ്യത്തെ നോക്കി, വ്യൂഫൈന്‍ഡറുടെ കേന്ദ്രഭാഗത്തു ഫോക്കസ് ചെയ്യേണ്ടുന്ന വസ്തു വരത്തക്ക രീതിയില്‍ ക്യാമറ ഫോക്കസ് ചെയ്യുന്നു. തുടര്‍ന്ന് ഷട്ടര്‍ ബട്ടണ്‍ പകുതി താഴ്ത്തി ഫോക്കസിനെ ലോക്ക് ചെയ്യുന്നു. അവസാനം ഒരിക്കല്‍ക്കൂടി ഫ്രെയിമിലെ ഇതര ദൃശ്യങ്ങള്‍ ക്രമപ്പെടുത്തിയശേഷം ഛായാഗ്രഹണം നടത്തുന്നു. ക്യാമറയില്‍ നിന്ന് ഒരു നിശ്ചിത ദുരം ലക്ഷ്യമാക്കി ഫോക്കസ് ലോക്ക് ചെയ്യാനുള്ള സൗകര്യവും വിലയേറിയ ക്യാമറകളില്‍ ഉണ്ടായിരിക്കും.
ഡിജിറ്റല്‍ ക്യാമറയുടെ പ്രവര്‍ത്തനത്തിന് ക്യാമറയുടെ മുന്‍വശത്ത് തന്നെ ലെന്‍സ് ഉറപ്പിച്ചിരിക്കണമെന്നില്ല. ഇക്കാരണത്താല്‍ ചില ഡിജിറ്റല്‍ ക്യാമറകളില്‍ ചുറ്റിക്കറക്കാവുന്ന രീതിയില്‍ ലെന്‍സുകള്‍ ഘടിപ്പിക്കാറുണ്ട് (ചിത്രം 2a). വിഭിന്ന കോണുകളില്‍ നിന്ന് ഛായാഗ്രഹണം നടത്താന്‍ ഈ രീതി സഹായകമാണ്. മറ്റു ചില ഇനങ്ങളില്‍ ക്യാമറയില്‍ നിന്ന് ലെന്‍സ് വേര്‍പെടുത്തി മറ്റൊരിടത്ത് സ്ഥാപിച്ച് ഛായാഗ്രഹണം നടത്താനുള്ള ക്രമീകരണം കൂടിയുണ്ട്.
എല്ലാത്തരം ഡിജിറ്റല്‍ ക്യാമറകളിലേയും വര്‍ണ സംവിധാനം ഒരുപോലെയായിരിക്കില്ല. ഒരു ക്യാമറ, ദൃശ്യത്തിലെ നീല നിറത്തിനു പ്രാധാന്യം നല്‍കുമ്പോള്‍, മറ്റൊന്ന് ദൃശ്യത്തിലെ ചുവപ്പു നിറത്തിനാവും മുന്‍ഗണന നല്‍കുന്നത്. ക്യാമറകള്‍ സൃഷ്ടിക്കുന്ന നിറങ്ങള്‍ ക്യാമറയുടെ വര്‍ണ ആലേഖന ശേഷിയെ സൂചിപ്പിക്കുന്നില്ല. ക്യാമറ നിര്‍മാതാവാണ് ക്യാമറയിലെ വര്‍ണ ക്രമീകരണം നിശ്ചയിച്ചുറപ്പിക്കുന്നത്.
ക്യാമറകളില്‍ ലഭ്യമായ മറ്റൊരു സൗകര്യമാണ് വിഡിയൊ-ഔട്ട് (video-out). ക്യാമറയെ ടെലിവിഷനുമായി നേരിട്ട് ബന്ധപ്പെടുത്തി ദൃശ്യങ്ങള്‍ ടിവി സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനോ അഥവാ വിസിആറില്‍ (VCR) രേഖപ്പെടുത്തി വയ്ക്കുവാനോ ഉള്ള സൗകര്യമാണിത്.
ദൃശ്യങ്ങള്‍ നോക്കി വിലയിരുത്താനും തുടര്‍ന്ന് സംഭരിച്ചു വയ്ക്കാനും ക്യാമറയില്‍ ചിപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ വിലയേറിയ ചില ക്യാമറകളില്‍, ഒരു കംപ്യൂട്ടറുപയോഗിച്ച് മാത്രം ചെയ്യാവുന്ന ചില പ്രവൃത്തികള്‍, സ്വമേധയാ ചെയ്യാന്‍ പ്രാപ്തിയുള്ള സോഫ്റ്റ് വെയര്‍/ഹാര്‍ഡ് വെയര്‍ സൗകര്യം കൂടി ഉണ്ട്. ഛായാഗ്രഹണത്തിലെ ഏതാനും നടപടികളെ സ്വചാലിതമാക്കാന്‍ സഹായിക്കുന്ന സ്ക്രിപ്പ്റ്റിങ്, നിശ്ചിത ഇടവേളകളില്‍ ഛായാഗ്രഹണം സ്വചാലിതമായി നടത്താവുന്ന ടൈം-ലാപ്സ് ഛായാഗ്രഹണം (time-lapse photography), കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതെ ക്യാമറയ്ക്കുള്ളില്‍ വച്ചുതന്നെ ദൃശ്യത്തെ എഡിറ്റു ചെയ്ത് മെച്ചപ്പെടുത്താനുള്ള ഓണ്‍-ബോര്‍ഡ് ഇമേജ് കറക്ഷന്‍, പ്രിന്റ് മെനു (print menu facility) സൗകര്യമുള്ള പ്രിന്റ് പ്രോസസിങ് എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്.
ചലന ദൃശ്യങ്ങളുടെ ഛായാഗ്രഹണത്തിന് ഡിജിറ്റല്‍ ക്യാമറകള്‍ പൊതുവേ ഉപയോഗപ്പെടുത്താറില്ല. ഒരു ദൃശ്യത്തിന്റെ ഛായാഗ്രഹണം നടത്തിയ ശേഷം അതിന്റെ പ്രതിബിംബം പ്രയോഗക്ഷമമാക്കി മെമ്മറിയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ അല്പം സമയം വേണ്ടിവരും. ഈ ചെറിയ ഇടവേളയില്‍ ക്യാമറയ്ക്കു ഛായാഗ്രഹണ ജോലി നിര്‍വഹിക്കാനാവില്ല. ഇത്തരം ഇടവേളകള്‍ ചലന ദൃശ്യങ്ങളുടെ ഛായാഗ്രഹണത്തിന് വിഘാതമാകുന്നു. ഇതിനു പ്രതിവിധിയായി പല ഡിജിറ്റല്‍ ക്യാമറകളില്‍ ഒരു തുടര്‍ 'സ്വീകരണ സൗകര്യം' അഥവാ 'ബഴ്സ്റ്റ്' സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ക്യാമറയെ ഈ മോഡില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷട്ടര്‍ ബട്ടണ്‍ ഒരു പ്രാവശ്യം മാത്രം അമര്‍ത്തി ഒന്നിലേറെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്താനാകും. അമര്‍ത്തിയ ബട്ടണ്‍ സ്വതന്ത്രമാവുന്നതു വരെ ക്യാമറയിലെ ഇമേജ് പ്രോസസിങിനും സംഭരണ പ്രവര്‍ത്തനങ്ങള്‍ക്കും താത്ക്കാലിക വിരാമം സംഭവിക്കുന്നു. ഈ രീതിയില്‍ സെക്കണ്ടില്‍ പരമാവധി 2-3 ഫ്രെയിമുകള്‍ വരെ ചിത്രീകരിക്കാനാവും. 'ബഴ്സ്റ്റ്' മോഡില്‍ രേഖപ്പെടുത്തിയ പ്രതിബിംബങ്ങള്‍ക്ക് വിയോജന മൂല്യം കുറവായിരിക്കും. ക്യാമറയിലെ ഫ്ളാഷും ഈ മോഡില്‍ പൊതുവേ പ്രവര്‍ത്തിക്കാറില്ല. ചില ക്യാമറകളില്‍ ചലന ചിത്രങ്ങള്‍ക്കായി 'മിനി-മൂവി' മോഡ് (mini movie mode) സൗകര്യം ലഭിക്കുന്നു. ഏതാനും സെക്കണ്ടുകള്‍ ഒരു വിഡിയൊ റിക്കോര്‍ഡര്‍ പോലെ ക്യാമറയെ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണിത്. പ്രസ്തുത വിഡിയൊ ക്ലിപ്പിങിനെ ടെലിവിഷന്‍, കംപ്യൂട്ടര്‍ മുതലായവയിലൂടെ വീക്ഷിക്കാനും ഇ-മെയിലിലൂടെ പ്രേഷണം ചെയ്യാനും കഴിയുന്നു. എങ്കിലും ചലന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധാരണ ഹൈസ്പീഡ് ക്യാമറകള്‍ തന്നെയാണ് ഉത്തമം.
ഡെസ്ക്ടോപ്പ് ഡിജിറ്റല്‍ വിഡിയൊ ക്യാമറ (desktop digital video camera), (ചിത്രം 2e) ഡിജിറ്റല്‍ സിംഗില്‍ ലെന്‍സ് റിഫ്ളക്സ് (SLR) ക്യാമറ (ചിത്രം 2d) എന്നിവയാണ് പ്രത്യേക ആവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെടുന്ന ഡിജിറ്റല്‍ ക്യാമറകള്‍. കംപ്യൂട്ടര്‍ മോണിറ്ററിന്റെ പുറത്ത് ഉറപ്പിക്കാവുന്നതാണ് ആദ്യത്തേ ഇനം. ഇതില്‍ എല്‍സിഡിയോ വ്യൂഫൈന്‍ഡറോ ഉണ്ടായിരിക്കുകയില്ല. കംപ്യൂട്ടറുമായി ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിയുകയുള്ളു. ഡിജിറ്റല്‍ വിഡിയൊയുടെ സ്വീകരണത്തിനും, എഡിറ്റിങ്ങിനും, തത്സമയ വിഡിയൊ പ്രദര്‍ശനത്തിനും വേണ്ടി നിര്‍മിക്കപ്പെട്ടവയാണിവ. വിഡിയൊ കോണ്‍ഫറന്‍സിങ്, ഇന്റര്‍നെറ്റ് ടെലിഫെണി എന്നിവയില്‍ ഇവ ഉപയോഗിക്കാറുണ്ട്. വളരെ ഉയര്‍ന്ന വിയോജനമുള്ള (ultra high resolution) ഡിജിറ്റല്‍ SLR ആണ് രണ്ടാമത്തെ ഇനം. ദശലക്ഷക്കണക്കിന് പിക്സെലുകളെ ഫ്രെയിമില്‍ ക്രമീകരിക്കാന്‍ ശേഷിയുള്ള ഇത്തരം ക്യാമറകള്‍ പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കപ്പെടുന്നുണ്ട്.
സാധാരണ ക്യാമറകളില്‍ ഫിലിം ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ മികവ് ഡിജിറ്റല്‍ ക്യാമറ പ്രിന്റിന് ലഭിക്കണമെങ്കില്‍ ക്യാമറയുടെ വിയോജന മൂല്യം വളരെ ഉയര്‍ന്നതായിരിക്കണം. ഇതര ക്യാമറകളെക്കാള്‍ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വിലയും വളരെ കൂടുതലാണ്.