This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഗോ ഗാര്‍ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിഗോ ഗാര്‍ഷ

Diego Garcia

ഇന്ത്യന്‍ സമുദ്രത്തിലെ ഒരു ദ്വീപ്. 'U' ആകൃതിയിലുളള ഒരു അടോളാണിത്. ഛാഗോസ് ദ്വീപസമൂഹത്തില്‍പ്പെട്ട അഞ്ചു പവിഴ ദ്വീപുകളില്‍ (Coral atolls) ഏറ്റവും പ്രധാനപ്പെട്ട ഡീഗോ ഗാര്‍ഷ 'ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷന്‍ ടെറിറ്ററി' (British Indian Ocean territory)യുടെ ഭാഗമാണ്. ഒരു യു.എസ്. നാവികത്താവളം ഡീഗോ ഗാര്‍ഷയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഛാഗോസ് ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്താണ് ഡീഗോ ഗാര്‍ഷയുടെ സ്ഥാനം. ദ്വീപസമൂഹത്തിലെ വലുപ്പം കൂടിയ ദ്വീപാണിത്. 25 കി. മീ. ആണ് ഇതിന്റെ പരമാവധി നീളം; വീതി: 10 കി. മീ.; വിസ്തീര്‍ണം: 44 ച. കി. മീ.. മാലി ദ്വീപുകള്‍ക്ക് ഉദ്ദേശം 724 കി.മീ. തെ. മാറി സ്ഥിതിചെയ്യുന്ന ഡീഗോ ഗാര്‍ഷയില്‍ സ്ഥിരമായ ജനവാസമില്ല. ദ്വീപിന്റെ പ്രത്യേക ആകൃതി മൂലം രൂപം കൊണ്ടിരിക്കുന്ന ജലാശയം ഇവിടെ ഒരു നൈസര്‍ഗിക ഹാര്‍ബര്‍ രൂപം കൊളളുവാന്‍ സഹായകമായിട്ടുണ്ട്. മണ്‍സൂണ്‍ വാതങ്ങളുടെ ദിശയിലുളള സ്ഥാനം ദ്വീപുകളില്‍ കനത്ത മഴ ലഭിക്കാന്‍ കാരണമാകുന്നു. ഇടതൂര്‍ന്ന സസ്യജാലത്തില്‍ പ്രമുഖസ്ഥാനം തെങ്ങിനാണ്.

1814-ല്‍ ഡീഗോ ഗാര്‍ഷ യു.കെയുടെ നിയന്ത്രണത്തിന്‍ കീഴിലായി. 1965 വരെ ഇവിടെ 'കോളനി ഒഫ് മൌറീഷ്യസിന്റെ' സാമന്ത ഭരണമായിരുന്നു. തുടര്‍ന്ന് ഈ പ്രദേശം പുതുതായി രൂപം കൊണ്ട 'ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷന്‍ ടെറിറ്ററി'യുടെ ഭാഗമായി(1965). രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ വ്യോമതാവളങ്ങളിലൊന്നായിരുന്നു ഡീഗോ ഗാര്‍ഷ.

1966-ല്‍ ബ്രിട്ടന്‍ ഇവിടെ ഒരു നാവികത്താവളം നിര്‍മിക്കുവാനുളള അനുമതി യു. എസിന് നല്‍കി. എന്നാല്‍ 1970-കളില്‍ മാത്രമേ നാവികത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞുള്ളൂ. 1972-ല്‍ ബ്രിട്ടിഷ് ഭരണകൂടം ദ്വീപുവാസികളെ മൌറീഷ്യസിലേക്ക് മാറ്റി പാര്‍പ്പിച്ചു. അമേരിക്കന്‍ നാവികത്താവളത്തിലെ ഉദ്യോഗസ്ഥരും, യു. കെ. യുടെ നാവിക പ്രതിനിധികളും മാത്രമേ ഇപ്പോള്‍ ദ്വീപില്‍ താമസിക്കുന്നൂള്ളൂ.

1975-ല്‍ യു. എസ്. സെനറ്റ് ഈ നാവികത്താവളത്തിന്റെ വികസന പദ്ധതി അംഗീകരിച്ചു. ഈ പദ്ധതി പ്രകാരം ഒരു പുതിയ വിമാനത്താവളവും മെച്ചപ്പെട്ട ഹാര്‍ബര്‍ സൌകര്യങ്ങളും ഇവിടെ നിലവില്‍വന്നു. ദ്വീപിലെ അമേരിക്കന്‍ നാവികത്താവളം ഒരു വാര്‍ത്താവിനിമയ കേന്ദ്രം കൂടിയാണ്. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുളള സൗകര്യങ്ങളും ഇവിടെയുണ്ട്.

1982 മുതല്‍ ഡീഗോ ഗാര്‍ഷ ഉള്‍പ്പെടെയുളള ഛാഗോസ് ദ്വീപ സമൂഹം തങ്ങളുടേതാണെന്ന് മൌറീഷ്യസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ ദ്വീപിലെ വര്‍ധിച്ച സൈനികവത്കരണം ഇന്ത്യന്‍ സമുദ്രത്തിലും അതിന്റെ തീരപ്രദേശങ്ങളിലുമുളള രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനും കാരണമായിരിക്കുന്നു. നോ: ഛാഗോസ് ദ്വീപസമൂഹം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍