This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാഷ്ഹണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാഷ്ഹണ്ട്

Dachshund

ഒരിനം വേട്ട നായ. ജന്മദേശം ജര്‍മനിയാണ്. മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഇരയെ കണ്ടെത്തി പിടികൂടുന്നതിന് അതിസമര്‍ഥരാണ് ഈ നായ്ക്കള്‍. ഇരയുടെ സാന്നിധ്യം ഗന്ധം കൊണ്ട് മനസ്സിലാക്കാന്‍ ഇവയ്ക്ക് അസാമാന്യമായ കഴിവാണുളളത്. ഇവയെ വേട്ടനായ്ക്കളായി ഉപയോഗിക്കുന്നതും ഇതുകൊണ്ടാണ്. ശരീരത്തിന്റെ വലുപ്പമനുസരിച്ച് 'സ്റ്റാന്‍ഡേര്‍ഡ്' (standard), 'മിനിയേച്ചര്‍' (miniature) എന്നിങ്ങനെ രണ്ട് ഇനങ്ങളുണ്ട്. ശരീരത്തിലെ രോമത്തിന്റെ സ്വഭാവം അനുസരിച്ച് ഇവയെ വളരെ ചെറിയ മിനുസമുളള രോമത്തോടുകൂടിയ 'സ്മൂത്ത് ഹെയേര്‍ഡ്' (smooth haired), നീണ്ട രോമമുളള 'ലോംഗ് ഹെയേര്‍ഡ്' (long haired) നീണ്ടു ചുരുണ്ട രോമമുളള 'വയര്‍ ഹെയേര്‍ഡ്' (wire haired) എന്നിങ്ങനെ മൂന്നിനങ്ങളായും വര്‍ഗീകരിക്കാറുണ്ട്.

ഡാഷ്ഹണ്ട്

വെളുപ്പ് അല്ലാത്ത ഏതു നിറവും ഈ ഇനം നായകള്‍ക്ക് ഉണ്ടാകാം. ഏങ്കിലും കറുപ്പും തവിട്ടും നിറത്തിലുളളവയാണ് സാധാരണമായി കണ്ടുവരുന്നത്. കുറിയ കാലുകള്‍, നീളം കൂടിയ ശരീരം, കൂര്‍ത്ത മുഖം, വീണു കിടക്കുന്ന വലിയ ചെവികള്‍ എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. മിക്കവാറും ആടിക്കൊണ്ടിരിക്കുന്ന ചെവികള്‍ കവിളിനോടു ചേര്‍ന്നു കിടക്കും. ഇവയുടെ വാലിന് നല്ല ഉറപ്പുണ്ടായിരിക്കും മിക്കപ്പോഴും വാല് ഉയര്‍ത്തി വച്ചിരിക്കുന്നതായി കാണാം. വാലിന്റെ അഗ്രത്തിലേക്ക് വരുന്തോറും കനം കുറഞ്ഞ് കൂര്‍ത്തിരിക്കുന്നു. നല്ല കറുപ്പു നിറമുള്ള കണ്ണുകള്‍ക്ക് അണ്ഡാകൃതിയാണുളളത്. ഇവയുടെ പ്രധാന പ്രത്യേകത ഉരോസ്ഥി (sternum) പ്രത്യക്ഷമായി മുന്നോട്ട് തള്ളിയിരിക്കും എന്നതാണ്. ചില നായ്ക്കളില്‍ ഉരോസ്ഥി നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലും കാണാറുണ്ട്. മുന്‍കാലുകള്‍ക്ക് പുറത്തോട്ട് ഒരു വളവുണ്ട്. കാലുകളുടെ അറ്റത്തും കണ്ണിനു മുകളിലും ചില അടയാളങ്ങള്‍ കാണാം. 12 മുതല്‍ 23 സെ. മീ. വരെ ഉയരമുളള ഇവയുടെ തൂക്കം " മിനിയേച്ചര്‍ ഇനത്തിന് ഏകദേശം 4 കി. ഗ്രാമും "സ്റ്റാന്റേര്‍ഡ് ഇനത്തിന് ഏകദേശം 12 കി. ഗ്രാമും വരെയാണ്.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍