This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാല്‍ തടാകം

Dal Lake

ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിലെ ശ്രീനഗര്‍ ജില്ലയുടെ കി. ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തടാകം. ഹിന്ദി തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷകളില്‍ മൂലനാമമായ 'ഡല്‍' എന്ന പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്. ഡാല്‍ തടാകത്തിന്റെ തെ. തഖ്തിസുലൈമാന്‍ കുന്നും (ശങ്കരാചാര്യ കുന്ന്) ഹരിപര്‍വതവും സ്ഥിതിചെയ്യുന്നു. ശ്രീധരാ (സെബെര്‍വാന്‍) മലയുടെ അടിവാരത്തായി വ്യാപിച്ചിരിക്കുന്ന ഈ തടാകത്തിനു സു. 6 കി. മീ. നീളവും 4 കി. മീ. വീതിയുമുണ്ട്.

പ്രകൃതി മനോഹരമായ ഡാല്‍ തടാകം, ഇന്ത്യയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. തടാകത്തിലെ അത്യാധുനികസൗകര്യങ്ങളോടുകൂടിയ 'ഹൗസ് ബോട്ടു'കളും ഒഴുകുന്ന ഉദ്യാനങ്ങളും ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം കവരുവാന്‍ പര്യാപ്തമാണ്. തടാകത്തിന്റെ തെ. -ഉം കി. -ഉം തീരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന ചോലമരപ്പാതകള്‍ തടാകത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.

കാശ്മീരിലെ പ്രസിദ്ധമായ ഷാലിമര്‍ ഉദ്യാനം ഡാല്‍ തടാകത്തിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഒരു കൃത്രിമ കനാല്‍ ഉദ്യാനത്തെ തടാകവുമായി ബന്ധിപ്പിക്കുന്നു. തടാകതീരത്തെ നിഷാത് ഉദ്യാനവും വളരെ പ്രസിദ്ധമാണ്. മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ നിര്‍മിച്ച ഈ ഉദ്യാനത്തില്‍ ഇപ്പോള്‍ കാശ്മീര്‍ സര്‍വകലാശാലയുടെ ഒരു ക്യാമ്പസ് പ്രവര്‍ത്തിക്കുന്നു. ഉദ്യാനത്തെ നൈദ്യാര്‍ (Naidyar) പ്രദേശവുമായി ബന്ധിപ്പിക്കുന്ന ചിറ ഡാല്‍ തടാകത്തെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച തടാകത്തിലെ സോനാലാങ്ക് (സ്വര്‍ണദ്വീപ്), റോപലാങ്ക് (രജതദ്വീപ്) എന്നീ കൃത്രിമ ദ്വീപുകള്‍ കാശ്മീരിലെ പ്രമുഖ വേനല്‍ക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

ഡാല്‍ തടാകം

നിരവധി കനാലുകള്‍ മുഖേന ഡാല്‍ തടാകത്തെ സമീപത്തുള്ള ചെറുതടാകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡാല്‍ തടാകത്തെ ആഞ്ചാര്‍ (Anchar) തടാകവുമായി ബന്ധിപ്പിക്കുന്ന 'മാര്‍' കനാലാണ് ഇതില്‍ പ്രധാനം. 1420-ല്‍ ഭരണത്തിലേറിയ സൈനുലാബ്ദീന്‍ സുല്‍ത്താന്റെ ഭരണകാലത്താണ് ഈ കനാല്‍ നിര്‍മിച്ചത്. ഡാല്‍ തടാകതീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ 'ഹസറത്ത് ബാല്‍' പള്ളിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. കാശ്മീര്‍-മുഗള്‍ വാസ്തുവിദ്യാശൈലിയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്. പ്രശസ്തമായ 'അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കോംപ്ലക്സും' ഡാല്‍ തടാകതീരത്തിനടുത്ത് സ്ഥിതിചെയ്യുന്നു.

ഗാരിബാല്‍, ലാകൂത് ഡാല്‍, ബോഡാല്‍, നീജിന്‍ എന്നീ നാലുഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡാല്‍ തടാകം. തടാകത്തിലെ 'ചാര്‍ ചിനാര്‍' ദ്വീപ് പ്രസിദ്ധമാണ്. മുഗള്‍ രാജകുമാരനായ മുറാദ് 1641-ല്‍ ഇവിടെ നട്ടുപിടിപ്പിച്ച നാലു ചിനാര്‍ മരങ്ങളാണ് ഈ പേരിനാധാരം. പച്ചക്കറി ഉത്പാദനത്തിനും മത്സ്യബന്ധനത്തിനും ഈ തടാകം പ്രാധാന്യം നേടിയിരിക്കുന്നു. തടാകതീരത്ത് നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ സ്ലേറ്റ് ഖനനം ചെയ്യപ്പെടുന്നു. വെള്ളപ്പൊക്കസമയത്ത് ഝലം നദിയിലെ ജലം ഡാല്‍ തടാകത്തിലെത്താറുണ്ട്.

സ്വദേശീയരും വിദേശീയരുമായ അനേകായിരം വിനോദസഞ്ചാരികള്‍ പ്രതിവര്‍ഷം ഡാല്‍തടാകം സന്ദര്‍ശിക്കാനെത്തുന്നു. പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ തടാകം സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചാള്‍സ് ഹൂഗന്‍, സര്‍ വാള്‍ട്ടര്‍ ലോറന്‍സ്, ലഫ്. കേണല്‍ ടോറന്‍സ് തുടങ്ങിയ വിദേശസഞ്ചാരികള്‍ ഡാല്‍ തടാകത്തെയും കാശ്മീര്‍ താഴ്വരയെയും ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളായി വിശേഷിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍