This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാലിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാലിയ

Dahilia

കമ്പോസിറ്റെ (Compositae) സസ്യകുടുംബത്തില്‍പ്പെടുന്ന ചിരസ്ഥായിയായ ഓഷധി. ഡാലിയ പിന്നേറ്റ (Dahilia pinnata)എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. ഇതില്‍ നിന്നും രണ്ടായിരത്തിലധികം ഇനം ഡാലിയകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മെക്സിക്കോ-ഗ്വാട്ടിമാല പ്രദേശങ്ങളാണ് ഇതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു.

ഡാലിയ സാധാരണ 60-180 സെ.മീ. ഉയരത്തില്‍ വളരും. ആറുമീറ്ററോളം ഉയരത്തില്‍ വളരുന്നവയും അപൂര്‍വമല്ല; ഉയരം തീരെ കുറഞ്ഞയിനങ്ങളുമുണ്ട്. നിവര്‍ന്നു വളരുന്ന തണ്ട് മിനുസമുള്ളതും, ചുവടുഭാഗം കട്ടിയുളളതും അറ്റത്തേക്ക് വരുംതോറും മാംസളവുമായിരിക്കും. ഉയരം കൂടിയ ഇനങ്ങളുടെ തണ്ടുകള്‍ കാറ്റത്ത് ചരിഞ്ഞു വീഴാതെ കമ്പുകള്‍ താങ്ങായി കെട്ടിനിര്‍ത്തുകയാണ് പതിവ്. ഇലകള്‍ ദ്വിമുഖ വിന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇല ദന്തുരവും തിളക്കവും മിനുസമുള്ളതുമായിരിക്കും.

ജൂല.-ഒ. മാസങ്ങളാണ് ഡാലിയയുടെ പുഷ്പകാലം. തണ്ടിന്റേയും ശാഖകളുടേയും അഗ്രങ്ങളിലാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പത്തിന്റെ ഞെട്ട് നീളം കൂടിയതാണ്. വെളള, ഇളം ചുവപ്പ്, ചുവപ്പ്, വയലറ്റ്, നീലലോഹിതം, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളിലുളള പുഷ്പങ്ങളുണ്ടാകാറുണ്ട്. പുഷ്പത്തിന് ഉത്പാദനക്ഷമതയുളള മഞ്ഞ 'ഡിസ്ക്കു' പുഷ്പങ്ങളും വന്ധ്യ സ്ത്രീ 'റേ' പുഷ്പങ്ങളും ഉണ്ടായിരിക്കും. പുഷ്പങ്ങളില്‍ കാണപ്പെടുന്ന ഇരട്ട ഛത്രപരിപര്‍ണം(involucre)ഡാലിയയുടെ സവിശേഷതയാണ്. അണ്ഡാകാരത്തിലോ പരന്നു നീണ്ടതോ ആയ കായ്കളുടെ അറ്റം ഉരുണ്ടിരിക്കും.

പുഷ്പങ്ങളുടെ വലുപ്പവും ആകൃതിയും ആസ്പദമാക്കി ഡാലിയയെ വിവിധ ഇനങ്ങളായി തിരിച്ചിരിക്കുന്നു. സിങ്കിള്‍ ഡാലിയ, മിഗ്നോണ്‍, കോളറെറ്റസ്, ആനിമോണ്‍ ഡാലിയ, ഡ്യൂപ്ലക്സ് ഡാലിയ, പിയോണി ഡാലിയ, ഡെക്കറേറ്റീവ്, കൊളോസ്സല്‍, കാക്ടസ് എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ഡാലിയച്ചെടികളുടെ പ്രജനനം നടത്തുന്നത് പ്രധാനമായും വിത്തും കിഴങ്ങും മുറിച്ചു നട്ടാണ്. ഇളം തണ്ട് മുറിച്ചു നട്ടും ഗ്രാഫ്റ്റിങ് നടത്തിയും ഡാലിയച്ചെടികള്‍ വളര്‍ത്തിയെടുക്കാറുണ്ട്.

മേയ്-ജൂണ്‍ മാസങ്ങളാണ് ഡാലിയ നടാന്‍ അനുയോജ്യമായ സമയം. കേരളത്തില്‍ മഞ്ഞുകാലത്താണ് ഡാലിയ നട്ടു തുടങ്ങാറുളളത്. വിത്ത് നടുന്നതിനേക്കാള്‍ കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചു നടുന്നതാണ് മാതൃസസ്യത്തിന്റെ പുഷ്പങ്ങളുടെ നിറം തന്നെ പുതിയ തലമുറയിലും ഉറപ്പാക്കാന്‍ ഉതകുന്നത്.

ഡാലിയയുടെ വലിയകിഴങ്ങുകള്‍ ചെറിയ കഷണങ്ങളായി മുറിച്ച്, ഒരു പെട്ടിയില്‍ മണലിലിട്ട് അധികം വെളിച്ചം കടക്കാത്ത മുറിയില്‍ സൂക്ഷിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ചെറുകഷണങ്ങളില്‍ മുകുളങ്ങളുണ്ടാകും. ഒരു മുകുളത്തോടു കൂടിയ കിഴങ്ങുഭാഗം മുറിച്ചെടുത്ത് പരുപരുത്ത മണലും ചാണകപ്പൊടിയും പച്ചിലവളവും സമം ചേര്‍ത്ത് നിറച്ചു തയ്യാറാക്കിയ ചെടിച്ചട്ടികളില്‍ നടണം. ഒരു മാസത്തിനുളളില്‍ ചെടികള്‍ വേരു പിടിച്ചു വളര്‍ന്നു തുടങ്ങുന്നു. തൈകള്‍ നന്നായി വളരുന്ന ഘട്ടത്തില്‍ തലപ്പ് നുളളി മാറ്റുന്നത് കൂടുതല്‍ ശാഖകളുണ്ടാകാന്‍ സഹായിക്കും. ഓരോ ആഴ്ചയിലും ചാണകത്തെളിയോ, പിണ്ണാക്ക് വെളളത്തില്‍ കലക്കിത്തെളിയൂറ്റിയതോ, വളമായി ചേര്‍ക്കേണ്ടതാണ്. ജലസേചനം ഡാലിയ സസ്യങ്ങള്‍ക്ക് അനിവാര്യമാണ്.

ഡാലിയയുടെ ശാഖകളുടെ അഗ്രഭാഗത്തു നിന്നാണ് മൊട്ടുകളുണ്ടാകുന്നത്. ഒന്നിലധികം മൊട്ടുകളുണ്ടായാല്‍ മധ്യത്തിലുളളതു മാത്രം നിര്‍ത്തി ബാക്കിയുളളത് നുളളിക്കളയുന്നത് വലുപ്പം കൂടിയ പുഷ്പം ലഭിക്കാനിടയാക്കും. മഞ്ഞുകാലം തീരും വരെ ഡാലിയയ്ക്ക് പുഷ്പകാലമാണ്. അതു കഴിയുമ്പോള്‍ പുഷ്പങ്ങളും സസ്യങ്ങളും ഉണങ്ങുന്നു. അപ്പോള്‍ കിഴങ്ങ് കേടുവരാതെ മണ്ണില്‍ നിന്ന് ഇളക്കിയെടുത്ത് കടലാസ്സില്‍ പൊതിഞ്ഞ് മണ്‍പാത്രങ്ങളിലോ തടിപ്പെട്ടികളിലോ വിത്തിനായി സൂക്ഷിക്കാം. വിത്ത് സൂക്ഷിക്കുന്നത് തണലും തണുപ്പും ഉളള സ്ഥലത്തായിരിക്കണം.

പുഷ്പങ്ങള്‍ക്കു വേണ്ടി ഡാലിയ വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. വളരെ ദിവസങ്ങള്‍ കേടു കൂടാതിരിക്കുന്ന ഡാലിയ പുഷ്പങ്ങള്‍ പുഷ്പാലങ്കാരത്തിനും ഗൃഹാലങ്കാരത്തിനും ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍