This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ട്മത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാര്‍ട്മത്

Dartmouth

തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു മുനിസിപ്പല്‍ പ്രദേശം. പ്ലിമത്തിന് 40 കി. മീ. കിഴക്കായി ഡെവണ്‍ഷെയറിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് ഒരു പ്രധാന തുറമുഖമായിരുന്ന ഡാര്‍ട്മത് ഇന്നൊരു കപ്പല്‍ നിര്‍മാണ കേന്ദ്രവും സുഖവാസ കേന്ദ്രവുമാണ്. ജനസംഖ്യ: 6,298 (1981). പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു കുന്നിന്‍ ചരിവിലാണ് ചിത്രോപമമായ ഈ പ്രദേശം വ്യാപിച്ചിരിക്കുന്നത്. ഡാര്‍ട്മത് അഴിമുഖ സമീപത്തെ ഇടുങ്ങിയ തെരുവുകളും തടികൊണ്ടു നിര്‍മിച്ചതും ശ്രദ്ധാപൂര്‍വം പരിരക്ഷിപ്പെട്ടിരിക്കുന്നതുമായ വീടുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.

ഡാര്‍ട്മത് കൊട്ടാരം (1481), സെന്റ് സേവ്യര്‍ ദേവാലയം, 17-ാം ശ. -ല്‍ നിര്‍മിച്ച ബട്ടര്‍വാക് (Butterwalk) തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ശില്പ ചാരുതയാര്‍ന്ന ഒരു ആച്ഛാദിത പഥമാണ് (Arcade) ബട്ടര്‍വാക്.

വിസ്തൃതവും ഭൂരിഭാഗവും കരയാല്‍ ചുറ്റപ്പെട്ടതുമായ ഡാര്‍ട്മത് തുറമുഖം ഒരു വിനോദ നൗകാ കേന്ദ്രം കൂടിയാണ്. ദ് റോയല്‍ നേവല്‍ കോളജ് ഇവിടെ സ്ഥിതിചെയ്യുന്നു.

മൂന്നാം കുരിശു യുദ്ധത്തില്‍ (1190) റിച്ചാര്‍ഡ് കൂവര്‍ ദ് ലിയോണ്‍ ഡാര്‍ട്മതില്‍ നിന്നുമാണ് യാത്ര തിരിച്ചത്. 1579 - ല്‍ ന്യൂഫൗണ്ട്ലന്‍ഡില്‍ ഒരു കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സര്‍. ഹംഫ്രി ഗില്‍ബര്‍ട്ട് (Sir. Humphery Gilbert) യാത്ര ആരംഭിച്ചതും, രണ്ടാം ലോകയുദ്ധകാലത്ത് (1914) നോര്‍മന്‍ഡി ആക്രമിക്കുന്നതിനായി അമേരിക്കന്‍ സേന യാത്ര തുടങ്ങിയതും ഡാര്‍ട്മതില്‍ നിന്നായിരുന്നു.

2. കാനഡയിലെ ദക്ഷിണ നോവസ്കോഷയിലുള്ള ഒരു നഗരം. ഹാലിഫാക്സ് തുറമുഖത്തിന്റെ കി. ഭാഗത്തുള്ള ഈ നഗരം ഹാലിഫാക്സ് നഗരത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ : 65629 (1996) 1.6. കി. മീ നീളമുള്ള ഒരു തൂക്കുപാലം ഡാര്‍ട്മതിനെ ഹാലിഫാക്സ് നഗരവുമായി ബന്ധിപ്പിക്കുന്നു. മുമ്പ് ഒരു പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഡാര്‍ട്മത്, രണ്ടാം ലോകയുദ്ധത്തോടെയാണ് കാര്യമായ വ്യാവസായിക പുരോഗതി നേടാനാരംഭിച്ചത്. എണ്ണ ശുദ്ധീകരണം, വീഞ്ഞുല്പാദനം, കപ്പല്‍ നിര്‍മാണം, കപ്പലുകളുടെ കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങള്‍. സമുദ്രശാസ്ത്ര പഠന കേന്ദ്രവും ഡാര്‍ട്മതിലുണ്ട്. 1968 മുതല്‍ ഇവിടെ വിപുലമായ നവീകരണവും വികസനവും ആരംഭിച്ചു. നഗരത്തിനടുത്ത് ഒരു നാവിക വിമാനത്താവളവും ഒരു വാണിജ്യ വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.

1750 - ല്‍ ആണ് ഡാര്‍ട്മത് സ്ഥാപിച്ചത്. 1873-ല്‍ ഇതൊരു പട്ടണമായി പുനഃസംഘടിപ്പിച്ചു. 1961-ല്‍ നഗര പദവി ലഭിച്ചു. 1996 ഏ.-ല്‍ പുതിയ റീജണല്‍ ഹാലിഫാക്സ് മുനിസിപ്പാലിറ്റിയില്‍ ഹാലിഫാക്സ്, ഡാര്‍ട്മത് നഗരങ്ങളെ ഉള്‍പ്പെടുത്തി. ജനസംഖ്യ : 67, 798 (1991)

3. യു. എസ്സിലെ തെ. കിഴക്കന്‍ മസാച്ചുസെറ്റ്സിലുള്ള ഒരു നഗരം. ബ്രിസ്റ്റോള്‍ കൗണ്ടിയില്‍ ഉള്‍പ്പെടുന്ന ഈ നഗരം ന്യൂബെഡ്ഫോര്‍ഡിന് 10 കി. മീ. തെ. പ. അത് ലാന്തിക് സമുദ്രത്തിലെ ബസാര്‍ഡ്സ് ഉള്‍ക്കടല്‍ (Buzzards Bay) തീരത്ത് സ്ഥിതി ചെയ്യുന്നു.

മുഖ്യമായും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്ന ഡാര്‍ട്മത് നഗരം ഒരു പ്രധാന വേനല്‍ക്കാല സങ്കേതവും കൂടിയാണ്. മുമ്പ് ഇതൊരു കപ്പല്‍ നിര്‍മാണ കേന്ദ്രമായിരുന്നു. 1650 - ല്‍ സ്ഥാപിക്കപ്പെട്ട ഡാര്‍ട്മത് നഗരം 1664-ല്‍ പുനഃസംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ ഡാര്‍ട്മത് പ്രദേശത്തിന്റെ പേരാണ് നഗരനാമത്തിന്റെ അടിസ്ഥാനം. ജനസംഖ്യ: 27,244.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍