This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ജിലിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാര്‍ജിലിങ്

Darjeeling

പശ്ചിമ ബംഗാളിലെ ഒരു ജില്ല, ജില്ലാ ആസ്ഥാന നഗരം. ഹിമാലയത്തിന്റെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ നിന്ന് 10 കി. മി. അകലെ സിക്കിമും 18 കി.മീ. അകലെ നേപ്പാളും സ്ഥിതി ചെയ്യുന്നു. ജില്ലയുടെ വിസ്തൃതി: 3,149 ച:കി:മീ: ജനസംഖ്യ: 1,605,900 (2001); നഗര ജനസംഖ്യ: 396060. തിബത്തന്‍ ഭാഷയിലെ 'ഡോര്‍ജെലിങ്' എന്ന പദത്തില്‍ നിന്നാണ് 'ഡാര്‍ജിലിങ്' എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ഡാര്‍ജിലിങ് നഗരം രൂപം കൊള്ളുന്നതിനു മുമ്പ് ഇവിടത്തെ കുന്നിന്‍ മുകളില്‍ ഉണ്ടായിരുന്ന ഒരു ബുദ്ധ വിഹാരമായിരുന്നു ഡോര്‍ജെലിങ്. ഡോര്‍ജെയുടെ (Dorje) സ്ഥാനം എന്നാണ് ഇതിനര്‍ഥം. ലാമായിസത്തിലെ 'ആധ്യാത്മിക ഇടിമുഴക്ക'മാണ് ഡോര്‍ജെ.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2,248 മീ. ഉയരത്തിലാണ് ഡാര്‍ജിലിങിന്റെ സ്ഥാനം. ഈ നഗരത്തിന്റെ ഉദ്ഭവത്തിലും സംസ്കാരത്തിലും തിബത്തന്‍ സ്വാധീനം വളരെ പ്രകടമാണ്. സിക്കിം - ഹിമാലയന്‍ മല നിരകളുടെ നെറുകയിലാണ് ഡാര്‍ജിലിങ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വ. ഉം, വ. കി. ഉം പ്രദേശങ്ങള്‍ ഹിമാലയന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മഞ്ഞു മൂടിയ എവറസ്റ്റ്, കാഞ്ചന്‍ ഗംഗ കൊടുമുടികളുള്‍പ്പെടെയുള്ള ഹിമാലയന്‍ ദൃശ്യങ്ങള്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നയനാനന്ദകരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ഡാര്‍ജിലിങ് നഗരത്തിന്റെ മനം കവരുന്ന ദൃശ്യസൗന്ദര്യവും പ്രത്യേക സ്ഥാനവും 'ഗിരിസങ്കേതങ്ങളുടെ റാണി' (Queen Hill Resorts) എന്ന പദവി ഈ നഗരത്തിന് സമ്മാനിച്ചിട്ടുണ്ട്.

ഡാര്‍ജിലിങ് നഗരത്തിനു പ്രധാനമായി മൂന്നു ഭാഗങ്ങളുണ്ട്. ഇവ മൂന്നും പടിക്കെട്ടുകള്‍, ഇടുങ്ങിയ നിരത്തുകള്‍, എന്നിവ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഉയരം കൂടിയ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമായി മുന്തിയ ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, വില്ലകള്‍, കടകള്‍ എന്നിവ കാണാം. വിനോദ സഞ്ചാര പ്രാധാന്യമുള്ള ധാരാളം പ്രദേശങ്ങളും ഇവിടെയുണ്ട്. സ്വദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടം സന്ദര്‍ശിക്കുന്നു. മലഞ്ചെരുവില്‍ നഗരത്തില്‍ സ്ഥിരതാമസമാക്കിയവരുടെ വീടുകളും, ഇടത്തരം ഹോട്ടലുകളും, ഭക്ഷണശാലകളും മറ്റും കാണപ്പെടുന്നു. മലനിരകളുടെ അടിവാരത്തിലുള്ള വിസ്തൃതമായ പ്രദേശങ്ങളിലാണ് മാര്‍ക്കറ്റുകളും ബസാറുകളും ഉള്ളത്. ലെപ്ച്ചാസ്, തിബത്തുകാര്‍, ഭൂട്ടിയാസ്, നേപ്പാളികള്‍, പഹാഡികള്‍ തുടങ്ങിയവരും വിവിധ ഗിരിവര്‍ഗക്കാരും ഉള്‍പ്പെടുന്നതാണ് ഇവിടത്തെ വ്യാപാരിവ്യവസായി സമൂഹം. മംഗോളിയന്‍ വംശജരുടെ ഒരു ന്യൂന പക്ഷവും ഇവിടെ നിവസിക്കുന്നുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണ്; രണ്ടാം സ്ഥാനത്ത് മുസ്ലീങ്ങളും. ശേഷിക്കുന്നവര്‍ സിക്ക്, ബുദ്ധ, ജൈനമതങ്ങളില്‍പ്പെടുന്നു. മറ്റു മതവിശ്വാസികളായ ചെറിയൊരു ന്യൂനപക്ഷവും ഇവിടെയുണ്ട്. ബംഗാളിയും ഹിന്ദിയുമാണ് മുഖ്യഭാഷകള്‍.

നിരവധി മലനിരകളും തരായ് (താഴ്വര) പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഡാര്‍ജിലിങ് ജില്ല. ഉഷ്ണമേഖല മുതല്‍ ഉപആല്‍പൈന്‍വരെയുള്ള കാലാവസ്ഥാ ഭേദങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നു. കാലാവസ്ഥയ്ക്കനുസൃതമായ സസ്യജാലമാണ് ഇവിടെയുള്ളത്. ധാരാളം മഴ ലഭിക്കുന്ന ഈ ജില്ല തേയിലയുത്പാദനത്തില്‍ മുന്നിലാണ്. മിതമായ താപനില അനുഭവപ്പെടുന്ന വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഏറെ സുഖകരമാണ് ശരത്കാലം. വരണ്ട മഞ്ഞുകാലത്ത് ഇടയ്ക്കിടയ്ക്ക് മഴ ലഭിക്കാറുണ്ട്. വസന്തകാലത്തും തുടര്‍ന്നു വരുന്ന മാസങ്ങളിലുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. ശ. ശ. വാര്‍ഷിക വര്‍ഷപാതം: 3,035 മി. മീ.; ശ. ശ. താപനില: ജനു. 5° സെ., ജൂല.- 16.7° സെ. തീസ്ത (Tista), മേച്ചി (Mechi), ബലാസന്‍ (Balasan), മഹാനദി (Mahanadi), ഗ്രേറ്റ് രഞ്ചിത് (Great Rangit) എന്നിവ ഡാര്‍ജിലിങ് ജില്ലയിലെ മുഖ്യനദികളാകുന്നു. വടക്കന്‍ സിക്കിമിലെ ഹിമാനിയില്‍ നിന്ന് ഉദ്ഭവിക്കുന്ന തീസ്തയാണ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി. തേയില ഉത്പാദനമാണ് ജില്ലയുടെ പ്രധാന ധനാഗമമാര്‍ഗം. ഏലത്തിനാണ് രണ്ടാം സ്ഥാനം. സമതലങ്ങളില്‍ നെല്ല് കൃഷിചെയ്യുന്നു. കൊയിനാമരക്കൃഷി മറ്റൊരു പ്രധാന തോട്ടവിളക്കൃഷിയായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജില്ലയുടെ 40.7 ശ.ത. വനമാണ് (1283. ച. കി. മീ.) വിവിധ വര്‍ഗങ്ങളില്‍പ്പെട്ട ഏതാണ്ട് 600- ഓളം പക്ഷികളെ ഇവിടെ കാണാം. ഓക്, ചെസ്റ്റ്നട്, മേപ്ള്‍, ബിര്‍ച്, ആല്‍ഡര്‍, മഗ്നോലിയാസ്, ബക്ലാന്‍ഡിയാസ്, പൈറസ്, ഹിമാലയന്‍ ഫിര്‍, സിക്കിം സ്പ്രൂസ്, ലാര്‍ച് മുതലായവ ഈ പ്രദേശത്ത് സമൃദ്ധമായി വളരുന്നു. കാടുകളില്‍ കുരങ്ങ്, കാട്ടുപൂച്ച, പുലി, കുറുക്കന്‍, കരടി, ഓട്ടര്‍, വിവിധതരം അണ്ണാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ കാണപ്പെടുന്നു.

വളരെ പു മുതല്‍ക്കേ പ്രശസ്തിയാര്‍ജിച്ച ഒരു പ്രധാന പര്‍വത-കമ്പോള പട്ടണമാണ് ഡാര്‍ജിലിങ്. ബ്രിട്ടിഷ് ഭരണകാലത്ത് ഈ പ്രദേശം ഒരു ഹില്‍ സ്റ്റേഷനായി വികസിച്ചു. ഈ കാലഘട്ടത്തില്‍ നഗരത്തിലുണ്ടായ ഗതാഗത സൗകര്യങ്ങളാണ് ഈ പ്രദേശത്തെ പുരോഗതിയിലേക്കു നയിച്ചത്.

കാഞ്ചന്‍ ജംഗ കൊടുമുടിയില്‍ നിന്നും 70 കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിനു ഏകദേശം 500 കി. മീ. തെക്കാണ് കൊല്‍ക്കത്ത നഗരത്തിന്റെ സ്ഥാനം. രണ്ടു നഗരങ്ങളെയും റോഡ്-റെയില്‍-വ്യോമ ഗതാഗത മാര്‍ഗങ്ങളാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഡാര്‍ജിലിങിലേക്കുള്ള വളഞ്ഞു പുളഞ്ഞ റോഡുകളും, ഇടുങ്ങിയ റെയില്‍പ്പാതകളും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നഗരത്തിന് 84 കി. മീ. തെക്കുള്ള സിലുഗിരിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത വളരെയേറെ ദുര്‍ഘടമാണ്. ഭരണസൗകര്യാര്‍ഥം ഡാര്‍ജിലിങ് ജില്ലയെ 10 കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ലോക്കുകളും, 710 വില്ലേജുകളുമായി വിഭജിച്ചിരിക്കുന്നു. ജില്ലയില്‍ മൊത്തം 9 പട്ടണങ്ങള്‍ ഉള്‍പ്പെടുന്നു. 15 പോലീസ് സ്റ്റേഷനുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡാര്‍ജിലിങ് നഗരത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, മ്യൂസിയങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, കുതിരപ്പന്തയവേദികള്‍, പാര്‍ക്കുകള്‍ എന്നിവയാണ് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഒബ്സര്‍വേഷന്‍ ഹില്ലാണ് ഇവിടത്തെ ഏറ്റവും ഉയരംകൂടിയ പ്രദേശം. ഇവിടെ മുമ്പുണ്ടായിരുന്ന ബുദ്ധവിഹാരം ഇന്നൊരു ഹൈന്ദവ-ബുദ്ധക്ഷേത്രമായി പരിണമിച്ചിരിക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ബംഗാളിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഡാര്‍ജിലിങ്. ഡാര്‍ജിലിങിലെ ബിര്‍ച് കുന്നില്‍ (Birch Hill) ഒരു നൈസര്‍ഗിക ഉദ്യാനവും ഒരു പര്‍വതാരോഹണ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ ലോയ്ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 1865-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള നിരവധി കോളജുകള്‍ ഇവിടെയുണ്ട്. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ്, നോര്‍ത്ത് ബംഗാള്‍ ദന്തല്‍ കോളജ്, സെനാഡ ഡിഗ്രി കോളജ്, സിലിഗുരി കോളജ് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാകുന്നു. തരായ് പ്രദേശത്തുള്ള സിലിഗുരി, ജില്ലയിലെ ഒരു പ്രധാന പട്ടണമാണ്. ഡാര്‍ജിലിങ്-ഹിമാലയന്‍ റെയില്‍പ്പാതയുടെ ടെര്‍മിനല്‍ കൂടിയാണ് സിലിഗുരി; ഭാഗ് ഡോഗ്ര (Baghdogra) കൊല്‍ക്കത്ത ഡാര്‍ജിലിങ് വ്യോമഗതാഗത ശൃംഖലയുടെ ടെര്‍മിനലും. കര്‍സിയോങ് (Kurseong), കാലിംപോങ് (Kalimpong) എന്നീ ഗിരിസങ്കേതങ്ങളും ഘൂം (Ghoom) ബുദ്ധവിഹാരവും ഡാര്‍ജിലിങിനടുത്ത് സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍