This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാക്-മഹാപുരുഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാക്-മഹാപുരുഷ

കവിയും തത്ത്വചിന്തകനുമായിരുന്ന പൗരാണികാചാര്യന്‍. ഇദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന സൂക്തികള്‍ ഉത്തരേന്ത്യയിലും നേപ്പാളിലും പ്രചാരത്തിലുണ്ട്. ജ്യോതിഷം, കൃഷി, പൂജാകര്‍മങ്ങള്‍, ധര്‍മസംഹിതകള്‍, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ കന്നുകാലി വാങ്ങല്‍, പാചകം, ശുഭദിനവര്‍ണനകള്‍ പെണ്ണുകാണല്‍ചടങ്ങ്, മഴ, തുടങ്ങിയ സാമൂഹികവിഷയങ്ങളെല്ലാം ഇദ്ദേഹത്തിന്റെ സൂക്തികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഘാഘ എന്ന പേരിലും രാജസ്ഥാനില്‍ ഡങ്ക എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ സൂക്തികള്‍ക്ക് കാലാനുസൃതവും പ്രദേശികവും ഭാഷപരവുമായ മാറ്റം വന്നിട്ടുണ്ട്.

ഡാക് മഹാപുരുഷന്റെ കാലത്തെക്കുറിച്ചും ജന്മദേശത്തെപ്പറ്റിയും വ്യക്തമായ അറിവുലഭിച്ചിട്ടില്ല. ജ്യോതിഷത്തിലും ജ്യോതിശ്ശാസ്ത്രത്തിലും പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം വരാഹമിഹിരന്റെ പുത്രനായിരുന്നു എന്നു ചിലര്‍ വിശ്വസിക്കുന്നു. പശു വളര്‍ത്തി ജീവിതം നയിച്ച ഒരു സ്ത്രീയുടെ പുത്രനായിരുന്നു ഇദ്ദേഹം എന്നാണ് ബംഗാളിലെ ഐതിഹ്യം. അസമിലെ ഐതിഹ്യമനുസരിച്ച് ഇദ്ദേഹം കുടം നിര്‍മിക്കുന്ന ഒരാളുടെ (മൂശാരി) മകനായിരുന്നു. ഇദ്ദേഹത്തിന് ഏഴ് സഹോദരന്മാരുണ്ടായിരുന്നു. കാമരൂപ ജില്ലയില്‍ ലേഹി-ദംഗോറ എന്ന ഗ്രാമത്തിലായിരുന്നു മഹാപുരുഷ ജനിച്ചതെന്നാണ് അസമിലെ വിശ്വാസം. ഒരു ഇതിഹാസ പുരുഷനായി അറിയപ്പെടുന്ന ഡാക് മഹാപുരുഷനെപറ്റി മറ്റു പല ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന സൂക്തികള്‍ പലതും ഇദ്ദേഹം രചിച്ചവയല്ല എന്നും പില്ക്കാലത്ത് രചിക്കപ്പെട്ടവയാണ് എന്നും ചിലര്‍ കരുതുന്നുണ്ട്. മൈഥിലി ഭാഷയിലും അസമിയ ഭാഷയിലുമുള്ള ആദ്യകാല സാഹിത്യത്തില്‍ ഡാക് മഹാപുരുഷന്റെ വചനങ്ങള്‍ക്ക് പ്രധാന്യം ലഭിച്ചിരുന്നു. അസമിയ ഭാഷയില്‍ ഡാക് ബചന്‍, ഡാക് ഭണിത, ഡാക് മഹാപുരുഷിയര്‍ ബചന്‍ എന്നീ പേരുകളില്‍ ഡാക് മഹാപുരുഷന്റേതായി അറിയപ്പെടുന്ന സൂക്തികള്‍ സമാഹരിച്ചിട്ടുണ്ട്. പഴമൊഴികളെന്ന നിലയില്‍ നല്ല പ്രചാരം നേടിയിട്ടുള്ള ഈ സൂക്തികള്‍ ചിലതിങ്ങനെയാണ്-'നടു താണനിലം നോക്കി വാങ്ങണം', 'തള്ളയുടെ ഗുണം നോക്കി വേണം മകളെ കെട്ടാന്‍', 'ചെറിയ പല്ലും മുദൃസ്വരവുമുള്ള, കൃത്യമായി അന്തിത്തിരികൊളുത്തുന്ന, എല്ലാവരോടും മര്യാദയ്ക്ക് വര്‍ത്തമാനം പറയുന്ന ഭാര്യ കുടുംബത്തിനു ക്ഷേമൈശ്വര്യം വളര്‍ത്തും'. പദ്യരൂപത്തിലുള്ള ഈ പഴമൊഴികള്‍ക്ക് അസമിലെ കര്‍ഷകരുടെ സമൂഹത്തിലാണ് ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത്. ജ്യോതിഷപരമായുള്ള ഇദ്ദേഹത്തിന്റെ സൂക്തികള്‍ ആധികാരികങ്ങളായി കണക്കാക്കപ്പെടുന്നു. ഇത്തരം സൂക്തികള്‍ ശാസ്ത്രീയങ്ങളാണെന്നും മുഹൂര്‍ത്ത ചിന്താമണി, കാശ്യപസംഹിത, ഭൃഗുസംഹിത, നാരദസംഹിത, വരാഹസംഹിത തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവ രചിച്ചിട്ടുള്ളതെന്നും പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ജെ. ക്രിസ്റ്റ്യന്‍ 1891ല്‍ പ്രസിദ്ധീകരിച്ച ബീഹാര്‍ പ്രോവെര്‍ബ്സ് എന്ന കൃതിയില്‍ ഡാക് മഹാപുരുഷന്റെ അനേകം സൂക്തികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവാനന്ദ ഠാക്കൂര്‍ രചിച്ച മൈഥിലഡാക, എം. എം. ഉമേശ് മിശ്രയുടെ ഡാക, പ്രഫുല്ലചന്ദ്ര ഗോസ്വാമിയുടെ ഡാകവചനാമൃത തുടങ്ങിയ കൃതികളില്‍ ഡാക് മഹാപുരുഷന്റെ സൂക്തികള്‍ സമാഹരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍