This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാക്കര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാക്കര്‍
Dakar
സെനഗളിന്റെ തലസ്ഥാന നഗരം. ഡാക്കര്‍ പ്രദേശത്തിന്റെ ആസ്ഥാനമായ ഡാക്കര്‍ സെനഗളിലെ പ്രധാന തുറമുഖവും വ്യാവസായിക-ഗതാഗത കേന്ദ്രവും കൂടിയാണ്. ആഫ്രിക്കയുടെ പടിഞ്ഞാറേയറ്റത്തുള്ള വേര്‍ഡേ പെനിന്‍സുല മുനമ്പില്‍ (Cape Verde Peninsula) അത് ലാന്തിക് തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ സ്ഥാനം ഇതിന് തെക്കേ അമേരിക്കയുമായി ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന ആഫ്രിക്കന്‍ നഗരം, പശ്ചിമ യൂറോപ്പിനോടടുത്തുള്ള ഉപ-സഹാറന്‍ തുറമുഖം, ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള പശ്ചിമ വാണിജ്യപാതയിലെ മുഖ്യകേന്ദ്രം എന്നീ ബഹുമതികള്‍ നേടിക്കൊടുത്തിരിക്കുന്നു. ഡാക്കര്‍ പ്രദേശത്തിന്റെ വിസ്തൃതി: 550 ച. കി. മീ.; നഗരജനസംഖ്യ: 1999,000 (1995est).
ഡാക്കര്‍ നഗരത്തിന്റെ ആധുനിക ഭാഗങ്ങള്‍ക്ക് കോസ്മോപൊലിറ്റന്‍ സ്വഭാവമാണുള്ളത്. സെനഗളിന്റെ വാണിജ്യ-ബൗദ്ധിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഡാക്കര്‍ പ്രദേശത്തിന്റെ ഭരണ-വാണിജ്യ-വിനോദ സഞ്ചാരകേന്ദ്രവും ഈ നഗരം തന്നെ. പ്ലേസ് ദെല്‍ ഇന്‍ഡിപെന്‍ഡന്‍സെയ്ക്ക് ചുറ്റുമായി വികസിച്ചിരിക്കുന്ന നഗര കേന്ദ്രത്തിലാണ് പ്രസിദ്ധമായ പ്രസിഡെന്‍ഷ്യല്‍ കൊട്ടാരവും, റോമന്‍ കത്തോലിക്ക ദേവാലയവും സ്ഥിതി ചെയ്യുന്നത്.
ജനങ്ങള്‍ നിവസിക്കുന്ന ആധുനിക നഗരഭാഗങ്ങള്‍ കേപ്മാനുവലില്‍ നിന്നാരംഭിച്ച് പുരാതന ആഫ്രിക്കന്‍ പ്രദേശമായ മെദിന(Medina) വരെ വ്യാപിച്ചിരിക്കുന്നു. ഇവിടത്തെ സവിശേഷമായ ആരോഗ്യസ്ഥാപനങ്ങളില്‍ പ്രധാനമാണ് പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഉപ-സഹാറന്‍ ആഫ്രിക്കയിലെ ഫ്രഞ്ച്ഭാഷ ബോധന മാധ്യമമായുള്ള ഏറ്റവും വലിയ സര്‍വകലാശാലയാണ് ഡാക്കര്‍ സര്‍വകലാശാല. പശ്ചിമ ആഫ്രിക്കയിലെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മികച്ച തുറമുഖമാണ് ഡാക്കര്‍.
ആഫ്രിക്കന്‍ വന്‍കരയുടെ ഉള്‍പ്രദേശങ്ങളുമായി ഡാക്കര്‍ നഗരത്തെ റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. നഗരത്തിന്റെ യുദ്ധതന്ത്രപരമായ സ്ഥാനം ഇതിനെ ഒരു അന്തര്‍ വന്‍കര നാവിക -വ്യോമകേന്ദ്രമെന്ന നിലയ്ക്കും, ആഫ്രിക്കയിലെ അന്താരാഷ്ട്ര റെയില്‍ ടെര്‍മിനസ് എന്ന നിലയ്ക്കും പ്രശസ്തമാക്കിയിരിക്കുന്നു. ഡാക്കറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് യോഫ് എന്നാണ് പേര്‍. സെനഗളിലെ രണ്ടു നാവിക സൈന്യത്താവളങ്ങളിലൊന്ന് ഡാക്കറില്‍ സ്ഥിതി ചെയ്യുന്നു. ജനു.-ല്‍ 22.2° സെ. ഉം. ജൂല.യില്‍ 27.8° സെപ്.-ഉം താപനില അനുഭവപ്പെടുന്ന ഈ പ്രദേശത്തെ വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ. ശ. 541 മി. മീ. ആണ്. ഭക്ഷ്യസംസ്കരണമാണ് മുഖ്യവ്യവസായം. കരകൗശല വ്യവസായത്തിനും പ്രധാന്യമുണ്ട്. കയറ്റുമതിയില്‍ മുന്‍തൂക്കം നിലക്കടലയ്ക്കാണ്. ഗം അറബിക്, ഫോസ്ഫേറ്റുകള്‍ തുടങ്ങിയവയും കയറ്റുമതി ചെയ്യുന്നുണ്ട്.
1857-ല്‍ ഫ്രഞ്ചുകാരാണ് ഡാക്കര്‍ നഗരം സ്ഥാപിച്ചത്. കച്ചവടക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി 1857-ല്‍ നിര്‍മിച്ച ഒരു ഫ്രഞ്ചു കോട്ടയെ കേന്ദ്രീകരിച്ചാണ് ഡാക്കര്‍ വികസിച്ചു തുടങ്ങിയത്. ഡാക്കറിനെ സെനഗള്‍ നദിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയുടെ നിര്‍മാണം 1885-ല്‍ പൂര്‍ത്തിയായതോടെ പട്ടണം ത്വരിതവികസനത്തിന്റെ പാതയിലായി. രണ്ടു വര്‍ഷത്തിനു ശേഷം ഡാക്കര്‍ ഒരു ഫ്രഞ്ചു പ്രവിശ്യയായി വികസിച്ചു. 1902-ല്‍ ഫ്രഞ്ച് പശ്ചിമ ആഫ്രിക്കയുടെ തലസ്ഥാനം സെന്റ് ലൂയിസില്‍ നിന്ന് ഡാക്കറിലേക്ക് മാറ്റി. രണ്ടാം ലോകയുദ്ധകാലത്ത് ഡാക്കര്‍ വിച്ചി ഭരണത്തിന്‍ കീഴിലായി. 1940-ല്‍ സ്വതന്ത്രഫ്രഞ്ച് സേന ഈ നഗരം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1958-ല്‍ സെനഗളിന്റെ തലസ്ഥാനമായി മാറിയ ഡാക്കര്‍ 1960-ല്‍ ഫെഡറേഷന്‍ ഒഫ് മാലിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഫ്രാന്‍സില്‍ നിന്നും സ്വതന്ത്ര്യം നേടിയ സെനഗളും ഫ്രഞ്ചു സുഡാനുമായിരുന്നു ഈ ഫെഡറേഷനിലെ അംഗങ്ങള്‍. ഫെഡറേഷന്റെ തകര്‍ച്ചയ്ക്ക് ശേഷം അതേവര്‍ഷം (1960) റിപ്പബ്ലിക് ഒഫ് സെനഗളിന്റെ തലസ്ഥാനമായി ഡാക്കര്‍ മാറി.