This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡല്‍ഹി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഡല്‍ഹി
Delhi
ഇന്ത്യയുടെ തലസ്ഥാനനഗരമായ ന്യൂഡല്‍ഹി ഉള്‍പ്പെടുന്ന കേന്ദ്രഭരണപ്രദേശം. 1956 ന. 1-ന് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്ക് 1992 ഫെ. 1-ന് ദേശീയ തലസ്ഥാന ഭരണപ്രദേശം (National Capital Territory) എന്ന പ്രത്യേക പദവി ലഭിച്ചു. വ. അക്ഷാം. 28° 30'-29° 0' -നും, കി. രേഖാ. 76° 45'-77° 30'-നും മധ്യേ വ്യാപിച്ചിരിക്കുന്ന ഡല്‍ഹിക്ക് 1483 ച. കി. മീ. വിസ്തൃതിയുണ്ട്. 1912-31 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനവും, സ്വാതന്ത്ര്യാനന്തരം ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനവുമായി മാറിയ പഴയ ഡല്‍ഹി (Old Delhi), 1931 മുതല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായ പുതിയ ഡല്‍ഹി (New Delhi) എന്നിവയ്ക്കു പുറമേ ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെയും പൊതുവേ ഡല്‍ഹി എന്ന് വിളിച്ചുവരുന്നു. ബി. സി. 1-ാം ശ. -ത്തില്‍ ഇവിടെ ഭരണം നടത്തിയിരുന്ന മൗര്യ രാജവംശത്തില്‍പ്പെട്ട ദിലു (ധിലു) എന്ന രാജാവിന്റെ പേരില്‍ നിന്നും രൂപംകൊ ദേഹലി, പിന്നീട് ദില്ലിയായും ആധുനികകാലത്ത് ഡല്‍ഹിയായും മാറി. ദില്ലിയുടെ ആംഗലരൂപമാണ് ഡല്‍ഹി. ജനസംഖ്യ: 1,37,82,976 [പു. 7570890, സ്ത്രീ-6212086 (2001)]; സ്ത്രീ-പു. അനുപാതം: 821 (2001), ജനസാന്ദ്രത: 9294/ച. കി. മീ.; ജനസംഖ്യാവര്‍ധന നിരക്ക്: 46.31 (1991-2001); സാക്ഷരതാ നിരക്ക്: 81.82 ശ. മാ. (പു-87.37 ശ. മാ., സ്ത്രീ - 75 ശ. മാ.) അതിരുകള്‍: കി. ഉത്തര്‍പ്രദേശ്, തെ. ഉം, വ. ഉം, പ. ഉം ഹരിയാണ.ഭരണസൗകര്യാര്‍ഥം ഡല്‍ഹി കേന്ദ്രഭരണപ്രദേശത്തെ 9 ജില്ലകളായി വിഭജിച്ചിരിക്കുന്നു. 1. നോര്‍ത്ത് വെസ്റ്റ് ധവിസ്തൃതി: 440 ച. കി. മീ., ജനസംഖ്യ: 2847395 (2001)പ, 2. നോര്‍ത്ത് ഈസ്റ്റ് (60 ച. കി. മീ., 1763712), 3. ഈസ്റ്റ് (64 ച. കി. മീ., 1448770), 4. നോര്‍ത്ത് (60 ച. കി. മീ. 779788), 5. ന്യൂ ഡല്‍ഹി (35 ച. കി. മീ., 171806), 6. സെന്‍ട്രല്‍ (25 ച. കി. മീ., 644005), 7. വെസ്റ്റ് (129 ച. കി. മീ., 2119641), 8. സൗത്ത് വെസ്റ്റ് (420 ച. കി. മീ., 1749492), 9. സൗത്ത് (250 ച. കി. മീ., 2258367).
ഡല്‍ഹിയുടെ വ. ഹരിയാണയിലെ സോനിപട്ട് ജില്ലയും കി. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ ജില്ലകളും, തെ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഫരീദാബാദ് ജില്ലകളും, പ. ഹരിയാണയിലെ ഗുര്‍ഗാവോന്‍, ഝാജര്‍ ജില്ലകളുമാണ് അതിരുകളായി വര്‍ത്തിക്കുന്നത്. ഇന്നത്തെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും പഴയ മഹാനഗരത്തിന്റേയും രാജധാനിയുടേയും അവശിഷ്ടങ്ങള്‍ കാണാവുന്നതാണ്.
ഡല്‍ഹി-കേന്ദ്രഭരണ പ്രദേശം
ഭൂപ്രകൃതിയും കാലാവസ്ഥയും
ഉത്തര-മധ്യ ഇന്ത്യയിലെ യമുനാ നദീതീരത്തിലാണ് ഡല്‍ഹി കേന്ദ്രഭരണപ്രദേശം വ്യാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് സു. 231-305 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഭൂപ്രദേശത്തെ ഭൂമിശാസ്ത്രപരമായി മൂന്നു വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്നു. 1. യമുനാനദിയുടെ ജലോഢ സമതലം, 2. മലനിരകള്‍, 3. സമതലപ്രദേശം. മണല്‍ തിട്ടകള്‍ നിറഞ്ഞ യമുനയുടെ ജലോഢ സമതലപ്രദേശം മിക്കപ്പോഴും വെള്ളപ്പൊക്കത്തിന് വിധേയമാകാറുണ്ട്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും കൃഷിക്കനുയോജ്യമല്ല. രാജസ്ഥാനിലെ ആരവല്ലി നിരകളുടെ തുടര്‍ച്ചയാണ് രണ്ടാമത്തെ മേഖലയായ മലനിരകള്‍. ഡല്‍ഹിയുടെ വ. പ., പ. ഭാഗങ്ങളെ വലയം ചെയ്ത് കാണപ്പെടുന്ന ഈ മലനിരകളുടെ നെറുകയില്‍ ഒന്നിലാണ് തുഗ്ളക്കാബാദ് കോട്ട സ്ഥിതിചെയ്യുന്നത്. ജലോഢ സമതലപ്രദേശവും മലനിരകളും ഒഴികെയുള്ള മേഖലയാണ് സമതല പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നത്. ഫലഭൂയിഷ്ഠമായ ഈ സമതലപ്രദേശത്തില്‍ കേന്ദ്രഭരണ പ്രദേശത്തിലെ രണ്ടു മഹാനഗരങ്ങളും നിരവധി ഗ്രാമങ്ങളും വ്യാപിച്ചിരിക്കുന്നു. ഡല്‍ഹിയുടെ ഭൂരിഭാഗത്തെയും ജലസിക്തമാക്കുന്നതില്‍ യമുനാനദി നിര്‍ണായക പങ്കുവഹിക്കുന്നു.
ഉപോഷ്ണ മേഖലാ-മണ്‍സൂണ്‍ കാലാവസ്ഥാ വിഭാഗത്തില്‍പ്പെടുന്ന ഭൂപ്രദേശമാണ് ഡല്‍ഹി. ചൂട് വളരെ കുറഞ്ഞ വര ശൈത്യവും, ചൂടും ഈര്‍പ്പവും നിറഞ്ഞ വസന്തവും, ചൂട് വളരെ കൂടിയ വേനലും ഡല്‍ഹിയുടെ കാലാവസ്ഥാസവിശേഷതകളാകുന്നു. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ സാമീപ്യവും, സമുദ്രത്തില്‍ നിന്നുള്ള സുദീര്‍ഘമായ അകലവും ഡല്‍ഹിയുടെ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഏ.-ജൂണ്‍ കാലയളവില്‍ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റുകള്‍ക്കും ധൂളിക്കാറ്റുകള്‍ക്കുമൊപ്പം അപൂര്‍വമായി മാത്രം ലഭിക്കുന്ന ചാറ്റല്‍മഴ കടുത്ത വേനലില്‍ ചെറിയ ആശ്വാസമേകുന്നു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ചിലപ്പോള്‍ 43-45° സെ. വരെ വര്‍ധിക്കാറുണ്ട്. ജൂല. -യില്‍ ആരംഭിക്കുന്ന മഴക്കാലം താപനിലയില്‍ ചെറിയ കുറവ് വരുത്തുമെങ്കിലും സെപ്. അവസാനം വരെ അത്യുഷ്ണം തുടരുകയാണ് പതിവ്. ഒ. മുതല്‍ മാ. വരെ പൊതുവേ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു. നവംബറോടെ ശൈത്യകാലം ആരംഭിക്കും. ജനു.-യാകുമ്പോള്‍ താപനില 7° സെ. വരെ താഴുക പതിവാണ്. ചിലപ്പോള്‍ ഇത് 0° സെ. വരെയും എത്താറുണ്ട്. ശൈത്യത്തില്‍ രാത്രിയിലും പുലര്‍ച്ചയിലും ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുക സാധാരണമാണ്. ശൈത്യത്തില്‍ നിന്ന് വസന്തത്തിലേക്കുള്ള കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാണ് സംഭവിക്കുന്നത്. ഫെ. മാസത്തില്‍ വസന്തഋതുവിന്റെ വര്‍ണശോഭ പരക്കെ ദൃശ്യമാകും. ജൂല.-സെപ്. കാലയളവിലാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് (80 ശ. മാ.) ശ.ശ. വാര്‍ഷിക വര്‍ഷപാതം: 660 മി.മീ.; ശ.ശ. താപനില: ജൂണ്‍. 20° സെ.; മേ. 33.9° സെ.; ജൂല. 30° സെ.
ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്ത് വിവിധ ഇനത്തില്‍പ്പെട്ട ആയിരത്തോളം പൂച്ചെടികള്‍ വളരുന്നു. മലനിരകളിലും നദീതീരത്തുമാണ് സസ്യപ്രകൃതിയില്‍ ഏറ്റവുമധികം വൈവിധ്യം പ്രതിഫലിക്കുന്നത്. മലനിരകളിലെ സസ്യസമ്പത്തില്‍ അക്കേഷ്യ, ഈന്തപ്പന, വിവിധയിനം പുല്‍ച്ചെടികള്‍ എന്നിവ ഉള്‍പ്പെടുന്നു. മഴക്കാലത്ത് മാത്രം വളര്‍ന്ന് പുഷ്പിക്കുന്ന വിവിധയിനം പുല്‍ച്ചെടികളേയും വള്ളിപ്പടര്‍പ്പുകളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും യമുനയുടെ തീരപ്രദേശങ്ങളില്‍ മണ്‍സൂണ്‍-ശൈത്യകാലങ്ങളില്‍ തികച്ചും വൈവിധ്യമാര്‍ന്ന സസ്യപ്രകൃതി ദൃശ്യമാണ്.
യമുനാനദീതീരത്തിന് അടുത്തുള്ള മലനിരകളില്‍ മുയല്‍, വിവിധയിനം എലികള്‍, അണ്ണാന്‍ തുടങ്ങി അനവധി മൃഗങ്ങളെ കാണാം. നഗരത്തിലെ ക്ഷേത്രപരിസരങ്ങളിലും ചരിത്രസ്മാരകങ്ങളിലും കുരങ്ങുകള്‍ സാധാരണ കാഴ്ചയാണ്. പ്രാവ്, തത്ത, കാക്ക, കുരുവി, തിത്തിരി, കാട തുടങ്ങിയവ ഇവിടത്തെ സാധാരണ പക്ഷികളാകുന്നു. ഡല്‍ഹിക്ക് സമീപമുള്ള തടാകങ്ങളില്‍ പലതും ശൈത്യകാലത്ത് ദേശാടനപ്പക്ഷികളുടെ സങ്കേതങ്ങളാകാറുണ്ട്. അറുപതില്‍പ്പരം മത്സ്യഇനങ്ങളെയും യമുനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ജനങ്ങള്‍
വിവിധ ജാതിയിലും മതത്തിലുംപെട്ടവര്‍ ഇടകലര്‍ന്ന് നിവസിക്കുന്ന പ്രദേശമാണ് ഡല്‍ഹി. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാകുന്നു. (7862164 (1991)), മുസ്ലീങ്ങള്‍ (889641), സിക്കുകാര്‍ (455657), ജൈനര്‍ (941672), ക്രിസ്ത്യാനികള്‍, (83152), ബൗദ്ധര്‍ (13906) തുടങ്ങിയവരാണ് ഇതര മതസ്ഥര്‍. രാഷ്ട്ര തലസ്ഥാനമായതിനാല്‍ ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം ഡല്‍ഹിയില്‍ ദര്‍ശിക്കാം. ജനങ്ങളുടെ മുഖ്യവ്യവഹാര ഭാഷ ഹിന്ദിയാണെങ്കിലും, ഇംഗ്ലീഷ്, പഞ്ചാബി, ഉറുദു, ബംഗാളി തുടങ്ങിയ ഭാഷകള്‍ ഇവിടെ വ്യാപകമായി പ്രചാരത്തിലുണ്ട്. ഒരു മഹാനഗരമായതിനാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഉത്സവങ്ങള്‍ ഡല്‍ഹിയില്‍ അരങ്ങേറുക പതിവാണ്. വിനോദസഞ്ചാര പ്രാധാന്യമുള്ള നിരവധി ആഘോഷങ്ങള്‍ക്കും ഡല്‍ഹി വേദിയാകാറുണ്ട്.
ഇന്ത്യയുടെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹി. ഭരണകൂടത്തിന്റെ പ്രോത്സാഹനവും സാംസ്കാരിക വൈവിധ്യവും ഡല്‍ഹിയുടെ സാംസ്കാരിക ജീവിതത്തെ അനുദിനം ശക്തിപ്പെടുത്തുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ-അന്തര്‍ദേശീയ സിനിമാവ്യവസായം, നാടകം, സംഗീതം തുടങ്ങിയ എല്ലാ കലാ-സാംസ്കാരിക മേഖലകളും ഏറെ സജീവമാണ്. കേന്ദ്രസംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ ആസ്ഥാനവും ഡല്‍ഹിയാണ്. സന്ദര്‍ശകരെ വളരെയധികം ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം ഡല്‍ഹിയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭോജനശാലകളുമാകുന്നു. ഇന്ത്യയുടെ ഏത് പ്രദേശത്തിലെയും ഭക്ഷണം ഡല്‍ഹിയില്‍ ലഭ്യമാണ്. നിരവധി മ്യൂസിയങ്ങളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസം
ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നിരവധി ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി സര്‍വകലാശാല, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ഐ. ഐ. റ്റി., ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ വിശ്വവിദ്യാലയ, ജാമിയ ഹംദര്‍ദ്, സ്കൂള്‍ ഒഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ശ്രീ ലാല്‍ബഹാദൂര്‍ ശാസ്ത്രി വിദ്യാപീഠം, ടി. ഇ. ആര്‍. ഐ. സ്കൂള്‍ ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ ഡല്‍ഹിയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. കൂടാതെ, 9 എഞ്ചിനീയറിങ്-സാങ്കേതിക കോളജുകള്‍, 9 മെഡിക്കല്‍ കോളജുകള്‍, 25 പോളിടെക്നിക്കുകള്‍ എന്നിവയും, നിരവധി സ്കൂളുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥിതിചെയ്യുന്നതും ഡല്‍ഹിയില്‍ തന്നെ. രാജ്യത്തെ പ്രധാന ഗവേഷണസ്ഥാപനങ്ങളായ
ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രം, ദേശീയ ഫിസിക്കല്‍ ലാബോറട്ടറി, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി, ദ് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ദ് സെന്‍ട്രല്‍ ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിങ് ഓര്‍ഗനൈസേഷന്‍, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഡസ് റിസര്‍ച്ച്, ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്ക ബിള്‍ ഡിസീസെസ്, സെന്‍ട്രല്‍ ഫാമിലി പ്ലാനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ എന്നിവയും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.സമ്പദ്ഘടന
ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹി രാജ്യത്തെ ഒരു പ്രധാന വ്യാവസായിക-വ്യാപാര കേന്ദ്രം കൂടിയാണ്. കേന്ദ്രഗവണ്‍മെന്റിന്റേയും ഡല്‍ഹി പ്രാദേശിക ഭരണകൂടത്തിന്റേയും കെട്ടിടസമുച്ചയങ്ങളാല്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ ഭരണനിര്‍വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ജനങ്ങളുടെ മുഖ്യതൊഴില്‍ മേഖല. ജനസംഖ്യയുടെ നല്ലൊരു ശ. മാ. സേവനമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡല്‍ഹി പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയാണ് സേവനമേഖലയെ മുഖ്യമായും പ്രതിനിധീകരിക്കുന്നത്. വ്യവസായത്തിനും വാണിജ്യത്തിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണുള്ളത്. രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകളില്‍ ഒന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റേസര്‍ ബ്ലേഡുകള്‍, കായികോപകരണങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, സൈക്കിള്‍, പ്ലാസ്റ്റിക്-പി. വി. സി. ഉത്പന്നങ്ങള്‍, ഔഷധങ്ങള്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ഡല്‍ഹിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്തുവരുന്നു. പഴയ നഗരത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്ന ഉത്പാദനമേഖലയില്‍ ലഘുവ്യവസായങ്ങള്‍ക്കാണ് പ്രാമുഖ്യം. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വസ്ത്രം, ആഹാര പദാര്‍ഥങ്ങള്‍ എന്നിവയ്ക്കു പുറമേ ആഭരണം, ദന്തശില്പം, പാദരക്ഷ, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഇവിടെ കുടില്‍ വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വളം എന്നിവയുടെ വ്യവസായവും ഡല്‍ഹിയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ന്യൂഡല്‍ഹിയിലെ കേന്ദ്ര കുടില്‍ വ്യവസായ എംപോറിയത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്.
തികച്ചും അപ്രധാനമാണ് ഡല്‍ഹിയുടെ കാര്‍ഷികമേഖല. ദ്രുതഗതിയിലുള്ള നഗരവത്ക്കരണം കൃഷിഭൂമിയുടെ ലഭ്യതയെ പരിമിതപ്പെടുത്തിയിരിക്കുന്നു. 1991-ലെ കണക്കനുസരിച്ച് 76,230 ഹെ. പ്രദേശത്ത് മാത്രമേ കൃഷി ചെയ്തിരുന്നുള്ളൂ. ഭക്ഷ്യവിളകളെക്കാള്‍ പച്ചക്കറികള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. കാര്‍ഷികോത്പ്പന്നങ്ങളില്‍ ഗോതമ്പ്, ബജ്റ, നെല്ല്, കരിമ്പ് എന്നിവയ്ക്ക് നിര്‍ണായക സ്ഥാനമുണ്ട്. കന്നുകാലി വളര്‍ത്തലിനും മിശ്ര വിളക്കൃഷിക്കും സമീപകാലത്ത് കൂടുതല്‍ പ്രചാരം ലഭിച്ചുവരുന്നു.
ഗതാഗതവും വാര്‍ത്താവിനിമയവും
വിപുലവും വികസിതവുമായ ഗതാഗതശൃംഖല ഡല്‍ഹിയുടെ സവിശേഷതയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള റോഡ്, റെയില്‍, വ്യോമ ഗതാഗതപാതകള്‍ ഡല്‍ഹിയില്‍ സന്ധിക്കുന്നു. അഞ്ച് ദേശീയ പാതകള്‍ ഡല്‍ഹി നഗരത്തെ മുറിച്ചു കടക്കുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം (റോഡ്), നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഡല്‍ഹിയിലുണ്ട്. നഗരവാസികളുടെ യാത്രാസൗകര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് റിങ് റെയില്‍വേ തികച്ചും ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധി, പാലം അന്തര്‍ദേശീയ ദേശീയ വിമാനത്താവളങ്ങള്‍ക്ക് പുറമേ വ്യോമ പരിശീലനത്തിനുപയോഗിക്കുന്ന സഫ്ദര്‍ജങ് വിമാനത്താവളവും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ നിരവധി വ്യോമഗതാഗത ഏജന്‍സികളുടെ ആസ്ഥാനങ്ങള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ എന്നിവ സ്ഥിതി ചെയ്യുന്നതും ഡല്‍ഹിയിലാണ്.
ടൈംസ് ഒഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ് ഹിന്ദു, ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, നാഷണല്‍ ഹെറാള്‍ഡ്, ഇക്കണോമിക് ടൈംസ് തുടങ്ങിയ നിരവധി പത്രങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവയില്‍ മിക്കവയുടേയും ആസ്ഥാനവും ഡല്‍ഹി തന്നെ. രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സികളായ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ, പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ, രജിസ്റ്റ്രാര്‍ ഒഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ, ആള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫെറന്‍സ് എന്നിവയ്ക്കു പുറമേ നിരവധി അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികളും മാധ്യമ ബ്യൂറോകളും ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്, മഹാനഗര്‍ ടെലിഫോണ്‍ നിഗമ്, പ്രസാര്‍ഭാരതി, ആള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നീ വാര്‍ത്താവിനിമയ ഏജന്‍സികളുടെ ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നതും ഡല്‍ഹിയിലാണ്.
ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡല്‍ഹി. ഡല്‍ഹിയിലെ ചുവപ്പുകോട്ട, ജുമാ മസ്ജിദ്, കുത്തബ് മീനാര്‍, ഹുമയൂണ്‍ ശവകുടീരം, ലോധി ശവകുടീരം, തുഗ്ളക്കാബാദ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, രാഷ്ട്രപതിഭവന്‍, ജന്തര്‍മന്തര്‍, ഇന്ത്യാഗേറ്റ്, ബിര്‍ളാ മന്ദിരം, ബഹായി ആരാധനാലയം, രാജ്ഘട്ട്, ചാന്ദിനിചൌക്ക് എന്നിവ സന്ദര്‍ശിക്കാന്‍ പ്രതിദിനം രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നു. ഒ.-മാ. കാലയളവിലാണ് ഡല്‍ഹിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വളരെ കൂടുതല്‍ അനുഭവപ്പെടുന്നത്.
പഴയനഗരമെന്നും പുതിയ നഗരമെന്നും വേര്‍തിരിക്കാവുന്ന രണ്ടു വ്യത്യസ്ത ഭാഗങ്ങള്‍ ഡല്‍ഹിക്കുണ്ട്. അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച പുതിയ നഗരത്തിന് 17-ാം ശ. -ത്തില്‍ നിര്‍മിച്ച പഴയ നഗരത്തെക്കാള്‍ നിരവധി പ്രത്യേകതകള്‍ ദര്‍ശിക്കാം. മുമ്പ് രണ്ട് നഗരങ്ങളെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന ഒരു തുറസ്സായ പ്രദേശം സ്വാതന്ത്ര്യാനന്തരം ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു വഴിമാറിയതോടെ നഗരങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ അപ്രത്യക്ഷമായെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയും. പഴയ നഗരത്തിലെ തെരുവുകള്‍ അധികവും ഇടുങ്ങിയതും വളഞ്ഞു തിരിഞ്ഞതുമാകുമ്പോള്‍, വിശാലവും തണല്‍മരങ്ങള്‍ നിഴല്‍ വിരിക്കുന്നതുമാണ് പുതിയ നഗരത്തിലെ തെരുവുകള്‍. പുതിയ നഗരത്തില്‍ എവിടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും, വ്യാപാരകേന്ദ്രങ്ങളും കാണാം. എന്നാല്‍, തിരക്കേറിയ ബസാറുകള്‍, ആരാധനാലയങ്ങള്‍, ചേരികള്‍ എന്നിവ പഴയ നഗരത്തിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു.
പഴയ ഡല്‍ഹി നഗരം
യമുനാനദീതീരത്തായി വ്യാപിച്ചിരിക്കുന്ന പഴയ നഗരത്തിന് സു. 932 ച. കി. മീ. വിസ്തൃതിയുണ്ട്. 1638-ല്‍ മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍നിര്‍മിച്ച ഷാജഹാനാബാദ് നഗരമാണ് പില്ക്കാലത്ത് പഴയ ഡല്‍ഹി എന്ന പേരില്‍ അറിയപ്പെട്ടത്. പഴയ നഗരത്തിന് തെക്കാണ് തലസ്ഥാന നഗരമായ ന്യൂ ഡല്‍ഹി അഥവാ പുതിയ ഡല്‍ഹി നഗരം സ്ഥിതി ചെയ്യുന്നത്. 1638-ല്‍ നിര്‍മിച്ചതും, സു. 9 മീ. ഉയരമുള്ളതുമായ ഒരു മതിലാണ് നഗരാതിര്‍ത്തി നിര്‍ണയിക്കുന്നത്. തെ. ഡല്‍ഹി ഗേറ്റ്, കി. അജ്മീരീ ഗേറ്റ്, വ. കാശ്മീര്‍ ഗേറ്റ് എന്നിവ ഉള്‍പ്പെടെ ഏഴ് പ്രവേശനകവാടങ്ങള്‍ ഈ നഗരത്തിനുണ്ട്. ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ തെരുവുകളാണ് നഗരത്തിന്റെ മറ്റൊരു പ്രത്യേകത. ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ പ്രദേശത്ത് നിരവധി വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
മുഗള്‍ രാജകുമാരിയായ ജഹാനാരയുടെ നിര്‍ദേശപ്രകാരം 1650-ല്‍ നിര്‍മിച്ച ചാന്ദ്നിചൗക് (ചന്ദ്രികാവീഥി) ആണ് ഈ നഗരത്തിലെ ഏറ്റവും മനോഹരമായ തെരുവ്. സു. 21 മീ. വീതിയുള്ള പ്രസ്തുത തെരുവിന്റെ ഇരുവശങ്ങളിലും നിരവധി വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും കാണാം. ഡല്‍ഹിയിലെ പ്രസിദ്ധമായ കെട്ടിടനിര്‍മാണസാമഗ്രികളുടെ വിപണനകേന്ദ്രമായ ലാല്‍ കൂവന്‍ (Lal Kuan), പിച്ചളപാത്രവ്യാപാരശാലയായ ചൗരി ബസാര്‍, ഡല്‍ഹിയുടെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന ഖാരി ബാവ്ലി (Khari Bawli) എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ ജുമാ മസ്ജിദ്, ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനു ചുറ്റുമുള്ള ചുവപ്പുകോട്ട എന്നിവ നഗരത്തിലെ രണ്ട് പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാകുന്നു. ഷാജഹാന്‍ തന്നെയാണ് ഇവ രണ്ടും നിര്‍മിച്ചത്. പുരാനാകിലാ അഥവാ പഴയകോട്ട, ഹുമായൂണിന്റെ ശവകുടീരം, സു. 72 മീ. ഉയരമുള്ള കുത്തബ് മിനാര്‍, 7 മീ.ലധികം ഉയരമുള്ള ഇരുമ്പ് സ്തംഭം, രാജ്ഘട്ട് എന്നിവയും പഴയ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങള്‍ തന്നെ. പഴയ നഗരത്തിന് വ. ഭാഗത്തെ പ്രാന്തപ്രദേശം സിവില്‍ ലൈന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു.
ന്യൂഡല്‍ഹി
പഴയ നഗരത്തിന് തെ. പ. ഉള്ള വിശാലമായ പ്രദേശത്താണ് ആധുനിക മാതൃകയില്‍ ന്യൂഡല്‍ഹി സ്ഥാപിച്ചിരിക്കുന്നത്. സു. 439 ച. കി. മീ. ആണ് ഇതിന്റെ വിസ്തൃതി. ബ്രിട്ടിഷ് വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ലട്ട്യെന്‍സ് (Edwin Lutyens), സര്‍ ഹെര്‍ബെര്‍ട്ട് ബേക്കര്‍ എന്നിവരായിരുന്നു നഗരനിര്‍മാണത്തിന്റെ മുഖ്യശില്പികള്‍. പഴയനഗരത്തില്‍ നിന്ന് സു. 5 കി. മീ. അകലെയാണ് ന്യൂഡല്‍ഹി നഗരം വ്യാപിച്ചിരിക്കുന്നത്. 1920-നും 30-നും മധ്യേ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ നഗരം ശ്രദ്ധാപൂര്‍വമുള്ള നഗരാസൂത്രണത്തിന് ഉത്തമ മാതൃകയാണ്. വീതിയേറിയ നിരത്തുകള്‍, തുറസ്സായ പ്രദേശങ്ങള്‍, ഉദ്യാനങ്ങള്‍, സര്‍ക്കാര്‍ വക കെട്ടിടസമുച്ചയങ്ങള്‍, വസതികള്‍, ഹോട്ടലുകള്‍ തുടങ്ങിയവ നഗരത്തിന്റെ മുഖമുദ്രകളാകുന്നു. ഇന്ത്യയുടെ ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂഡല്‍ഹിയിലാണ്. ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച് രാഷ്ട്രപതി ഭവനില്‍ അവസാനിക്കുന്ന രാജ്പഥ് (2.4 കി. മീ.) ആണ് ന്യൂഡല്‍ഹിയുടെ മുഖ്യാകര്‍ഷണം. രാജ്പഥിന്റെ ഇരുവശങ്ങളിലുമായി സര്‍ക്കാര്‍ മന്ദിരങ്ങളും പാര്‍ലമെന്റും സ്ഥിതിചെയ്യുന്നു. രാജ്പഥിന് 2.4 കി. മീ. വ. മാറി ന്യൂഡല്‍ഹിയിലെ പ്രധാന വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ് (Connaught Place) സ്ഥിതിചെയ്യുന്നു. നഗരത്തിന് മധ്യേ കി. പ. ദിശയില്‍ കടന്നുപോകുന്ന പാതയിലാണ് ഇവിടത്തെ മിക്ക പ്രധാന സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഈ പാത ചില്‍ഡ്രന്‍സ് പാര്‍ക്, രാജ്പഥിലെ യുദ്ധസ്മാരക കവാടം, സെന്‍ട്രല്‍ വിസ്റ്റാപാര്‍ക്ക് എന്നിവ കടന്ന് രാഷ്ട്രപതിഭവന്‍ വരെ എത്തുന്നു. കൊണാട്ട് പ്ലേസ് മുതല്‍ നഗരത്തിലെ പ്രധാന അധിവാസിത പ്രദേശം വരെ തെ. വ. ദിശയില്‍ കടന്നുപോകുന്ന മറ്റൊരു പ്രധാനപാതയാണ് ജന്‍പഥ്. ബ്രിട്ടിഷ് ഭരണകാലത്തു നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഇവിടെ കാണാം. നഗരത്തിന്റെ തെ. ഭാഗത്ത് കൂടി കടന്നുപോകുന്ന മഥുര മാര്‍ഗിലെ വിശാലമായൊരു വ്യാവസായികകേന്ദ്രമാണ് ഓഖ്ല (Okhla). വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന ചാണക്യപുരി, 1982-ലെ ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് നിര്‍മിച്ച സ്പോര്‍ട്സ് കോംപ്ളക്സ്, കാഴ്ചബംഗ്ളാവ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. കൊണാട്ട് പ്ലേസിനുസമീപം വ. മാറിയാണ് പഴയഡല്‍ഹി നഗരത്തിലെ പ്രധാന കവാടമായ ഡല്‍ഹിഗേറ്റ് സ്ഥിതിചെയ്യുന്നത്.
ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയം വളരെ പ്രസിദ്ധമാണ്. ഇന്ത്യാഗേറ്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് മന്ദിരം എന്നിവ ന്യൂഡല്‍ഹിയിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാകുന്നു. സുപ്രീം കോടതി, ഉത്തര റെയില്‍വേയുടെ ആസ്ഥാനം, ടൂറിസം മന്ത്രാലയം, ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയും ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
ഇന്ത്യയുടെ ഈ തലസ്ഥാന നഗരം പല സാമ്രാജ്യങ്ങളുടേയും അതിപ്രാചീനമായ തലസ്ഥാന നഗരം എന്ന നിലയിലും പ്രസിദ്ധമാണ്. എ.ഡി. 1-ാം ശ.-ത്തില്‍ ടോളമി എന്ന ഭൂമിശാസ്ത്രജ്ഞന്‍ സ്വയം രൂപകല്പന ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ഇന്ദ്രപ്രസ്ഥത്തിനു വളരെ അടുത്തും, മഥുരയ്ക്കും ഥാനേശ്വരത്തിനും ഏതാണ്ടു മധ്യത്തിലുമായി 'ദൈദാല' എന്നൊരു നഗരം അടയാളപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷത്തിനു മുമ്പ് 1-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന മൗര്യവംശജനായ ധിലു (അഥവാ ദിലു) എന്ന രാജാവില്‍ നിന്നാണ് പില്ക്കാലത്ത് ഡല്‍ഹി എന്ന പേര് നിഷ്പ്പന്നമായതെന്നു ഫെരിസ്താ എന്ന ചരിത്രകാരനും കണ്ണിങ്ഹാം എന്ന പുരാവസ്തു ശാസ്ത്രജ്ഞനും കരുതുന്നു. തോമരന്മാര്‍ എന്ന രജപുത്ര ഗോത്രക്കാര്‍ എ. ഡി. 736-ല്‍ ഹരിയാന പ്രദേശത്ത് 'ധില്ലിക' കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. 'ദൈദാല' 'ധില്ലിക'യും പിന്നീട് 'ദില്ലി' (ഡല്‍ഹി)യുമായതാകാം എന്നു ചില ചരിത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു.
വളരെ പ്രാചീനമായ ചരിത്രമാണ് ഡല്‍ഹിക്കുള്ളത്. ആരംഭത്തില്‍ ഇത് ഏഴ് ഗ്രാമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് രൂപീകരിച്ച ഒരു ചെറുസംസ്ഥാനമായിരുന്നു. ക്രമേണ സമീപപ്രദേശങ്ങളില്‍നിന്ന് പുതിയ ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇതിന്റെ വിസ്തൃതി വിപുലീകരിച്ചു. പല ഘട്ടങ്ങളിലും മാറി മാറി അധികാരത്തിലെത്തിയ പ്രഭുക്കന്മാരോ രാജാക്കന്മാരോ ആണ് ഇത്തരം വികസനപ്രവര്‍ത്തനം നടത്തിയത്. മഹാഭാരതകാലം മുതല്‍ ദില്ലിയുടെ ഒരു ഭാഗം നഗരമായിരുന്നുവെന്നും മഹാഭാരതകാലത്ത് ഖാണ്ഡവവനം അഗ്നിക്കിരയാക്കി, വലിയൊരു ഭൂപ്രദേശമാക്കി നിര്‍മിച്ച ഇന്ദ്രപ്രസ്ഥം എന്ന അതിമനോഹരമായ നഗരം ഇന്നത്തെ ഡല്‍ഹിയുടെ സ്ഥാനത്തായിരുന്നു എന്നുമാണ് ചരിത്രകാരന്മാര്‍ ദീര്‍ഘകാലത്തെ ഗവേഷണഫലമായി തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ദ്രപ്രസ്ഥം എന്ന പേരില്‍ ഇന്നത്തെ ന്യൂഡല്‍ഹിയുടെ കിഴക്കുഭാഗത്ത് വളരെ വികാസം പ്രാപിച്ച ഒരു പ്രദേശം നിലവിലുണ്ട്. പാണ്ഡവന്മാരുടെ കാലത്ത് നിര്‍മിച്ചതെന്നു കരുതുന്ന വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഡല്‍ഹിയില്‍ കാണുന്നു. പുരാനാകില (പഴയ കോട്ട) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയാണോ ഇതെന്നു വ്യക്തമല്ല. ക്രി. മു. 1-ാം ശ. മുതല്‍ മൗര്യവംശത്തില്‍പ്പെട്ട രാജാക്കന്മാരും മഥുരയിലെ രാജാക്കന്മാരും യൗധേയന്മാരും കുശാന വംശജരും മാറിമാറി ഭരണം നടത്തിയിരുന്നതായി തെളിയിക്കുന്ന പല വിശിഷ്ട ചരിത്രരേഖകളും ലഭ്യമായിട്ടുണ്ട്. ബലുവ എന്ന സ്ഥലത്തു നിന്ന് ലഭിച്ചിട്ടുള്ള രണ്ട് ശിലാസ്തംഭങ്ങളില്‍ മൗര്യവംശ ചക്രവര്‍ത്തിയായ അശോകന്റെ ചില ഭരണകല്പനകളെപ്പറ്റി പ്രതിപാദിച്ചു കാണുന്നു. 1351 മുതല്‍ 88 വരെ ഡല്‍ഹി ഭരിച്ച ഫിറോസ് ഷാ തുഗ്ലക് ഈ ശിലാസ്തംഭങ്ങള്‍ ബലുവയില്‍നിന്ന് ഡല്‍ഹിയില്‍ കൊണ്ടുവരുകയും ഒന്ന് കോട്ല ഫിറോസ് ഷാഹിലും മറ്റൊന്ന് ഡല്‍ഹിയുടെ പര്‍വത പ്രദേശാതിര്‍ത്തിയിലും സ്ഥാപിക്കുകയും ചെയ്തു. ഡല്‍ഹിയുടെ തെക്കുഭാഗത്ത് ഖുവ്വത്തുല്‍ ഇസ്ലാം പള്ളിയുടെ അങ്കണത്തില്‍ കാണപ്പെടുന്ന അയഃസ്തംഭം ചന്ദ്രവംശത്തില്‍പ്പെട്ട ഏതോ ഒരു രാജാവ് വിഷ്ണുക്ഷേത്രത്തിനുമുമ്പില്‍ സ്ഥാപിച്ചതാകാനാണ് സാധ്യതയെന്ന് ആധുനിക ചരിത്രകാരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അയഃസ്തംഭം പില്ക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനാണ് സ്ഥാപിച്ചതെന്നും കരുതപ്പെടുന്നു. പല രാജവംശങ്ങള്‍ മാറിമാറി ഡല്‍ഹിയുടെ ആധിപത്യം നിര്‍വഹിച്ചിരുന്ന കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മൗര്യരാജാക്കന്മാരാണ്. സഹസ്രാബ്ദങ്ങളായി രാജധാനി പദവികൊണ്ട് അലങ്കൃതമായിത്തീരുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു മഹാനഗരമാണ് ഡല്‍ഹി. 320-ലധികം വര്‍ഷം നീണ്ടുനിന്ന സുല്‍ത്താന്‍ ഭരണകാലത്തും അതിനുമുമ്പ് 1000-ത്തോളം വര്‍ഷക്കാലം നീണ്ടുനിന്ന വിവിധ രാജവംശങ്ങളില്‍പ്പെട്ട രാജാക്കന്മാരുടെ ഭരണകാലത്തും ഡല്‍ഹിയെത്തന്നെ രാജധാനിയായി നിലനിര്‍ത്തുവാന്‍ അക്കാലത്തെ ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായിട്ടാണ് ഭാരതചരിത്രം വ്യക്തമാക്കുന്നത്.
ഡല്‍ഹിയുടെ പ്രാചീന നാമം ഇന്ദ്രപ്രസ്ഥമെന്നായിരുന്നു. പ്രാരംഭത്തില്‍ ഇതൊരു ഗ്രാമമായിരുന്നു. ശക്രപ്രസ്ഥം, ശക്രപുരി, ശക്രത്തുപ്രസ്ഥം, ഖാണ്ഡവപ്രസ്ഥം, യോഗ്നിപുര എന്നിങ്ങനെ പല പേരുകളില്‍ ഇന്ദ്രപ്രസ്ഥം അറിയപ്പെട്ടിരുന്നു. ഈ നഗരത്തിന്റെ ഉദ്ഭവത്തേയും വളര്‍ച്ചയേയും പറ്റിയുള്ള കഥ മഹാഭാരതത്തിലെ ഒന്നാമധ്യായത്തില്‍ വിവരിക്കുന്നുണ്ട്. സ്വയംവരത്തിലൂടെ ദ്രൗപദിയെ വരിച്ചശേഷം പാണ്ഡവര്‍ മടങ്ങിയെത്തിയപ്പോള്‍ യുധിഷ്ഠിരനോട് ഇന്ദ്രവനത്തില്‍ (ഖാണ്ഡവവനത്തില്‍) ഒരു തലസ്ഥാനം നിര്‍മിക്കുവാന്‍ ധൃതരാഷ്ട്രര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ കാടുവെട്ടിത്തെളിച്ച് (ഈ കാട് ഖാണ്ഡവവനമായിരുന്നു എന്ന് മഹാഭാരത പരാമര്‍ശം കാണുന്നു) ഇവിടെ കൊട്ടാരവും തലസ്ഥാനവും നിര്‍മിച്ചു. കൊട്ടാരത്തിന്റെ വിസ്മയാവഹമായ ഹാളിന്റെ നിര്‍മാണം നിര്‍വഹിച്ചത് അസുരശില്പിയായ മയനായിരുന്നുവത്രേ. ഇതിന്റെ പൂര്‍ത്തിക്ക് നിരവധി മാസങ്ങള്‍ തന്നെ വേണ്ടിവന്നു. ഈ ഹാളില്‍ വച്ചാണ് സ്ഥലജലഭ്രമമുണ്ടായി ദുര്യോധനന്‍ സ്വയം വിഡ്ഢിയായത്. ആയിരം ഭടന്മാര്‍ ചേര്‍ന്ന്, തലയില്‍ ചുമന്നുനില്‍ക്കുന്ന രൂപത്തിലാണ് ഹാള്‍ നിര്‍മിച്ചിരുന്നത്. ഇവിടെ വച്ച് യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്തുകയുണ്ടായി. ഡല്‍ഹിക്കു 3 കി. മീ. തെക്കുമാറി, ഹുമയൂണ്‍ നിര്‍മിച്ച 'പുരാനാകില' എന്ന കോട്ട സ്ഥിതിചെയ്യുന്ന സ്ഥലമായിരിക്കണം പഴയ ഇന്ദ്രപ്രസ്ഥം എന്നു വിശ്വസിക്കപ്പെടുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, വ. മീററ്റിനും തെ. ഗദവര്‍ത്തയ്ക്കും കി. മഥുരയ്ക്കും പടി. ദ്വാരകയ്ക്കും ഇടയിലുള്ള പ്രദേശമായിരുന്നു ഡല്‍ഹി. ഇന്ദ്രപ്രസ്ഥനഗരരൂപീകരണത്തോടു കൂടി പാണ്ഡവന്മാര്‍ രാജ്യം ഭരിക്കുകയും അവര്‍ക്കുശേഷം ആ വംശത്തില്‍പ്പെട്ട മുപ്പത് രാജാക്കന്മാര്‍ തുടര്‍ച്ചയായി മാറിമാറി ഇന്ദ്രപ്രസ്ഥത്തെത്തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ഭരണം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
പാടലീപുത്രം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന മൗര്യചക്രവര്‍ത്തിമാരുടെ കാലത്ത് ഡല്‍ഹിക്കു കാര്യമായ പ്രാമുഖ്യം ലഭിച്ചിരുന്നില്ല. മഥുരയും ഥാനേശ്വരവും തങ്ങളുടെ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്ന ചൈനീസ് സഞ്ചാരികളായ ഹൂയന്‍സാങും ഫാഹിയാനും ഡല്‍ഹിയെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.
പ്രതിഹാര രാജാവായിരുന്ന മഹേന്ദ്രപാലന്‍ ഒന്നാമന്‍ തന്റെ പിഹോവ ശാസനത്തില്‍ ധില്ലിക കേന്ദ്രമാക്കി തോമരന്മാര്‍ ഭരണം നടത്തിയിരുന്നതായി പറയുന്നു. ആധുനിക ഡല്‍ഹിക്കു 8 കി. മീ. തെക്കുമാറിയുള്ള സര്‍ബാന്‍ ഗ്രാമത്തില്‍ നിന്നു കണ്ടെടുത്ത എ. ഡി. 1328-ലെ ഒരു ശാസനത്തില്‍ ഡല്‍ഹിയുടെ പ്രാചീനകാലം മുതല്‍, ശാസനകാലം വരെയുള്ള ചരിത്രം ഹ്രസ്വമായി പ്രതിപാദിച്ചിരിക്കുന്നു. ഈ ശാസനം അനുസരിച്ച് ഡല്‍ഹി തോമരന്മാരുടെ സൃഷ്ടിയാണ്.
എ. ഡി. 10-ഉം 11-ഉം ശ.-ങ്ങളില്‍ തോമരന്മാര്‍ ശാകംഭരിയിലെ ചൗഹാന്മാരുമായി യുദ്ധത്തിലായിരുന്നു. തുടര്‍ന്ന് മുസ്ലീങ്ങളുടെ ആക്രമണത്തേയും നേരിടേണ്ടിവന്നു. ഈ ആക്രമണങ്ങളെ ചെറുക്കാനാകാം 11-ാം ശ.-ത്തില്‍ ഡല്‍ഹി വാണിരുന്ന തോമര്‍ രാജാവായ അനംഗപാല്‍ ലാല്‍ക്കോട്ട് ദുര്‍ഗം പണിയിച്ചത്. ചൗഹാന്‍വംശ രാജാവായിരുന്ന വിഗ്രഹരാജ IV വിശാലദേവന്‍ 12-ാം ശ.-ത്തില്‍ തോമരന്മാരെ തോല്‍പിച്ച് ചൗഹാന്‍ ഭരണത്തിനു തുടക്കമിട്ടു.
ചൗഹാന്മാരുടെ സാമ്രാജ്യം ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലുള്ള ശിവാലിക്കുന്നുകള്‍ വരെ വ്യാപിച്ചിരുന്നു. ഈ രാജവംശത്തിലെ ഏറ്റവും പ്രബലന്‍, വിഗ്രഹരാജന്റെ അനന്തിരവനായ പൃഥ്വിരാജ് III ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മുസ്ലീം ആക്രമണം ചെറുക്കാനായി ലാല്‍ക്കോട്ടിന് ഒരു പുറമതില്‍ കൂടികെട്ടി ദുര്‍ഗത്തെ കൂടുതല്‍ ശക്തമാക്കി. മുഹമ്മദ് ഗോറിയുടെ പ്രഥമ ആക്രമണത്തെ പൃഥ്വിരാജ് പിന്തിരിപ്പിച്ചെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവു നടത്തിയ മുഹമ്മദ് പൃഥ്വിരാജിനെ കന്യാകുബ്ജരാജാവായ ജയചന്ദ്രന്റെ സഹായത്തോടുകൂടി തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഡല്‍ഹി, കുത്ബുദീന്റെ കീഴിലായി. ഡല്‍ഹിയിലെ അവസാനത്തെ ഹിന്ദുരാജാവായിരുന്നു പൃഥ്വിരാജ് ചൗഹാന്‍.
ഡല്‍ഹിയുടെ തന്ത്രപ്രധാനമായ നില ആദ്യമായി മനസ്സിലാക്കിയത് മുസ്ലീം ഭരണാധികാരികളായിരുന്നു. ക്രമേണ ഡല്‍ഹിയുടെ പ്രാധാന്യം അനുക്രമമായി വര്‍ധിക്കാന്‍ തുടങ്ങി. അടിമവംശത്തിന്റെ സ്ഥാപകനായ കുത്ബുദീന്‍, ഖുവ്വത്തുല്‍-ഇസ്ലാം എന്ന പള്ളി ഡല്‍ഹിയില്‍ നിര്‍മിച്ചു. പ്രസിദ്ധമായ കുത്തബ് മീനാറിന്റെ പണിയും തുടങ്ങിവച്ചത് ഇദ്ദേഹമായിരുന്നു.
കുത്ബുദീനുശേഷം അദ്ദേഹത്തിന്റെ ജാമാതാവായ ഇല്‍ത്തുത്മിഷ് (ഇല്‍ത്തമിഷ്) ഭരണഭാരമേറ്റു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ പുത്രി സുല്‍ത്താന റസിയ സിംഹാസനസ്ഥയായി. ഡല്‍ഹിയില്‍ അധികാരത്തിലേറിയ ഒരേയൊരു മുസ്ലീം ഭരണാധിപയായിരുന്നു റസിയ. പിന്നീട് ബാല്‍ബന്‍ അധികാരമേറ്റു. 1920-ല്‍ അവസാനത്തെ രാജാവായിരുന്ന ഷംസുദ്ദീനെ ജലാലുദ്ദീന്‍ അധികാരഭ്രഷ്ടനാക്കി.
തുടര്‍ന്ന് ഡല്‍ഹിയില്‍ ഖില്‍ജി വംശത്തിന്റെ ഭരണമായിരുന്നു. ഈ വംശത്തിലെ ഏറ്റവും പ്രഗല്ഭന്‍ അലാവുദീനായിരുന്നു. ഡല്‍ഹി സുല്‍ത്താനത്ത് അതിന്റെ പാരമ്യതയിലെത്തിയത് ഇക്കാലത്താണ്. ഡല്‍ഹിയുടെ ചരിത്രത്തില്‍ ഇതൊരു പുതുയുഗം കുറിച്ചു. ഭരണരംഗത്തു നടപ്പാക്കിയ ചില പരിഷ്കാരങ്ങള്‍ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധേയനാക്കുന്നു. അത്യാവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുവാന്‍ അലാവുദീന്‍ സ്വീകരിച്ച നടപടികള്‍ ഡല്‍ഹിയില്‍ നല്ല ഫലമുണ്ടാക്കി. ഡല്‍ഹി ഇക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ നഗരമായി മാറി.
ഖില്‍ജികള്‍ക്കുശേഷം തുഗ്ലക്ക് വംശം ഡല്‍ഹി ആസ്ഥാനമായി ഭരണം തുടങ്ങി. ഈ വംശത്തിലെ ഏറ്റവും ശ്രദ്ധേയനായ മുഹമ്മദ് ബിന്‍ തുഗ്ലക്ക് (ഭ. കാ. എ. ഡി. 1325-51) തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദൗലത്താബാദിലേക്കു (ഡല്‍ഹിക്കു തെക്കുള്ള ദേവഗിരി) മാറ്റി. എന്നാല്‍ ഇത് ജനങ്ങള്‍ക്കുണ്ടാക്കിയ കൊടിയ ദുരിതങ്ങള്‍ തലസ്ഥാനം വീണ്ടും ഡല്‍ഹിയില്‍ തന്നെയാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇക്കാലത്ത് ഡല്‍ഹി സന്ദര്‍ശിക്കാനിടയായ ഇബ്നു ബത്തൂത്ത എന്ന അറബി സഞ്ചാരി ഡല്‍ഹിനഗരം മിക്കവാറും വിജനമായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്നു ഭരണമേറ്റ ഫിറോസ് തുഗ്ലക്കിന്റെ കാലത്ത് (ഭ.കാ. എ. ഡി. 1351-88) ഡല്‍ഹിയില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായി. ഇക്കാലത്താണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലായി 1200 പഴത്തോട്ടങ്ങള്‍ക്കു രൂപം നല്‍കിയത്. യമുനയില്‍ നിന്ന്, ഡല്‍ഹിയുടെ മഴകുറഞ്ഞ ഉയര്‍ന്ന ഭാഗത്തോളമെത്തുന്ന ഒരു തോടുവെട്ടിയതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. തുടര്‍ന്നുണ്ടായ തിമൂറിന്റെ (തൈമൂര്‍) ആക്രമണത്തോടെ ഡല്‍ഹിയിലെ തുഗ്ലക്ക് ഭരണം അവസാനിച്ചു.
കൊള്ളയും കൊലയും നടത്തി ഇന്ത്യയെ തകര്‍ക്കുവാന്‍ തയ്യാറെടുത്തുവന്ന തിമൂര്‍ 1398 ഡി.-ല്‍ ഡല്‍ഹിയിലെത്തി. തിമൂറിനെ എതിര്‍ക്കാന്‍ മുഹമ്മദ് തുഗ്ലക്ക് (ഭ. കാ. 1395-1413) ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് മുഹമ്മദ് ഗുജറാത്തിലേക്കു പലായനം ചെയ്തു. അനേകായിരം പേര്‍ വധിക്കപ്പെട്ടു. നിരവധി പേര്‍ പുറനാടുകളില്‍ അഭയം തേടി. അവശേഷിച്ചവര്‍ ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധിയും മൂലം മരിച്ചതായി ചരിത്രകാരനായ അബ്ദുല്‍ ഖാദിര്‍ ബദൗണി രേഖപ്പെടുത്തിയിരിക്കുന്നു. തിമൂര്‍ മടങ്ങിയതിനുശേഷം മുഹമ്മദ് വീണ്ടും ഡല്‍ഹിയിലെത്തിയെങ്കിലും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1413-ല്‍ മുഹമ്മദ് തുഗ്ലക്ക് അന്തരിച്ചു.
ഡല്‍ഹിയിലെ ചില കുലീനന്മാര്‍ ചേര്‍ന്നു ദൗലത് ഖാന്‍ എന്നൊരാളെ അധികാരത്തിലേറ്റി. എന്നാല്‍ തിമൂറിന്റെ സഹായിയും പഞ്ചാബിലെ ഗവര്‍ണറുമായിരുന്ന ഖിസാര്‍ ഖാന്‍ ദൗലത് ഖാനെ അധികാരഭ്രഷ്ടനാക്കി. ഈ സംഭവം സയ്യിദ് രാജവംശത്തിന്റെ ഭരണത്തിനു വഴിതെളിച്ചു. സയ്യിദ്-രാജാക്കന്മാരായ മുബാരക് ഷാ, മുഹമ്മദ് ഷാ, അലാവുദീന്‍ ആലം ഷാ എന്നിവരുടെ ഭരണകാലം പ്രധാന സംഭവങ്ങള്‍ക്കൊന്നും സാക്ഷ്യം വഹിച്ചില്ല.
പഞ്ചാബിലെ ഗവര്‍ണറായിരുന്ന ബാലോല്‍ ലോദി എ. ഡി. 1450-ല്‍ ഒരു പട്ടാള അട്ടിമറിയിലൂടെ ഡല്‍ഹി പിടിച്ചടക്കി. ലോദിവംശത്തിന്റെ സ്ഥാപകന്‍ ബാലോല്‍ ലോദിയായിരുന്നു. തുടര്‍ന്നു ഭരണഭാരമേറ്റ സിക്കന്ദര്‍ ലോദി, തലസ്ഥാനം ആഗ്രയിലേക്കു മാറ്റി; അവിടെ സിക്കന്ദരാബാദ് എന്ന ഒരു പുതിയ നഗരവും നിര്‍മിച്ചു. അതിനുശേഷം ഇബ്രാഹിം ലോദി രാജാവായി. ഇദ്ദേഹത്തിന്റെ ചില ഭരണപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തി. ഈയവസരത്തിലാണ് തിമൂറിന്റെ അനന്തരാവകാശിയായ സാഹിറുദ്ദീന്‍ മുഹമ്മദ് ബാബര്‍ ഡല്‍ഹി ആക്രമിച്ചത്. 1526-ല്‍ പാനിപ്പത്തില്‍ വച്ചുണ്ടായ യുദ്ധത്തില്‍ ഇബ്രാഹിം ലോദി പരാജിതനായി. തുടര്‍ന്ന് ഡല്‍ഹിയില്‍ മുഗള്‍വംശത്തിന്റെ ഭരണമാരംഭിച്ചു.
1530-ല്‍ ബാബര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഹുമായൂണ്‍ സിംഹാസനസ്ഥനായി. 1540-ല്‍ അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന ഷേര്‍ഷാ ഡല്‍ഹി ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ ഹുമായൂണ്‍ ഡല്‍ഹിയില്‍ നിന്നു പലായനം ചെയ്തു. അധികാരത്തിലേറിയ ഷേര്‍ഷാ ഭരണം കാര്യക്ഷമമാക്കാന്‍ ശ്രദ്ധിച്ചിരുന്നു. 'പുരാനാകില'യില്‍ ചില അധിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീട് ഭരണഭാരമേറ്റ പുത്രന്‍ ഇസ്ലാം ഷാ (സലിം ഷാ) യമുനയുടെ തീരത്ത് 'സലിംഗഢ്' എന്ന പേരിലൊരു കോട്ട നിര്‍മിച്ചു. ഡല്‍ഹിക്കുചുറ്റും ഒരു മതില്‍കൂടി കെട്ടി അതിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്നു ഭരണഭാരമേറ്റ മുഹമ്മദ് ആദില്‍ഷായുടെ കാലത്ത് ആഭ്യന്തരകലാപവും ഭക്ഷ്യക്ഷാമവും രൂക്ഷമായി. അവസരം പാര്‍ത്തിരുന്ന ഹുമായൂണ്‍ വീണ്ടും ഡല്‍ഹിയില്‍ മുഗള്‍ഭരണം സ്ഥാപിക്കാന്‍ തീവ്രശ്രമം നടത്തുകയും അതില്‍ വിജയം വരിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി ഗവര്‍ണറായിരുന്ന ടാര്‍ഡി ബെഗ്ഗി(Tardi)ന്റെ നിഷ്ക്രിയത്വം മൂലം, മുഹമ്മദ് ആദില്‍ഷായുടെ വിശ്വസ്ത ജനറലായിരുന്ന ഹെമു (ഹിമു) ഡല്‍ഹി പിടിച്ചടക്കി. താമസിയാതെ ഹുമായൂണ്‍ അന്തരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ അക്ബര്‍ ഡല്‍ഹിയിലെ അനിശ്ചിതത്വം മൂലം കലാനൂര്‍ എന്ന സ്ഥലത്തുവച്ച് സ്ഥാനാരോഹണം ചെയ്തു. ബാലനായ അക്ബറുടെ സംരക്ഷകനായിരുന്ന ബൈറാം ഖാന്‍ 1556 ന.-ല്‍ പാനിപ്പത്തില്‍വച്ച് ഹെമു (ഹിമു)വിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു വധിച്ചു. അക്ബര്‍ ഡല്‍ഹി കേന്ദ്രമാക്കി തന്റെ ദീര്‍ഘകാലത്തെ ഭരണത്തിനു തുടക്കമിട്ടു.
അക്ബറുടെ (ഭ. കാ. 1556-1605) ഭരണകാലത്ത് ഡല്‍ഹിക്ക് പ്രഥമ നഗരമെന്ന പദവി ഇല്ലാതായിരുന്നതായി ചരിത്രകാരനായ അബുല്‍ ഫസല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുധിഷ്ഠിരന്‍ മുതല്‍ ഷേര്‍ഷാ വരെയുള്ള ഡല്‍ഹിയുടെ പൂര്‍വ ഭരണകര്‍ത്താക്കള്‍ നിര്‍മിച്ച പല നഗരങ്ങളിലൊന്നായി മാത്രമേ ഡല്‍ഹി വിശേഷിപ്പിക്കപ്പെട്ടിരുന്നുള്ളൂ.
അക്ബറിനുശേഷം പുത്രനായ ജഹാംഗീര്‍ (ഭ.കാ. 1605-27) സ്ഥാനമേറ്റു. മുഗള്‍ സാമ്രാജ്യത്തിലെ പതിനഞ്ചു പ്രവിശ്യകളിലൊന്നായിരുന്നു ഇക്കാലത്ത് ഡല്‍ഹി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പൊട്ടിപ്പുറപ്പെട്ട പ്ലേഗ് രോഗം അനേകം പേരുടെ മരണത്തിനിടയാക്കിയതായി സര്‍ തോമസ് റോ രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ തുടര്‍ന്ന് 1628-ല്‍ ഭരണമേറ്റ ഷാജഹാന്റെ കാലത്ത് ഡല്‍ഹി അതിന്റെ പഴയ പ്രതാപവും പ്രാധാന്യവും വീണ്ടെടുത്തു. കൊട്ടാരമുള്‍പ്പെടെ ഒരു തലസ്ഥാനത്തിന്റെ പ്രൗഢിക്കു അവശ്യം വേണ്ടുന്ന നിര്‍മാണങ്ങളെല്ലാം ഇക്കാലത്തുണ്ടായി. പത്തു വര്‍ഷം കൊണ്ടു പണിതീര്‍ത്ത കൊട്ടാരം (ലാല്‍കില; റെഡ് ഫോര്‍ട്ട്) പൗരസ്ത്യദേശത്തെ, ഒരു പക്ഷേ ലോകത്തെതന്നെയും ഏറ്റവും മനോഹരമായ വാസ്തുശില്പമാതൃകയാണെന്നാണ് ഫെര്‍ഗൂസന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ ജൂമാ(ജാമാ) മസ്ജിദ് പണിയിച്ചതും ഷാജഹാന്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നാണിത്. ഡല്‍ഹി തലസ്ഥാനമാക്കുന്നതിന്റെ ആഘോഷം വിപുലമായ തോതിലായിരുന്നു. മയൂരസിംഹാസനം ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കു കൊണ്ടുവന്നു. അന്ത്യകാലത്ത് രോഗഗ്രസ്തനായ ഷാജഹാനെ ഇളയപുത്രന്‍ ഔറംഗസീബ് അധികാരഭ്രഷ്ടനാക്കി. ഷാജഹാന്റെ ഭരണകാലത്ത് ഡല്‍ഹി ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരമായി രൂപാന്തരപ്പെട്ടു.
സിംഹാസനത്തിനുവേണ്ടി ഔറംഗസീബ് നടത്തിയ ശ്രമം മൂത്ത സഹോദരനായ ദാരാ ഷിക്കോഹിന്റെ രംഗപ്രവേശത്തോടെ താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുതന്ത്രങ്ങള്‍ പ്രയോഗിച്ച് ദാരായെ പരാജയപ്പെടുത്തി, മുഷിഞ്ഞ വസ്ത്രങ്ങളോടെ ഒരു പിടിയാനപ്പുറത്തു കയറ്റി ഡല്‍ഹിയിലെ തെരുവുകളില്‍ പ്രദര്‍ശനവസ്തുവാക്കി അവഹേളിച്ച് തടവിലാക്കി. സാത്വികനായ ദാരായുടെ ദയനീയസ്ഥിതിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ ദുഃഖിതരായിത്തീര്‍ന്നതായി ചരിത്രകാരനായ ബെര്‍ണിയര്‍ (Bernier) രേഖപ്പെടുത്തിയിരിക്കുന്നു. പ്രതികാരം ചെയ്യാനാവാത്ത തരത്തില്‍ ജനങ്ങള്‍ നിസ്സഹായരുമായിരുന്നു. എന്നാല്‍, ഔറംഗസീബിന്റെ സൃഷ്ടിയായ മാലിക് ജീവന്‍ എന്ന പുതുമാടമ്പി, പരിവാരസമേതം ഡല്‍ഹിയിലെ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനങ്ങള്‍ കല്ലെറിഞ്ഞും അസഭ്യം പറഞ്ഞും ദാരായോടുള്ള തങ്ങളുടെ സഹാനുഭൂതിയും ഔറംഗസീബിന്റെ പ്രവൃത്തിയിലുള്ള വിയോജിപ്പും പ്രകടമാക്കി. ഈ സംഭവംമൂലം കുപിതനായിത്തീര്‍ന്ന ഔറംഗസീബ് ദാരയെ വധിക്കുവാന്‍ കെണിയൊരുക്കുകയും ഒട്ടും വൈകാതെ തന്നെ ദാര വധിക്കപ്പെടുകയും ചെയ്തു. ആനപ്പുറത്തു കയറ്റിയ ദാരയുടെ മൃതദേഹം ഡല്‍ഹിയിലെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് ഔറംഗസീബ് തന്റെ അരിശം ശമിപ്പിച്ചു.
ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച സിക്ക്ഗുരു തേജ് ബഹാദൂറിനെ 1675-ല്‍ ഡല്‍ഹിയിലെ ഒരാല്‍മരത്തിന്‍ ചുവട്ടില്‍വച്ച് ഔറംഗസീബ് ശിരച്ഛേദം ചെയ്യിച്ചു. ഔറംഗസീബിനെ തുടര്‍ന്നുവന്ന ദുര്‍ബലരായ രാജാക്കന്മാര്‍ രാഷട്രീയമായ അസ്ഥിരതകൊണ്ടും ഭരണപരമായ പിടിപ്പുകേടുകള്‍ കൊണ്ടും ഡല്‍ഹിയുടെ വികാസത്തിനുവേണ്ടി യാതൊന്നും സംഭാവന ചെയ്യുവാന്‍ പ്രാപ്തരായില്ല. 1719-ല്‍ സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷായുടെ കാലത്ത് ഡല്‍ഹി, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നാദിര്‍ ഷായുടെ ആക്രമണത്തിനു വിധേയമായി. കൊള്ളയും കൊലയുമായി മുന്നേറിയ നാദിര്‍ ഷായെ പിന്‍തിരിപ്പിക്കാന്‍ അവസാനം എഴുപതുകോടി രൂപ വിലമതിക്കുന്ന മോചനദ്രവ്യങ്ങള്‍ ചക്രവര്‍ത്തിയും പ്രഭുക്കന്മാരും ജനങ്ങളും ചേര്‍ന്നു കൊടുക്കേണ്ടിവന്നു. മയൂരസിംഹാസനവും കോഹിനൂര്‍ രത്നവും ചക്രവര്‍ത്തിക്കു നഷ്ടപ്പെട്ടു. മനോഹരമായ ഡല്‍ഹി നാദിര്‍ ഷായ്ക്ക് ഇഷ്ടപ്പെട്ടു. ഇത്തരമൊരു നഗരം പേര്‍ഷ്യയില്‍ നിര്‍മിക്കാന്‍ വേ ശില്പികളേയും കലാകാരന്മാരേയും കൂടി നാദിര്‍ ഷാ പേര്‍ഷ്യയിലേക്കു കൊണ്ടുപോയി.
തുടര്‍ന്നു ഡല്‍ഹിയില്‍ അരാജകാവസ്ഥയുടെ കാലമായിരുന്നു. അധികാര വടംവലി മാത്രമല്ല, മഹാരാഷ്ട്രര്‍, അഹമ്മദ് ഷാ അബ്ദാലി എന്നിവരുടെ ആക്രമണങ്ങളും മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തിനു കാരണമായി. അബ്ദാലി പണവും സ്വര്‍ണവും യഥേഷ്ടം കൊള്ളചെയ്തു. തന്റെ പ്രതിപുരുഷനെ ഡല്‍ഹിയില്‍ ഭരണമേല്‍പ്പിച്ചശേഷം അബ്ദാലി മടങ്ങിപ്പോയി. തുടര്‍ന്ന്, ഡല്‍ഹിയുടെ ആധിപത്യത്തിനുവേണ്ടി മഹാരാഷ്ട്രരും റോഹിലരും അബ്ദാലിയും തമ്മില്‍ സംഘട്ടനത്തിലായി. 1761-ല്‍ പാനിപ്പത്തില്‍വച്ചു നടന്ന ഒരു നിര്‍ണായകയുദ്ധത്തില്‍ അബ്ദാലി മഹാരാഷ്ട്രരെ നിശ്ശേഷം തോല്‍പ്പിച്ചു. പലായനം ചെയ്തിരുന്ന മുഗള്‍ ചക്രവര്‍ത്തി ഷാ ആലം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ വീണ്ടും അധികാരത്തില്‍വന്നു. എന്നാല്‍ റോഹിലര്‍ ഡല്‍ഹിയില്‍ പല ക്രൂരതകളും കാട്ടി. പണത്തിനുവേണ്ടി അവര്‍ ഷാ ആലമിനെ അധികാരഭ്രഷ്ടനാക്കുകയും കണ്ണുകുത്തിപ്പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്നു ഷാ ആലം II ചക്രവര്‍ത്തിയായി.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയില്‍ വാണിജ്യബന്ധങ്ങളും രാഷ്ട്രീയ സ്വാധീനതയും ഉറപ്പിക്കാന്‍ ഇക്കാലത്തു ശ്രമിച്ചിരുന്നു. പ്രാരംഭത്തില്‍ ഫ്രഞ്ചുകാരുമായി ബന്ധപ്പെട്ടിരുന്ന ഷാ ആലം ഫ്രഞ്ച് ജനറലായിരുന്ന പെറോണിന്റേയും (Perron) ബോര്‍ക്കിന്റേയും (Bourquien) പ്രവൃത്തികളില്‍ അതൃപ്തനായി, ബ്രിട്ടിഷ് ജനറലായിരുന്ന ലേക്ക് പ്രഭുവിന്റെ സഹായം തേടി. നാമമാത്രമായിരുന്നെങ്കിലും മുഗള്‍ ചക്രവര്‍ത്തിയെന്ന അധികാരസ്ഥാനവും, ഡല്‍ഹിയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ആകര്‍ഷിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു റസിഡന്‍സി സ്ഥാപിക്കുകയും സര്‍ ഡേവിഡ് ഒക്ടര്‍ലോണിയെ (Sir David Ochterlony) പ്രഥമ ഇംഗ്ലീഷ് റസിഡന്റായി അവിടെ നിയമിക്കുകയും ചെയ്തു. ചക്രവര്‍ത്തിയെ നാമമാത്ര ഭരണത്തലവനാക്കി മാറ്റിയ കമ്പനി, നികുതി പിരിവില്‍ വരെ കൈകടത്തിയിരുന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ ശ്രദ്ധിക്കുവാന്‍ ചക്രവര്‍ത്തിക്കു കഴിയുമായിരുന്നില്ല. കമ്പനിക്കു ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമുണ്ടായിരുന്നില്ല. ഇതോടെ സാധാരണ ജനങ്ങള്‍ ദുരിതത്തിലായി.
പിന്നീട് ബഹദൂര്‍ ഷാ II ചക്രവര്‍ത്തിയായി. ചക്രവര്‍ത്തിക്ക് അര്‍ഹമായ അംഗീകാരവും ആദരവും നല്‍കാന്‍ റസിഡന്റിനും കമ്പനിക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതില്‍ ചക്രവര്‍ത്തിക്കു നീരസമുണ്ടായി. കൊട്ടാരത്തില്‍ നിന്നു ചക്രവര്‍ത്തിയെ മറ്റൊരു സ്ഥലത്തേക്കു മാറ്റുവാനും രാജപദവികള്‍ നിഷേധിക്കുവാനുമുള്ള ഗവര്‍ണര്‍ ജനറലായ ഡല്‍ഹൗസി പ്രഭുവിന്റെ നിര്‍ദേശം കമ്പനി ഡയറക്ടര്‍മാര്‍ നിരാകരിച്ചു. ജനങ്ങളേയും ചക്രവര്‍ത്തിയേയും ഒരേസമയം ശത്രുതയിലാക്കുമായിരുന്ന ഈ നടപടി പിന്നീട് ഉപേക്ഷിക്കപ്പെട്ടു.
1757-ലെ പ്ലാസിയുദ്ധത്തിലുണ്ടായ വിജയം ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യത്തിനു വഴിയൊരുക്കി. തുടര്‍ന്ന് ഇന്ത്യയുടെ സിംഹഭാഗവും അവരുടെ രാഷ്ട്രീയാധീനതയിലായി.
19-ാം ശ.-ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഡല്‍ഹിയിലെ ജനസംഖ്യ ഒരു ലക്ഷം മാത്രമായിരുന്നെന്നു ചരിത്രകാരനായ പെര്‍സിവല്‍ സ്പിയര്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 1843-ല്‍ ഡല്‍ഹി സന്ദര്‍ശിച്ച ഫൊന്‍ ഓര്‍ലിച്ച് എന്ന ജര്‍മന്‍ സഞ്ചാരി അക്കാലത്തെ ജനസംഖ്യ 2,50,000 ആയിരുന്നതായി പറയുന്നു. ഡല്‍ഹിയുടെ സമ്പന്നമായ ഒരു ചിത്രമാണ് ഓര്‍ലിച്ച് നല്‍കുന്നത്. "ജനങ്ങള്‍ കൂട്ടംകൂട്ടമായി ഒരു കടയില്‍ നിന്ന് മറ്റൊരു കടയിലേക്കു പോകുന്നു. ഇതിനിടയിലൂടെ തിക്കിഞെരുക്കി ആനയും ഒട്ടകവും അവയ്ക്കു വഴിയുണ്ടാക്കാന്‍ ശ്രമിക്കുന്നു. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങളുടെ ഗുണഗണങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. ചിരിച്ച്, അംഗവിക്ഷേപങ്ങള്‍ കാട്ടി നടക്കുന്ന സുന്ദരികളായ സ്ത്രീകള്‍ ഒരുവശത്ത്, സംഗീതം മറുവശത്ത്, ചിലയിടങ്ങളില്‍ കോമാളികളുടെ തമാശകളും. കൗശലക്കാരനായ ഒരു പഴക്കച്ചവടക്കാരന്‍ ആവശ്യക്കാരെ ആകര്‍ഷിക്കാനായി സൗജന്യ ഹൂക്കാവലി സൗകര്യപ്പെടുത്തിയിരിക്കുന്നു. സ്വര്‍ണം, വിലയേറിയ രത്നങ്ങള്‍, മുത്തുകള്‍ എന്നിവയിലുള്ള ആഭരണങ്ങള്‍ ദന്തോത്പന്നങ്ങളുടെ മേലുള്ള പെയിന്റിങ് എന്നിവ ഹൃദ്യമെന്നു തന്നെ പറയാം.
1857-ലെ ബ്രിട്ടിഷ് വിരുദ്ധകലാപത്തിന്റെ പ്രഥമസ്ഫുലിംഗങ്ങള്‍ പുറപ്പെട്ടത് ഡല്‍ഹിക്കടുത്തുള്ള മീററ്റില്‍ നിന്നായിരുന്നു. മേയ് 10-ന് കലാപം ഡല്‍ഹിയിലേക്കു വ്യാപിച്ചു. മുഗള്‍കൊട്ടാരത്തിനു സമീപമുണ്ടായിരുന്ന ചില ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥന്മാര്‍ വധിക്കപ്പെട്ടു. അസ്വസ്ഥരായ ഇന്ത്യന്‍ പട്ടാളക്കാര്‍ കലാപനേതൃത്വം ഏറ്റെടുക്കാന്‍ ബഹാദൂര്‍ ഷായോട് ആവശ്യപ്പെട്ടു. തന്റെ പുത്രന്മാരുടേയും മറ്റു പലരുടേയും സമ്മര്‍ദത്തിനു വഴങ്ങി, കലാപകാരികളുടെ ഭാഗത്തുചേരാന്‍ ബഹാദൂര്‍ ഷാ നിര്‍ബന്ധിതനായി. അനേകം യൂറോപ്യന്മാരേയും ഇന്ത്യാക്കാരായ ക്രൈസ്തവരേയും കലാപകാരികള്‍ വധിച്ചു. ഡല്‍ഹി ബാങ്ക് കൊള്ളയടിക്കപ്പെടുകയും ഡല്‍ഹി കോളജ് അഗ്നിക്കിരയാക്കുകയും ചെയ്തു. ഡല്‍ഹി ഒരു കലാപഭൂമിയായി മാറി. പരിശീലനം ലഭിച്ചവരും അല്ലാത്തവരുമായ ഇന്ത്യന്‍ പട്ടാളക്കാര്‍ ഡല്‍ഹിയിലേക്ക് ഇരച്ചുകയറി. വേത്ര റേഷനോ ആയുധങ്ങളോ അവര്‍ക്കു സൗകര്യപ്പെടുത്തിയിരുന്നില്ല. ഖജനാവ് ശൂന്യമായിരുന്നതിനാല്‍ വേതനം നല്‍കുവാന്‍ കഴിയാതെവന്നു. പട്ടിണിയിലായ പട്ടാളക്കാര്‍ മൂന്നു ദിവസം തുടര്‍ച്ചയായി ഡല്‍ഹി കൊള്ളയടിച്ചു.
ഡല്‍ഹിയുടെ മേലുള്ള ആധിപത്യം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ ജനറലായ കാനിങ് പ്രഭുവും പഞ്ചാബിലെ ചീഫ് കമ്മീഷണറായിരുന്ന സര്‍ ജോണ്‍ ലോറന്‍സും ദൃഢനിശ്ചയം ചെയ്തു. വില്‍സണ്‍, നിക്കോള്‍സണ്‍, ബ്രിഗേഡിയര്‍ ജോണ്‍സ്, കേണല്‍ ക്യാംബ്ബെല്‍, മേജര്‍ റീഡ് എന്നിവര്‍ നടത്തിയ സമര്‍ഥമായ സൈനിക നീക്കത്തിലൂടെ ഡല്‍ഹിയുടെ മേലുള്ള കമ്പനിയുടെ സ്വാധീനം പുനഃസ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ബഹാദൂര്‍ ഷാ കമ്പനിക്കു കീഴടങ്ങി. അദ്ദേഹത്തിന്റെ പുത്രന്മാരെ വധിക്കുകയും ചക്രവര്‍ത്തിയെ പത്നിയുമൊത്ത് ബര്‍മയിലേക്കു നാടുകടത്തുകയും ചെയ്തു.
ഒരു കൂട്ടകൊലയ്ക്കുശേഷമാണ് കമ്പനി ഡല്‍ഹി പിടിച്ചടക്കിയത്. ഈ സമയം ഡല്‍ഹി മിക്കവാറും വിജനമായിരുന്നു. ജെയിംസ് ഔട്ട്റാമിനെപ്പോലുള്ള കമ്പനി സാരഥികള്‍ ഡല്‍ഹി ഇടിച്ചു നിരത്തണമെന്ന അഭിപ്രായക്കാരായിരുന്നു. എങ്കിലും ഈ നിര്‍ദേശം നിരാകരിക്കപ്പെട്ടു. പക്ഷേ പ്രധാന ബസാറുകളെല്ലാം നശിപ്പിച്ചു. നഗരത്തിനു ചുറ്റുമുണ്ടായിരുന്ന ചുവരിന്റെ പൊക്കം ഗണ്യമായി കുറച്ചു. സുപ്രധാന മസ്ജിദുകളെല്ലാം കമ്പനിപ്പട്ടാളത്തിന്റെ ഉപയോഗത്തിനായി കയ്യടക്കി. അക്കാലത്ത് എല്ലാറ്റിനും സാക്ഷിയായിരുന്ന ഉര്‍ദു കവി മിര്‍സാഗാലിബ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ധനികരും ദരിദ്രരുമൊക്കെ നഗരം വിട്ടുപോയിരുന്നു. അവശേഷിച്ചവരെയെല്ലാം ബലം പ്രയോഗിച്ചു പുറത്താക്കി. പാസ്സ് കൂടാതെ ആരെയും നഗരത്തിലേക്കു കടക്കാന്‍ അനുവദിച്ചിരുന്നില്ല. കൊള്ളയും കൊലയും ദിവസങ്ങളോളം നീണ്ടുനിന്നു. 1400 ഡല്‍ഹി നിവാസികളെ യമുനയുടെ തീരത്തേക്ക് നയിക്കുകയും അവിടെ വച്ച് ശിരച്ഛേദം നടത്തുകയും ചെയ്തു. അപമാനഭീതിമൂലം പലരും ആത്മഹത്യ ചെയ്തു; എന്നാല്‍ അതിനുമുമ്പുതന്നെ അവര്‍ തങ്ങളുടെ സ്ത്രീകളെ വധിച്ചിരുന്നു. കോത്ത്വാലിയിലും ചാന്ദ്നിചൗക്കിലും സ്ഥാപിച്ച കഴുമരങ്ങളില്‍ ജനങ്ങളെ പരസ്യമായി കഴുവേറ്റി. ആറായിരം പേരെങ്കിലും വധിക്കപ്പെട്ടിരിക്കാമെന്നാണ് മിര്‍സാ ഗാലിബ് പറയുന്നത്. ഗാലിബ് രേഖപ്പെടുത്തുന്നു: "ഇവിടെ നിയമവാഴ്ചയോ വ്യവസ്ഥാപിത രീതികളോ ഒന്നുമുണ്ടായിരുന്നില്ല. നരവേട്ടയായിരുന്നു നടമാടിയിരുന്നത്. ഭരണാധികാരികളുടെ മസ്തിഷ്കത്തില്‍ അപ്പപ്പോള്‍ തോന്നിയിരുന്നതൊക്കെ നടപ്പാക്കുവാന്‍ മടിച്ചില്ല. കൊട്ടാരംസ്വത്തുവരെ കൊള്ളയടിച്ചു വീതിച്ചെടുത്തു. ഡല്‍ഹിയുടെ മൊത്തം ജനസംഖ്യ നാലിലൊന്നായി കുറഞ്ഞു. എങ്കിലും പിന്നീട് പലായനം ചെയ്തവര്‍ പിഴയൊടുക്കിയശേഷം മടങ്ങിവരാന്‍ അനുവദിക്കപ്പെട്ടു. 1857-ലെ കലാപം ഇന്ത്യയിലെ കമ്പനി ഭരണത്തിന് അറുതിവരുത്തി; തുടര്‍ന്ന് ഭരണം ബ്രിട്ടിഷ് രാജ്ഞി ഏറ്റെടുക്കുകയുണ്ടായി.
1857-നുശേഷം ഡല്‍ഹി വഹാബി പ്രസ്ഥാനത്തിന്റെ ഒരു ശക്തികേന്ദ്രമായി മാറി. ബ്രിട്ടിഷുകാരെ തുരത്തി ഇസ്ലാമികഭരണം പുനഃസ്ഥാപിക്കുകയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
രാഷ്ട്രീയമായ പ്രചാരം ഡല്‍ഹിയെ ക്ഷീണിപ്പിച്ചെങ്കിലും ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രശസ്തിയും പ്രയാണവും തുടര്‍ന്നു. കല്‍ക്കത്ത(കൊല്‍ക്കത്ത)യില്‍ നിന്നു ഭരണത്തിന്റെ സിരാകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റാന്‍ ഈ ഘട്ടത്തില്‍ ബ്രിട്ടിഷുകാര്‍ക്കുദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഡല്‍ഹിയുടെ പ്രാധാന്യം അവര്‍ വിസ്മരിച്ചതുമില്ല. അവര്‍ നടത്തിയ മൂന്നു ഡര്‍ബാറുകളും ഡല്‍ഹിയില്‍ വച്ചായിരുന്നു. 1877-ല്‍ വിക്ടോറിയാ രാജ്ഞി കൈസര്‍-ഇ-ഹിന്ദ് (ഇന്ത്യയിലെ ചക്രവര്‍ത്തിനി) പദവി വഹിക്കുന്നതിനോടനുബന്ധിച്ച് ലിറ്റണ്‍പ്രഭു ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡര്‍ബാര്‍ അവിസ്മരണീയമായിരുന്നു. എഡ്വേഡ് VII-ാമനെ ഇന്ത്യാ ചക്രവര്‍ത്തിയായി പ്രഖ്യാപനം നടത്തുവാനായിരുന്നു രണ്ടാമത്തെ ഡര്‍ബാര്‍ 1903-ല്‍ ആഘോഷിച്ചത്. കൊല്‍ക്കത്തയില്‍ നിന്നും ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റുന്ന പ്രഖ്യാപനം 1911 ഡി. 12-ന് നടത്തിയപ്പോള്‍ വിക്ടോറിയാ രാജ്ഞിയും ജോര്‍ജ് V-ാമനും സന്നിഹിതരായിരുന്നു. തുടര്‍ന്ന് 557 ചതുരശ്രമൈല്‍ വരുന്ന ഡല്‍ഹി നഗരത്തെ ഒരു പ്രോവിന്‍സ് ആക്കി മാറ്റുകയും ചീഫ് കമ്മീഷണറുടെ ഭരണത്തിന്‍ കീഴിലാക്കുകയും ചെയ്തു. കേന്ദ്ര ഗവണ്‍മെന്റിനോടു നേരിട്ടുള്ള ഉത്തരവാദിത്വമായിരുന്നു ചീഫ് കമ്മീഷണര്‍ക്കുണ്ടായിരുന്നത്. സാമ്രാജ്യത്വ തലസ്ഥാനം എന്ന നിലയില്‍ ഡല്‍ഹിക്ക് പ്രത്യേക പദവിയും പ്രാധാന്യവും കൈവന്നു. ഡല്‍ഹി വളരെ വേഗം ഒരു രാഷ്ട്രീയ സിരാകേന്ദ്രമായി മാറി. ഇന്ത്യന്‍ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖ ഡല്‍ഹിയില്‍ ആരംഭിച്ചു. 1918-ല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം ഡല്‍ഹിയില്‍ വച്ചായിരുന്നു നടന്നത്.
ബംഗാള്‍ വിഭജനത്തെ തുടര്‍ന്നുണ്ടായ തീവ്രവാദ രാഷ്ട്രീയം ഡല്‍ഹിയിലും പ്രത്യക്ഷമായി. പല വിപ്ലവസമിതികളും ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങി. ഹാര്‍ഡിഞ്ച് പ്രഭു വൈസ്രോയ് പദവി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് പത്നിയുമൊത്ത് ചാന്ദ്നിചൗക്കില്‍ക്കൂടി ആനപ്പുറത്ത് പ്രൗഢിയോടെ സഞ്ചരിക്കുമ്പോള്‍, തൊട്ടടുത്ത് ഒരു ബോംബുസ്ഫോടനമുണ്ടാവുകയും ഹാര്‍ഡിഞ്ച് ബോധരഹിതനാവുകയും ചെയ്തു.
ദാരുണമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിലും, ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക്, ഒന്നാം ലോകയുദ്ധാനന്തരം, തുര്‍ക്കിയിലെ പുണ്യസ്ഥലങ്ങള്‍ ഖലീഫയുടെ നിയന്ത്രണത്തിലാക്കാമെന്ന, ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് നല്‍കിയ ഉറപ്പു പാലിക്കാതെ പോയതിലും പ്രതിഷേധിക്കാന്‍ രൂപംകൊടുത്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ ഡല്‍ഹിക്കു സുപ്രധാന പങ്കുണ്ടായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ ഖിലാഫത്ത് സമ്മേളനത്തില്‍ ഗാന്ധിജി പങ്കെടുത്തിരുന്നു. ഇക്കാലത്ത് ഡല്‍ഹി സന്ദര്‍ശിച്ച വെയില്‍സ് രാജകുമാരനെ ബഹിഷ്കരിച്ചത് വലിയ വിജയമാക്കാന്‍ സത്യാഗ്രഹികള്‍ക്കും ജനങ്ങള്‍ക്കും കഴിഞ്ഞു.
ചൗരീചൗര സംഭവത്തിനുശേഷം നിസ്സഹകരണപ്രസ്ഥാനം താത്ക്കാലികമായി നിര്‍ത്തിവച്ചതോടെ, സൗഹാര്‍ദത്തിലായിരുന്ന ഹിന്ദു-മുസ്ലീം ബന്ധത്തില്‍ വിള്ളല്‍ വീണു. രണ്ടു സമുദായങ്ങളിലേയും ഒരു ചെറുവിഭാഗം മാത്രമായിരുന്നു ഈ നില സ്വീകരിച്ചത്. രോഗാതുരനായ സ്വാമി ശ്രദ്ധാനന്ദന്റെ മുറിയില്‍, ആത്മീയ ചൈതന്യം നേടാനെന്ന വ്യാജേന പ്രവേശനം നേടിയ അബ്ദുല്‍ റഷീദ്, സ്വാമിയുടെ ഘാതകനായി മാറി. ഇത് ഡല്‍ഹിയിലെ സാമുദായികാന്തരീക്ഷത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
വിവാദമുയര്‍ത്തിയ സൈമണ്‍ കമ്മിഷന്റെ സന്ദര്‍ശന കാലത്ത് ഡല്‍ഹിക്കാരനായ ഡോ. എം. എ. അന്‍സാരിയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്റ്. കമ്മിഷന്റെ ബഹിഷ്കരണം ഡല്‍ഹിയില്‍ വലിയ വിജയമാക്കാന്‍ അന്‍സാരിക്കും കോണ്‍ഗ്രസ്സിനും കഴിഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തോടും പൗരാവകാശങ്ങള്‍ നിഹനിക്കുന്ന നയങ്ങളോടും ഉള്ള പ്രതിഷേധമെന്ന നിലയില്‍, ചെറുപ്പക്കാരായ ഭഗത് സിംഗും ബടുകേശ്വര്‍ ദത്തും ഡല്‍ഹിയിലെ സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ നടത്തിയ ബോംബേറ് ഇന്ത്യയിലും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു.
1930-ല്‍ നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരരംഗത്ത് ഒരിക്കല്‍ക്കൂടി പരീക്ഷിച്ചു നോക്കി. 'സ്വദേശി' പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുക, വിദേശനിര്‍മിത വസ്തുക്കള്‍ ബഹിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇതു പുനരാരംഭിച്ചത്. ഉപ്പുനിയമം ലംഘിക്കാനായി മഹാത്മാഗാന്ധി 1930 മാ. 12-ന് ദണ്ഡിയിലേക്കു നടത്തിയ യാത്രയും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ അറസ്റ്റും ഡല്‍ഹിയില്‍ ചലനമുണ്ടാക്കി. ഡല്‍ഹിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷത്തില്‍ വെടിയേറ്റ് നാലു പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ കച്ചവടക്കാര്‍ വിദേശവസ്ത്രങ്ങളുടെ വില്പന വേണ്ടെന്നു തീരുമാനിച്ചുകൊണ്ട് പ്രസ്ഥാനത്തിനു പിന്തുണ നല്‍കി.
ഡല്‍ഹി ആസ്ഥാനമാക്കി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി എന്ന ഒരു വിപ്ലവപ്രസ്ഥാനം പ്രവര്‍ത്തിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദ്, ഭഗവതീചരണ്‍, യശ്പാല്‍, ധന്വന്തരി, കൈലാസ്പതി തുടങ്ങിയവര്‍ ഇതിന്റെ നേതൃനിരയിലുണ്ടായിരുന്നു. ഇവര്‍ രാജസ്ഥാന്‍, യു. പി., ഹൗറ എന്നിവിടങ്ങളിലെ വിപ്ലവസംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. കൈലാസ്പതി അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഒരു 'ഡല്‍ഹി ഗൂഢാലോചനക്കേസ്' ഗവണ്‍മെന്റ് രൂപപ്പെടുത്തിയെടുത്തു. അറസ്റ്റോടെ കൈലാസ്പതി മാപ്പുസാക്ഷിയായത് സംഘടനയ്ക്കു കടുത്ത തിരിച്ചടിയായി.
ഇതിനിടയ്ക്ക് ബ്രിട്ടിഷുകാര്‍ ഡല്‍ഹിയില്‍ മറ്റൊരു പുതിയ നഗരം സ്ഥാപിക്കുകയുണ്ടായി. ഡല്‍ഹിയിലേക്കു തലസ്ഥാനം മാറ്റിയ ബ്രിട്ടിഷുകാര്‍ 1912-നാണ് പുതിയ നഗരം സ്ഥാപിക്കുവാന്‍ തുടക്കമിട്ടത്. റെഡ് ഫോര്‍ട്ടിനു തെക്കു പടിഞ്ഞാറുള്ള 'റയ്സീന' കുന്നിന്‍പ്രദേശം ഇതിനായി തിരഞ്ഞെടുത്തു. പുതിയ നഗരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇരുപതുവര്‍ഷത്തോളം വേണ്ടിവന്നു. ഭരണത്തിന്റെ ആസ്ഥാനം പുതിയ നഗര ഭാഗത്തേക്കു മാറ്റി. ഈ ചെറുനഗരം ക്രമേണ ആവശ്യാനുസൃതം വികസിച്ചു തുടങ്ങി. ഇതാണിപ്പോള്‍ 'ന്യൂ ഡല്‍ഹി'യെന്ന് അറിയപ്പെടുന്ന തലസ്ഥാനനഗരം. ന്യൂ ഡല്‍ഹിയിലേക്ക് ആസ്ഥാനം മാറ്റുന്നതുവരെ ബ്രിട്ടിഷ് ഭരണസിരാകേന്ദ്രമായിരുന്ന സ്ഥലമാണ് ഇപ്പോഴത്തെ പഴയ ഡല്‍ഹി. റെഡ് ഫോര്‍ട്ട്, കച്ചവടകേന്ദ്രമായ ചാന്ദ്നിചൗക്ക് എന്നീ പ്രദേശങ്ങള്‍ പഴയ ഡല്‍ഹിയിലാണ്.
1931-ലെ സിവിലാജ്ഞാലംഘനം ഇന്ത്യയെ മുഴുവന്‍ പിടിച്ചു കുലുക്കി. ജനങ്ങള്‍ വേത്ര പിന്തുണ നല്‍കി. ഡല്‍ഹി, കൂടിയാലോചനയുടെ വേദിയാവുകയും ചെയ്തു. തുടര്‍ന്നു മഹാത്മാഗാന്ധിയും വൈസ്രോയ് ഇര്‍വിന്‍ പ്രഭുവും ചേര്‍ന്ന് 1931 മാ. 5-ന് ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി ഒപ്പുവച്ചു.
ഇര്‍വിനെ തുടര്‍ന്നുവന്ന വൈസ്രോയ് വെല്ലിങ്ടന്‍ ഉടമ്പടിവ്യവസ്ഥകള്‍ നിരാകരിച്ചു. അതോടെ സിവിലാജ്ഞാ ലംഘനം പുനരാരംഭിച്ചു. ജവാഹര്‍ലാല്‍ നെഹ്റുവും ഗാഫര്‍ഖാനും മറ്റും അറസ്റ്റിലായി. ലനില്‍വച്ചു നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഗാന്ധിജി പ്രസ്ഥാനത്തിനു കൂടുതല്‍ ശക്തിപകര്‍ന്നു. സംഘര്‍ഷം മുറ്റി നിന്ന ഈ സമയത്താണ് 1932-ലെ കോണ്‍ഗ്രസ്സ് സമ്മേളനം ഡല്‍ഹിയില്‍ ചേരാന്‍ തീരുമാനമായത്. ഡല്‍ഹിയിലെത്തിക്കൊണ്ടിരുന്ന നേതാക്കളെ അപ്പപ്പോള്‍ അധികൃതര്‍ അറസ്റ്റു ചെയ്തുകൊണ്ടിരുന്നു. സമ്മേളനാധ്യക്ഷന്‍ മദന്‍മോഹന്‍ മാളവ്യയും അറസ്റ്റിലായി. പിന്നീട് അമൃതലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, അഞ്ചുമിനിറ്റിനകം തന്നെ പോലീസ് ഇടപെടല്‍മൂലം അവസാനിപ്പിക്കേതായിവന്നു.
1934-36 കാലത്ത്, കോണ്‍ഗ്രസ്സില്‍ തന്നെ തുടര്‍ന്നു കൊണ്ടുള്ള സ്വരാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍, രണ്ടു ബോംബ് സ്ഫോടനങ്ങള്‍, ഡോ. അന്‍സാരിയുടെ മരണം എന്നിവയായിരുന്നു ഡല്‍ഹിയിലെ രാഷ്ട്രീയപ്രാധാന്യമുള്ള സംഭവങ്ങള്‍.
1937 മാ.-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്ട് പ്രകാരം രൂപവത്കൃതമായ പ്രാദേശിക ഭരണസംവിധാനത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കേ നയങ്ങള്‍ക്ക് ഒരു രൂപരേഖയുണ്ടാക്കി. 1938 സെപ്.-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എ. ഐ. സി. സി. യോഗം ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് കോണ്‍ഗ്രസ്സില്‍ നിന്നു വഴിപിരിയാനുള്ള വേദിയായി മാറി.
രണ്ടാം ലോകയുദ്ധം തുടങ്ങിയതിനുശേഷം 1939 സെപ്. 15-നും 1940 ജൂല. 3-നും ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയോഗം ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രഖ്യാപനം നടത്തുവാന്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. പക്ഷേ ഗവണ്‍മെന്റ് വഴങ്ങുകയുണ്ടായില്ല. തുടര്‍ന്ന് വ്യക്തിസത്യാഗ്രഹത്തിനു കോണ്‍ഗ്രസ്സ് ആഹ്വാനം നല്‍കി. 1942 മാ.-ല്‍ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സ് ചില നിര്‍ദേശങ്ങളുമായി ഡല്‍ഹിയിലെത്തി. നിര്‍ദേശങ്ങള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി നിരാകരിച്ചു. ഇതു ക്വിറ്റിന്ത്യാസമരത്തിനു വഴിയൊരുക്കി.
1942 ആഗ. 8-ന് ബോംബേയില്‍ ചേര്‍ന്ന എ. ഐ. സി. സി. യോഗം, ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടുപോകാനാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസ്സാക്കി. തുടര്‍ന്ന് ഗാന്ധിയുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ അറസ്റ്റിലായി. ഹര്‍ത്താലും പ്രകടനങ്ങളും കൊണ്ട് ഡല്‍ഹി പ്രക്ഷുബ്ധമായി. തൊഴിലാളികള്‍ പണിമുടക്കുകയും വന്‍തോതില്‍ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.
സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ ജി. എസ്. ധില്ലണ്‍, ഷാനവാസ് ഖാന്‍, പി. കെ. സൈഗാള്‍ എന്നീ ഭടന്മാരെ വിചാരണ ചെയ്യാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കം ശക്തമായ പ്രതിഷേധത്തിനു കാരണമായിത്തീര്‍ന്നു. ഡല്‍ഹിയിലെ റെഡ്ഫോര്‍ട്ടില്‍ ആരംഭിച്ച വിചാരണ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ദേശസ്നേഹികളായ ഈ ഭടന്മാര്‍ക്കുവേണ്ടി വാദിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റു, സര്‍ തേജ്ബഹാദൂര്‍ സപ്രു, ഭൂലാഭായ് ദേശായ്, അസഫ് അലി, ഡോ. കെ. എന്‍. കാട്ജൂ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇംഗ്ലണ്ടില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ഇന്ത്യയ്ക്കു പൂര്‍ണസ്വാതന്ത്ര്യം നല്‍കാനുള്ള പ്രായോഗിക നടപടികള്‍ ശക്തമാക്കി. 1946 ഫെ.-ല്‍ ക്യാബിനറ്റ് മിഷനെ ഡല്‍ഹിയിലേക്കയച്ചു. മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിഭജനത്തിനും പാകിസ്താന്റെ സൃഷ്ടിക്കുംവേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വാദമുഖങ്ങളുന്നയിച്ചു. വിഭജനമൊഴിവാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഭജനം എന്ന യാഥാര്‍ഥ്യത്തെ വൈസ്രോയ് മൗണ്ട് ബാറ്റണ്‍ പ്രഭു അംഗീകരിച്ചു. 1947 ആഗ. 15-ന് ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിക്കുകയും വിഭജനം സംഭവിക്കുകയും ചെയ്തു.
വിഭജനം ഉണ്ടാക്കുമായിരുന്ന വികാരത്തിന്റെ ഭാവഭേദങ്ങള്‍ കോണ്‍ഗ്രസ്സും ലീഗും ബ്രിട്ടിഷ് ഗവണ്‍മെന്റും മുന്‍കൂട്ടി കാണാതെ പോയി. മുസ്ലീം രാഷ്ട്രമായ പാകിസ്താനില്‍ നിന്നും ഭയചകിതരായ ഒരു വിഭാഗം ജനങ്ങള്‍ ഡല്‍ഹിയിലേക്കു പലായനമാരംഭിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഹ്രസ്വവീക്ഷണം ജനഹൃദയങ്ങളില്‍ ഭീതിയുടേയും വിദ്വേഷത്തിന്റേയും തിരികൊളുത്തി. ഡല്‍ഹിയില്‍ ക്രമസമാധാനത്തിന്റെ ഭാഗമായി നിശാനിയമമേര്‍പ്പെടുത്തി. കരോള്‍ബാഗിലുണ്ടായ ഒരു ബോംബുസ്ഫോടനം വന്‍തോതിലുള്ള കലാപത്തിന്റേയും ആള്‍നാശത്തിന്റേയും തുടക്കം കുറിക്കുകയായിരുന്നു.
ഡല്‍ഹിയിലെ കലാപം അടിച്ചമര്‍ത്തി സമാധാനം സ്ഥാപിക്കേണ്ടിയിരുന്നതിനാല്‍ സിംലയില്‍ വിശ്രമിക്കുകയായിരുന്ന വൈസ്രോയ് ഡല്‍ഹിയില്‍ കുതിച്ചെത്തി. പ്രധാനമന്ത്രി നെഹ്റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ മൗണ്ട് ബാറ്റണ്‍, സി. എച്ച്. ഭാഭ അധ്യക്ഷനായി ഒരു പതിനഞ്ചംഗ എമര്‍ജന്‍സി കമ്മിറ്റിയെ തിരഞ്ഞെടുത്തു. കലാപം അമര്‍ച്ച ചെയ്യുക, ജനങ്ങളില്‍ വിശ്വാസം പുനഃസ്ഥാപിക്കുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസവും സുഗമമാക്കുക തുടങ്ങിയവയായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍. ഡല്‍ഹിയെ അഞ്ചു മേഖലകളായി വിഭജിച്ച്, ഓരോന്നിനും ഓരോ ഭരണത്തലവനെ നിയോഗിച്ചു കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം ഫലപ്രദമായിരുന്നു.
1947 സെപ്. 7-ന് മഹാത്മാഗാന്ധി ഡല്‍ഹിയിലെത്തി. കലുഷമനസ്കരായ ഒരു വിഭാഗം ഹിന്ദുക്കളിലും മുസ്ലീങ്ങളിലും പ്രത്യാശയുടെ പ്രകാശം പരത്തുവാന്‍ അദ്ദേഹം 1948 ജനു. 13-ന് നിരാഹാരസത്യഗ്രഹമാരംഭിച്ചു. ജനു. 13-ന് വിവിധ ജാതിമതങ്ങളില്‍പ്പെട്ട നൂറു നേതാക്കള്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍, ബിര്‍ളാ മന്ദിരത്തില്‍ സത്യഗ്രഹമനുഷ്ഠിച്ചിരുന്ന ഗാന്ധിജിയെ സന്ദര്‍ശിച്ച് ഡല്‍ഹിയില്‍ സമുദായ സൗഹാര്‍ദം ഉറപ്പാക്കുമെന്ന വാഗ്ദാനം നല്‍കി. ജനു. 30-ന് സായാഹ്നത്തില്‍ ബിര്‍ളാമന്ദിറില്‍നിന്നു പ്രാര്‍ഥനയ്ക്കായി പുറത്തേക്കു വന്ന ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സേ എന്നയാള്‍ വെടിവച്ചു കൊന്നു. ഗാന്ധിജിയുടെ മൃതദേഹം രാജ്ഘട്ടില്‍ എരിഞ്ഞമരുന്നത് കരയുന്ന കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി ഹിന്ദുക്കളും മുസ്ളീങ്ങളുമടങ്ങുന്ന വലിയൊരു ജനാവലി കണ്ടുനിന്നു.
സ്വതന്ത്ര ഇന്ത്യയ്ക്ക് പുതിയൊരു ഭരണഘടനയുണ്ടായി; 1950 ജനു. 26-ന് അതു നിലവില്‍ വന്നു. ഇന്ത്യ ഒരു റിപ്പബ്ലിക്കായി. ഡല്‍ഹി കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ വന്നു. എങ്കിലും ഡല്‍ഹിയിലെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഡല്‍ഹിക്ക് ഒരു ലജിസ്ലേറ്റീവ് അസംബ്ലിയും കൗണ്‍സില്‍ ഒഫ് മിനിസ്റ്റേഴ്സും സൃഷ്ടിച്ചുകൊണ്ട് പാര്‍ലമെന്റ് വ്യവസ്ഥ ചെയ്തു. എന്നാല്‍ ഈ സംവിധാനം അധികനാള്‍ നീണ്ടുനിന്നില്ല. 1956 ന. 1-ന് വീണ്ടും ഡല്‍ഹിയെ കേന്ദ്രഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും സമ്മര്‍ദംമൂലം 1966-ല്‍ ഡല്‍ഹിക്ക് ഒരു മേട്രോപോളിറ്റണ്‍ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സംവിധാനമുണ്ടായി.
1962-ലെ ചൈനയുടെ ആക്രമണംമൂലം തലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹി, കടുത്ത രാഷ്ട്രീയ സംഘര്‍ഷത്തിനു വിധേയമായി. 1964-ലെ നെഹ്റുവിന്റെ ദേഹവിയോഗം, 1965-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം, താഷ്കെന്റ് കരാറിനെ തുടര്‍ന്നുള്ള പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ ആകസ്മികമായ മരണം, 1984-ലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം എന്നിവയൊക്കെ 20-ാം ശ.-ത്തില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ച ദുരന്തങ്ങളായിരുന്നു.
പാകിസ്താനില്‍ നിന്നു ഡല്‍ഹിയിലെത്തിയ ആയിരക്കണക്കിനു ജനങ്ങള്‍ക്ക് അധിവാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടിയിരുന്നു. അവരുടെ വാണിജ്യതാത്പര്യങ്ങള്‍ക്കും സംവിധാനമുണ്ടാക്കേണ്ടിയിരുന്നു. ഇതു ഡല്‍ഹിയുടെ ഭിന്നരൂപത്തിലുള്ള വളര്‍ച്ച അനിവാര്യമാക്കി. വളരുകയും തളരുകയും ചെയ്തിരുന്ന പോയകാല ചരിത്രത്തിലെ ഡല്‍ഹിയുടെ സ്ഥാനത്ത് വളര്‍ച്ച മാത്രം പ്രസ്പഷ്ടമാകുന്ന ഒരു ഡല്‍ഹിയെയാണ് ഇന്നു കാണാന്‍ കഴിയുന്നത്. ഡല്‍ഹി നഗരം യമുന കടന്നു വളര്‍ന്നുകൊണ്ടേയിരിക്കുന്നു; അത് ഉത്തര്‍പ്രദേശ് ഹരിയാണ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കു മെല്ലെ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു. മനോഹരമായ പാര്‍പ്പിടസമുച്ചയങ്ങള്‍ ഡല്‍ഹിക്കു ഒരു പുതിയ മുഖം നല്‍കുന്നു.
കേന്ദ്രഭരണപ്രദേശമായ (Union Territory) ഡല്‍ഹിയുടെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 1987 ഡി. 24-ന് ഒരു കമ്മിറ്റിയെ നിയോഗിച്ചു. ലെജിസ്ലേറ്റീവ് അസംബ്ലിയും അസംബ്ലിയോട് ഉത്തരവാദപ്പെട്ട ഒരു മന്ത്രിസഭയും ഡല്‍ഹിക്കുണ്ടാകണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുകയുണ്ടായി. ഡല്‍ഹിക്ക് ദേശീയ തലസ്ഥാനപ്രദേശം (National Capital Territory) എന്ന പ്രത്യേകപദവി നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് കമ്മിറ്റി കണ്ടെത്തി. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനായി ഇന്ത്യന്‍ ഭരണഘടനയ്ക്ക് 69-ാം ഭേദഗതി കൊണ്ടുവന്നു (1991). ഇതനുസരിച്ച് ദേശീയ തലസ്ഥാനപ്രദേശം (National Capital Territory) എന്നാണ് ഡല്‍ഹി ഇപ്പോള്‍ അറിയപ്പെടുന്നത്.
1991-ലെ ഭരണഘടന (69-ാം ഭേദഗതി) ആക്റ്റ്, ദേശീയ തലസ്ഥാന പ്രദേശം ആക്റ്റ് എന്നിവ പ്രകാരം ഡല്‍ഹിക്ക് ഒരു നിയമനിര്‍മാണ സഭയും മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയും പ്രാബല്യത്തില്‍വന്നു. തുടര്‍ന്ന് 1993-ല്‍ ആദ്യതെരഞ്ഞെടുപ്പ് നടന്നു. ഡല്‍ഹി നിയമസഭയില്‍ 70 അംഗങ്ങളാണുള്ളത്. ഭരണനടത്തിപ്പിനായി ലഫ്റ്റനന്റ് ഗവര്‍ണറുമുണ്ട്. 1994-ലെ മുനിസിപ്പല്‍ ആക്റ്റുപ്രകാരം കേന്ദ്രഭരണകൂടമാണ് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനെ നാമനിര്‍ദേശം ചെയ്യുന്നത്. 7 ലോക്സഭാംഗങ്ങളേയും 3 രാജ്യസഭാംഗങ്ങളേയും ഡല്‍ഹി കേന്ദ്രഭരണപ്രദേശത്തു നിന്നും തെരഞ്ഞടുക്കുന്നു.
സാംസ്കാരിക പശ്ചാത്തലം
ഹിന്ദു-മുസ്ലീം-മുഗള്‍ വാസ്തുകലയുടെ ഉത്തമമാതൃകകള്‍ ധാരാളമുള്ള നഗരമാണ് ഡല്‍ഹി. വാസ്തുവിദ്യാവിസ്മയങ്ങളില്‍ ഏറെയും പ്രകടമാകുന്നത് ഷാജഹാന്റെ നഗരമായ പഴയ ഡല്‍ഹിയിലാണ്. എ.ഡി. 1639-നും 1648-നും ഇടയില്‍ ഷാജഹാന്‍ നിര്‍മിച്ച ചുവപ്പുകോട്ടയാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുഗള്‍ വാസ്തുശില്പശൈലിയുടെ മുഗ്ധലാവണ്യം നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളാണ് ആ മണിമന്ദിരത്തിലുള്ളത്. ദിവാന്‍-ഇ-ആം എന്ന പൊതുസഭയും ദിവാന്‍-ഇ-ഖാസ് എന്ന സ്വകാര്യസഭയും അലങ്കൃതസ്തംഭങ്ങളാലും മച്ചുകളാലും ചിത്രാങ്കിതമായ ചുവരുകളാലും ആകര്‍ഷകമാണ്. 'ലോകത്തില്‍ ഒരു പറുദീസയുണ്ടെങ്കില്‍ അതിവിടമാണ്-ഇവിടെ മാത്രം' എന്നൊരു ലിഖിതം ദിവാന്‍-ഇ-ഖാസിന്റെ ചുവരിലുണ്ട്. രംഗ് മഹല്‍, പേള്‍ മോസ്ക്, മുംതാസ് മഹല്‍ എന്നീ ഭാഗങ്ങളും ചെങ്കോട്ടയിലെ വാസ്തു-ചിത്രകലാമാതൃകകള്‍ ധാരാളമായി പേറുന്നവയാണ്. ദിവാന്‍-ഇ-ഖാസിലെ മറ്റൊരു വിസ്മയമാണ് മയൂരശില്പം. രത്നവും സ്വര്‍ണവും കൊണ്ടാണ് അതു നിര്‍മിച്ചിട്ടുള്ളത്. ചെങ്കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു വിഭവമാണ്.
സ്വതന്ത്രമായി ഉയര്‍ന്നുനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശിലാസ്തംഭമാണ് കുത്തബ് മിനാര്‍. മാര്‍ബിളുകൊണ്ട് ചുവന്ന മണല്‍ക്കല്ലുകള്‍ കൊണ്ടുമാണ് ഇതു നിര്‍മിച്ചിട്ടുള്ളത്. അഞ്ചു നിലകളുള്ള ഈ സ്തംഭത്തിന് 80.75 മീ. ഉയരമുണ്ട്. മുകളില്‍നിന്നു നോക്കിയാല്‍ യമുനാനദി കാണത്തക്കവിധമാണ് ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചിട്ടുള്ളത്. കുത്ബുദ്ദീന്‍ ഐബക്ക് സ്ഥാപിച്ച ഈ ശിലാമന്ദിരത്തിനടുത്തായി അല്‍ത്താമഷ് കുടീരവും കാണാം.
ഗുപ്തസ്മാരകമായ അയഃസ്തംഭമാണ് അതിനടുത്തുള്ള മറ്റൊരു ചരിത്രസ്മാരകം. 7.66 മീ. ഉയരമുള്ള ഇതു കൂട്ടി യോജിപ്പിക്കപ്പെടാതെയാണ് നിര്‍മിച്ചിട്ടുള്ളത് എന്നത്, അതിപ്രാചീനമായ ഇന്ത്യന്‍ ലോഹശില്പകലയുടെ സവിശേഷതയെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്.
പഴയ ഡല്‍ഹിയുടെ വാസ്തുശില്പ വൈഭവങ്ങളില്‍ അധികവും ശവകുടീരങ്ങളാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹുമയൂണിന്റെ കുടീരമാണ്. റോസ് നിറത്തിലുള്ള മണല്‍ക്കല്ലും മാര്‍ബിളുംകൊണ്ടാണ് ഇതു നിര്‍മിച്ചിട്ടുള്ളത്. ലോധി കുടീരം, തുഗ്ലക്ക് കുടീരം, സഫ്ദര്‍ ജംഗ് കുടീരം തുടങ്ങിയവയാണ് കലാമേന്മയര്‍ഹിക്കുന്ന മറ്റു ശവകുടീരങ്ങള്‍.
നാലുവശത്തുനിന്നും സന്ദര്‍ശകരെ ആനയിക്കുവാന്‍ പര്യാപ്തമായ ശിലാപഥവും ഉദ്യാനവും ഹുമയൂണ്‍ കുടീരത്തിലെ ആകര്‍ഷണീയതകളാണ്. 43 മീ. ഉയരമുള്ള രമ്യമന്ദിരമാണ് ആ കുടീരം.
മഹാരാജാ ജയ്സിംഗ് സ്ഥാപിച്ച ജന്തര്‍ മന്തര്‍ എന്ന ഒബ്സര്‍വേറ്ററി ഡല്‍ഹിയിലെ ശാസ്ത്രപാരമ്പര്യത്തേയും കലാപാരമ്പര്യത്തേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു.
ചുവപ്പുകോട്ടയ്ക്കടുത്തായുള്ള ജുമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമാണ്. ഉസ്താദ് ഖലില്‍ എന്ന ശില്പി ആറുവര്‍ഷത്തെ നിരന്തര പ്രയത്നഫലമായിട്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്രി. വ. 1644-ലാണ് അതു സ്ഥാപിച്ചത്. കെയ്റോയിലെ പള്ളികളോട് കിടപിടിക്കുന്ന ഈ മുസ്ലീം ദേവാലയം ചുവന്ന മണല്‍ക്കല്ലുകൊണ്ടും മാര്‍ബിള്‍ കൊണ്ടുമാണ് നിര്‍മിച്ചിട്ടുള്ളത്. അലങ്കൃതമായ മൂന്നു പ്രധാനകവാടങ്ങള്‍ ഇതിനുണ്ട്. പ്രധാന കവാടം 450 ചതുരശ്ര അടി വിസ്താരമുള്ള ഹാളിലേക്കാണ് നയിക്കുന്നത്. മൂന്നു മിനാരങ്ങളാണ് പള്ളിക്കുള്ളത്. ഡല്‍ഹിയിലെ വാസ്തുവിദ്യാ പ്രാധാന്യമുള്ള മറ്റൊരു മുസ്ലീം ദേവാലയമാണ് ബ്ലാക് മോസ്ക്. പഠാന്‍ വാസ്തുവിദ്യയുടെ ഉത്തമമാതൃകകളിലൊന്നാണിത്.
ഇതര ആരാധനാലയങ്ങളില്‍ വാസ്തുവിദ്യാപ്രാധാന്യമുള്ളത് ജൈനക്ഷേത്രമാണ്. ജൈനകലയുടെ ചാരുത ആവാഹിച്ചിട്ടുള്ള ഒന്നാണിത്. യമുനാതീരത്തു നിലകൊള്ളുന്ന ലഡാക് ബുദ്ധവിഹാരം ബുദ്ധകലയുടെ മികച്ച ഡല്‍ഹി മാതൃകയാണ്.
ഡല്‍ഹിയുടെ തെക്കേ ഭാഗത്തുള്ള 80 ച.കി. മീ. സ്ഥലം ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തെക്കാളും ചരിത്രസ്മാരകങ്ങളാല്‍ നിബിഡമാണ്. അവയില്‍ ഏറ്റവും പഴക്കം ചെന്നത് പുരാനാകില എന്നറിയപ്പെടുന്ന പഴയ കോട്ടയാണ്. മഹാഭാരത പ്രസിദ്ധമായ ഇന്ദ്രപ്രസ്ഥ നഗരിയാണിതെന്നാണ് സങ്കല്പം.
മുഗള്‍-ഇസ്ലാം കലകളുടെയെന്നപോലെ തന്നെ മൗര്യസാമ്രാജ്യകാലത്തെ ശില്പകലയുടെ അവശിഷ്ടങ്ങളും ഡല്‍ഹി നഗരത്തില്‍ ദൃശ്യമാണ്. ഡല്‍ഹി മുതല്‍ പാറ്റ്ന വരെയുള്ള വീഥിയില്‍ അത്തരം ഒട്ടനവധി ശിലാശില്പങ്ങള്‍ കാണപ്പെടുന്നു.
ബ്രിട്ടിഷ് ഭരണകാലത്തെ സ്മരണകളുണര്‍ത്തുന്ന മന്ദിരങ്ങള്‍ ഡല്‍ഹിയിലെ പാശ്ചാത്യ-പൗരസ്ത്യ വാസ്തുശൈലിയുടെ സമന്വയത്തിനുദാഹരണമായി പറയാം. 42 മീ. ഉയരമുള്ള ഇന്ത്യാഗേറ്റ് എന്ന കമാനം, നോര്‍ത്ത്, സൗത്ത് ബ്ലാക്കുകള്‍ ഉള്‍പ്പെടുന്ന സെക്രട്ടേറിയല്‍ കോംപ്ലക്സ്, രാഷ്ട്രപതിഭവന്‍, പാര്‍ലമെന്റ് മന്ദിരം, തീന്‍മൂര്‍ത്തി ഭവന്‍, സുപ്രീം കോര്‍ട്ട് എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു. മൂന്നൂറ് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ബഹുഭവനശൃംഖലയാണ് രാഷ്ട്രപതി ഭവന്‍. മിനാരങ്ങളും സ്തംഭങ്ങളും കൊണ്ട് ഇന്ത്യന്‍ വാസ്തുവിദ്യാവിസ്മയങ്ങളില്‍ ഒന്നായി അതു പ്രാധാന്യമര്‍ഹിക്കുന്നു. വൃത്താകാരത്തിലുള്ള പാര്‍ലമെന്റ് മന്ദിരത്തിലാണ് ലോക് സഭയും രാജ്യസഭയും സമ്മേളിക്കുന്നത്. ബ്രിട്ടിഷ് കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തിഭവന്‍ സവിശേഷ വാസ്തുശൈലി ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഭവനമായിരുന്നു ഇത്. പ്രഥമ പ്രധാനമന്ത്രിയായ നെഹ്റു ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചരമാനന്തരം ഇതു നെഹ്റുസ്മാരകമായി മാറി.
ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട്, നെഹ്റുവിന്റെ സമാധിസ്ഥലമായ ശാന്തിവനം, ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലമായ വിജയ്ഘട്ട് എന്നിവയും ഡല്‍ഹിയിലെ ചരിത്രസ്മരണകള്‍ തിരികൊളുത്തി നില്‍ക്കുന്ന കലാഭംഗിയാര്‍ന്ന കുടീരങ്ങളാണ്.
ആധുനികഭാരതം ഡല്‍ഹിയില്‍ നിര്‍മിച്ചിട്ടുള്ള വാസ്തുവിദ്യാവിസ്മയങ്ങളാണ് വിജ്ഞാന്‍ഭവനും വിവിധ മന്ത്രാലയങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ബഹായിക്ഷേത്രവും. വിജ്ഞാന്‍ഭവന്‍, ബൗദ്ധകാലശില്പശൈലി സ്വീകരിച്ചുകൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ബഹായിക്ഷേത്രം വിടര്‍ന്ന വെണ്‍താമരയുടെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള മന്ദിരമാണ്. 1938-ല്‍ ബിര്‍ള സ്ഥാപിച്ച ബിര്‍ളാ മന്ദിര്‍ അഥവാ ലക്ഷ്മീനാരായണക്ഷേത്രവും ഡല്‍ഹിയിലെ വാസ്തുശില്പകലാ പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിര്‍മിതിതന്നെയാണ്.
വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളുടെ നഗരമാണ് ഡല്‍ഹി. സ്വാതന്ത്ര്യദിനാഘോഷവും റിപ്പബ്ലിക്ക് ദിനാഘോഷവുമാണ് അവയില്‍ മുഖ്യം. ഡല്‍ഹി റോഡ് ഷോ, ഡല്‍ഹി ഫ്ളവര്‍ ഷോ, ഹോഴ്സ് ഷോ എന്നിവ ഡല്‍ഹിയിലെ പ്രധാനപ്പെട്ട മേളകളാണ്. ഹസറത്ത് നിസാമുദ്ദീന്‍ കുടീരത്തിലെ ഉറുസ്സ് മഹോത്സവം ആണ് പ്രാദേശികോത്സവത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. പുഷ്പവ്യാപാരികളുടെ മേളയായ 'ഫൂല്‍ വാലോം കി സെയ് ര്‍' ഡല്‍ഹിയിലെ സവിശേഷമായ ഒരു മേളയാണ്.
സ്വര്‍ണം, ദന്തം, വെള്ളി എന്നിവ കൊണ്ടുള്ള കരകൗശല രംഗത്ത് ഡല്‍ഹിയുടെ സ്ഥാനം വളരെ മികച്ചതാണ്. ഡല്‍ഹിയിലെ ആഭരണനിര്‍മാണകല വിശ്വപ്രസിദ്ധമാണ്. ഇന്ത്യയിലെ കരകൗശല ഉത്പന്നങ്ങള്‍ മിക്കവയും ഡല്‍ഹിയിലെ ചാന്ദ്നിചൗക്കില്‍ ലഭ്യമാണ്.
നഗരസംവിധാനം കലാപരമായി നിര്‍വഹിച്ചിട്ടുള്ള മഹാനഗരമാണ് ആധുനിക ഡല്‍ഹി. 'ജ്യോമട്രിക് എയ്സ്തെറ്റിസം' പരിപാലിച്ചിട്ടുള്ള അപൂര്‍വ നഗരങ്ങളില്‍ ഒന്നായിട്ടാണ് ഡല്‍ഹിയെ പരിഗണിച്ചിട്ടുള്ളത്.
ഇന്ത്യന്‍ കായികരംഗത്ത് ഡല്‍ഹിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഏഷ്യന്‍ ഗെയിംസ് എന്ന കായികമേളയുടെ ഈറ്റില്ലമാണ് ഡല്‍ഹി. 1947-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സാണ് അത്തരമൊരു മേള നടത്തുവാനുള്ള പ്രഥമതീരുമാനമെടുത്തത്. 1949-ല്‍ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപവത്കരിച്ചു. 1951-ല്‍ പ്രഥമ ഏഷ്യന്‍ ഗെയിംസ് ഡല്‍ഹിയില്‍ നടന്നു. തുടര്‍ന്ന് ഡല്‍ഹി ഏഷ്യാഡിന് ആതിഥ്യമരുളിയത് 1982-ലാണ്. അതോടെ ഇന്ത്യന്‍ തലസ്ഥാന നഗരം ഒളിമ്പിക്സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായ സ്റ്റേഡിയങ്ങള്‍ ഉള്ള അപൂര്‍വം നഗരങ്ങളിലൊന്നായി മാറി. 82-ലെ ഏഷ്യാഡ് ഡല്‍ഹിക്കു സമ്മാനിച്ച സ്റ്റേഡിയസമുച്ചയമാണ് 'ഏഷ്യാഡ് ഗെയിംസ് വില്ലേജ് കോംപ്ളക്സ്'. ഡല്‍ഹിയിലെ മറ്റൊരു സുപ്രധാന സ്റ്റേഡിയമാണ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം.
പാര്‍ക്കുകളുടെയും ഉദ്യാനങ്ങളുടെയും നഗരമാണ് ഡല്‍ഹി. രാഷ്ട്രപതി ഭവനോടു ചേര്‍ന്നുള്ള പൂന്തോട്ടം മുഗള്‍ശൈലിയിലാണ് ഒരുക്കിയിട്ടുള്ളത്. ബുദ്ധജയന്തി പാര്‍ക്ക്, ലോധി ഗാര്‍ഡന്‍, നാഷണല്‍ റോസ് ഗാര്‍ഡന്‍, റൊഡേരിയം, റോഷനാരാ ഗാര്‍ഡന്‍, തല്‍ക്കത്തോറ ഗാര്‍ഡന്‍, യമുനാ വാട്ടര്‍ ഫ്ര് എന്നിവ ഡല്‍ഹിയെ പൂങ്കാവനങ്ങളുടെ നഗരമാക്കി മാറ്റുന്നു.
മ്യൂസിയങ്ങളുടെയും ആര്‍ട് ഗ്യാലറികളുടെയും വന്‍നിരതന്നെ ഡല്‍ഹിയിലുണ്ട്. അവയില്‍, ഏറ്റവും പ്രധാനം നാഷണല്‍ മ്യൂസിയം ഒഫ് ഇന്ത്യയാണ്. ഇന്ത്യയിലേയും ഇതര ഏഷ്യന്‍ രാജ്യങ്ങളിലേയും കലാവസ്തുക്കള്‍ കൊണ്ട് ആകര്‍ഷകമാണിവിടം. ശില്പങ്ങള്‍, മുഗള്‍-രജ്പുട്ട്-ഡെക്കാനി-പഹാഡി ശൈലിയിലുള്ള ചിത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍, ബുദ്ധവിഹാരാവശിഷ്ടങ്ങള്‍, പുരാതന ലിഖിതങ്ങള്‍, പരമ്പരാഗത ചുവരലങ്കാരങ്ങള്‍, ആയുധങ്ങള്‍, കൈത്തറി-കരകൗശല ഉത്പന്നങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ വന്‍ശേഖരം തന്നെ ഇവിടെയുണ്ട്. സിന്ധുനദീതട സംസ്കാരം മുതല്‍ക്കുള്ള പുരാവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയിലെ ഇതര മ്യൂസിയങ്ങളില്‍ പ്രധാനപ്പെട്ടവ നാഷണല്‍ മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട്, ഗാന്ധി മ്യൂസിയം, നെഹ്റു മ്യൂസിയം, ഇന്ദിരാഗാന്ധി മ്യൂസിയം, എയര്‍ഫോഴ്സ് മ്യൂസിയം, റെയില്‍ ട്രാന്‍സ്പോര്‍ട്ട് മ്യൂസിയം, ശങ്കേഴ്സ് ഡോള്‍ മ്യൂസിയം, ക്രാഫ്റ്റ് മ്യൂസിയം, മ്യൂസിയം ഒഫ് നാഷണല്‍ ഹിസ്റ്ററി, നാഷണല്‍ ഫിലാറ്റലിക് മ്യൂസിയം, ടിബറ്റ് ഹൗസ്, നാഷണല്‍ ആര്‍ട്ട് ഗ്യാലറി, ലളിതകലാ അക്കാദമി ഗ്യാലറി എന്നിവയാണ്.
കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍ക്കുള്ളതുപോലെ ചലച്ചിത്രചരിത്രവുമായി ബന്ധപ്പെട്ട പ്രാധാന്യം ഡല്‍ഹിക്കില്ല. എങ്കിലും, ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയ്ക്ക് ആതിഥ്യമരുളുന്നത് ഡല്‍ഹിയാണ്. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ആഡിറ്റോറിയത്തിലെ തിയെറ്റര്‍ കോംപ്ളക്സാണ് അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ആസ്ഥാനം.
ഇന്ത്യയിലേക്കു ഹിന്ദുസ്ഥാനി സംഗീതം എത്തിക്കുന്നതിനു കാരണമായത് ഡല്‍ഹി സുല്‍ത്താന്മാരാണ്. ഭക്തി-സൂഫി പ്രസ്ഥാനങ്ങളെ സമന്വയിപ്പിച്ച് ഗാനങ്ങളെഴുതിയ അമീര്‍ ഖുസ്രോ ഡല്‍ഹി സുല്‍ത്താന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് തന്റെ സാഹിത്യ-സംഗീതസേവനങ്ങള്‍ നിര്‍വഹിച്ചത്. വായ്മൊഴിയിലൂടെ പ്രചരിച്ചവയാണ് അദ്ദേഹത്തിന്റെ കാവ്യങ്ങളേറെയും. അത് ഇന്ത്യന്‍ ഗാനശാഖയ്ക്കു നല്‍കിയ സംഭാവന ചെറുതല്ല. അമീര്‍ ഖുസ്രോയും അദ്ദേഹത്തിന്റെ സുഹൃത്തായ സെയ്ന്റ് നിസാമുദ്ദീനും ചേര്‍ന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തെ യാഥാസ്ഥിതിക സങ്കല്പങ്ങളില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയത്. തബല, സിത്താര്‍ എന്നീ സംഗീതോപകരണങ്ങളുടെ ആവിര്‍ഭാവത്തിനു കാരണം അമീര്‍ ഖുസ്രോ ആണെന്ന വിശ്വാസം സംഗീതലോകത്ത് പ്രബലമാണ്. നൗസാത്ഖാന സംഗീതസഭ ഡല്‍ഹിയിലെ സുപ്രധാന സംഗീതവേദികളിലൊന്നാണ്.
15-ാം ശ. -ത്തോടെ ഡല്‍ഹിയില്‍ നിലവില്‍ വന്ന ചിത്രാങ്കിത കത്തെഴുത്തു രീതി ഇന്ത്യന്‍ രേഖാചിത്രകലയ്ക്ക് വലിയ സംഭാവനയാണു നല്‍കിയത്. ഡല്‍ഹി സുല്‍ത്താന്മാരുടെ സദസ്സിലെ ചിത്രകാരന്മാരിലൂടെയാണ് മുഗള്‍ ചുമര്‍ ചിത്രകല വളര്‍ന്നു തുടങ്ങിയത്. ഇന്ത്യന്‍ ചിത്രകലയിലെ സമ്പന്നമായ മുഗള്‍ശൈലി ഇന്നും വളരെ പ്രാഭവത്തോടെ തന്നെ നിലകൊള്ളുന്നു. മുഗളന്മാരുടെ ചുമര്‍ചിത്രരചനാശൈലിയും പ്രാധാന്യമര്‍ഹിക്കുന്നതുതന്നെ. 19-ാം ശ. -ത്തോടെ യൂറോപ്യന്‍ ശൈലി ഇന്ത്യയിലേക്കു പ്രചരിക്കുന്നതിനും ഡല്‍ഹിക്കുണ്ടായിരുന്ന പങ്ക് കുറച്ചല്ല.
ഇന്ത്യയിലെ ഒട്ടുമിക്ക നാടോടി നൃത്തങ്ങള്‍ക്കും പരമ്പരാഗത കലാരൂപങ്ങള്‍ക്കും ഡല്‍ഹി വേദിയാകാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ഒരു മാസം നീണ്ടു നില്‍ക്കുന്ന കലോത്സവമാണ് അതിന് അവസരമൊരുക്കുന്നത്. ഹാബിയാറ്റ് വേള്‍ഡ്, ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍, കമനി ആഡിറ്റോറിയം, ചേംബര്‍ തിയെറ്റര്‍ എന്നിവ ഡല്‍ഹിയിലെ നൃത്തനാടകവിരുന്നുകള്‍ അരങ്ങേറുന്ന രംഗവേദികളാണ്. നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയിലൂടെ ആധുനിക ഭാരതീയ നാടകരംഗത്ത് ഒരു ഡല്‍ഹിശൈലി തന്നെ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ അവലോകനം നടത്തുമ്പോള്‍ ഡല്‍ഹിയുടെ സാംസ്കാരിക പശ്ചാത്തലം വര്‍ണോജ്വലമാണെന്നു കാണുവാന്‍ സാധിക്കും.
(ഡോ. കെ. കെ. കുസുമന്‍, സ. പ.)