This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡര്‍ബന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡര്‍ബന്‍
Durban
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന തുറമുഖ നഗരം. മുന്‍ നേറ്റാള്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഡര്‍ബന്‍ ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇപ്പോഴത്തെ ക്വാസുലു-നേറ്റാള്‍ (Kwazulu-Natal) പ്രവിശ്യയുടെ ഭാഗമായ ഡര്‍ബന്‍ ഉംഗെനി (Umgeni) നദിക്കു തെ. നേറ്റാള്‍ ഉള്‍ക്കടലിന്റെ ഉത്തര തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ സമുദ്ര തീരത്തിലെ ഒരു പ്രധാന ശൈത്യകാല വിശ്രമ സങ്കേതമാണ് ഡര്‍ബന്‍. ജനസംഖ്യ: 2554400 (99 est)
ഡര്‍ബന്‍ തുറമുഖത്തില്‍ മെച്ചപ്പെട്ട ഡോക്ക് സൗകര്യങ്ങള്‍ ലഭ്യമാണ്. ഒരു പ്രധാന ചരക്കുവിനിമയ തുറമുഖം എന്ന നിലയില്‍ വളര്‍ന്ന ഡര്‍ബന്‍ രാജ്യത്തിന്റെ സമ്പന്നവും വികസിതവുമായ കിഴക്കന്‍ ഭൂപ്രദേശത്തിന്റെ കവാടമായാണ് വര്‍ത്തിക്കുന്നത്. കല്‍ക്കരി, മാങ്ഗനീസ്, കമ്പിളി, മൃഗചര്‍മം, ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവ പ്രധാന കയറ്റുമതി വിഭവങ്ങളാകുന്നു.
240 ച. കി. മീ. -റിലധികം വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന നഗരത്തില്‍ 120-150 മീ. ഉയരമുള്ള ബറിയ മലനിരകള്‍ കാണാം. നഗര കേന്ദ്രത്തെ ചുറ്റിവളഞ്ഞുപോകുന്ന ഈ കുന്നുകളിലാണ് ജനങ്ങളധികവും നിവസിക്കുന്നത്. തുറമുഖത്തിന്റെ വടക്കന്‍ മേഖല ഒരു വാണിജ്യകേന്ദ്രമാണ്. വൈവിധ്യമാര്‍ന്ന വര്‍ണപുഷ്പസസ്യങ്ങള്‍ ഈ നഗരത്തിന്റെ പ്രത്യേകതയാകുന്നു. നേറ്റാള്‍ സെറ്റ്ലേഴ്സ് ഓള്‍ഡ് ഹൗസ് മ്യൂസിയം (Natal settler's old House Museum), പഴയകോട്ട (1842), വാറിയേഴ്സ് ഗേറ്റ് മുതലായവയാണ് നഗരത്തിലെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങള്‍. നേറ്റാള്‍ സര്‍വകലാശാലയുടെ ഒരു കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരജനസംഖ്യയുടെ പകുതിയോളം ഏഷ്യന്‍ വംശജരെ പ്രതിനിധീകരിക്കുന്നു. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരാണ് ഇവരില്‍ ഭൂരിഭാഗവും. നഗരത്തിലൂടനീളം നിരവധി ഹിന്ദു ക്ഷേത്രങ്ങളും, മുസ്ലീം പള്ളികളും കാണാം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ളതും വലുപ്പമേറിയതുമായ അലയന്‍ ക്ഷേത്രവും (Alayen Temple) ദക്ഷിണാര്‍ധഗോളത്തിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയമായ ജുമാ മോസ്കും ഡര്‍ബനിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം യൂറോപ്യരും 15. ശ. മാ. ആഫ്രിക്കന്‍ വംശജരുമാകുന്നു. സുളുഭാഷ സംസാരിക്കുന്നവരാണ് ആഫ്രിക്കന്‍ വംശജരിലെ ഭൂരിപക്ഷം പേരും. ഡര്‍ബനില്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയനുഭവപ്പെടുന്നു. ഇവിടത്തെ മനോഹരമായ കടല്‍ത്തീരവും മറ്റു കായിക വിനോദ സൗകര്യങ്ങളും നഗരത്തെ ദക്ഷിണാഫ്രിക്കയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. മേയ് മുതല്‍ ആഗ. വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലം അതീവഹൃദ്യമാണ്. ശ. ശ. താപനില 15°C അനുഭവപ്പെടുന്ന ഈ കാലയളവിലെ കാലാവസ്ഥ ഉന്മേഷപ്രദമാണ്. വേനല്‍ക്കാലത്ത് ഉഷ്ണമേഖലാ കാലാവസ്ഥയോട് സാമ്യമുള്ള കാലാവസ്ഥയാണനുഭവപ്പെടുന്നതെങ്കിലും ചൂട് ഒരിക്കലും അസഹനീയമാകാറില്ല. കൂടുതല്‍ മഴ ലഭിക്കുന്നതും വേനല്‍ക്കാലത്തു തന്നെ.
ക്വാസുലു-നേറ്റാള്‍ പ്രവിശ്യയിലെ പ്രധാന കരിമ്പുത്പാദന- സംസ്കരണ കേന്ദ്രമാണ് ഡര്‍ബന്‍. സോപ്പ്, പെയിന്റ്, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവയാണ് പ്രധാന വ്യാസായികോത്പന്നങ്ങള്‍. ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഡര്‍ബനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1824-ല്‍ ലെഫ്. ഫ്രാന്‍സിസ് ഫെയര്‍വെലിന്റെ (Lt.Francis Farewell) നേത്യത്വത്തിലുള്ള 25 അംഗസംഘം ഇവിടെ താവളമുറപ്പിച്ചതോടെയാണ് ഡര്‍ബന്‍ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് പോര്‍ട്ട് നേറ്റാള്‍ എന്നായിരുന്നു നഗരത്തിന്റെ പേര്. 1835-ല്‍ ഈ പ്രദേശം ഡര്‍ബന്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. 1866-ല്‍ ഇവിടെ സ്വര്‍ണ നിക്ഷേപം കണ്ടെത്തുന്നതുവരെ നഗര വികസനം മന്ദഗതിയിലായിരുന്നു. 1884-86 -ലെ നേറ്റാള്‍ സ്വര്‍ണ വേട്ട ഈ നഗരത്തിന്റെ സമ്പല്‍ സമൃദ്ധിക്ക് ആക്കം കൂട്ടി. 1895-ല്‍ ഡര്‍ബനെയും, ജൊഹാനസ്ബര്‍ഗിനെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയുടെ നിര്‍മാണം നഗരത്തിന്റേയും തുറമുഖത്തിന്റേയും ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 2001 ആഗ. -31 മുതല്‍ സെപ്. 8-വരെ നടന്ന പ്രഥമ ലോകവംശീയതാവിവേചന വിരുദ്ധ സമ്മേളനത്തിന്റെ വേദിയായിരുന്നു ഡര്‍ബന്‍.