This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോജനസ് ലേര്‍റ്റിയൂസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയോജനസ് ലേര്‍റ്റിയൂസ്

Diogenes Laertius

മൂന്നാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകന്‍. ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ ജീവചരിത്രങ്ങളും വീക്ഷണങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കുക വഴി ഇദ്ദേഹം പ്രശസ്തനായിത്തീര്‍ന്നു. തത്ത്വചിന്തകന്മാരുടെ ജീവിതം (The lives of philosophers), തത്ത്വശാസ്ത്രചരിത്രം (History of philiosophy), വിഖ്യാത തത്ത്വചിന്തകന്മാരുടെ ജീവിതങ്ങളും അഭിപ്രായങ്ങളും (Lives and opinions of Famous Philosophers) എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ ഗ്രന്ഥം ആരംഭിക്കുന്നത് പ്രാകൃതഗ്രീക്ക് ചിന്തകന്മാരുടെ സിദ്ധാന്തങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ്. തുടര്‍ന്ന് ഗ്രീസിലെ ആദ്യകാലസന്ന്യാസിമാരെക്കുറിച്ചുള്ള കുറിപ്പുകളാണ്. പ്ലേറ്റോയുടെ ചിന്തകളില്‍ തത്പരയായ ഒരു വനിതയ്ക്ക് വേണ്ടിയാണ് ഡയോജനസ് ഗ്രന്ഥരചന നിര്‍വഹിച്ചതെന്നു ചില സൂചനകള്‍ ഉണ്ട്. ഇദ്ദേഹം സ്വന്തമായി ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചെങ്കിലും അത് വേത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പ്രയത്നശീലനും ജിജ്ഞാസുവുമായ ഡയോജനസ് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പരിശോധിച്ചാണ് തത്ത്വചിന്തകന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ വസ്തുതകള്‍ ക്രമീകരിച്ചു കൂട്ടിച്ചേര്‍ക്കുന്നതില്‍ ചില പാകപ്പിഴകള്‍ ഇദ്ദേഹത്തിനു പറ്റിയതായി കാണാം. ഉദാഹരണമായി, പ്ലേറ്റോയുടെ വിദ്യാഭ്യാസത്തെ വിശദീകരിക്കുമ്പോള്‍ അപ്രസക്തമായ ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുക വഴി ആഖ്യാനത്തിന്റെ ഒഴുക്കിന് തടസ്സം വരുത്തിയിട്ടുണ്ട്. ഗ്രന്ഥത്തിന്റെ ഒമ്പതാം ഭാഗത്തില്‍ സെനൊഫോണിനെ (Xenophon) ക്കുറിച്ചു വിശദീകരിക്കുമ്പോള്‍ സെനോഫേന്‍സിനെ (Xenophanes) ക്കുറിച്ചുള്ള കുറിപ്പ് തെറ്റായി ചേര്‍ക്കുകയും ചെയ്തു. ഡയോജനസിന്റെ ഗ്രന്ഥം ഉദ്ധരണികളാല്‍ സമ്പന്നമാണ്. ഏകദേശം ഇരുനൂറ് എഴുത്തുകാരുടെ മുന്നൂറോളം കൃതികളില്‍ നിന്നാണ് താന്‍ വസ്തുതകള്‍ ശേഖരിച്ചിട്ടുള്ളതെന്നു ഡയോജനസ് പ്രസ്താവിക്കുന്നു. ഈ ഗ്രന്ഥകര്‍ത്താക്കളുടെ പേരു വിവരവും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍