This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോജനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയോജനസ്

Diogenes

ബി. സി. 4-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു യവന ചിന്തകന്‍. സ്വന്തം നഗരത്തില്‍ നിന്ന് നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് ഏഥന്‍സില്‍ എത്തിയ ഇദ്ദേഹം ആന്റിസ്തെനിസിന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി. ദോഷദര്‍ശനസ്വഭാവത്തിന്റെ പ്രതീകമായ ഇദ്ദേഹത്തെ 'ചിത്തഭ്രമം ബാധിച്ച സോക്രട്ടീസ് ' എന്ന് പ്ലേറ്റോ വിശേഷിപ്പിച്ചിരുന്നു.

ഡയോജനസിന്റെ വ്യക്തിത്വത്തെക്കുറിച്ചു രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. നിലവിലിരുന്ന സാമൂഹിക ജീവിത വ്യവസ്ഥിതിയെ അധിക്ഷേപിച്ചു കൊണ്ടു ഒരു ഭ്രാന്തനെപ്പോലെ ഏഥന്‍സിലും കൊരിന്തിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയായിട്ടാണ് ഉപാഖ്യാനങ്ങള്‍ ഇദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ സാമൂഹിക അനീതികള്‍ക്കെതിരേ ശക്തമായി പോരാടിയ ഒരു ചിന്തകന്‍ എന്നാണ് ഇദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്.

പരസ്പര വിദ്വേഷവും അഴിമതിയും നിറഞ്ഞ ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ചാണ് ഡയോജനസ് ഉദ്ബോധിപ്പിച്ചത്. ആത്മസാക്ഷാത്കാരവും ആത്മനിയന്ത്രണവുമാണ് ഇതിനുള്ള ഉപാധികള്‍. ജീവിതം നിലനിര്‍ത്തുന്നതിന് അവശ്യം വേണ്ടതു മാത്രമേ ഒരാള്‍ ആഗ്രഹിക്കാവൂ. മറ്റെല്ലാ ആഗ്രഹങ്ങളെയും ത്യജിക്കുന്നതിലൂടെ ആത്മീയസ്വാതന്ത്ര്യം നേടാം. ഇതുവഴി ആത്മനിയന്ത്രണവും ആത്മസാക്ഷാത്കാരവും സ്വായത്തമാവും. തന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നതിനു വേണ്ടി ശാരീരികവും മാനസികവുമായ കടുത്ത പീഡകള്‍ ഇദ്ദേഹം സഹിച്ചിരുന്നു.

വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ക്കാണ് ഡയോജനസ് പ്രാധാന്യം നല്‍കിയത്. സിദ്ധാന്തങ്ങളിലല്ല, പ്രവൃത്തികളിലാണ് നന്മ സ്ഥിതിചെയ്യുന്നതെന്ന് ഇദ്ദേഹം വിശ്വസിച്ചു, പ്രചരിപ്പിച്ചു. ഈ ആശയങ്ങളെ സാധൂകരിക്കുന്നതിനായി ശൈത്യകാലത്ത് ഇദ്ദേഹം പ്രതിമകളെ ആലിംഗനം ചെയ്യുകയും പകല്‍ സമയത്തു വിളക്കു കത്തിച്ചു പിടിച്ച് തെരുവീഥികളിലൂടെ മനുഷ്യനെ 'തിരഞ്ഞുനടക്കുകയും' ചെയ്തിരുന്നു. അലക്സാണ്ടര്‍ തുടങ്ങിയ ഉന്നതവ്യക്തികളുടെ ചെയ്തികളെയും ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

മനുഷ്യന്റെ ശോചനീയാവസ്ഥയെ ചിത്രീകരിക്കുന്ന ദു:ഖപര്യവസായികളായ നാടകങ്ങള്‍ ഡയോജനസ് രചിച്ചിട്ടുണ്ട്. യാഥാസ്ഥിതികമാമൂലുകളെ വിമര്‍ശിക്കുന്ന റിപ്പബ്ലിക് ആണ് ഏറ്റവും പ്രധാനകൃതി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍