This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയോക്സിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയോക്സിന്‍
Dioxin
ക്ലോറിന്‍ അടങ്ങുന്ന ഒരു വിഭാഗം ഹൈഡ്രോകാര്‍ബണുകള്‍. പോളിക്ലോറിനേറ്റഡ് ഡൈ ബെന്‍സോ പാരാ ഡയോക്സിനുകളുടെ കുടുംബത്തിലെ എല്ലാ സംയുക്തങ്ങളെയും ഡയോക്സിനുകള്‍ എന്നാണ് പറയുന്നത്. 2,4,5,ടി (2,4,5,trichlorophenoxy acetic acid) എന്ന കീടനാശിനിയുടെ ഉപോത്പന്നമായ ടിസിഡിഡി (2,3,7,8, ടെട്രാക്ളോറോ ഡൈബെന്‍സോ പാരാ ഡയോക്സിന്‍) എന്ന വിഷവസ്തുവാണ് ഏറ്റവും പ്രധാന ഡയോക്സിന്‍. തടിയും കടലാസും സംരക്ഷിക്കാനുപയോഗിക്കുന്ന ക്ലോറിനേറ്റഡ് ഫിനോളുകളില്‍ ഒരു മാലിന്യമായി ടിസിഡിഡി ഉള്‍കൊണ്ടിരിക്കും. ഹെക്സാക്ലോറോഫിന്‍, ഫ്ലൈആഷ് എന്നീ ബാക്ടീരിയാനാശിനികളിലും ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്.
ഡയോക്സിനുകളുടെ രാസ-വിഷസ്വഭാവങ്ങള്‍ ക്ലോറിനേറ്റഡ് ഡൈബെന്‍സോ ഫുറാനുകള്‍ക്കും പോളിക്ലോറിനേറ്റഡ് ബൈ ഫിനൈലുകള്‍ക്കും സമാനമാണ്. പോളിക്ലോറിനേറ്റഡ് ബെന്‍സീനുകളുള്ള ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ തീപിടിക്കാനിടവന്നാല്‍ ഫുറാനുകളും ഡയോക്സിന്‍ ഐസോമറുകളും പുറത്തേക്ക് വമിക്കുന്നു.
മരങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇല പൊഴിക്കുവാനായി വിയറ്റ്നാം യുദ്ധകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഏജന്റ് ഓറഞ്ച് (2, 4, ഡി യുടെയും 2, 4, 5, ടി യുടെയും മിശ്രിതം) എന്ന രാസവസ്തുവില്‍ വളരെ നേരിയ അളവില്‍ (പിപിഎം) 2,3,7,8 ടിസിഡിഡിയുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഡയോക്സിന്‍ ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആശങ്ക പരന്നത്. ഡയോക്സിന്‍ ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുഖത്ത്, പ്രത്യേകിച്ച് കവിളുകളിലും, മൂക്കിലും പഴുത്ത കുരുക്കള്‍ ഉണ്ടാക്കുന്ന 'ക്ളോറാക്നീ' (Cholracne) ഇതില്‍ പ്രധാനമാണ്. രോഗാവസ്ഥ കഠിനമാകുമ്പോള്‍ കഴുത്തിലും ചെവിയുടെ പുറകിലും നെഞ്ചിലും മറ്റും വ്രണങ്ങളുണ്ടാവുന്നു. ഈ രോഗം വളരെ സാവധാനത്തില്‍ മാത്രമേ ഭേദപ്പെടാറുള്ളൂ; ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരാറുണ്ട്. വാതം, ഞരമ്പുകള്‍ക്ക് വേദന, ഉറക്കക്കുറവ് മറ്റു ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയും ഡയോക്സിന്‍ സമ്പര്‍ക്കം മൂലം ഉണ്ടാവാറുണ്ട്. ഇത് കൊഴുപ്പില്‍ ലയിക്കുന്നതിനാല്‍ വളരെക്കാലം അഡിപോസ്കലകളില്‍ അടിഞ്ഞുകൂടാനിടയുണ്ട്. കരള്‍ രോഗങ്ങളും കൊഴുപ്പ് ഉപാപചയത്തകരാറും ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.