This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറിഫാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയറിഫാം

Dairy Farm

വന്‍തോതിലുള്ള ക്ഷീരോത്പാദനം പ്രധാന ലക്ഷ്യമാക്കി കന്നുകാലികളെ പറ്റങ്ങളായി വളര്‍ത്തുന്ന സ്ഥലം. മുന്‍കാലങ്ങളില്‍ ഇത് ഗോശാല എന്നാണ് അറിയപ്പെട്ടിരുന്നത്.

പാല്‍, പാല്‍പ്പാട മുതലായവ സൂക്ഷിക്കുകയും വെണ്ണയും മറ്റു ക്ഷീരോത്പന്നങ്ങളും നിര്‍മിക്കുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഡയറി എന്ന പേരു കൊണ്ട് വിവക്ഷിക്കുന്നത്. ക്ഷീരോത്പാദനശാല എന്നോ ക്ഷീരോത്പന്നങ്ങള്‍ വിപണനം നടത്തുന്ന സ്ഥലം എന്നോ ഇതിനെ നിര്‍വചിക്കാം.

കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അധികവും ചെറുകിട കര്‍ഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കര്‍ഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളര്‍ത്തി അതില്‍ നിന്നും, മറ്റു ചെറിയ തൊഴിലുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഒരു മുഴുവന്‍ സമയ സംരംഭം എന്ന നിലയില്‍ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ നടത്തിക്കൊണ്ടു പോകുവാന്‍ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേ തീറ്റപ്പുല്ല് കൃഷി ചെയ്യുവാന്‍ കുറഞ്ഞത് ഒരു ഹെക്ടര്‍ സ്ഥലവും ആവശ്യമാണ്.

മാട്ടുപ്പെട്ടി ഡയറിഫാം

ഒരു ഡയറി ഫാം തുടങ്ങുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഫാം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, പശുക്കളുടെ ലഭ്യത, അവയുടെ സംരക്ഷണ രീതികള്‍ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. നഗരപ്രദേശത്ത് ഡയറി ഫാം തുടങ്ങുകയാണെങ്കില്‍ പാലിന് ആവശ്യക്കാര്‍ കൂടുതലുണ്ടാകും. പക്ഷേ അവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കൂടുതലായിരിക്കും. മാത്രവുമല്ല, ഫാമിലേക്കാവശ്യമായ പുല്ല് കൃഷിചെയ്യാനുള്ള സ്ഥലം പരിമിതവുമായിരിക്കും. ഗ്രാമപ്രദേശത്താണ് ഫാം തുടങ്ങുന്നതെങ്കില്‍ പാല്‍ വിറ്റഴിക്കാന്‍ നഗര പ്രദേശങ്ങളെ ആശ്രയിക്കേതായിവരും. ഇവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. പുല്‍കൃഷിക്ക് ആവശ്യമായ സ്ഥലവും ഗ്രാമപ്രദേശങ്ങളില്‍ സുലഭമാണ്. ഒരു ഡയറിഫാം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണനയിലെടുക്കേതുണ്ട്.

ഡയറി ഫാം തുടങ്ങുന്നതിന് തിരഞ്ഞെടുക്കുന്ന പ്രദേശം ഉയര്‍ന്നതും വെള്ളംകെട്ടിനില്‍ക്കാത്തതുംജലസേചനസൗകര്യങ്ങളുള്ളതുമായിരിക്കണം. ഭാവിയില്‍ ആവശ്യമെങ്കില്‍ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഫാമിന് ആവശ്യമായ കെട്ടിടങ്ങള്‍ ഉയര്‍ന്ന പ്രദേശത്ത് പണിയിച്ചാല്‍ തൊഴുത്തിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും. അതിലുമുപരി, പശുക്കളുടെ മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും മറ്റും പുല്‍ക്കൃഷിക്കാവശ്യമായ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കെട്ടിടങ്ങളും തൊഴുത്തും പണിയേത്. മാത്രമല്ല ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. പശുക്കള്‍ക്ക് കുടിക്കാവാനുള്ള വെള്ളം എപ്പോഴും ലഭ്യമായിരിക്കണം. ചാണകക്കുഴിയും, മൂത്രം ശേഖരിക്കുന്ന കുഴിയും തൊഴുത്തില്‍ നിന്നും ഒരല്പം ദൂരെയായിരിക്കുന്നത് നന്നായിരിക്കും. ചാണകവും മറ്റു പാഴ്വസ്തുക്കളും യഥാസമയം തൊഴുത്തില്‍ നിന്നും മാറ്റേതാണ്. കറവ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവ മാറ്റി തൊഴുത്ത് വൃത്തിയായി വയ്ക്കുകയും വേണം. അല്ലെങ്കില്‍ അവ കെട്ടിക്കിടന്ന് പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചാണകം വളമായും ബയോഗ്യാസ് ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം.

ഒരു പ്രത്യേക പ്രദേശത്തു ഡയറി ഫാം തുടങ്ങുമ്പോള്‍ അവിടെ വിറ്റഴിക്കാന്‍ സാധ്യതയുള്ള പാലിന്റെ അളവനുസരിച്ച് പശുക്കളുടെ എണ്ണം നിശ്ചയിക്കണം. ആവശ്യമായി വരുന്ന പാലിന്റെ അളവിനേക്കാള്‍ 20-25% കൂടുതല്‍ കണക്കാക്കി പശുക്കളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. കറവ വറ്റുന്ന പശുക്കളെയും കൂടി കണക്കിലെടുത്താണ് ഇപ്രകാരം ചെയ്യുന്നത്.

കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കില്‍ 5:1 എന്ന ക്രമത്തിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാല്‍ വിപണനം മാത്രമാണ് ലക്ഷ്യമെങ്കില്‍ 10 ലിറ്ററില്‍ കൂടുതല്‍ പാല്‍ നല്‍കുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.

പ്രധാനമായും പാല്‍ വില്‍പ്പനയിലൂടെയാണ് ഡയറി ഫാമില്‍ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വില്‍പന നടത്തിയും വരുമാനമുണ്ടാക്കാം. പുല്‍ക്കൃഷിക്കായി മുഴുവന്‍ ചാണകവും ഉപയോഗിക്കുന്നില്ലെങ്കില്‍ അതും ഒരു വരുമാനമാര്‍ഗമായിരിക്കും. ഒരു ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേതുണ്ട്.

1. ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.

2. വര്‍ധിച്ച ഉത്പാദന ശേഷിയുള്ള കന്നുകാലികളെ തിരഞ്ഞെടുക്കണം.

3. കന്നുകാലികള്‍ക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.

4. ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.

5. ശരിയായ തീറ്റക്രമം പാലിക്കണം.

6. ശാസ്ത്രീയമായ പ്രജനന പരിപാടികള്‍ പ്രയോജനപ്പെടുത്തണം.

7. കൃത്യമായ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

8. അത്യാവശ്യ സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ സൗകര്യമുണ്ടായിരിക്കണം.

കേരളത്തില്‍ സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചല്‍, കുരിയോട്ടുമല എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.സമീപവാസികള്‍ക്ക് ഗുണമേന്മയുള്ള പാല്‍, കര്‍ഷകര്‍ക്ക് നല്ല സങ്കരയിനം കന്നുകുട്ടികള്‍, പുല്‍ക്കൃഷിക്കാവശ്യമായ വിത്തുകള്‍ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകള്‍ ഒരു പരിധിവരെ സഹായിക്കുന്നു. നോ: ഗവ്യ വ്യവസായം

(ഡോ. കെ. രാധാകൃഷ്ണന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%AB%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍