This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറിക്കുറിപ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയറിക്കുറിപ്പുകള്‍

ദൈനംദിനാനുഭവങ്ങള്‍, സംഭവങ്ങള്‍, ചിന്തകള്‍ ഇവ അന്നന്നു രേഖപ്പെടുത്തി സൂക്ഷിക്കുന്ന രേഖ. ദിനസരിക്കുറിപ്പുകള്‍ എന്നും അറിയപ്പെടുന്നു. ഇവ സ്വന്തമായോ മറ്റുള്ളവര്‍ വഴിയോ പ്രസിദ്ധീകരിക്കുമ്പോള്‍ ആത്മകഥാംശമുള്‍ക്കൊള്ളുന്ന സാഹിത്യരൂപമായിത്തീരുന്നു.

ദിവസം എന്ന് അര്‍ഥമുള്ള ഡീയസ് (dies) എന്ന ലത്തീന്‍ പദത്തില്‍ നിന്നു വന്ന ഡയാറിയം (diarium) എന്ന പദമാണ് ഡയറി എന്ന പദത്തിന്റെ പൂര്‍വരൂപം. 'ഓരോ ദിവസവും രേഖപ്പെടുത്തുന്ന കണക്ക്' എന്നാണ് ഡയാറിയം എന്ന പദത്തിനര്‍ഥം. അന്നന്നു കുറിച്ചിട്ടിരുന്ന വരവു ചെലവു കണക്കുകള്‍, കൂലി തുടങ്ങിയവയാകണം ദിനസരിക്കുറിപ്പുകളുടെ ആദ്യ രൂപം. വിശേഷപ്പെട്ട സംഭവങ്ങള്‍, സംഭവങ്ങളെപ്പറ്റിയോ ചുറ്റുപാടിനെപ്പറ്റിയോ ഉള്ള വിശകലനം, വിശേഷ വ്യക്തിത്വം പ്രതിഫലിക്കുന്ന ചിന്തകള്‍ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ദിനസരിക്കുറിപ്പുകളാണ് സാഹിത്യം, കല, തത്ത്വചിന്ത തുടങ്ങിയ മേഖലകള്‍ക്കു മുതല്‍ക്കൂട്ടാകുന്ന നിലയില്‍ പ്രസിദ്ധീകൃതമായിട്ടുള്ളത്.

ഓര്‍മക്കുറിപ്പുകളും ആത്മകഥയും. സംഭവങ്ങളും സ്വാനുഭവവും ചിന്താപരവും വിമര്‍ശാത്മകവുമായ നിറക്കൂട്ടുകളോടെ ഓര്‍മക്കുറിപ്പുകളിലും ആത്മകഥയിലും രേഖപ്പെടുത്താറുണ്ടെങ്കിലും ദിനസരിക്കുറിപ്പുകളിലെ ഇത്തരം രേഖകള്‍ക്കുള്ള ഭാവതലമല്ല അവയ്ക്കുള്ളത്. ഒരു സംഭവത്തിന്റെ ദൃക്സാക്ഷി വിവരണത്തില്‍, അഥവാ ദൃശ്യമാധ്യമത്തിലൂടെയുള്ള തത്സമയ സംപ്രേഷണത്തില്‍ നിന്നു ലഭിക്കുന്ന അനുഭൂതി അതിന്റെ പിന്നീടുള്ള പുനരാവിഷ്കരണത്തില്‍ നിന്നു ലഭിക്കുന്നില്ല എന്നത് ഇതിനു സമാനമാണ്. ബ്രിട്ടിഷ് രാജാവായിരുന്ന ചാള്‍സ് ഒന്നാമന്റെ വധത്തിനു ദൃക്സാക്ഷിയായ സര്‍ വില്യം ഡഗ്ഡെയില്‍ ഈ രംഗം വിശദമായി തന്റെ ഡയറിയില്‍ കുറിച്ചിട്ടതു വായിക്കുമ്പോഴുള്ള അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ സംഭവം ഒരു ചരിത്രകാരന്‍ വിശദീകരിച്ചിരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുക. ഒരു സംഭവം അന്നു തന്നെ ഡയറിയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിന്റെ തുടര്‍ച്ചയായി വരാവുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയും ആകാംക്ഷയും കൂടി പ്രതിഫലിക്കാറുണ്ട്. ഈ ഘടകം ഓര്‍മക്കുറിപ്പിലും ആത്മകഥയിലും കാണില്ല. ഫലപ്രാപ്തിയിലെത്തിയ അഥവാ ഫലപ്രാപ്തിയിലെത്താത്ത സംഭവങ്ങളെക്കുറിച്ചുള്ള വിവരണവും വിശകലനവുമാണ് ഇവയില്‍ കാണുക.

ആദ്യമാതൃകകള്‍. പ്രാചീന കാലത്തു തന്നെ ഗ്രീക്കുകാരും റോമാക്കാരും ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നു. ഗ്രീക്കുകാരുടെ എഫെമെരിഡെസ് എന്നറിയപ്പെടുന്ന രേഖകള്‍ ഇതിന്റെ ആദ്യമാതൃകയായി പരിഗണിക്കാം. എഫെമെറോസ് (ephemeros) എന്ന വാക്കിന് 'ഒരു ദിവസം നീണ്ടു നില്‍ക്കുന്നത്' എന്നാണര്‍ഥം. ഗ്രഹങ്ങളുടെയും മറ്റും സ്ഥാനം ജ്യോതിശ്ശാസ്ത്രപരമായി നിര്‍ണയിച്ചു കുറിച്ചിട്ടിരുന്ന എഫെമെരിഡെസിന് ഭാരതത്തിലെ 'പഞ്ചാംഗ' ഗ്രന്ഥങ്ങളുടെ സ്ഥാനമാണുള്ളത്. മതപരമായും കാര്‍ഷിക വിളവെടുപ്പു സംബന്ധമായും ഉത്സവാഘോഷപരമായും മറ്റും പ്രാധാന്യമുള്ള രേഖയാണ് ഇത്. എന്നാല്‍ വ്യക്തിപരമല്ലാത്തതിനാല്‍ ആധുനിക സങ്കല്പത്തിലുള്ള ഡയറിക്കുറിപ്പായി ഇത് പരിഗണിക്കപ്പെടുന്നില്ല.

ഗ്രീക്കുകാരുടെ ദിനസരിക്കുറിപ്പുകളുടെ മാതൃകയ്ക്ക് കൂടുതല്‍ പ്രായോഗികവും ചരിത്രപരവുമായ രേഖ എന്ന നിലയില്‍ പരിണാമം നല്‍കിയത് റോമാക്കാരാണ്. 'വാര്‍ഷിക വിവരണ രേഖ' എന്നര്‍ഥമുള്ള 'അനല്‍സ്' എന്ന പേരാണ് ഇത്തരം കുറിപ്പുകള്‍ക്ക് അവര്‍ നല്‍കിയത്. ദൈനംദിന ജീവിതത്തിലെ സംഭവങ്ങളും ഭരണസംബന്ധമായ വിവരണങ്ങളും നീതിനിര്‍വാഹകരുടെ പ്രവര്‍ത്തനങ്ങളും അനല്‍സില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യകാല റോമന്‍ ചരിത്ര ഗ്രന്ഥങ്ങളും കാവ്യങ്ങളും ഇങ്ങനെയുള്ള ഡയറിക്കുറിപ്പുകളെ ഉപജീവിച്ചു രചിച്ചവയാണ്. റോമന്‍ സാഹിത്യത്തിലെ ആദികവിയായറിയപ്പെടുന്ന ക്വിന്റസ് എന്നിയുസ് (Quintus Ennius - ക്രി. മു. 239-169) അനല്‍സ് എന്ന പേരില്‍ത്തന്നെ രചിച്ച പതിനെട്ടു ഭാഗങ്ങളുള്ള ഇതിഹാസ കാവ്യമാണ് ഇതിലാദ്യത്തേത്. കറ്റൊ ദ് സെന്‍സര്‍ എന്നും കറ്റൊ ദ് എല്‍ഡര്‍ എന്നും അറിയപ്പെട്ടിരുന്ന മാര്‍കസ് പോര്‍സിയുസ് കറ്റൊ രചിച്ച ഒറിജിന്‍സ് എന്ന പേരിലുള്ള ചരിത്രഗ്രന്ഥവും ഗ്രീക്ക് എഫെമെരിഡെസിന്റെ മാതൃകയിലുള്ളതാണ്. അനല്‍സ് എന്ന പേരില്‍ത്തന്നെ റ്റൈറ്റസ് ലിയൂസ്, കോര്‍ണേലിയൂസ് റ്റാസിറ്റസ് എന്നിവര്‍ രചിച്ച ഗ്രന്ഥങ്ങളുമുണ്ട്.

വ്യക്തിനിഷ്ഠമായ ചിന്തകളും വിശകലനവും കൂടി ഉള്‍പ്പെട്ട, അങ്ങനെ ചൈതന്യമുറ്റ ഡയറിക്കുറിപ്പുകളുടെ ആദ്യകാല മാതൃകയാണ് ജൂലിയസ് സീസറിന്റെ (ക്രി. മു. 100-44) കമന്ററീസ്. ഗാലിക് യുദ്ധത്തെക്കുറിച്ചുള്ള വിവരണവും വിശകലനവുമാണ് ഇതില്‍. എന്നാല്‍ ഈ രീതിയിലുള്ള മാതൃകാപരമായ ഡയറിക്കുറിപ്പുകള്‍ പിന്നീട് നവോത്ഥാനകാലഘട്ടത്തിന്റെ പ്രാരംഭത്തോടെ മാത്രമാണ് കണ്ടെത്തുന്നത്.

നവോത്ഥാന കാലഘട്ടം. നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഇതിന്റെ പ്രണേതാക്കളില്‍ പ്രമുഖരായ ദാന്തെയും (1265-1321) പെട്രാര്‍ക്കും (1304-74) എഴുതിയ ഡയറിക്കുറിപ്പുകള്‍ ഈ സാഹിത്യശാഖയുടെ വളര്‍ച്ചയ്ക്കും പുതിയ പ്രവണതകളുടെ ആവിര്‍ഭാവത്തിനും കാരണമായി. ദാന്തെയുടെ വിറ്റ നുഒവ (Vita nuova)യിലും പെട്രാര്‍ക്കിന്റെ കന്‍സൊനീറെ (Canzoneiere) യിലും ഇവര്‍ക്ക് തങ്ങളുടെ പ്രേമഭാജനങ്ങളോടുള്ള പ്രണയത്തിന്റെ അനുക്രമമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് പ്രത്യേകം ശ്രദ്ധേയമായി.

സാമുവല്‍ പെപിസ് (1633-1703), ജോണ്‍ എവലിന്‍ (1620-1706) എന്നിവരുടെ ഡയറിക്കുറിപ്പുകള്‍ വ്യത്യസ്ത ശൈലിയിലുള്ളതാണ് ഇവ. മാതൃകാപരമായ ഡയറിക്കുറിപ്പുകളായി പരിഗണിക്കപ്പെടുന്നു. നേവിയില്‍ സെക്രട്ടറിയായിരുന്ന സാമുവല്‍ പെപിസ് അന്ധത തന്നെ കീഴ്പെടുത്തുന്നതായി മനസ്സിലാക്കിയ 1660-ലാണ് ഡയറിക്കുറിപ്പുകള്‍ എഴുതാനാരംഭിച്ചത്. എന്നാല്‍ മറ്റാരും പെട്ടെന്ന് വായിക്കാതിരിക്കാന്‍ വേണ്ടി കൃത്രിമമായ ഒരു ഭാഷാരീതി ഇദ്ദേഹം സ്വീകരിച്ചു. അതിനാല്‍ ഇതിന്റെ ആദ്യഭാഗം തന്നെ വളരെക്കാലത്തിനുശേഷമേ - 1825-ല്‍ - പ്രസിദ്ധീകൃതമായുള്ളൂ. 20-ാം ശ. -ത്തില്‍ മാത്രമാണ് ഡയറിയുടെ പൂര്‍ണമായ പ്രസിദ്ധീകരണം നടന്നത്. 1665-ല്‍ യൂറോപ്പിലാകെ പടര്‍ന്നു പിടിച്ച പ്ലേഗ്ബാധയെക്കുറിച്ചും 1666-ല്‍ ലണ്ടനിലുണ്ടായ അഗ്നിബാധയെക്കുറിച്ചും ഉള്ള പരാമര്‍ശങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. പെപിസിന്റെ സമകാലികനായ ജോണ്‍ എവലിന്റെ ഡയറി കൂടുതല്‍ സാഹിത്യാംശം ഉള്‍ക്കൊള്ളുന്നതാണ്. പല ആവര്‍ത്തി വായിച്ച് പരിഷ്കരിച്ചതാണ് എവലിന്റെ ഡയറി.

ആധുനിക കാലം. ജോനാഥന്‍ സ്വിഫ്റ്റ്, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, ചാള്‍സ് ഗ്രെവിന്‍, തോമസ് ക്രീവി, വേര്‍ഡ്സ്വര്‍ത്, ഡൊറൊത്തി വേര്‍ഡ്സ്വര്‍ത്, ഗയ്ഥെ, സച്ചില്‍ട്ടണ്‍, കോളറിജ്, ഹെന്റി റോബിന്‍സണ്‍, ഫാനിബര്‍ണി, റാല്‍ഫ് വാല്‍ഡൊ എമെര്‍സന്‍, ഗൊണ്‍കോര്‍ട്, ജയിംസ് ബോസ്വല്‍, കാതറൈന്‍ മാന്‍സ്ഫീല്‍ഡ്, ആന്ദ്രെഴീദ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ പലരും ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തി സൂക്ഷിച്ചവരാണ്. ജയിംസ് ബോസ്വല്‍ തന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയായിരുന്നു ഡോ. സാമുവല്‍ ജോണ്‍സന്റെ ജീവചരിത്രം രചിച്ചത്.

ജോണ്‍ വെസ്ലി, കോട്ടണ്‍ മാത്തര്‍, പോപ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നിവര്‍ മതാധ്യക്ഷന്മാരെന്ന നിലയിലും വിക്ടോറിയാ രാജ്ഞി, ജോര്‍ജ് അഞ്ചാമന്‍, ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ ക്വിന്‍സി ആദംസ്, ഹാരോള്‍ഡ് നിക്കോള്‍സണ്‍, ബാന്‍സ്ലെ, വൈറ്റ് ലോക്കോ എന്നിവര്‍ മികച്ച ഭരണാധികാരികളെന്ന നിലയിലും വില്യംപാരി, ക്യാപ്റ്റന്‍ ജയിംസ് കുക്ക് എന്നിവര്‍ വിഖ്യാതരായ സാഹസികരെന്ന നിലയിലും ബ്രൂസ് ഫ്രെഡറിക് കമ്മിങ്സ് ശാസ്ത്രജ്ഞന്‍ എന്ന നിലയിലും ലിയനാര്‍ഡൊ ഡാവിഞ്ചി വിശ്രുതനായ കലാകാരനെന്ന നിലയിലും അറിയപ്പെടുമ്പോള്‍ത്തന്നെ മികച്ച ഡയറിക്കുറിപ്പുകളുടെ ഉടമകള്‍ എന്ന നിലയിലും പ്രശസ്തി നേടിയിരുന്നു.

വാന്‍ഗോഗിന്റെ ഡയരിക്കുറിപ്പുകളില്‍ നിന്ന്

ബ്രിട്ടനിലെ വിക്ടോറിയാ രാജ്ഞി (1819-1901) 68 വര്‍ഷം തുടര്‍ച്ചയായി ഡയറിക്കുറിപ്പെഴുതി. 19-ാം വയസ്സില്‍ സ്ഥാനാരോഹണ ദിവസം ഇങ്ങനെ രേഖപ്പെടുത്തുന്നു. "ഞാന്‍ വളരെ ചെറുപ്പമാണ്. എങ്കിലും എന്റെ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. ജോര്‍ജ് അഞ്ചാമന്‍ (1865-1936) 56 വര്‍ഷം ദിവസവും അന്നന്നത്തെ കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. 24 വാല്യങ്ങളുള്ള ഈ ഡയറി ഓരോന്നും പ്രത്യേകം അറകളില്‍ സ്വര്‍ണത്താക്കോലിട്ടു പൂട്ടി വച്ചിരുന്നു. നോബല്‍ സമ്മാന ജേതാവായ ആന്ദ്രേഴീദ് 1889 മുതല്‍ 1939 വരെയെഴുതിയ ഡയറിക്കുറിപ്പുകള്‍ ജേണല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ആധുനിക കാലത്തെ ഏറ്റവും പ്രശസ്തമായ ഡയറിക്കുറിപ്പായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു.

സാമൂഹിക വിശകലനത്തോടൊപ്പം അപവാദ പ്രചാരണവും ഡയറിക്കുറിപ്പുകളുടെ പ്രമേയമാകാമെന്നതിന് ഉദാഹരണമാണ് മാര്‍ക്വിസ് ഡെ ഡാങ് ഗൗസിന്റെ ഡയറി. ലൂയിസ് പതിനാലാമന്റെ ഭരണത്തെപ്പറ്റിയുള്ള അപവാദശരങ്ങളാണ് ഈ ഡയറിയുടെ സിംഹഭാഗവും.

രഹസ്യസ്വഭാവമുള്ളതും സ്തോഭജനകവുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകളായും ഡയറിക്കുറിപ്പുകള്‍ പ്രാധാന്യം നേടാറുള്ളതിന് ഉദാഹരണമാണ് അലസ്തായര്‍ മോറെയുടെ ഡയറി ഒഫ് എ റം റണ്ണര്‍, ഡേവിഡ് ലോറന്‍സിന്റെ ഡയറി ഒഫ് എ വാഷിങ്ടണ്‍ കറസ്പോണ്‍ഡന്റ് എന്നിവ.

കുട്ടികളുടെ ഡയറിക്കുറിപ്പുകളാണ് മറ്റൊരു വിഭാഗം. ഇതിനുദാഹരണമാണ് എട്ടാമത്തെ വയസ്സില്‍ നിര്യാതയായ മാര്‍ജോറി പ്ലെമിങ് എന്ന പെണ്‍കുട്ടി (1803-11) എഴുതിയ ഡയറിക്കുറിപ്പുകള്‍. ഇത് 1914-ല്‍ പ്രസിദ്ധീകരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടി എഴുതിയ ഡയറിക്കുറിപ്പുകള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. 1942-44 കാലത്ത് ജൂതവംശജരായ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന എട്ടുപേര്‍ നാസികളെ ഭയന്ന് ആംസ്റ്റര്‍ഡാമില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചു കഴിയുമ്പോള്‍ ആന്‍ ഫ്രാങ്ക് ജീവിക്കാനുള്ള അഭിലാഷവും ശുഭാപ്തി വിശ്വാസവും ഡയറിക്കുറിപ്പുകളായി രേഖപ്പെടുത്തി വന്നു. എന്നാല്‍ നാസികള്‍ ഇവരെ കണ്ടെത്തുകയും ഉന്‍മൂല നാശം വരുത്തുകയും ചെയ്തു. പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആന്‍ 1945-ല്‍ അന്തരിച്ചു. ആന്‍ ഫ്രാങ്കിന്റെ ഡയറി 1947-ല്‍ ഡച്ച് ഭാഷയിലും 1952-ല്‍ ദ് ഡയറി ഒഫ് എ യങ് ഗേള്‍ എന്ന പേരില്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ഈ ഡയറിക്ക് 1956-ല്‍ നാടകാവിഷ്കരണവും 1959-ല്‍ ചലച്ചിത്രാവിഷ്കരണവുമുണ്ടായി. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ പ്രമീളാദേവി ഇത് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഡയറിക്കുറിപ്പുകള്‍ ഭാരതത്തില്‍. ലോകസഞ്ചാരികളായ ചിലര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നും ക്രിസ്ത്വബ്ദാരംഭത്തോടെ ഭാരതത്തിലൂമെത്തിയിരുന്നു. ഭാരതീയ സാമൂഹിക-സാംസ്കാരിക കാര്യങ്ങളുടെ ചിത്രീകരണവും വിശകലനവും നടത്തിയ ആദ്യത്തെ ഡയറിക്കുറിപ്പുകള്‍ ഇവരുടേതാണ്. ഒന്നാം ശ. -ല്‍ എഴുതിയ പെരിപ്ലസ് എന്ന കൃതി ഇത്തരത്തിലുള്ള ഒരു ഡയറിക്കുറിപ്പായി കണക്കാക്കാം. ഗ്രീസിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഇതിന്റെ രചയിതാവ് ജനിച്ചത്.

ബുദ്ധമതത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് ചൈനയില്‍ നിന്ന് ഭാരതത്തിലെത്തിയ ഫാഹിയാന്റെയും (374-434 ) ഇതേ ഉദ്ദേശ്യത്തോടെ വന്ന ഹുയാന്‍ സാങിന്റെയും (603-665) ഡയറിക്കുറിപ്പുകള്‍ ഈ കാലഘട്ടങ്ങളിലെ ഭാരതീയ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

ശാസ്ത്രജ്ഞനും ചരിത്രകാരനുമായ അല്‍ബിറൂനി (970-1039) ഭാരതം സന്ദര്‍ശിക്കുകയും തന്റെ ഡയറിക്കുറിപ്പുകളിലൂടെ അക്കാലത്തെ ഭാരതീയ രാഷ്ട്രീയ സമൂഹിക പരിസ്ഥിതിയിലേക്കു വെളിച്ചം വിതറുകയും ചെയ്തു. 1254-ല്‍ വെനീസില്‍ ജനിച്ച മാര്‍ക്കോപോളോ ചൈനീസ് ഭരണാധികാരിയായ കുബ്ലാഖാന്റെ ആഗ്രഹപ്രകാരം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ കേരളത്തിലും എത്തുകയുണ്ടായി. ചോളമണ്ഡലം, സെന്റ് തോമസ് മൗണ്ട്, കന്യാകുമാരി, കൊല്ലം, മലബാര്‍ തുടങ്ങിയ തെന്നിന്ത്യന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മാര്‍ക്കോപോളോയുടെ ഡയറിക്കുറിപ്പുകള്‍ കേരളത്തെ സംബന്ധിച്ച് കൂടുതല്‍ ചരിത്ര പ്രാധാന്യമുള്ളതാണ്.

14-ാം ശ. -ലെ ഭാരതീയ സാമൂഹിക-സാംസ്കാരിക പരിസ്ഥിതി വെളിപ്പെടുത്തുന്നതാണ് ലോകസഞ്ചാരിയായ ഇബ്നു ബത്തൂത്ത (1304-79) യുടെ ഡയറിക്കുറിപ്പുകള്‍. ഇന്ത്യയില്‍ അന്നു നിലനിന്ന 'സതി'യുടെ ദുരന്തമുഖവും ഭരണാധികാരിയായ മുഹമ്മദ് ബിന്‍ തുഗ്ളക്കിന്റെ ഭ്രാന്തന്‍ ഭരണവും തന്റെ കുറിപ്പുകളിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

15-ാം ശ. -ല്‍ ഭാരതം സന്ദര്‍ശിച്ച റഷ്യക്കാരനായ നികീതിന്‍ ഒരു വ്യാപാരി എന്നതിനപ്പുറം ഇന്ത്യയുടെ ആത്മാവ് കത്തൊനാഗ്രഹിച്ച ഒരു ജിജ്ഞാസു കൂടിയാണെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു.

പോര്‍ട്ടുഗീസുകാരായ കോവിന്‍ഹോയും വാസ്കോ ദെ ഗാമയും കേരളത്തിലെത്തിയത് ഭാരതവുമായുള്ള വ്യാപാരകാര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയാണെങ്കിലും ഇവരുടെ ഡയറിക്കുറിപ്പുകള്‍ കേരളീയരെ സംബന്ധിച്ച് അമൂല്യങ്ങളാണ്.

ഭാരതീയ ഭാഷകളില്‍. പാശ്ചാത്യ സാഹിത്യത്തിലെ ഡയറിക്കുറിപ്പുകളുടെ സ്വാധീനത്തില്‍ മിക്ക ഭാരതീയ ഭാഷകളിലും 19-ാം ശ. -ത്തിന്റെ മധ്യത്തോടെ ഡയറിക്കുറിപ്പുകള്‍ എഴുതുക എന്ന സമ്പ്രദായം പ്രചാരത്തില്‍വന്നു. എന്നാല്‍ തമിഴ് ഭാഷയില്‍ 18-ാം ശ.-ത്തില്‍ തന്നെ വളരെ പ്രശസ്തമായ ഡയറിക്കുറിപ്പ് എഴുതപ്പെട്ടിരുന്നു. ആനന്ദരംഗംപിള്ള എഴുതിയ ഡയറിക്കുറിപ്പാണ് ഇത്. വ്യവസായ പ്രമുഖനും 'ഫ്രഞ്ച് ഇന്ത്യ'യുടെ ഗവര്‍ണറും ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഇന്ത്യയിലെ പ്രതിനിധിയും ആയിരുന്ന ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ 1948 മുതല്‍ 81 വരെയുള്ള കാലയളവില്‍ എട്ടു വാല്യമായി പ്രസിദ്ധീകൃതമായി. പ്രസിദ്ധീകരണത്തിനു മുന്‍പു തന്നെ ഇതിന് ഇംഗ്ലീഷിലും ഫ്രെഞ്ചു ഭാഷയിലും വിവര്‍ത്തനങ്ങള്‍ ഉണ്ടായി.

നെഹ്റുവിന്റെ ഡയറിക്കുപ്പുകളില്‍ നിന്ന്

19-ാം ശ. -ല്‍ തമിഴില്‍ ഉണ്ടായ ഡയറിക്കുറിപ്പുകളില്‍ പ്രമുഖമാണ് സവരിറോയപിള്ളൈയുടേത്. 1836 മുതല്‍ 63 വരെ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഒന്നാം ഭാഗമായും, ശേഷിച്ചത് രാം ഭാഗമായി 1899-ലും പ്രസിദ്ധീകരിച്ചു.

സി. രാജഗോപാലാചാരി 1921-ലും 1922-ലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയില്‍വാസമനുഭവിച്ച കാലത്ത് ജയിലിലെ ദുരിതവും ആസ്മാരോഗം അലട്ടുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന അപാരമായ കഷ്ടപ്പാടും ദിവസവും രേഖപ്പെടുത്തി. ഈ ഡയറിക്കുറിപ്പുകള്‍ 1922-ല്‍ തന്നെ പ്രസിദ്ധീകരിച്ചു. രാജാജിയുടെ സഹപ്രവര്‍ത്തകനായ വേദരത്നംപിള്ളയും ദിനസരിക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഇത് ഇദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ (1981) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

19-ാം ശ. -ന്റെ മധ്യത്തോടെ മിക്ക ഭാരതീയ ഭാഷകളിലും ഡയറിക്കുറിപ്പുകള്‍ എഴുതുന്നത് പ്രചാരത്തില്‍ വന്നെങ്കിലും ഗുജറാത്തി ഭാഷയിലും ഹിന്ദിയിലുമാണ് ഇത് ഒരു സാഹിത്യരൂപമെന്ന നിലയില്‍ ആദ്യം അംഗീകാരം നേടിയത്. മുഗള്‍ ദര്‍ബാറുകളിലും മഹാരാജാ രഞ്ജിത് സിംഹിന്റെ രാജസദസ്സിലും ഡയറി എഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇവ പേര്‍ഷ്യന്‍ ഭാഷയിലാണ് എഴുതിയിരുന്നത്. സാമൂഹിക പരിഷ്കര്‍ത്താവും ഗുജറാത്തിലെ മാനവ ധര്‍മ സഭയുടെ സ്ഥാപകനുമായ ദുര്‍ഗാറാം മേത്താജി ദീര്‍ഘകാലം ഡയറിക്കുറിപ്പ് എഴുതിയിരുന്നെങ്കിലും 1843 ജനു. മുതല്‍ 45 ജനു. വരെ എഴുതിയ ഡയറിക്കുറിപ്പു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹം സേവനമനുഷ്ഠിച്ച വിദ്യാലയം അഗ്നിക്കിരയായപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന അന്നുവരെയുള്ള ഡയറിക്കുറിപ്പുകളും നഷ്ടപ്പെടുകയുണ്ടായി.

കുമാരനാശന്റെ ഡയറിക്കുറിപ്പില്‍നിന്ന്

പ്രാര്‍ഥനാസമാജത്തിന്റെ സ്ഥാപകരിലൊരാളായ ഭോലാനാഥ സാരാഭായി 27-ാം വയസ്സു മുതല്‍ ഡയറിക്കുറിപ്പുകള്‍ എഴുതി വന്നു. ആദ്യം കുറച്ചുകാലം പേര്‍ഷ്യന്‍ ഭാഷയിലും പിന്നീട് ഇംഗ്ലീഷിലും അതിനുശേഷം ഗുജറാത്തിയിലും ആണ് ഡയറി എഴുതിയത്. ഇദ്ദേഹത്തിന്റെ പുത്രനും, കവി, നിരൂപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ ബഹുമുഖപ്രതിഭനുമായ നരസിംഹറാവുവും ഡയറി എഴുതുന്ന ശീലം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ റോജ്നിശി എന്ന പേരില്‍ പ്രസിദ്ധീകൃതമായി.

സരസ്വതിചന്ദ്ര എന്ന പ്രശസ്ത കൃതിയുടെ രചതിയാവായ ഗോവര്‍ധന്‍ റാം ത്രിപാഠി (1855-1907) 1885 മുതല്‍ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഇത് പില്ക്കാലത്ത് 1959-60-ല്‍ മൂന്നുവാല്യമായി പ്രസീദ്ധീകരിച്ചു. വി. കെ. ഠാകൂര്‍ ഇംഗ്ലീഷും ഗുജറാത്തിയും ഇടകലര്‍ത്തി എഴുതിയിരുന്ന ഡയറിക്കുറിപ്പുകള്‍ പില്ക്കാലത്ത് എച്ച്. എം. ത്രിവേദി പ്രസാധനം ചെയ്ത് 1969-ലും 1976-ലും രണ്ടു ഭാഗമായി പ്രസീദ്ധീകരിച്ചു. ഗാന്ധിജിയുടെ സന്തത സഹചാരിയായ മഹാദേവ ദേശായി 1917 മുതല്‍ 42 വരെ ഗാന്ധിജിയുടെ ദൈനംദിന കാര്യങ്ങളും പ്രവര്‍ത്തനവും ആശയഗതിയും ഡയറിക്കുറിപ്പായി എഴുതിയത് ഈ മേഖലയിലെ പ്രത്യേകതയുള്ള രേഖയാണ്. മഹാദേവഭായിനി ഡയറി എന്ന പേരിലിതു പ്രസിദ്ധീകരിച്ചു. ഇത് മഹാദേവഭായി കി ഡയറി എന്ന പേരില്‍ ജമ്നാലാല്‍ ബജാജ് ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്തത്, മൂന്നു ഭാഗമായി 1966-ല്‍ പ്രസിദ്ധീകൃതമായി.

രാധാചരണ്‍ ഗോസ്വാമി 1872 മുതല്‍ 76 വരെ എഴുതിയ കുറിപ്പുകളാണ് ഹിന്ദിയിലെ ആദ്യത്തെ പ്രധാന ഡയറിക്കുറിപ്പായി അറിയപ്പെടുന്നത്. ഇതിനുശേഷം ശ്രദ്ധേയമായ ഡയറി ധീരേന്ദ്രവര്‍മയുടേതാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഡയറിക്കുറിപ്പെഴുതിത്തുടങ്ങി ധീരേന്ദ്രവര്‍മ. 1917 മുതല്‍ 23 വരെ എഴുതിയ കുറിപ്പുകള്‍ 4 ഭാഗങ്ങളായി മേരി കോളജ് ഡയറി എന്ന പേരില്‍ പില്ക്കാലത്ത് പ്രസിദ്ധീകൃതമായി. നരദേവശാസ്ത്രിയുടെ വേദതീര്‍ഥ് കി ജയില്‍ ഡയറി (1930)യില്‍ വ്യക്തിഗതമായ അനുഭവങ്ങള്‍ക്കല്ല, ആനുകാലിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വാല്മീകി ചൗധരി എഴുതിയ രാഷ്ട്രപതി ഭവന്‍ കീ ഡയറി 1950-52 കാലഘട്ടത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതിഭവനിലെ സംഭവങ്ങളെ രേഖപ്പെടുത്തുന്ന ദിനസരിക്കുറിപ്പുകളാണ്. മൈഥിലീ ശരണ്‍ ഗുപ്ത 1935 മുതല്‍ 50 വരെ എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്ക്കാലത്ത് പ്രസീദ്ധീകൃതമായി. രാജേന്ദ്രപ്രസാദ്, ഘനശ്യാമ്ദാസ ബിര്‍ല (ഡയറി കെ കുഛ് പന്നെ) മണിബഹന്‍ (ഏകലാ ചലോ രെ - 1946-47) നിര്‍മല ദേശ്പാണ്ഡെ (സര്‍വോദയ പദയാത്ര), ദാമോദര്‍ദാസ (വിനോബാ കെ സാഥ്) തുടങ്ങിയവരുടെ ഡയറിക്കുറിപ്പുകളില്‍ സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളുടെ വിശകലനത്തിനാണ്, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ രേഖപ്പെടുത്തലിനേക്കാള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്

1949-58 കാലത്ത് മുക്തിബോധ് എഴുതിയ ഏക് സാഹിത്യക് കീ ഡയറിയാണ് ഈ കാലത്തെ മാതൃകാപരമായ ഡയറി. ഇതില്‍, എല്ലാ ദിവസവും തുടര്‍ച്ചയായി എഴുതുന്ന രീതിയല്ല പിന്തുടര്‍ന്നിരിക്കുന്നത്. മലയജ്, ശ്രീകാന്ത് വര്‍മ, ശിവദാന്‍സിംഹ് ചൗഹാന്‍, മോഹന്‍ രാകേശ്, നരേശ് മേഹ്ത്ത തുടങ്ങിയവരുടെ ഡയറികളും ഉപേന്ദ്രനാഥ് അശ്കിന്റെ സ്യാദാ അപനി കമ് പരായി, പ്രഭാകര്‍ മാച്വെയുടെ പശ്ചിമ് മെം ബൈഠ് കര്‍ പൂര്‍വ് കീ ഡയറി, ധര്‍മ്വീര്‍ ഭാരതിയുടെ തേലെ പര്‍ ഹിമാലയ്, വിശ്വനാഥ് പ്രസാദ് തിവാരിയുടെ ഡയറി കെ പാംച് പൃഷ്ഠ്, സീതാറാം സെക്സേരിയുടെ ഏക് കാര്യകര്‍താ കീ ഡയറി, രാംധാരി സിന്‍ഹ് ദിന്‍കറിന്റെ ദിന്‍കര്‍ കീ ഡയറി, ചന്ദ്രശേഖറിന്റെ മേരി ജയില്‍ ഡയറി എന്നിവയും ആധുനിക കാലത്തെ ഡയറിക്കുറിപ്പുകളില്‍ പ്രധാനപ്പെട്ടവയാണ്. 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഭവിച്ചപ്പോള്‍ എഴുതിയതാണ് മേരി ജയില്‍ ഡയറി.

എസ്.കെ.പൊറ്റക്കാടിന്റെ സംസാരിക്കുന്ന ഡയറിക്കുറിപ്പില്‍ നിന്ന്

പഞ്ചാബി ഭാഷയില്‍ പ്രസിദ്ധീകരിച്ച എസ്. എസ്. അമോലിന്റെ യത്രു ദെ ഡയറി (1965), ബല്‍രാജ് സാഹ്നിയുടെ മേരി ഘൈര്‍ ജസ്ബാതി ഡയറി (1970) എന്നിവ ഡയറിക്കുറിപ്പുകള്‍ എന്നതിനെക്കാള്‍ യാത്രാവിവരണം, ഓര്‍മക്കുറിപ്പുകള്‍ എന്നീവിഭാഗങ്ങളിലുള്‍പ്പെടുത്താവുന്നവയാണ്.

ലക്ഷമീ നാഥ് ബസ്ബറുവയുടെ ഡയറിക്കുറിപ്പുകളാണ് അസമിയ ഭാഷയില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന പ്രധാന ഗ്രന്ഥം. ഇദ്ദേഹം 1895 മുതല്‍ 1903 വരെ എഴുതിയ ഡയറിക്കുറിപ്പുകള്‍ മഹേശ്വര നിയോഗ് പ്രസാധനം ചെയ്ത് ദിനലേഖ എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകരിച്ചു.

ഡയറിക്കുറിപ്പുകള്‍ മലയാളത്തില്‍. മലയാളത്തില്‍ ആധുനിക കാലത്താണ് ഡയറിക്കുറിപ്പുകള്‍ സാഹിത്യരൂപമായി ഗണിക്കപ്പെട്ടത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ. ആര്‍. രാജരാജവര്‍മ, കെ. സി. കേശവപിള്ള, കുമാരനാശാന്‍, വള്ളത്തോള്‍, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ തുടങ്ങിയ പ്രശസ്തരായ കവികളുടെ ഡയറിക്കുറിപ്പുകള്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. സമകാലിക സാഹിത്യത്തിന്റെ ഗതിവിഗതികളുടെ രേഖ എന്നതിനൊപ്പം പ്രശസ്ത സാഹിത്യകാരന്മാരില്‍ത്തന്നെ ഉന്നതമായ വ്യക്തിത്വത്തിനുടമകളും അല്ലാത്തവരുമുണ്ടെന്നു വെളിപ്പെടുത്തുന്നവകൂടിയാണ് പല ഡയറിക്കുറിപ്പുകളും. ഏ. ആര്‍. രാജരാജവര്‍മയും സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റിയും മറ്റേതൊരു സാഹിത്യ കാരനും നല്‍കിയതിലധികം ആദരം തനിക്കു നല്‍കിയിരുന്നു എന്ന് കുമാരനാശാന്‍ തന്റെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഡയറിക്കുറിപ്പുകളുടെ അപൂര്‍വതയ്ക്കും സാഹിത്യ-ചരിത്ര പ്രാധാന്യങ്ങള്‍ക്കും ദൃഷ്ടാന്തമാണ്.

മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ ഡയറിക്കുറിപ്പുകള്‍

ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടേയും സി. അച്യുതമേനോന്റേയും ഡയറിക്കുറിപ്പുകള്‍ യഥാക്രമം 2000-ലും 2002-ലും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതമായി. രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തികളായിരുന്നു രണ്ടുപേരും. കേരള മുഖ്യമന്ത്രിയും ചിന്തകനുമായിരുന്ന സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ മുന്‍പുതന്നെ കലാകൗമുദി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. എസ്. കെ. പൊറ്റക്കാടിന്റെ സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍ (1981) അദ്ദേഹത്തിന്റെ 'അനുഭവങ്ങളും അറിവുകളും ദര്‍ശനങ്ങളും ഈ കുറിപ്പുകളുടെ പശ്ചാത്തലത്തില്‍ പ്രകാശിപ്പിക്കുവാന്‍ ശ്രമിക്കുന്നു.' ഡയറിക്കുറിപ്പിന്റെ മാതൃകയില്‍ സ്വന്തം ജീവിതഗ്രന്ഥത്തിലെ പഴയ താളുകള്‍ മറിച്ചു നോക്കുകയും സവിശേഷ സംഭവങ്ങളേയും വ്യക്തികളേയും തനതായ ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച് കോളജില്‍ ചേര്‍ന്ന നാള്‍തൊട്ട് മരിക്കുന്നതിനു തലേനാള്‍ വരെ-55 ലേറെ വര്‍ഷം-കൃത്യമായി, ഒറ്റ ദിവസം മുടങ്ങാതെ ഡയറി എഴുതിയിരുന്നതായി ഇതിന്റെ പ്രസാധകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1940 മുതല്‍ 56 വരെയുള്ള 17 വര്‍ഷത്തെ ഡയറിക്കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്തവ മാത്രമാണ് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1940 ആഗ. 16 (1116 ചിങ്ങം 1)-നു രേഖപ്പെടുത്തിയ "പുതുവത്സരമേ നിനക്കു സ്വാഗതം. ചടുലമായ കാലടികളോടെ, എന്നാല്‍ നിരാശയുടെയും ദുരന്തത്തിന്റെയും നിഴലോടു കൂടിയാണ് പുതുവത്സരം വരുന്നത്. എന്നാല്‍ എന്റെ അദമ്യമായ ശുഭാപ്തി വിശ്വാസം മനസ്സില്‍ പ്രതീക്ഷ ജനിപ്പിക്കുന്നു എന്ന വരികളോടെ ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകള്‍ ആരംഭിക്കുന്നു.

1993-94 വര്‍ഷങ്ങളില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളെ അവലംബമാക്കിയാണ് കെ. വി. സുരേന്ദ്രനാഥ് സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍ പ്രസാധനം ചെയ്തത്. 1976 മുതല്‍ 89 തുടക്കം വരെയുള്ള കാലയളവിലെ ദിനസരിക്കുറിപ്പുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ആദ്യ വര്‍ഷങ്ങളില്‍ ഒട്ടുമിക്കദിവസങ്ങളിലും ഗ്രന്ഥകാരന്‍ ഡയറി എഴുതിയതായി കാണാം. 1985 മുതല്‍ പല ദിവസവും ഡയറി എഴുതാതെയും സംഭവങ്ങള്‍ രണ്ടോമൂന്നോ വാക്കില്‍ മാത്രം ഒതുക്കി എഴുതുകയും ചെയ്തതായി കാണുന്നു. 1977 വരെ, ഏഴു വര്‍ഷം, ഗ്രന്ഥകാരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അവസാനത്തെ ഒരു വര്‍ഷം മാത്രമേ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ച ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. താന്‍ വായിച്ച, പ്രശസ്തരും അപ്രശസ്തരുമായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും രാഷ്ട്രീയ- കലാ-സാഹിത്യരംഗങ്ങളില്‍ തനിക്കിടപെടെണ്ടിവന്ന വ്യക്തികളെക്കുറിച്ചും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ സി. അച്യുതമേനോന്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ ഈ ഡയറിക്കുറിപ്പുകള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. ഗ്രന്ഥകാരന്റെ മാനുഷികഭാവവും കൃത്യനിഷ്ഠയും സ്പഷ്ടമാക്കുന്നുണ്ട് ഈ ഡയറിക്കുറിപ്പുകള്‍. ‌ ഗദ്യസാഹിത്യത്തിന്റെ വികാസത്തില്‍ ഡയറിക്കുറിപ്പുകള്‍ക്ക് പ്രമുഖസ്ഥാനമാണുള്ളത്. നോവല്‍, ജീവചരിത്രം, ആത്മകഥ തുടങ്ങിയ സാഹിത്യ ശാഖകളിലെ പല പ്രമുഖകൃതികള്‍ക്കും ഇത് അടിസ്ഥാന കാരണമായിട്ടുണ്ട്. ഡയറിക്കുറിപ്പുകളുടെ മാതൃകയിലുള്ള നോവലുകളും അപസര്‍പ്പകകഥകളും ആത്മകഥയും മറ്റും വേറെയുമുണ്ട്. സംഭവങ്ങളുടെ യഥാതഥമായ ചിത്രീകരണവും അവ പ്രദാനം ചെയ്യുന്ന പ്രഥമ വിചാര വികാരങ്ങളുടെ രേഖയുമെന്ന നിലയില്‍ ചരിത്രത്തിനെന്ന പോലെ സാഹിത്യത്തിനും ഡയറിക്കുറിപ്പുകള്‍ അക്ഷയഖനികളാണ്.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍