This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയറക്ടര്‍ ബോര്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയറക്ടര്‍ ബോര്‍ഡ്
ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ നിയന്ത്രണവും ദൈനംദിന ഭരണവും ഫലപ്രദമായി നിര്‍വഹിക്കുന്നതിനു വേണ്ടി, ഓഹരി ഉടമകള്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതി.
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ യഥാര്‍ഥ അവകാശികള്‍ ഓഹരി ഉടമകളാണ്. ഒരു കമ്പനിയില്‍ നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള അസംഖ്യം ഓഹരി ഉടമകളുണ്ടാവും. ഇവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ക്ക് കമ്പനിയുടെ ഭരണം നേരിട്ട് വിര്‍വഹിക്കുവാന്‍ സാധ്യമല്ല. കമ്പനിയുടെ ഉടമാവകാശവും ഭരണ നിര്‍വഹണവും വിഭജിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ആധുനിക മുതലാളിത്തത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഉടമസ്ഥാവകാശവും മാനേജ്മെന്റും തമ്മിലുള്ള വിഭജനം. ഓഹരി ഉടമകള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ഡയറക്ടര്‍ ബോര്‍ഡിന് അവര്‍ കമ്പനിയുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച അധികാരങ്ങള്‍ നിയമപ്രകാരം കൈമാറുകയാണ് ചെയ്യുന്നത്. കമ്പനിയുടെ കൂട്ടുയാദാസ്ത്, കൂട്ടു നിബന്ധനങ്ങള്‍, ഓഹരി ഉടമകളുടെ പൊതുയോഗ തീരുമാനങ്ങള്‍ എന്നിവയ്ക്ക് വിധേയമായിട്ടാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ഡയറക്ടര്‍, ഓഹരി ഉടമകളുടെ പ്രതിനിധിയാണ്. ഡയറക്ടര്‍ എന്ന സംജ്ഞയ്ക്ക് കമ്പനി നിയമം വ്യക്തമായ ഒരു നിര്‍വചനം നല്‍കുന്നില്ല. ഡയറക്ടരുടെ പദവി വഹിക്കുന്ന ഒരാളെ, അയാള്‍ ഏതു പേരിലറിയപ്പെട്ടാലും ശരി ഡയറക്ടര്‍ എന്നു കമ്പനി നിയമം വിശേഷിപ്പിക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംവിധാനം ചെയ്യുന്ന അഥവാ കമ്പനിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വ്യക്തി എന്നതാണ് ഡയറക്ടര്‍ എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്. വ്യക്തികള്‍ക്കു മാത്രമേ ഡയറക്ടര്‍ ആകാന്‍ അവകാശമുള്ളൂ. കമ്പനി നിയമമനുസരിച്ച് പൊതു കമ്പനികള്‍ക്ക് ഏറ്റവും കുറഞ്ഞത് മൂന്നും മറ്റുള്ളവയ്ക്ക് രണ്ടും ഡയറക്ടറന്മാര്‍ ഉണ്ടായിരിക്കേണ്ടതാണ്. ഡയറക്ടര്‍മാരുടെ സമിതി 'ഡയറക്ടര്‍ ബോര്‍ഡ്' എന്നോ 'ബോര്‍ഡ്' എന്നു മാത്രമോ അറിയപ്പെടുന്നു. കമ്പനിയുടെ ദൈനംദിന ഭരണത്തിനു മേല്‍നോട്ടം വഹിക്കുന്നതിനുവേണ്ടി ഡയറക്ടര്‍ബോര്‍ഡ് സ്വന്തം നിര്‍വഹണാധികാരങ്ങളില്‍ ചിലത് നല്‍കി മുഖ്യനിര്‍വാഹകന്‍ (Chief Executive) എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കമ്പനിയിലെ ഉദ്യോഗസ്ഥന്‍മാരുടെ ശ്രേണി, ഈ ഉദ്യോഗസ്ഥന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ കമ്പനി നിയമമനുസരിച്ച്, ചീഫ് എക്സിക്യൂട്ടീവ് അറിയപ്പെടുന്നത് മാനേജിങ് ഡയറക്ടര്‍, മാനേജര്‍, സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ തുടങ്ങിയ ഏതെങ്കിലുമൊരു സ്ഥാനപ്പേരിലായിരിക്കും.
ഡയറക്ടര്‍മാര്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നതിനു പുറമേ, കമ്പനിയുടെ സമ്പത്ത് നിയമാനുസൃതം സൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ട്രസ്റ്റികളും കൂടിയാണ്. എന്നാല്‍ ഡയറക്ടര്‍ക്ക് കമ്പനിയുടെ സ്വത്തില്‍ നിയമപരമായ ഉടമവസ്ഥാവകാശം ഉണ്ടായിരിക്കുന്നതല്ല. കമ്പനിയുടെ സ്വത്ത് ദുര്‍വിനിയോഗം ചെയ്താല്‍ ട്രസ്റ്റിയെ ശിക്ഷിക്കാവുന്നതാണ്.
ഡയറക്ടര്‍മാരുടെ നിയമനം. കമ്പനിയുടെ ആദ്യഡയറക്ടര്‍മാരുടെ പേരുകള്‍ കൂട്ടുനിബന്ധനകളില്‍ തന്നെ എഴുതിച്ചേര്‍ക്കുകയാണ് പതിവ്. അല്ലാത്ത പക്ഷം കമ്പനി പൊതുയോഗത്തില്‍ വച്ച് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതു വരെ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ച അംഗങ്ങളെ ഡയറക്ടര്‍മാരായി കണക്കാക്കാവുന്നതാണ്. ഡയറക്ടറായി നിയമിക്കപ്പെടുന്നയാള്‍ ഓഹരി ഉടമയായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ കമ്പനിയുടെ നിയമാവലിയില്‍ അത്തരമൊരു വ്യവസ്ഥയുണ്ടാകുന്നതിനെ നിയമം തടയുന്നില്ല. ഡയറക്ടറായി നിയമിക്കപ്പെടുന്നയാളിന് കുറഞ്ഞത് ഇത്ര ഓഹരികള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്. എന്തെല്ലാം കാര്യങ്ങളാണ്, ഒരാളെ ഡയറക്ടര്‍ സ്ഥാനത്തിന് അയോഗ്യനാക്കുന്നതെന്ന് പറയുകയാണ് കമ്പനി നിയമം ചെയ്തിരിക്കുന്നത്. ഈ അയോഗ്യതകള്‍ താഴെപ്പറയുന്നു.
1. സ്ഥിരബുദ്ധികളല്ലെന്ന് കോടതി വിധിക്കുന്ന ആളുകള്‍.
2. നിസ്വരെന്ന് (പാപ്പര്‍) കോടതി വിധിച്ചിട്ടുള്ളവര്‍.
3. കുറ്റകൃത്യങ്ങളില്‍ ആറു മാസത്തിലേറെ ശിക്ഷിപ്പെട്ടിട്ടുള്ളവര്‍
4. ഓഹരി ഗഡുക്കള്‍ അടച്ചു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളവര്‍
5. ഏതെങ്കിലും വിധത്തില്‍ കോടതി അയോഗ്യത കല്പിച്ചിട്ടുള്ളവര്‍.
അതുപോലെതന്നെ ഡയറക്ടര്‍ പദവിക്ക് ഒട്ടേറെ നിയന്ത്രണങ്ങളുമുണ്ട്. ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്.
1. നിയമനത്തിന് ശേഷം രണ്ടു മാസങ്ങള്‍ക്കകമെങ്കിലും യോഗ്യതാ ഓഹരികള്‍ വാങ്ങാതിരിക്കുക.
2. ഭരണസമിതിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ തുടര്‍ച്ചയായി മൂന്നു ബോര്‍ഡു യോഗങ്ങളിലോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചേരുന്ന യോഗങ്ങളിലോ ഏതാണ് കൂടുതലെന്ന് വച്ചാല്‍ അതില്‍ പങ്കെടുക്കാതിരിക്കുക.
3. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ കമ്പനിയില്‍ നിന്നും കടമെടുക്കുക.
4. കമ്പനിയോടു വിശ്വാസ വഞ്ചന ചെയ്യുക.
5. പ്രതിഫലം ലഭിക്കുന്ന ഏതെങ്കിലും ഉദ്യോഗം അതേ കമ്പനി യില്‍ വഹിക്കുക.
ഡയറക്ടര്‍മാര്‍ക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നത് പ്രധാനമായും രണ്ടു രീതികളിലൂടെയാണ്. ഒന്ന്, കമ്പനി നിയമപ്രകാരം നിയമാവലിയില്‍ തന്നെ നിശ്ചയിക്കുക.
രണ്ട്, പ്രമേയം മുഖേന പ്രതിഫലം നിശ്ചയിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 11. ശ.മാ.ത്തില്‍ കൂടുതല്‍ പ്രതിഫലമായി ഡയറക്ടര്‍ക്കോ, മാനേജിംഗ് ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ക്കോ നല്‍കുവാന്‍ പാടില്ലെന്ന് കമ്പനി നിയമം അനുശാസിക്കുന്നുണ്ട്. പ്രതിഫലത്തെ സംബന്ധിച്ച ഈ വ്യവസ്ഥകള്‍ സ്വകാര്യകമ്പനികള്‍ക്ക് ബാധകമല്ല.
ഡയറക്ടര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, കമ്പനി ഭരണത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഡയറക്ടറെയാണ് മാനേജിങ് ഡയറക്ടര്‍ എന്നു പറയുന്നത്. പുതിയൊരു കമ്പനി രൂപീകരിച്ച് മൂന്നു മാസങ്ങള്‍ക്കുശേഷം കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ മാനേജിങ് ഡയറക്ടറെ നിയമിക്കാവുന്നതാണ്. മാനേജിങ് ഡയറക്ടര്‍, മുഴുവന്‍ സമയ ഡയറക്ടര്‍ തുടങ്ങിയവരുടെ നിയമനം-പുനര്‍നിയമനം എന്നിവയ്ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. ഒരു മാനേജിങ് ഡയറക്ടറുടെ കാലാവധി തുടര്‍ച്ചയായി അഞ്ചുകൊല്ലത്തില്‍ കവിയാന്‍ പാടില്ല. അഞ്ചുകൊല്ലം കഴിഞ്ഞാല്‍, അതേ കാലയളവിലേക്ക് വീണ്ടും നിയമിക്കാവുന്നതാണ്. ഒരേ സമയം രണ്ടില്‍ കൂടുതല്‍ കമ്പനികളില്‍ ഒരാള്‍ മാനേജിങ് ഡയറക്ടറായിരിക്കുവാന്‍ പാടില്ല.
ഡയറക്ടര്‍ ബോര്‍ഡിന്റെ അധികാരങ്ങളും ധര്‍മങ്ങളും. കമ്പനി ഭരണത്തിനുള്ള ഏറെക്കുറെ പൂര്‍ണമായ അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമാണ്. കമ്പനി നിയമമോ ഓഹരി ഉടമകളുടെ പൊതുയോഗത്തില്‍ തീരുമാനിക്കേണ്ടവയെന്ന് പ്രത്യേകം അനുശാസിക്കുന്ന കാര്യങ്ങളോ ഒഴിച്ച് മറ്റെല്ലാ പ്രവൃത്തികളും ഡയറക്ടര്‍ ബോര്‍ഡിന്റെ അധികാരപരിധിയില്‍പ്പെടുന്നു. ഡയറക്ടര്‍ ബോര്‍ഡിന്റെ നിയമാനുസൃതമായ അധികാരവിനിയോഗത്തില്‍ ഇടപെടാനോ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഉടമകള്‍ക്കവകാശമില്ല. കമ്പനി നിയമവും കൂട്ടുനിബന്ധനകളും ഡയറക്ടര്‍ ബോര്‍ഡിനു നല്‍കുന്ന അധികാരങ്ങളെ മറികടക്കണമെങ്കില്‍ കൂട്ടു നിബന്ധനകള്‍ ഭേദഗതി ചെയ്യേണ്ടതാവശ്യമാണ്. സാധാരണ അവസരങ്ങളില്‍ ഡയറക്ടര്‍മാരുടെ അധികാര വിനിയോഗം ചോദ്യം ചെയ്യപ്പെടാവുന്നതല്ല.
കമ്പനിയുടെ മിക്ക സാമ്പത്തികാധികാരങ്ങളും ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. ഓഹരികള്‍ പുറപ്പെടുവിക്കാനും മുഴുവന്‍ ഓഹരിത്തുകയും അടച്ചുതീര്‍ത്തിട്ടില്ലാത്ത ഓഹരിക്കാരോട് ദ്രവ്യാപേക്ഷ നടത്തുവാനുമുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിനുണ്ട്. ഓഹരി ഉടമകളുടെ സമ്മതത്തോടെ കമ്പനിക്കുവേണ്ടി കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ട്. ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങുന്നതിന് ബോര്‍ഡിന് അധികാരമുണ്ട്. എന്നാല്‍ കമ്പനിയുടെ ഭൂരിഭാഗം ആസ്തികളെ ബാധ്യതപ്പെടുത്തികൊണ്ടുള്ള ദീര്‍ഘകാല വായ്പകള്‍ വാങ്ങുമ്പോള്‍, ഓഹരി ഉടമകളുടെ അനുവാദം വാങ്ങേണ്ടതാണ്. കടപ്പത്രങ്ങളില്‍ കൂടിയല്ലാതെ വായ്പകള്‍ വാങ്ങാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിന്റെ ഒരു പ്രമേയത്തിലൂടെ ബോര്‍ഡ് നിയമിക്കുന്ന ഒരു സമിതിക്കോ മാനേജിങ് ഡയറക്ടര്‍ക്കോ മറ്റു പ്രധാന ഉദ്യോഗസ്ഥന്മാര്‍ക്കോ നല്‍കാവുന്നതാണ്. വാങ്ങാവുന്ന പരമാവധി വായ്പ എത്രയെന്നു തീരുമാനിക്കേണ്ടതും ബോര്‍ഡ് തന്നെയാണ്.
കമ്പനിയുടെ ധനം എങ്ങനെ വിനിയോഗിക്കണമെന്നും മിച്ചധനം എവിടെ നിക്ഷേപിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വായ്പകള്‍ നല്‍കുക കമ്പനിയുടെ കരാറുകള്‍ നല്‍കുക, അനുയോജ്യനെന്ന് തോന്നുന്ന ഒരാളെ മാനേജിങ് ഡയറക്ടര്‍ അഥവാ മറ്റു പ്രധാന പദവികളില്‍ നിയമിക്കുക, കമ്പനിയുടെ വരവുചെലവു കണക്കുകള്‍ പരിശോധിക്കാന്‍ ഓഡിറ്റര്‍മാരെ നിയമിക്കുക തുടങ്ങിയവയൊക്കെ ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ്. എന്നാല്‍ ഓഹരിമൂലധനം വര്‍ധിപ്പിക്കുക, നിയമാവലിയിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, ഒരു ഡയറക്ടറെ മാറ്റുകയും മറ്റൊരാളെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഓഹരി ഉടമകളുടെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ്.
ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രാഥമികധര്‍മം, കമ്പനിയുടെ ഭരണം നിയമവ്യവസ്ഥള്‍ക്കനുസൃതമായി നിര്‍വഹിക്കുക എന്നതാണ്. കമ്പനി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക തുടങ്ങിയവയാണ് ബോര്‍ഡിന്റെ മുഖ്യധര്‍മങ്ങള്‍. ഡയറക്ടര്‍ ബോര്‍ഡ് സംയുക്തമായി നിര്‍വഹിക്കേണ്ട ധര്‍മങ്ങള്‍ താഴെ പറയുന്നവയാണ്.
1. കമ്പനിയുടെ ഔപചാരിക റിപ്പോര്‍ട്ട് തക്കസമയത്ത് അംഗങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക.
2.കമ്പനിയുടെ പൊതുയോഗങ്ങള്‍ ഔപചാരികമായി വിളിച്ചുകൂട്ടുക.
3. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടുക.
4. കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ തയ്യാറാക്കുക.
5. ഡയറക്ടര്‍ ബോര്‍ഡുയോഗങ്ങളുടേയും പൊതുയോഗങ്ങളുടേയും മിനിറ്റ്സ് സൂക്ഷിക്കുക.
ഡയറക്ടര്‍ ബോര്‍ഡും കമ്പനിയും തമ്മിലുള്ള ബന്ധം വളരെയധികം വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഓഹരിഉടമകള്‍ തെരഞ്ഞെടുക്കുന്ന ആളുകളായതിനാല്‍, ഡയറക്ടര്‍മാര്‍ അംഗങ്ങളുടെ പ്രതിനിധികളാണെന്ന് വാദിക്കുന്നവരുണ്ട്. ഇതനുസരിച്ച് ഓഹരി ഉടമകള്‍ക്കു വേണ്ടി അവരുടെ താത്പര്യങ്ങള്‍ക്കു കോട്ടം സംഭവിക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഡയറക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ട്. ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിശ്വസ്തതയോടെയും ആത്മാര്‍ഥതയോടെയും വിനിയോഗിച്ചില്ലെങ്കില്‍, കമ്പനിയുടെ പുരോഗതിയെത്തന്നെയായിരിക്കും അത് ബാധിക്കുക. അതുകൊണ്ടാണ് അധികാരങ്ങള്‍ വിശ്വസ്തതയോടും കമ്പനിയുടെ പുരോഗതിക്കു വേണ്ടിയും മാത്രം പ്രയോഗിക്കേണ്ടതാണെന്ന് കമ്പനി നിയമം അനുശാസിക്കുന്നത്. ഈ നിയമങ്ങള്‍ ലംഘിക്കുകയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് കോട്ടം വരുത്തുകയും ചെയ്യുന്ന ഡയറക്ടര്‍മാരെ കര്‍ശനമായി ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കമ്പനി നിയമത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള കമ്പനികള്‍ക്കു പുറമേ സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, മറ്റു ബാങ്കുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകള്‍ എന്നിവയുടെ ഭരണച്ചുമതല നിര്‍വഹിക്കുന്ന സമിതിയേയും ഡയറക്ടര്‍ ബോര്‍ഡ് എന്നാണ് പറയുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത്. ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ നിയമനത്തില്‍ ഓഹരിയുടമകള്‍ക്കു പുറമേ റിസര്‍വ് ബാങ്കിനും അധികാരമുണ്ട് .പൊതുമേഖലാ സ്ഥാപനങ്ങളുടേയും കോര്‍പ്പറേഷനുകളുടേയും ഡയറക്ടര്‍മാരെ നിയമിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ കാര്യത്തിലെന്നപോലെ, ഡയക്ടര്‍ ബോര്‍ഡില്‍ നിയമാനുസൃതം നിക്ഷിപ്തമായ അധികാരങ്ങളും ചുമതലകളും വിനിയോഗിക്കുകയെന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരുടെയും ജോലി.