This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡണ്‍, ജോണ്‍ (1572 - 1631)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡണ്‍, ജോണ്‍ (1572 - 1631)

Donne,John

ബ്രിട്ടിഷ് (ഇംഗ്ലീഷ്) കവി. 1572-ല്‍ ലണ്ടനില്‍ ജനിച്ചു. ഓക്സ്ഫോഡിലെ ഹാര്‍ട്ട് ഹാളിലും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. 1610-ല്‍ എം. എ. ബിരുദം നേടി. 1601-ല്‍ ആന്‍ മൂറിനെ രഹസ്യമായി വിവാഹം കഴിച്ചു. 1598ല്‍ ലോഡ് കീപ്പറായ സര്‍ തോമസ് എഗേര്‍ട്ടന്റെ പ്രൈവറ്റ് സെക്രട്ടറിയായെങ്കിലും രഹസ്യ വിവാഹം കണ്ടുപിടിക്കപ്പെട്ടതിനെ ത്തുടര്‍ന്ന് ഉദ്യോഗത്തിന്‍ നിന്നും പിരിച്ചുവിട്ട് തടവിലാക്കി. രാഷ്ട്രീയ ഉയര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതകളും ഇതോടെ ഇല്ലാതായി. 1605-06 കാലത്ത് യൂറോപ്പില്‍ പര്യടനം നടത്താന്‍ അവസരം ലഭിച്ചു. 1615-ല്‍ കത്തോലിക്കാമതം സ്വീകരിച്ച് വൈദികപ്പട്ടം നേടിയ ഡണ്‍ സഭയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.

ജോണ്‍ ഡണ്‍

മെറ്റാഫിസിക്കല്‍ കവിതാ പ്രസ്ഥാനത്തിന്റെ മുഖ്യപ്രണേതാവെന്ന നിലയിലാണ് ജോണ്‍ ഡണ്‍ അറിയപ്പെടുന്നത്. ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ അന്വേഷണങ്ങളാല്‍ ഉന്മിഷത്തായിരുന്ന 17-ാം ശ. -ത്തിന്റെ പ്രതിഫലനം ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. പുത്തന്‍ ശാസ്ത്രകാരന്മാരുടെയും ദാര്‍ശനികരുടെയും ചിന്തകളോടുള്ള ആശങ്കാകുലമായ പ്രതികരണം ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായി നിലകൊള്ളുന്നു. എലിസബെത്തന്‍ കാലഘട്ടത്തിന്റെ അന്ത്യത്തിലുള്ള സമുദ്രയാത്രകള്‍ മനുഷ്യാവബോധത്തിന്റെ സീമകള്‍ വിപുലമാക്കുകയുണ്ടായി. നാവികയാത്രയുമായി ബന്ധപ്പെട്ട ധാരാളം ദൂരാരൂഢകല്പനകള്‍ (conceits) ഈ കവിതകളില്‍ കാണുന്നു. 'ദ് ഗുഡ് മോറോ' എന്ന കവിതയില്‍ കമിതാക്കളുടെ കണ്ണുകളെ ഭൂമിയുടെ അര്‍ധഗോളങ്ങളായി കല്പിച്ചിരിക്കുന്നു. 'എ വാലഡിക്ഷന്‍ ഫര്‍ബിഡിങ്ങ് മോണിങ്ങി'ലാകട്ടെ, വിരഹികളായ കാമുകീകാമുകന്മാരുടെ ആത്മാക്കളെ വടക്കു നോക്കി യന്ത്രങ്ങളോടാണ് ഉപമിച്ചിരിക്കുന്നത്. ഭൂമിയിലെ സുഗന്ധദ്രവ്യാദി സമ്പത്തുകളിലും കാമുകന്‍ കാമുകിയില്‍ അഭിവീക്ഷിക്കുന്ന ഗുണഗണങ്ങളിലും ഒളിഞ്ഞിരിക്കുന്ന സാദൃശ്യം മുന്‍ നിറുത്തി കവിത ചമയ്ക്കുന്ന വിദ്യയാണ് 'ദ് സണ്‍ റൈസിങ്' എന്ന കവിതയില്‍ കാണുന്നത് 'ഹിം റ്റു ഗോഡ് മൈ ഗോഡ് ഇന്‍ മൈ സിക്നസ്' എന്ന കവിതയില്‍ മരണത്തെ തന്നെ ഒരു പര്യവേക്ഷണമായി വിഭാവനം ചെയ്തിരിക്കുന്നു.

ഒരു സ്നേഹഗായകന്‍ എന്ന നിലയില്‍ ഡണ്‍ തന്റെ കവിതകളില്‍ ആവിഷ്കരിക്കുന്ന മാനുഷികഭാവങ്ങളുടെ വൈവിധ്യം പൂര്‍വസൂരികളെ അതിശയിക്കുന്നവ തന്നെയാണ്. ഇറ്റാലിയന്‍ കവിയായ പെട്രാര്‍ക്കില്‍ നിന്നു കടംകൊണ്ട് എലിസബെത്തന്‍ കവികള്‍ ഊട്ടി വളര്‍ത്തിയ കാമുകസങ്കല്പം - ഉദ്ധതവും നിഷ്കരുണവുമായ സ്വഭാവം പുലര്‍ത്തുന്ന കാമുകിയുടെ കാല്ക്കല്‍ വീണു തേങ്ങുന്ന കാമുകനെപ്പറ്റിയുള്ള സങ്കല്പം-ഡണ്‍ പാടെ നിരാകരിച്ചു. സ്ത്രീ ഹൃദയത്തെ സ്നേഹത്തിന്റെ മൃദുലസ്പര്‍ശം കൊണ്ട് ആനന്ദതുന്ദിലമാക്കുന്നതിനുപകരം, യുക്തി ചിന്തയും കനത്ത ദാര്‍ശനിക ഭാവവും കൊണ്ട് അവരുടെ മനസ്സുകളെ വിഭ്രമിപ്പിക്കുകയാണ് ഡണ്‍ ചെയ്യുന്നതെന്നായിരുന്നു ഡ്രൈഡന്റെ ആരോപണം. യുക്തിയുടേയും ഭാവനയുടേയും സമഞ്ജസമായ മേളനമാണ് ഡണ്ണിന്റെ കവിതകളില്‍ കാണുന്നത്. റ്റി. എസ്. എലിയട്ട് പറഞ്ഞതു പോലെ ഒരു ചിന്ത അദ്ദേഹത്തിന് ഒരു അനുഭവമായിരുന്നു ("A thought to Done was an experience.).

നിരവധി മതപരമായ കവിതകളും ഡണ്ണിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 'എ ഹിം റ്റു ഗോഡ് ദ് ഫാദര്‍', 'ഡെത് ബി നോട്ട് പ്രൗഡ്', 'ബാറ്റര്‍ മൈ ഹാര്‍ട്ട്', 'ത്രീ പേഴ്സന്‍ഡ് ഗോഡ്' തുടങ്ങിയവ ഈ കൂട്ടത്തില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്നു.

ദി അനാറ്റമി ഒഫ് ദ് വേള്‍ഡ് (1611), ദ് സെക്കന്‍ഡ് ആനിവേഴ്സറി: ഒഫ് ദ് പോഗ്രസ് ഒഫ് ദ് സോള്‍ (1612) എന്നിവയാണ് ഡണ്ണിന്റെ പ്രധാന കവിതാ സമാഹാരങ്ങള്‍. ആധുനിക കാലത്ത് ഹെലന്‍ ഗാര്‍ഡ്നര്‍ ഡണ്ണിന്റെ കവിതകള്‍ എഡിറ്റ് ചെയ്ത് ഡിവൈന്‍ പോയംസ് (1952), എലിജീസ് അന്‍ഡ് സോങ്സ് അന്‍ഡ് സോണെറ്റ്സ് (1965) എന്നീ പേരുകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി സ്യൂഡോ-മാര്‍ട്ടര്‍ (1610), ത്രീ സെര്‍മണ്‍സ് (1623), ഫോര്‍ സെര്‍മണ്‍സ് (1625), ഫൈവ് സെര്‍മണ്‍സ് (1626) തുടങ്ങി നിരവധി ഗദ്യകൃതികളും ഡണ്ണിന്റേതായുണ്ട്. 1631 മാ. 31-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍