This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ചുകാര്‍ ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡച്ചുകാര്‍ ഇന്ത്യയില്‍

വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഡച്ചുകാര്‍ പതിനേഴും പതിനെട്ടും ശ. -ങ്ങളില്‍ സജീവമായി ഈ രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചശേഷം സാമ്രാജ്യ സ്ഥാപനത്തിനുകൂടി ശ്രമിച്ചുതുടങ്ങി. എന്നാല്‍ ഈ മോഹം പൂര്‍ണമായും സഫലമായില്ല. എന്നു മാത്രമല്ല 19-ാം ശ. -ത്തോടെ ഇവര്‍ക്ക് ഇവിടത്തെ വാണിജ്യ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു.

യൂറോപ്പിലെ ഹോളണ്ട് അഥവാ നെതര്‍ലന്‍ഡ്സിലെ ജനങ്ങളാണ് ഡച്ചുകാര്‍. ഇവരെ കേരളത്തില്‍ 'ലന്തക്കാര്‍' എന്നും വിളിക്കുന്നുണ്ട്. 'ലന്തപ്പറങ്കിയുമിങ്കിരിയേസും' എന്ന നമ്പ്യാര്‍ക്കവിതാ ഭാഗം (അറുപത്തിനാലു തുള്ളല്‍ക്കഥകള്‍) ഇതിനുദാഹരണമാണ്. 16-ാം ശ. -ത്തിന്റെ അവസാനംവരെയും കിഴക്കന്‍ പ്രദേശങ്ങളുമായുള്ള നാവിക വാണിജ്യക്കുത്തക കൈയടക്കിയിരുന്ന പോര്‍ച്ചുഗലിനെതിരെ ആദ്യം രംഗപ്രവേശം ചെയ്ത യൂറോപ്യന്‍ സംഘം എന്ന ഖ്യാതി ഡച്ചുകാര്‍ക്കാണു ചെല്ലുന്നത്. 16-ാം ശ. വരെയും സ്പെയിനിന്റെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന നെതര്‍ലന്‍ഡ്സ് ഒരു സമരത്തിലൂടെ 1581-ല്‍ സ്വാതന്ത്ര്യം നേടി. ആ വര്‍ഷംതന്നെ ഡച്ചുകാര്‍ കിഴക്കന്‍ പ്രദേശങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തുന്നതിന് ഏതാനും കമ്പനികള്‍ രൂപവത്ക്കരിച്ചു. അന്വേഷണ കുതുകികളായിരുന്ന അവര്‍ പുതിയ വാണിജ്യ കേന്ദ്രങ്ങള്‍ തേടി പലയിടത്തും സഞ്ചരിച്ചു. 1597-ല്‍ കോര്‍ണേലിയസ് ഹൗട്മാന്‍( Cornelius Houtman) എന്ന ഡച്ചുനാവികന്‍ വാണിജ്യസംബന്ധമായ അന്വേഷണങ്ങള്‍ക്കുവേണ്ടി കിഴക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1602-ല്‍ നെതര്‍ലന്‍ഡ്സിലെ വിവിധ നാവിക വാണിജ്യക്കമ്പനികള്‍ ചേര്‍ന്ന് യുണൈറ്റഡ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി [Vereenigde Oost-Indische Compagnie(voc)] രൂപവത്കരിച്ചു. ഇന്തോനേഷ്യന്‍ ദ്വീപസമൂഹവുമായിട്ടാണ് അവര്‍ ആദ്യം വാണിജ്യം ആരംഭിച്ചത്. പുതുതായി രൂപവത്കരിക്കപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഗവണ്‍മെന്റ് ഡച്ച് ചാര്‍ട്ടര്‍ നല്‍കി. വാണിജ്യകാര്യങ്ങള്‍ക്കു വേണ്ടി എതിരാളികളോടു യുദ്ധം ചെയ്യുന്നതിനും, സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നതിനും, സമാധാനം ഉറപ്പിക്കുന്നതിനും, കോട്ടകള്‍ നിര്‍മിക്കുന്നതിനും കമ്പനിക്ക് അനുവാദം ലഭിച്ചു. സുമാത്രാ-ജാവാ ദ്വീപുകളിലാണ് ഡച്ചുകാര്‍ക്ക് തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുവാന്‍ കഴിഞ്ഞത്. ഈ പ്രദേശങ്ങളിലെ ഗവണ്‍മെന്റ് ഡച്ചുകാരുടെ പരമാധികാരം അംഗീകരിച്ചു. പോര്‍ച്ചുഗീസുകാരുടെ വക സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു ഡച്ചുകാരുടെ മുഖ്യ ലക്ഷ്യം. പോര്‍ച്ചുഗീസുകാരുടെ പക്കലുണ്ടായിരുന്ന അംബൊയ്ന എന്ന പ്രദേശം 1605-ല്‍ ഡച്ചുകാര്‍ സ്വന്തമാക്കി. 1619-ല്‍ ഇവര്‍ പോര്‍ച്ചുഗീസുകാരില്‍നിന്നും ജക്കാര്‍ത്തയും 1641-ല്‍ മലാക്കായും കൈവശപ്പെടുത്തി. താമസിയാതെ സിലോണും (ശ്രീലങ്ക) പോര്‍ച്ചുഗീസുകാരുടെ പക്കല്‍നിന്നും ഡച്ചുകാരുടെ ആധിപത്യത്തിലമര്‍ന്നു (1658).

അക്ബര്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ തന്നെ ഡച്ചുകാര്‍ ഇന്ത്യയുമായുള്ള വാണിജ്യത്തില്‍ താത്പര്യം കാണിച്ചിരുന്നു. 17-ാം ശ.-ത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ തീരത്ത് അവര്‍ വാണിജ്യബന്ധങ്ങള്‍ക്കുള്ള ശ്രമം നടത്തിപ്പോന്നു. ഗുജറാത്തുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ ഡച്ചുകാര്‍ 1601 മുതല്‍ ശ്രമിച്ചിരുന്നു. തുടക്കത്തില്‍ ഗുജറാത്തില്‍ നിന്നും അവര്‍ക്കു ചില തിരിച്ചടികളുണ്ടായെങ്കിലും പിന്നീട് ഗുജറാത്തിലെ സൂററ്റ് അവരുടെ അധീശത്വത്തിന്‍കീഴില്‍ വന്നുചേര്‍ന്നു. കേരളം ലക്ഷ്യമാക്കി വന്ന ഡച്ചുകാര്‍ 1604-ല്‍ കോഴിക്കോട്ടെത്തി. ഇവര്‍ 1605-ല്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള മസൂലിപ്പട്ടണത്തില്‍ എത്തിച്ചേര്‍ന്നു. 1610-ല്‍ പുലിക്കാട് സ്വന്തമാക്കിയ ഇവര്‍ ശക്തിസംഭരണ സങ്കേതമെന്ന നിലയില്‍ അവിടെ വലിയ ഒരു കോട്ടയും പണികഴിപ്പിച്ചു. 1689 വരെ പുലിക്കാട് ഡച്ചുകാരുടെ കോറൊമണ്ഡല്‍ തീരത്തെ ആസ്ഥാനമായി നിലകൊണ്ടു. ചിന്‍സുറാ 1653-ല്‍ ഡച്ചുകാരുടെ ബംഗാളിലെ ആസ്ഥാനമായിത്തീര്‍ന്നു. ഇപ്രകാരം ഗുജറാത്ത്, കേരളതീരം, കോറൊമണ്ഡല്‍ തീരം, ഗോല്‍ക്കൊണ്ട, ബിഹാര്‍, ഒറീസ്സ, ബംഗാള്‍, ഗംഗാനദീതീരം എന്നീ പ്രദേശങ്ങളിലെല്ലാം ഡച്ചുകാര്‍ക്ക് വാണിജ്യബന്ധം സ്ഥാപിക്കാന്‍ സാധിച്ചു.

17-ാം ശ.-ത്തിന്റെ തുടക്കം മുതല്‍ കേരള തീരവുമായി വാണിജ്യബന്ധം സ്ഥാപിച്ചുവന്ന ഡച്ചുകാര്‍ക്ക് 1663 ജനു. 7-ന് കൊച്ചിക്കോട്ട പോര്‍ച്ചുഗീസുകാരില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചതോടെ കേരളത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ അവസരമുണ്ടായി. ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളുമായുള്ളതിനേക്കാളും പ്രാധാന്യം കേരളവുമായുള്ള വാണിജ്യബന്ധത്തിനു ഡച്ചുകാര്‍ നല്‍കിയിട്ടുണ്ട്.

17-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും പോര്‍ച്ചുഗീസുകാരെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയിലെ സുഗന്ധവ്യഞ്ജന വ്യാപാരം ഡച്ചുകാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഇന്ത്യയും പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരവും അവര്‍ ശക്തമാക്കി. ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുവന്ന അമരി, ഡക്കാണിലെ പഞ്ഞിവസ്ത്രങ്ങള്‍, പട്ടുവസ്ത്രങ്ങള്‍, വെടിയുപ്പ്, അരി മുതലായവ അവര്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കയച്ച് വ്യാപാരബന്ധം ശക്തിപ്പെടുത്തി.

കത്തോലിക്കരായ പോര്‍ച്ചുഗീസുകാരെ തോല്പിക്കുകയെന്നതും കിഴക്കന്‍ പ്രദേശത്ത് വ്യാപാരക്കുത്തക്ക സ്ഥാപിക്കുകയെന്നതും ഡച്ചുകാരുടെ ലക്ഷ്യമായിരുന്നു. ഇതിനുവേണ്ടി ഇംഗ്ലീഷുകാരുമായി ഡച്ചുകാര്‍ സഖ്യത്തിലേര്‍പ്പെട്ടു (1619). പോര്‍ച്ചുഗീസുകാരെ എതിര്‍ത്തു തോല്പിക്കുവാന്‍ കഴിഞ്ഞുവെങ്കിലും കിഴക്കന്‍ പ്രദേശത്ത് ഡച്ചു സാമ്രാജ്യം സ്ഥാപിക്കുന്നതിന് ഇംഗ്ലീഷുകാര്‍ തങ്ങള്‍ക്കു പ്രതിബന്ധമാണെന്ന് പെട്ടെന്നുതന്നെ ഡച്ചുകാര്‍ക്കു ബോധ്യമായി. ഇത് ഇംഗ്ലീഷുകാരും ഡച്ചുകാരും തമ്മിലുള്ള സംഘര്‍ഷത്തിനു കളമൊരുക്കി. അക്കാലത്ത് ഡച്ചു നാവിക സേന ഇംഗ്ലീഷ് നാവിക സൈന്യത്തേക്കാള്‍ ശക്തമായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ ഡച്ചു നാവികപ്പട ശക്തമായി പൊരുതി. ജാവായിലും ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലുമാണ് ഡച്ചുകാര്‍ അവരുടെ ശക്തി തെളിയിച്ചത്. 1623-ല്‍ ഡച്ചുകാര്‍ അംബൊയ്നയില്‍ നടത്തിയ ക്രൂരപ്രവര്‍ത്തനത്തിന്റെ ഫലമായി അനേകം ഇംഗ്ലീഷുകാര്‍ വധിക്കപ്പെട്ടു. ഇംഗ്ലീഷുകാര്‍ക്കെതിരെ നിശിതമായ നിലപാട് കൈക്കൊണ്ട ഡച്ചുകാര്‍ ഇന്ത്യയില്‍ സൂററ്റ് മുതല്‍ ബോംബെ വരെയുള്ള മേഖലയില്‍ ഇംഗ്ലീഷുകാരെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു.

ഇന്ത്യയിലെ രാജാക്കന്മാര്‍ ഇംഗ്ലീഷുകാരോട് കൂടുതല്‍ സൗജന്യം കാണിക്കുന്നുവെന്ന വിവരവും ഡച്ചുകാരെ രോഷാകുലരാക്കി. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഡച്ചുകാരുടെ വ്യാപാരലാഭത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ചുങ്കത്തിലും കുറച്ചു മാത്രമേ ഇംഗ്ലീഷുകാരില്‍ നിന്നും ചുങ്കമായി പിരിച്ചിരുന്നുള്ളൂ എന്നും ഇംഗ്ലീഷുകാര്‍ക്ക് അനുവദിച്ചിട്ടുള്ള ഈ സൗജന്യം തങ്ങള്‍ക്കും നല്‍കണമെന്നും ഡച്ചുകാര്‍ ആവശ്യപ്പെട്ടിരുന്നതായി രേഖപ്പെടുത്തി കാണുന്നു. 1795 വരെ ഇന്ത്യയിലും പൗരസ്ത്യ ദേശങ്ങളിലും ഇംഗ്ലീഷ്-ഡച്ച് വാണിജ്യത്തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

18-ാം ശ.-ത്തിന്റെ തുടക്കത്തില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഗുജറാത്ത് മേഖലയില്‍ സൂററ്റ്, അഹമ്മദാബാദ്, ബറോഡ, കാംബെ, ആഗ്ര (ഉത്തര്‍പ്രദേശ്) തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളായുണ്ടായിരുന്നു. കോറൊമണ്ഡല്‍ തീരത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളാകട്ടെ പുലിക്കാട്, കന്യാകുമാരി, തൂത്തുക്കുടി, പോര്‍ട്ടോ നോവോ, മസൂലിപ്പട്ടണം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു. ബംഗാള്‍ മേഖലയില്‍ ചിന്‍സുറാ, കാസിംബസാര്‍, മൂര്‍ഷിദാബാദ്, പാറ്റ്ന, ഢാക്ക, ചിറ്റഗോങ് തുടങ്ങിയ പ്രദേശങ്ങള്‍ പ്രധാന വാണിജ്യ കേന്ദ്രങ്ങളായി വര്‍ത്തിച്ചു. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, ചേറ്റുവായ്, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍, കായംകുളം, പുറക്കാട്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഡച്ചുകാരുടെ പ്രധാന കേന്ദ്രങ്ങള്‍.

യൂറോപ്പില്‍ 1795-ല്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും യോജിപ്പിലായതോടെ ഇന്ത്യയിലും പൗരസ്ത്യ ദേശങ്ങളിലും നിലനിന്നിരുന്ന വാണിജ്യമത്സരം അവസാനിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ ഡച്ചു പ്രദേശങ്ങള്‍ ഇംഗ്ലീഷുകാരുടെ വകയായിത്തീര്‍ന്നു. ഇന്ത്യയില്‍ സാമ്രാജ്യം സ്ഥാപിക്കാന്‍ പോര്‍ച്ചുഗല്‍, ഹോളണ്ട്, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ടാണ് ഇക്കാര്യത്തില്‍ വിജയിച്ചത്. ഫ്രഞ്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും ചില സ്ഥലങ്ങളില്‍ ആധിപത്യം ലഭിച്ചു. എന്നാല്‍ 19-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടി ഡച്ചുകാര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ എല്ലാ സ്ഥലങ്ങളും നഷ്ടപ്പെടുകയാണുണ്ടായത്.

ഡച്ചുകാര്‍ കേരളത്തില്‍. ഡച്ചുകാര്‍ 17-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ വാണിജ്യ സംബന്ധമായ സാധ്യതകള്‍ അറിയുന്നതിനുവേണ്ടി കേരളത്തില്‍ വന്നിരുന്നു. 1604-ല്‍ കേരളം ലക്ഷ്യമാക്കി വന്ന സ്റ്റീവന്‍ വാന്‍ ഡര്‍ ഹാഗന്റെ (Steven van der Hagen) നേതൃത്വത്തിലുള്ള ഒരു ഡച്ചുസംഘം ആ വര്‍ഷം നവംബര്‍ 11-ന് കോഴിക്കോട്ടു സാമൂതിരിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അതിന്റെ ഫലമായി ഡച്ചുകാരെ കോഴിക്കോട്ട് താമസിച്ചുകൊണ്ട് കച്ചവടം നടത്തുവാന്‍ സാമൂതിരി അനുവദിച്ചു. 1608-ല്‍ കോഴിക്കോട്ടെത്തിയ അഡ്മിറല്‍ വെര്‍ഹോഫ് സാമൂതിരിയുമായി മറ്റൊരുടമ്പടി ഉണ്ടാക്കി. 1610-ല്‍ മൂന്നു ഡച്ചു കപ്പലുകള്‍ കോഴിക്കോട്ടു വന്നുചേര്‍ന്നു. കൊച്ചിയും കോഴിക്കോടും തമ്മില്‍ ശത്രുതയില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം പോര്‍ച്ചുഗീസുകാരെ എതിര്‍ക്കുന്ന കാര്യത്തില്‍ ഡച്ചുകാരും സാമൂതിരിയും തമ്മില്‍ യോജിപ്പിലെത്തി. 1619-ല്‍ ഇംഗ്ലീഷുകാരും ഡച്ചുകാരും ചേര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരായ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. 1625-ല്‍ തന്റെ രാജ്യത്തിനുള്ളില്‍ ഒരു ഫാക്റ്ററി സ്ഥാപിച്ചു നടത്തുവാന്‍ സാമൂതിരി ഡച്ചുകാരെ അനുവദിച്ചു.

കാലക്രമത്തില്‍ ഡച്ചുകാര്‍ കോഴിക്കോട്ടു നിന്നും മധ്യകേരളത്തിലേക്കു നീങ്ങി. 1642-ല്‍ അവര്‍ ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവുമായി ഉടമ്പടി ഉണ്ടാക്കുകയുണ്ടായി. 1643-ല്‍ കായംകുളം രാജാവുമായും ഉടമ്പടി ഉണ്ടാക്കി. 1658 ഡി.-ല്‍ ഡച്ചു നേതാവായ വാന്‍ ഗൂണ്‍സ് കൊല്ലത്തെ പോര്‍ച്ചുഗീസ് സങ്കേതം പിടിച്ചെടുത്തു. 1659 ജനു.-ല്‍ ഡച്ചുകാര്‍ കൊല്ലം റാണിയുമായി ഉടമ്പടി ഉണ്ടാക്കി അനേകം ആനുകൂല്യങ്ങള്‍ നേടിയെടുത്തു. അവര്‍ തിരുവിതാംകോടുമായും (വേണാട്) മറ്റൊരു ഉടമ്പടിയില്‍ ഒപ്പു വെച്ചു. ഇത്രയുംകാലം വ്യാപാരം മാത്രമായിരുന്നു ഡച്ചുകാര്‍ ലക്ഷ്യമിട്ടിരുന്നത്.

1663 ജനു. 7-ന് ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ തോല്‍പിച്ച് കൊച്ചി പിടിച്ചെടുത്തു. പുതുതായി അധികാരം ഏറ്റെടുത്ത കൊച്ചി രാജാവ് ഡച്ചുകാരുടെ പരമാധികാരം അംഗീകരിക്കുകയും ചെയ്തു. കൊച്ചിയിലെ വിജയത്തിനുശേഷം ഡച്ചുകാരുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വേറെയും ചില രാജാക്കന്മാര്‍ മുന്നോട്ടുവന്നു. പുറക്കാട്, പറവൂര്‍, ആലങ്ങാട്, ഇടപ്പള്ളി തുടങ്ങിയ രാജ്യങ്ങളിലെ നാടുവാഴികള്‍ ഡച്ചുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ച് ഉടമ്പടി ഉണ്ടാക്കി. ഇവിടെയെല്ലാം ഡച്ചുകാര്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1663 ഫെ. 15-ന് പോര്‍ച്ചുഗീസുകാരുടെ വക 'ഫോര്‍ട്ട് സെയ്ന്റ് ഏഞ്ചലോ' എന്ന കണ്ണൂര്‍ കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു. 1663 മാ. 20-ന് അവര്‍ കോലത്തിരി (ചിറയ്ക്കല്‍) രാജാവുമായി വാണിജ്യബന്ധം സ്ഥാപിച്ചുകൊണ്ട് സന്ധിയുണ്ടാക്കി. കുരുമുളക്, ഏലം തുടങ്ങിയവ ഇവിടെനിന്നെല്ലാം അവര്‍ക്ക് സുലഭമായി ലഭിച്ചു. 1664-ല്‍ കണ്ണൂരിലെ ആലി രാജാവുമായി ഡച്ചുകാര്‍ ഉടമ്പടി ഉണ്ടാക്കി. അക്കൊല്ലം തന്നെ ഡച്ചു ക്യാപ്റ്റന്‍ ന്യൂ ഹോഫ് ദക്ഷിണ-മധ്യ കേരളത്തിലെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെയെല്ലാം ഡച്ചുകാരുടെ നില ഭദ്രമാക്കി.

1673-ല്‍ കൊച്ചിയിലെ ഡച്ച് കമാന്‍ഡറായി ഹെന്‍ഡ്രിക് അഡ്രിയാന്‍ വാന്‍ റീഡ് വന്നതുമുതല്‍ ഡച്ചുകാര്‍ക്ക് കൊച്ചിയുമായുണ്ടായിരുന്ന സമീപനത്തില്‍ ചില മാറ്റങ്ങളുണ്ടായി. ഡച്ചുകാര്‍ കൊച്ചി രാജ്യത്തിനുമേല്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. 1674-ലെ ഒരു ഉടമ്പടി മുതല്‍ ഡച്ചുകാര്‍ കൊച്ചിയിലെ പിന്തുടര്‍ച്ച നിയന്ത്രിക്കുന്നതിലും ഇടപെട്ടിരുന്നു. ഇതോടുകൂടി കൊച്ചിയുടെമേലുള്ള പൂര്‍ണാവകാശം ഡച്ചുകാരുടെ കൈകളിലായി. 1701-ല്‍ കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ യുദ്ധത്തില്‍ ഡച്ചുകാര്‍ കൊച്ചിയെ സഹായിച്ചു. ഒന്‍പതു വര്‍ഷം നീണ്ടു നിന്ന ഈ യുദ്ധം അവസാനിച്ചപ്പോള്‍ സാമൂതിരിയുടെ വക ചേറ്റുവാ, പാപ്പിനിവട്ടം എന്നീ സ്ഥലങ്ങള്‍ ഡച്ചുകാരുടെ അധീനതയിലായി. 1715-ല്‍ ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടി സാമൂതിരി ചേറ്റുവാ തുടങ്ങിയ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചു. അതിനുശേഷമുണ്ടായ ഒരു ഉടമ്പടി പ്രകാരം ചേറ്റുവായും മറ്റു പ്രദേശങ്ങളും ഡച്ചുകാര്‍ക്കു വിട്ടുകൊടുക്കാമെന്നും കൊച്ചിയുമായി സൌഹാര്‍ദത്തില്‍ കഴിഞ്ഞുകൊള്ളാമെന്നും സാമൂതിരി സമ്മതിച്ചു.

ഡച്ച്-തിരുവിതാംകൂര്‍ സംഘട്ടനം. ഈ ഘട്ടത്തിലാണ് വേണാടിലെ രാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) തന്റെ രാജ്യവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഡച്ചുകാരുടെ സഖ്യകക്ഷികളായ കായംകുളത്തേയും, സമീപ രാജ്യങ്ങളേയും വേണാട്സേന ആക്രമിച്ചത് ഡച്ചുകാര്‍ക്ക് ഇഷ്ടമായില്ല. കേരളത്തിലെ നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളില്‍ ഇടപെടാന്‍ ഇതുതന്നെ അനുയോജ്യമായ അവസരമെന്ന് അവര്‍ കരുതി. ഇളയിടത്തു സ്വരൂപത്തിലെ (കൊട്ടാരക്കര) ഒരു രാജകുമാരി മാര്‍ത്താണ്ഡവര്‍മയെ ഭയപ്പെട്ടുകൊണ്ട് തെക്കുംകൂറില്‍ അഭയം പ്രാപിച്ചു. സിലോണിലെ ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഗസ്റ്റാഫ് വില്യം വാന്‍ ഇംഹോഫ് കേരളത്തിലെത്തി ഡച്ചുകാരുടെ സാമ്രാജ്യസ്ഥാപനത്തിന് മാര്‍ത്താണ്ഡവര്‍മയെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു റിപ്പോര്‍ട്ടു ചെയ്തു. കൊല്ലം, കായംകുളം. ഇളയിടത്തു സ്വരൂപം എന്നിവിടങ്ങളില്‍ വേണാട് ഇടപെടുന്നതിനെ ഡച്ചുകാര്‍ എതിര്‍ത്തു. വാന്‍ ഇംഹോഫ് നേരിട്ട് മാര്‍ത്താണ്ഡവര്‍മയെ കണ്ടു സംഭാഷണം നടത്തി. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷം അവര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതേയുള്ളൂ. ഇതോടെ ഡച്ചുകാരുടെ നേതൃത്വത്തിലുള്ള സേന തിരുവിതാംകൂറിലേക്കു നീങ്ങി. ഇളയിടത്തു സ്വരൂപത്തില്‍ നിന്നും ഒളിച്ചുപോയ രാജകുമാരിയെ അവിടത്തെ രാജ്ഞിയായി വാന്‍ ഇംഹോഫ് പ്രഖ്യാപിച്ചു. ഇതിനു പ്രത്യുപകാരമായി അയിരൂരിനടുത്തുള്ള ഒരു വലിയ പ്രദേശം രാജ്ഞി ഡച്ചുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതറിഞ്ഞ ഉടന്‍തന്നെ മാര്‍ത്താണ്ഡവര്‍മ ഒരു വലിയ സൈന്യവുമായി വടക്കോട്ടു നീങ്ങി. ഇളയിടത്തു സ്വരൂപത്തിന്റേയും ഡച്ചുകാരുടേയും സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം തോല്‍പിച്ചു. തുടര്‍ന്ന് ഇളയിടത്തു സ്വരൂപത്തെ വേണാടുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കുളച്ചല്‍ യുദ്ധം. യുദ്ധത്തില്‍ പരാജയം നേരിട്ട ഡച്ചുകാര്‍ പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ വേണാടിനെ തെക്കുഭാഗത്തുകൂടി ആക്രമിക്കുവാന്‍ തീരുമാനിച്ചു. സിലോണില്‍ നിന്നും പുറപ്പെട്ട ഡച്ച് നാവികപ്പട കുളച്ചല്‍ തുറമുഖത്തെത്തി. ഈ സമയം മാര്‍ത്താണ്ഡവര്‍മ സൈന്യവുമായി കൊല്ലത്തായിരുന്നു. കുളച്ചലില്‍ ഇറങ്ങിയ ഡച്ചുപട സമീപത്തുള്ള ഇരണിയലിലേക്കു നീങ്ങി. ഇരണിയല്‍ മുതല്‍ കോട്ടാര്‍ വരെയുള്ള പ്രദേശങ്ങളെല്ലാം ഡച്ചുകാരുടെ കൈകളിലായി. മാര്‍ത്താണ്ഡവര്‍മയുടെ തലസ്ഥാനമായ പത്മനാഭപുരം കൊട്ടാരം ആക്രമിച്ചു പിടിക്കുകയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. സംഭവങ്ങള്‍ ഇമ്മാതിരി വികസിച്ചപ്പോഴേക്കും കൊല്ലത്തു നിന്ന് മാര്‍ത്താണ്ഡവര്‍മയും സൈന്യവും തലസ്ഥാനത്തെത്തിച്ചേര്‍ന്നു.

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മുഖപേജ്

തങ്ങള്‍ക്കെതിരെയുള്ള മാര്‍ത്താണ്ഡവര്‍മയുടെ നീക്കം മനസ്സിലാക്കിയ ഡച്ചുകാര്‍ കുളച്ചലില്‍ ഉള്ള അവരുടെ കോട്ടയിലേക്ക് പിന്‍വാങ്ങി. അവിടെ അവര്‍ തങ്ങളുടെ പ്രതിരോധനിര ശക്തിപ്പെടുത്തി. മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം ഡച്ചുകാരുടെ കോട്ട വളഞ്ഞു. കോട്ടയ്ക്കു ചുറ്റുമുള്ള മാര്‍ത്താണ്ഡവര്‍മയുടെ സൈനികശക്തി ഡച്ചുകാര്‍ക്ക് തകര്‍ക്കാന്‍ സാധിച്ചില്ല. ഡച്ച് സൈന്യത്തിന് വേണ്ടത്ര ആയുധങ്ങളോ, ഭക്ഷണസാധനങ്ങളോ ലഭിക്കാതെ അവര്‍ കോട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.

ഈ സമയം പ്രതികൂല കാലാവസ്ഥ അവരുടെ നില കൂടുതല്‍ ദുഷ്ക്കരമാക്കി. കന്യാകുമാരിയിലുണ്ടായിരുന്ന ഡച്ച് സൈന്യത്തിന് കോട്ടയില്‍ കുടുങ്ങിയ സൈന്യത്തെ സഹായിക്കുവാനോ രക്ഷപ്പെടുത്തുവാനോ സാധിച്ചില്ല. ഈ നില തുടരുമ്പോള്‍ 1741 ആഗ. 5-ന് ഒരു തീപിടുത്തം കോട്ടയിലുണ്ടായി. ആ തീപിടുത്തത്തില്‍ ഡച്ച് സൈന്യത്തിന്റെ വളരെയധികം ഭക്ഷണസാധനങ്ങളും ആയുധങ്ങളും നശിച്ചു. ഈ സ്ഥിതിയില്‍ ഭക്ഷണം ലഭിക്കാതെ രണ്ടു ദിവസത്തിനുശേഷം ഡച്ചുകാരുടെ സൈന്യം മാര്‍ത്താണ്ഡവര്‍മയ്ക്ക് കീഴടങ്ങി. കോട്ടയില്‍ നിന്ന് പുറത്തുവന്ന ഡച്ച് സൈനികരെ മാര്‍ത്താണ്ഡവര്‍മ യുദ്ധത്തടവുകാരായി പിടിച്ചെടുത്തു. അധികം വൈകാതെ അവരെ തന്റെ സൈന്യത്തില്‍ ചേര്‍ത്തു. ഈ ചെറിയ സൈന്യത്തിനു നേതൃത്വം നല്‍കിയിരുന്ന ഡിലനോയി ക്രമേണ മാര്‍ത്താണ്ഡവര്‍മയുടെ സ്നേഹവും വിശ്വാസവുമാര്‍ജിച്ചു. സൈനിക കലയില്‍ അദ്ദേഹം പ്രഗല്ഭനായിരുന്നു. പില്ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ തന്റെ സൈന്യാധിപനായി അദ്ദേഹത്തെ ഉയര്‍ത്തി. വലിയ കപ്പിത്താന്‍ എന്ന പേരിലായിരുന്നു ഡിലനോയി അക്കാലത്ത് അറിയപ്പെട്ടിരുന്നത്. കുളച്ചലില്‍ ഉണ്ടായ കീഴടങ്ങല്‍ ഡച്ചുകാര്‍ക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു. ഈ യുദ്ധത്തോടുകൂടി കേരളം പിടിച്ചെടുക്കാമെന്നുള്ള അവരുടെ വ്യാമോഹം തകര്‍ന്നു. പിന്നീടുള്ള കാലം മുഴുവന്‍ അവര്‍ കേരളത്തില്‍ സാധാരണ വ്യാപാരികളായി കഴിഞ്ഞുകൂടുകയാണുണ്ടായത്.

കുളച്ചലില്‍ ഡച്ചുകാരുടെമേല്‍ നേടിയ തന്ത്രപരമായ വിജയം മാര്‍ത്താണ്ഡവര്‍മയുടെ വടക്കോട്ടുള്ള ജൈത്രയാത്ര സുഗമമാക്കി. വടക്ക് കൊച്ചിയുടെ തെക്കുള്ള രാജ്യങ്ങളെല്ലാം പിടിച്ചെടുക്കാന്‍ വേണാടിനു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി മാര്‍ത്താണ്ഡവര്‍മയാണെന്ന വസ്തുതയും മറ്റു കേരള രാജാക്കന്മാര്‍ മനസ്സിലാക്കി. തിരുവിതാംകൂറിലെ ഡച്ചുകാരുടെ സങ്കേതങ്ങളെല്ലാം മാര്‍ത്താണ്ഡവര്‍മ പിടിച്ചെടുത്തു. 1753 ആഗ. 15-ന് മാവേലിക്കര വച്ച് ഡച്ചുകാരും തിരുവിതാംകൂറും തമ്മില്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതിലെ വ്യവസ്ഥകള്‍ തിരുവിതാംകൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.

കോഴിക്കോട്ട് ഡച്ചുകാരുടെ പതനം. ഇതിനിടയില്‍ കോഴിക്കോട്ടു സാമൂതിരിയും ഡച്ചുകാര്‍ക്കെതിരായി തിരിഞ്ഞു. നേരത്തേ (1717) ഡച്ചുകാരോടു (ചേറ്റുവാ യുദ്ധത്തില്‍) തോറ്റ സാമൂതിരി മറ്റു രാജാക്കന്മാരെ സ്വാധീനിച്ച് ഡച്ചുകാര്‍ക്കെതിരായി ഒരു മുന്നണി ഉണ്ടാക്കി ചേറ്റുവായും മറ്റും തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു (1757). സാമൂതിരി പാപ്പിനിവട്ടം തിരിച്ചുപിടിച്ചു. ഡച്ചുകാരുടെ ഏനാമയ്ക്കല്‍ കോട്ടയും സാമൂതിരിയുടെ കൈകളിലായിത്തീര്‍ന്നു. തുടര്‍ന്ന് കൊച്ചി മുഴുവനും പിടിച്ചെടുക്കാന്‍ സാമൂതിരി ലക്ഷ്യമിട്ടു. മൈസൂര്‍ സുല്‍ത്താനായ ഹൈദര്‍ അലി 1766-ല്‍ കേരളം ആക്രമിച്ചപ്പോള്‍ ചേറ്റുവായും പാപ്പിനിവട്ടവും മൈസൂര്‍ ആധിപത്യത്തിലായി. മൈസൂര്‍ പടയെ ഭയന്ന് ഡച്ചുകാര്‍ കൊടുങ്ങല്ലൂര്‍ കോട്ടയും ആയക്കോട്ടയും തിരുവിതാംകൂര്‍ ഗവണ്‍മെന്റിനു വിറ്റു. 1795 ഒ. 19-ന് കൊച്ചിക്കോട്ട ഇംഗ്ലീഷുകാരുടെ കൈവശത്തായി. നെപ്പോളിയന്റെ പതനത്തിനു ശേഷം യൂറോപ്പിലെ രാഷ്ട്രീയസ്ഥിതിഗതികളിലുണ്ടായ മാറ്റത്തോടെ 19-ാം ശ.-ത്തിന്റെ ആദ്യകാലത്ത് കേരളത്തില്‍ തങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ ഡച്ചുകാര്‍ ഇംഗ്ലീഷുകാര്‍ക്കു വിട്ടുകൊടുത്തു.

മാര്‍ത്താണ്ഡവര്‍മയുടെ കീഴില്‍ തിരുവിതാംകൂര്‍ ഏകീകരണവും തുടര്‍ന്നുള്ള വളര്‍ച്ചയും ഡച്ചു സാമ്രാജ്യമോഹത്തിനേറ്റ വലിയൊരു ആഘാതമായിരുന്നു. ഇംഗ്ളീഷുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയ ഇതര യൂറോപ്യന്‍ ശക്തികളുടെ വളര്‍ച്ചയും ഡച്ചു ശക്തിയുടെ പരാജയത്തിനു കാരണമായി ഭവിച്ചു. ഡച്ചുകാരനായ ഡിലനോയിയില്‍ നിന്നും ലഭിച്ച പരിശീലനംകൊണ്ടുതന്നെ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാര്‍ക്കെതിരെ പോരാടിയതും ഡച്ചുകാര്‍ക്കു ദോഷം ചെയ്തു. നാവിക രംഗത്തെ മേല്‍ക്കോയ്മ ഇംഗ്ലീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും ലഭിച്ചതിനാല്‍ ആ മേഖലയിലും ഡച്ചുകാര്‍ പിന്നിലായി.

ഡച്ചുകാരുടെ ഭരണ രീതി. തങ്ങളുടെ അധീനതയില്‍പ്പെട്ട പ്രദേശങ്ങളില്‍ ഡച്ചുകാര്‍ നല്ല ഭരണ സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കാര്യശേഷിയുള്ള ഉദ്യോഗസ്ഥന്മാര്‍ ഭരണരംഗത്തുണ്ടായിരുന്നതിനാല്‍ ജനങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഭരണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണരീതിയെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍ പോലും ശ്ലാഘിച്ചിരുന്നു. 17 ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു സമിതിയാണ് ഇവിടത്തെ ഡച്ചു ഭരണത്തിനു നേതൃത്വം നല്‍കിയത്. ബത്തേവിയയിലെ ഡച്ച് ആസ്ഥാനമാണ് കേരളത്തിലെ ഡച്ചു ഭരണത്തേയും നിയന്ത്രിച്ചിരുന്നത്. കേരളത്തിലെ ഭരണകാര്യങ്ങള്‍ നോക്കിനടത്തുവാന്‍ കൊച്ചി ആസ്ഥാനമാക്കി ഒരു കമാന്‍ഡിയറും കൗണ്‍സിലും ഉണ്ടായിരുന്നു. നല്ല പരിശീലനം ലഭിച്ച കാര്യക്ഷമതയുള്ള സൈനികരാണ് ഡച്ചുകാര്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്നത്. കച്ചവടത്തില്‍നിന്നും പരമാവധി ലാഭം ലഭിക്കത്തക്കവിധം ഭരണ സംവിധാനത്തെ ഇവര്‍ ക്രമപ്പെടുത്തിയിരുന്നു. കയറ്റുമതിക്കും ഇറക്കുമതിക്കും ആയി വെവ്വേറെ മണ്ഡലങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കുരുമുളക്, ഏലം മറ്റു സുഗന്ധ വ്യഞ്ജനങ്ങള്‍, പരുത്തിത്തുണികള്‍, ഇരണിയലിലും കോട്ടാറിലും നെയ്തിരുന്ന വിശേഷതുണികള്‍ തുടങ്ങിയവ ഇവര്‍ ധാരാളമായി കയറ്റുമതി ചെയ്തു. വാണിജ്യത്തില്‍ നിന്നുള്ള വരുമാനത്തിനു പുറമേ വിവിധ പ്രദേശങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന നികുതികളും പുകയിലയുടെ മേല്‍ ചുമത്തിയിരുന്ന ചുങ്കവും അടിമക്കച്ചവടത്തില്‍ നിന്നും ലഭിച്ചിരുന്ന ലാഭവും ഡച്ചു സാമ്പത്തിക നിലയെ ഭദ്രമാക്കി.

ഡച്ചുകാരുടെ മത നയം. പോര്‍ച്ചുഗീസുകാര്‍ അനുവര്‍ത്തിച്ചിരുന്നതിനേക്കാള്‍ സഹിഷ്ണുതാപരമായ മത നയമാണ് ഡച്ചുകാര്‍ പുലര്‍ത്തിയിരുന്നത്. പോര്‍ച്ചുഗീസുകാരില്‍ നിന്നും കൊച്ചി പിടിച്ചടക്കിയ ആദ്യ ഘട്ടത്തില്‍ അവര്‍ കത്തോലിക്കാ വിഭാഗക്കാരോട് അമര്‍ഷം കാട്ടിയെങ്കിലും പില്ക്കാലത്ത് അവരുടെ മതനയം സഹിഷ്ണുതാപൂര്‍ണമായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായിരുന്നു ഡച്ചുകാര്‍. ഇവര്‍ സ്വന്തം മതത്തിലേക്ക് ആളുകളെ ചേര്‍ക്കാന്‍ കാര്യമായ ശ്രമം നടത്തിയിരുന്നില്ല. ലത്തീന്‍ കത്തോലിക്കരോട് ഇവര്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സുറിയാനി ക്രസ്ത്യാനികള്‍ അവരുടെ മത പ്രവര്‍ത്തനത്തില്‍ പ്രകടമാക്കിയ സ്വാതന്ത്യ്രവാഞ്ഛയ്ക്ക് ഇവര്‍ എതിരു നിന്നില്ല. ഹൈന്ദവ ജനതയുടെ മതവികാരങ്ങളെ മാനിച്ചിരുന്ന ഇവര്‍ ക്ഷേത്രങ്ങള്‍ക്കും പശുക്കള്‍ക്കും വേണ്ടത്ര സംരക്ഷണം നല്‍കാന്‍ തയ്യാറായിരുന്നു. ജൂത വംശജരോടും, ഗൗഡ സാരസ്വത ബ്രാഹ്മണരോടും ഇവര്‍ ഔദാര്യപൂര്‍വം പെരുമാറി.

വാന്‍ റീഡ്

ഡച്ചുഭരണംകൊണ്ട് ഉണ്ടായ നേട്ടങ്ങള്‍. കേരളത്തില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കിയിരുന്ന ഭരണ സമ്പ്രദായം കാഴ്ചവച്ചതിനാല്‍ ഡച്ചു ഭരണംകൊണ്ട് കേരളത്തിന് വലുതായ സാമ്പത്തിക നേട്ടം കൈവന്നു. കാര്‍ഷിക മേഖലയെ ഉദ്ധരിക്കുന്നതിനുവേണ്ടി പുതിയതരം കാര്‍ഷിക വിളകള്‍ ഇവര്‍ പ്രചരിപ്പിച്ചു. കേരളത്തില്‍ തെങ്ങു കൃഷി വ്യാപിപ്പിക്കുവാന്‍ ഡച്ചുകാര്‍ ശ്രമിച്ചിരുന്നു. നെല്‍ കൃഷിക്കും അമരി കൃഷിക്കും ഇവര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി. ഉപ്പ് ഉത്പാദനം പ്രോത്സാഹിപ്പിച്ചു. ഡച്ചുകാര്‍ നല്‍കിയ പ്രോത്സാഹനം കാരണം കൊച്ചി, കൊല്ലം, അഞ്ചുതെങ്ങ്, കുളച്ചല്‍, തേങ്ങാപ്പട്ടണം തുടങ്ങിയ തുറമുഖങ്ങള്‍ വളരെ കാര്യക്ഷമമാംവിധം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളില്‍ ഡച്ചുകാര്‍ കാര്യമായ ശ്രദ്ധ ചെലുത്തിയതായി കാണുന്നില്ല. എങ്കിലും ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കേരളത്തിലെ ഔഷധസസ്യങ്ങളേയും അവയുടെ ഗുണങ്ങളേയുംപറ്റി പ്രതിപാദിക്കുന്ന ഹോര്‍ത്തുസ് മലബാറിക്കൂസ് എന്ന അമൂല്യ ഗ്രന്ഥത്തിന്റെ നിര്‍മാണമാണ് ഡച്ചുകാര്‍ സസ്യശാസ്ത്ര ഗവേഷണ മേഖലയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന. അഡ്മിറല്‍ വാന്‍ റീഡ് നേതൃത്വം നല്‍കിയ, ഇന്ത്യാക്കാരും യൂറോപ്യന്മാരുമടങ്ങിയ, ഒരു വിദഗ്ധ സംഘമാണ് പന്ത്രണ്ടു വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ നിര്‍മിതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇട്ടി അച്യുതന്‍ എന്ന ആയുര്‍വേദ പണ്ഡിതനാണ് ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ളതെന്ന് ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(നേശന്‍ റ്റി. മാത്യൂ, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍