This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വെയിന്‍, മാര്‍ക്ക് (1835-1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്വെയിന്‍, മാര്‍ക്ക് (1835-1910)

Twain,Mark

അമേരിക്കന്‍ (ഇംഗ്ലീഷ്) നോവലിസ്റ്റും ചെറുകഥാകൃത്തും. സാമുവല്‍ ലാങ്ഹോണ്‍ ക്ലെമന്‍സ് എന്നാണ് യഥാര്‍ഥ നാമം. 1835 ന. 30-ന് മിസൗറിയിലെ ഫ്ളോറിഡയില്‍ ജനിച്ചു. 12-ാമത്തെ വയസ്സില്‍ ഒരു അച്ചടിശാലയില്‍ അപ്രന്റീസായ മാര്‍ക്ക് ട്വെയിന്‍ 1950-52 കാലഘട്ടത്തില്‍ ഹാനിബാളിലെ ചില പത്രങ്ങളില്‍ ജോലി നോക്കി. 1857-ല്‍ മിസിസിപ്പിയില്‍ നാവികപരിശീലനം നേടിയശേഷം 1859-ല്‍ നാവികനായി ലൈസന്‍സ് സമ്പാദിച്ചു. 1861-ല്‍ ഒരു സ്വര്‍ണഖനിയില്‍ ജോലിക്കാരനായി പ്രവേശിച്ചു. 1867-ല്‍ ഫ്രാന്‍സ്, ഇറ്റലി, പാലസ്തീന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആ വര്‍ഷംതന്നെ സാഹിത്യരചന ആരംഭിച്ചു. 1868 മുതല്‍ മൂന്നു വര്‍ഷക്കാലം ബഫലോ എക്സ്പ്രസ് എന്ന പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1870-ല്‍ ഒളിവിയ ലാങ്ഡനെ വിവാഹം കഴിച്ചു. ഒരു മകനും മൂന്നു പെണ്‍മക്കളുമുള്ള ഇദ്ദേഹം 1894-ല്‍ കടക്കെണിയില്‍ അകപ്പെട്ടു.

മാര്‍ക്ക് ട്വെയിന്‍

ഫലിതകഥാകാരന്‍ എന്ന നിലയിലാണ് മാര്‍ക്ക് ട്വെയിന് ഏറെ പ്രശസ്തി. ദി ഇന്നസെന്റ്സ് അറ്റ് ഹോം (1872), ദി അഡ്വെഞ്ചേഴ്സ് ഒഫ് റ്റോം സായര്‍ (1876), ദി അഡ്വെഞ്ചേഴ്സ് ഒഫ് ഹക്കിള്‍ബെറി ഫിന്‍ (1884), എ കണക്റ്റിക്കട്ട് യാങ്കി ഇന്‍ കിങ് ആര്‍തേഴ്സ് കോര്‍ട്ട് (1889), മെറി റ്റെയ് ല്‍സ് (1892), റ്റോം സായര്‍ എബ്രോഡ് (1894), ഈവ്സ് ഡയറി (1906), എ ബോയ്സ് അഡ്വെഞ്ചര്‍ (1928) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.

മിസിസിപ്പി നദിക്കരയില്‍ പഴംകഥ ചൊല്ലലില്‍ ജനങ്ങള്‍ ആനന്ദം കണ്ടെത്തിയിരുന്ന ഹാനിബാള്‍ എന്ന ചെറുപട്ടണത്തില്‍ വളര്‍ന്നുവന്ന മാര്‍ക്ക് ട്വെയിനെ സംബന്ധിച്ചിടത്തോളം കഥാഖ്യാനവും കഥാരചനയും നൈസര്‍ഗികവും അയത്നസിദ്ധവുമായിരുന്നു. കഥയെഴുതുന്നതിനെക്കാള്‍ ഇദ്ദേഹത്തിനു താത്പര്യം കഥ ചൊല്ലുന്നതിലായിരുന്നു എന്നു പറയാം. ഹക്കിള്‍ബെറി ഫിന്‍ എഴുതിത്തീര്‍ക്കുന്നതിനുമുമ്പ് ഇദ്ദേഹം അത് നിരവധി തവണ വായിച്ചു കേള്‍പ്പിക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മാര്‍ക്ക് ട്വെയിന്റെ ഫലിതകഥകള്‍ മിക്കവയും പശ്ചിമ അമേരിക്കന്‍ വായനക്കാരെ ഉദ്ദേശിച്ചു രചിക്കപ്പെട്ടവയാണ്.

ദി അഡ്വഞ്ചേഴ്സ് ഒഫ് റ്റോം സായര്‍, ദി അഡ്വെഞ്ചേഴ്സ് ഒഫ് ഹക്കിള്‍ബെറി ഫിന്‍ എന്നിവയാണ് മാര്‍ക്ക് ട്വെയിന്റെ കൃതികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധിയും ജനപ്രീതിയും ആര്‍ജിച്ചത്. കുട്ടികളുടെ സാഹസികലോകമാണ് രണ്ടിലും അനാവരണം ചെയ്തിട്ടുള്ളത്. റ്റോം സായറില്‍ മൂന്ന് ആഖ്യാനതന്തുക്കളെ വിദഗ്ധമായി കോര്‍ത്തിണക്കുന്നതു കാണാം. റ്റോമിന്റെയും ആണ്ട് പോളിയുടെയും കുടുംബജീവിതത്തിലെ സങ്കീര്‍ണതകള്‍, റ്റോമും ബെക്കിയും തമ്മിലുള്ള പ്രണയം, റ്റോമും ഹക്കും ജോയും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന കൊലപാതകം എന്നിവ. ഹക്കിള്‍ബെറി ഫിന്നിന് റ്റോം സായേഴ്സ് കമ്പാനിയന്‍ എന്നാണ് ഉപശീര്‍ഷകം നല്‍കിയിരിക്കുന്നത്. ആദ്യത്തെ മൂന്ന് അധ്യായങ്ങളിലും അവസാനത്തെ പത്ത് അധ്യായങ്ങളിലും റ്റോം സായര്‍ തന്നെയാണ് കേന്ദ്രകഥാപാത്രം. നദിയിലൂടെയുള്ള തോണിയാത്ര വര്‍ണിക്കുന്ന ഇടയ്ക്കുള്ള ഇരുപത്തിയൊമ്പത് അധ്യായങ്ങളിലാകട്ടെ ഹക്കും ജിമ്മും ആണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രൂപത്തിലുള്ള ഈ കൃതിക്ക് ആഖ്യാതാവെന്ന നിലയിലുള്ള ഹക്കിന്റെ നിരന്തരസാന്നിധ്യം ഐകരൂപ്യം നല്‍കുന്നു. ജിമ്മിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള ഹക്കിന്റെ അവബോധം കഥാഗതിയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. താന്‍ നരകത്തില്‍ പോകേണ്ടിവന്നാലും ജിമ്മിനെ അടിമത്തത്തില്‍നിന്നും രക്ഷിക്കാന്‍ ഹക്ക് തീരുമാനിക്കുന്നിടത്ത് കഥാഗതി വൈകാരികമായ പരകോടിയിലെത്തുന്നു. ഏതു കാലത്തും ഏതു ദേശത്തുമുള്ള മനുഷ്യസമൂഹത്തെക്കുറിച്ചു പൊതുവിലും 1840-കളിലെ മിസിസിപ്പി നദിക്കരയിലെ ജനസഞ്ചയത്തെക്കുറിച്ച് പ്രത്യേകിച്ചും ഉള്ള നിശിത വിമര്‍ശനം മാര്‍ക്ക് ട്വെയിന്‍ ഈ കൃതിയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു.

എ കണക്റ്റിക്കട്ട് യാങ്കി ഇന്‍ കിങ് ആര്‍തേഴ്സ് കോര്‍ട്ട് പ്രാധാന്യേന ഒരു സാമൂഹിക വിമര്‍ശനമാണ് (social satire). രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ തലങ്ങളില്‍ നടമാടുന്ന സ്വേച്ഛാധിപത്യത്തിനു നേരെ അത് ധാര്‍മികരോഷം ഉയര്‍ത്തുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച നിമിത്തം മാനുഷികദുരിതങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള മനുഷ്യന്റെ കഴിവ് കുറയുന്നു എന്ന പ്രവചനാത്മകമായ സൂചന ഈ കൃതി നല്‍കുന്നു. ആംഗലസാഹിത്യകാരനായ സര്‍ തോമസ് മലോറിയുടെ മൊര്‍തേ ദാര്‍തര്‍ എന്ന കൃതിയുടെ അനുകരണമെന്ന നിലയിലാണ് പ്രസ്തുത കൃതിയുടെ തുടക്കം. ക്രമേണ 19-ാം ശ.-ത്തിലെ ഒരു യാങ്കി (അമേരിക്കന്‍) മെക്കാനിക്കിന്റെ ചിരിക്കു വകനല്‍കുന്ന അനുഭവങ്ങളുടെ ഒരു പരമ്പരയായി മാറുമ്പോള്‍ അത് വായനക്കാരന് ഹൃദയസ്പര്‍ശകമായിത്തന്നെ അനുഭവപ്പെടും. സ്വന്തം ആശയാദര്‍ശങ്ങളുടെ വക്താവായാണ് ട്വെയിന്‍ ഈ യാങ്കിയെ അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി യാത്രാവിവരണങ്ങളുടെ കര്‍ത്താവാണ് മാര്‍ക്ക് ട്വെയിന്‍. ദി ഇന്നസെന്റ്സ് എബ്രോഡ് (1869), റഫിങ് ഇറ്റ് (1872), ലൈഫ് ഓണ്‍ ദ് മിസിസിപ്പി (1883), ഫോളോയിങ് ദി ഇക്വേറ്റര്‍ (1897) തുടങ്ങി നിരവധി കൃതികള്‍ ഇക്കൂട്ടത്തിലുണ്ട്. അള്‍ട്ടാ കാലിഫോര്‍ണിയ എന്ന ആനുകാലികത്തിനെഴുതിയ കത്തുകളുടെ രൂപാന്തരമെന്നു പറയാവുന്ന ഇന്നസെന്റ്സ് എബ്രോഡില്‍ 1867-ലെ പാലസ്തീന്‍ സന്ദര്‍ശനവേളയില്‍ തനിക്കുണ്ടായ രസകരങ്ങളായ അനുഭവങ്ങളാണ് നോവലിസ്റ്റ് വിവരിക്കുന്നത്. വിദൂരദേശങ്ങളെക്കുറിച്ച് അമേരിക്കക്കാരുടെയിടയില്‍ അക്കാലത്തു വളര്‍ന്നുവന്ന ജിജ്ഞാസ ഒട്ടൊന്നു ശമിപ്പിക്കാന്‍ പ്രസ്തുത കൃതി സഹായകമായി. 1861 മുതല്‍ 66 വരെ നെവാദയിലും കാലിഫോര്‍ണിയയിലും ഹാവായിയന്‍ ദ്വീപുകളിലും ചെലവഴിച്ച നാളുകള്‍ അയവിറക്കുന്ന കൃതിയാണ് റഫിങ് ഇറ്റ്. മിസിസിപ്പി നദിയില്‍ അപ്രന്റീസ് പൈലറ്റായി കഴിഞ്ഞ കാലത്തുള്ള അനുഭവങ്ങള്‍ ലൈഫ് ഓണ്‍ ദ് മിസിസിപ്പിയില്‍ വിവരിക്കുന്നു. 1895-96 കാലത്ത് കുടുംബസമേതം നടത്തിയ ലോകസഞ്ചാരമാണ് ഫോളോയിങ് ദി ഇക്വേറ്ററിലെ വിഷയം.

മാര്‍ക്ക് ട്വെയിന്റെ ആത്മകഥ ദി ഓട്ടോബയോഗ്രഫി എന്ന പേരില്‍ 1959-ല്‍ ചാള്‍സ് നീഡര്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൗ റ്റു റ്റെല്‍ എ സ്റ്റോറി അന്‍ഡ് അദര്‍ എസെയ്സ് (1897), വാട്ട് ഇസ് മാന്‍? ആന്‍ഡ് അദര്‍ എസെയ്സ് (1917) എന്നിവ ഉപന്യാസകാരന്‍ എന്ന നിലയിലും മാര്‍ക്ക് ട്വെയിന് പ്രശസ്തി നേടിക്കൊടുത്തു. 1910 ഏ. 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍