This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(റ്റിബിജിആര്‍ഐ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(റ്റിബിജിആര്‍ഐ)

Tropical Botanic Garden And Research Institute

സസ്യസംരക്ഷണത്തിനും അവയുടെ അഭംഗുര ഉപയോഗത്തിനുമായി സമര്‍പ്പിക്കപ്പെട്ട ഭാരതത്തിലെ ഗവേഷണ വികസന സ്ഥാപനം. ഭാരതത്തിലെ പ്രത്യേകിച്ചും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സസ്യ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും അവയുടെ ഉപയോഗത്തിനുംവേണ്ടി രൂപീകരിച്ച ദേശീയ ഗവേഷണ വികസന കേന്ദ്രമാണിത്. അത്യപൂര്‍വ ഔഷധ-സുഗന്ധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങളെ അന്യംനിന്നു പോകാതെ വരുംതലമുറകള്‍ക്കുവേണ്ടി കാത്തുസൂക്ഷിക്കാനുപകരിക്കുന്ന ഒരു ഗുണോല്‍ക്കര്‍ഷ ഗവേഷണകേന്ദ്രം കൂടിയാണിത്.

ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം - ചെങ്കോട്ട പാതയില്‍ തിരുവനന്തപുരത്തുനിന്നും 40 കി.മീ അകലെ പാലോട് എന്ന സ്ഥലത്താണ് റ്റിബിജിആര്‍ഐ സ്ഥിതിചെയ്യുന്നത്. 1979-ല്‍ തിരുവനന്തപുരത്താണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പാലോടുള്ള ഇന്നത്തെ സ്ഥാനത്ത് 1983 -ലാണ് ഇത് സ്ഥാപിതമായത്. കാടും മേടും കുന്നും കുഴിയും കാനനച്ചോലയും ഒക്കെ ഒത്തുചേര്‍ന്ന് സഹ്യാദ്രിമലകളുടെ എല്ലാ സൗന്ദര്യവും തുളുമ്പി നില്‍ക്കുന്ന 121 ഹെ. വനഭൂമിയില്‍ റ്റിബിജിആര്‍ഐ പരന്നു കിടക്കുന്നു. ഇതിന്റെ ജനനത്തിനു കാരണമായി പറയുന്നത് ജൈവസമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള യുണൈറ്റഡ് നേഷന്റെ 1972 -ലെ തീരുമാനമാണ്. അന്നത്തെ കേരള മുഖ്യമന്ത്രി സി.അച്ച്യുതമേനോന്റെ ശാസ്ത്രസാങ്കേതിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും കേരള സര്‍വകലാശാലയുടെ അന്നത്തെ ബോട്ടണി വിഭാഗം തലവനായ പ്രൊഫ. എ. അബ്രഹാമിന്റെ കര്‍മകുശലതയും ഇതിന്റെ സ്ഥാപനത്തിന് പ്രേരണയായി. പ്രൊഫ. എ. അബ്രഹാം സ്ഥാപിത ഡയറക്ടര്‍ കൂടിയാണ്.

റ്റിബിജിആര്‍ഐ കേരളസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ അധീനതയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. കേരള സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഒരു ഭരണസമിതി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ചെയര്‍മാന്‍ അധ്യക്ഷനായുള്ള ഒരു കാര്യനിര്‍വഹണ സമിതി എന്നിവയുടെ നിയന്ത്രണത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേരള വനം വകുപ്പ്, പശ്ചിമ മലനിര വികസനവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികള്‍ക്കൊപ്പം എന്‍വയോണ്‍മെന്റ് ആന്റ് ഫോറസ്റ്റ്, ഇന്ത്യന്‍ സിസ്റ്റംസ് ഒഫ് മെഡിസിന്‍, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സയന്‍സ് ആന്റ് ടെക്നോളജി, ബയോടെക്നോളജി, ഐസിഎംആര്‍, എന്‍ബിപിജിആര്‍ തുടങ്ങിയ വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നു. റ്റിബി ജിആര്‍ഐയ്ക്ക് കേരളസര്‍ക്കാറിന്റെ ഗ്രാന്റും ലഭിക്കുന്നുണ്ട്.

റ്റിബിജിആര്‍ഐ രണ്ടു വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്; ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു സസ്യോദ്യാനവും ഫീല്‍ഡ് ജീന്‍ ബാങ്ക് ഉള്‍ക്കൊള്ളുന്ന ഗവേഷണ വികസന കേന്ദ്രവും.

സസ്യോദ്യാനം. വളരെ ശാസ്ത്രീയമായി മലമടക്കുകളുടെ സൗന്ദര്യം അതേപടി നിലനിര്‍ത്തി ഏകദേശം 25 ഹെ. സ്ഥലത്ത് രൂപകല്പന ചെയ്തു സംരക്ഷിച്ചു വരുന്നതാണ് ഉദ്യാനം. ചിറ്റാര്‍ എന്ന ചെറു അരുവിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഉദ്യാനത്തിലെ വിപുലമായ സസ്യശേഖരത്തില്‍ രണ്ടായിരത്തിലധികം ഔഷധസസ്യങ്ങളും മുന്നൂറ്റി അന്‍പതില്‍പരം ഓര്‍ക്കിഡുകളും നൂറ്റിമുപ്പതിലേറെ പനവര്‍ഗങ്ങളും എഴുന്നൂറില്‍ കൂടുതല്‍ വൃക്ഷവര്‍ഗങ്ങളും വിവിധങ്ങളായ മറ്റനേകം അലങ്കാര സസ്യങ്ങളും നിരവധി പയര്‍, വാഴ, നാരകം എന്നിവയുടെ വന്യഇനങ്ങളുമാണ് ഉള്‍കൊള്ളുന്നത്. ഓര്‍ക്കിഡുകളുടെ കലവറയില്‍ വിശ്വേത്തരമായ ലേഡീസ് സ്ളിപ്പര്‍ ഓര്‍ക്കിഡ്, ടൈഗര്‍ ഓര്‍ക്കിഡ് എന്നിവയുള്‍പ്പെടുന്നു. ഉദ്യാനത്തിലെ വൃക്ഷവര്‍ഗങ്ങളില്‍ മാത്രം എണ്‍പത്തഞ്ചിനം ആല്‍മരങ്ങള്‍, അറുപത് വര്‍ഗത്തില്‍പ്പെട്ട മുളയിനങ്ങള്‍, നൂറിലധികം വന്യഫലവൃക്ഷങ്ങള്‍ എന്നിവയുണ്ട്. അലങ്കാര സസ്യങ്ങളുടെ പട്ടികയില്‍ റോസ്, ചെമ്പരത്തി, ബൊഗയിന്‍ വില്ല, പിച്ചി, ആമ്പല്‍, താമര, മുള്‍ച്ചെടികള്‍, പന്നല്‍ച്ചെടികള്‍, ബാല്‍സം എന്നിവയുള്‍പ്പെടുന്നു. ടോപ്പിയറികള്‍, റോക്കെറികള്‍, നക്ഷത്രവനം, വാട്ടര്‍ കണ്‍സര്‍വേറ്ററി, ആമസോണില്‍ നിന്നുള്ള ആനത്താമര, പ്രാണിഭോജികളായ നെപ്പന്തസ് എന്നിവയെല്ലാം കൌതുകം ഉളവാക്കുന്ന ശേഖരങ്ങളാണ്. ദശപുഷ്പം, നാല്പാമരം, പഞ്ചകോലം, ത്രിഫലം തുടങ്ങിയവയുടെ ഔഷധ സസ്യകൂട്ടങ്ങളും ദശമൂലം, ച്യവനപ്രാശം എന്നിവയുടെ ചേരുവകളായ സസ്യകൂട്ടങ്ങളും പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. അപൂര്‍വങ്ങളെന്ന് വിശേഷിപ്പിക്കുന്ന ആന്‍ഡമാന്‍ സസ്യങ്ങള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചിട്ടുള്ള ധാരാളം മറ്റു സസ്യങ്ങള്‍ എന്നിവയെല്ലാം തന്നെ റ്റിബിജിആര്‍ഐയുടെ സസ്യോദ്യാനത്തിലെ സസ്യശേഖരത്തിന്റെ മുതല്‍ക്കൂട്ടാണ്. ഹോര്‍ത്തുസ് മലബാറിക്കൂസ് എന്ന ലാറ്റിന്‍ പുസ്തകമെഴുതാന്‍ ഡച്ചു ഗവര്‍ണറായ വാന്‍ റീഡിനെ സഹായിച്ച ഇട്ടി അച്യുതന്‍ വൈദ്യന്റെ ഓര്‍മക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഇവിടെയുണ്ട്. സസ്യവൈവിധ്യങ്ങള്‍ക്കിടയില്‍ ധന്വന്തരിയുടെയും ഭൂമിമാതാവിന്റെയും മറ്റും പ്രതിമകള്‍ക്കും റ്റിബിജിആര്‍ ഐയിലെ ഉദ്യാനം സ്ഥാനം നല്‍കിയിരിക്കുന്നു.

ഗവേഷണ വികസനകേന്ദ്രം. ഒരു സസ്യോദ്യാനം എന്നതിലുപരി സസ്യവൈവിധ്യത്തിന്റെ സംരക്ഷണവും അവയുടെ ശരിയായ ഉപയോഗവുമായി ബന്ധപ്പെട്ട ബയോടെക്നോളജി, മൈക്രോബയോളജി, ഫൈറ്റോകെമിസ്ട്രി, എത്തെനോമെഡിസിന്‍, എത്തെനോഫാര്‍മക്കോളജി, കണ്‍സര്‍വേഷന്‍ ബയോളജി, പ്ലാന്റ്സിസ്റ്റമാറ്റിക്സ് തുടങ്ങിയ വിഭാഗങ്ങള്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നു. ഹെര്‍ബേറിയം, ക്രയോപ്രിസര്‍വേഷന്‍ യൂണിറ്റ്, സീഡ് ബാങ്ക്, കണ്‍സര്‍വേറ്ററികള്‍ എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളും ഇവിടെയുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് ബയോടെക്നോളജി വിഭാഗത്തിന്റെ ധനസഹായത്താല്‍ സ്ഥാപിതമായ 'ബയോ ഇന്‍ഫര്‍മാറ്റിക്സ്' സെന്റര്‍ 2002 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇതുവഴി പല ജൈവവിവര സാങ്കേതിക പഠനപരിപാടികള്‍ നടത്തിവരുന്നുണ്ട്.

ഔഷധ-സുഗന്ധ സസ്യസംരക്ഷണത്തിനായി മാത്രം ഭാരതത്തില്‍ തുടങ്ങിയ മൂന്നു ദേശീയ ജീന്‍ ബാങ്കുകളിലൊന്ന് റ്റിബിജിആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്നു. വന്യസസ്യ ജനിതക സമ്പത്തിന്റെ കലവറയെന്നു വിശേഷിപ്പിക്കുന്ന 'ഫീല്‍ഡ് ജീന്‍ ബാങ്ക്' ഉള്ളത് ഇവിടെ മാത്രമാണ്. ജൈവ സാങ്കേതിക വിദ്യയിലെ നൂതനങ്ങളായ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംങ്, ഫൈറ്റോ കെമിക്കല്‍ സ്ക്രീനിങ് എന്നീ സങ്കേതങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടത്തെ ഗവേഷണ കേന്ദ്രത്തിലുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഐപിആര്‍ പ്രൊട്ടക്ഷന്‍ ഖ്യാതി നേടി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ച സ്ഥാപനം കൂടിയാണ് റ്റിബിജിആര്‍ഐ. ജീവനി, 'സിസായറോസ്പു' തുടങ്ങിയ ഔഷധങ്ങള്‍ ഇവിടത്തെ ഗവേഷണഫലമായി പുറത്തിറക്കിയവയാണ്. 'ആരോഗ്യപച്ച'യുടെ ഗുണങ്ങള്‍ കാണിക്കാരില്‍ നിന്നും മനസ്സിലാക്കിയ ഇവിടത്തെ ശാസ്ത്രജ്ഞര്‍ ശാസ്ത്രീയമായി പഠിച്ച് ഔഷധനിര്‍മാണ സാങ്കേതിക വിദ്യകളനുസരിച്ച് തയ്യാറാക്കി പുറത്തിറക്കിയ ഔഷധമാണ് 'ജീവനി'. ഇതിന്റെ ഉത്പാദനാവകാശം കോയമ്പത്തൂരിലെ ആര്യവൈദ്യ ഫാര്‍മസിക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റു. ഇതില്‍ നിന്നും 5 ലക്ഷം രൂപ കാണിക്കാരുടെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കി നിക്ഷേപിച്ചിരിക്കുന്നു. കൂടാതെ ഔഷധ വിറ്റുവരവില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിനു ലഭിക്കുന്ന രണ്ട് ശ.മാ. വരുമാനത്തില്‍ നിന്നും ഒരു ശ.മാ. കൂടി കാണിക്കാരുടെ ട്രസ്റ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. കാണിക്കാരുടെ ട്രസ്റ്റ് അക്കൗണ്ടിലെ തുകയില്‍നിന്നു കിട്ടുന്ന പലിശ ഇവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. കാണിക്കാര്‍ ആരോഗ്യപ്പച്ച കാടുകളില്‍ കൃഷി ചെയ്യാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

'കമ്പിപ്പാല' എന്ന സസ്യത്തിന്റെ ഇലയില്‍ നിന്നുണ്ടാക്കിയെടുക്കുന്ന സിസായറോസ്പു എന്ന ഔഷധം മധ്യപ്രദേശിലെ ഒരു കമ്പനി വഴിയാണ് വില്പന നടത്തുന്നത്. സോറിയാസിസ് എന്ന ത്വഗ്രോഗത്തിന് ഫലപ്രദമായ ഒരു ഔഷധമാണിത്.

'അമൃതപാല' എന്ന അപൂര്‍വ ഔഷധസസ്യത്തെപ്പറ്റിയുള്ള ഗവേഷണം ഇവിടത്തെ ബയോടെക്നോളജി വിഭാഗത്തില്‍ പൂര്‍ത്തിയായിവരുന്നു. മഞ്ഞപ്പിത്തം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഉടന്‍ വിപണിയിലിറങ്ങും. 'ചെത്തിക്കൊടുവേലി' യുടെ വേരില്‍ നിന്നും 'പ്ലംബാജിന്‍', നറുനിയുടെ വേരില്‍നിന്നും 'നറുനിസത്ത്' എന്നിവ കൂടുതലായി ഉത്പാദിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇവിടെ വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. കൂണ്‍ വിഭവങ്ങള്‍, ബയോഫെര്‍ട്ടിലൈസര്‍ തുടങ്ങിയവകള്‍ മൈക്രോബയോളജി വിഭാഗത്തിന്റെ സംഭാവനകളാണ്.

അന്യം നിന്നുപോകുമെന്നു സംശയിക്കുന്ന സസ്യങ്ങളെ അവയുടെ ആവാസസ്ഥലങ്ങളിലും മറ്റു സ്ഥലങ്ങളിലുമായി നട്ടു വളര്‍ത്തുന്നതിനും വിവിധ സസ്യഭാഗങ്ങള്‍ പില്ക്കാലാവശ്യങ്ങള്‍ക്കായി പരിരക്ഷിക്കുന്നതിനും ഉതകുന്ന സാങ്കേതിക വിദ്യകള്‍ റ്റിബിജിആര്‍ഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മുന്നൂറോളം ജീവനക്കാര്‍ ജോലിചെയ്യുന്ന റ്റിബിജിആര്‍ഐയില്‍ ഗവേഷണഫലങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിലേക്കായി പരിശീലന പരിപാടികള്‍, പൊതു പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു. വിദ്യാര്‍ഥികള്‍ക്കു മാത്രമായുള്ള പ്രത്യേക പരിശീലന പദ്ധതികളും നിലവിലുണ്ട്. സസ്യസംബന്ധിയായ ലോകപ്രശസ്ത ജേര്‍ണലുകള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി, കമ്പ്യൂട്ടര്‍ സെന്റര്‍, വില്പന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളെല്ലാം പ്രാവര്‍ത്തികമാക്കിയിട്ടുള്ള റ്റിബിജിആര്‍ഐയില്‍ എല്ലാ സര്‍വകലാശാലകളിലെയും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല റ്റിബി ജിആര്‍ഐയെ അവരുടെ ബിരുദാനന്തര പഠനത്തിനുള്ള ഗവേഷണ കേന്ദ്രമായി ഈ അടുത്ത കാലത്ത് അംഗീകരിക്കുകയുണ്ടായി.

(ഡോ. ജി. ശ്രീകണ്ഠന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍