This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോട്സ്കി,ലിയോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോട്സ്കി,ലിയോന്‍

Trotsky,Leon

റഷ്യന്‍ വിപ്ലവകാരിയും കമ്യൂണിസ്റ്റു ചിന്തകനും എഴുത്തുകാരനും. ല്യെഫ് ഡേവിഡോവിച്ച് ബ്രോന്‍സ്റ്റെയ് ന്‍ എന്നാണ് യഥാര്‍ഥ നാമം. യഹൂദ വംശജനായിരുന്ന ഇദ്ദേഹം 1879-ല്‍ ഉക്രൈയ്നിലെ യാനോവ്കയില്‍ ജനിച്ചു. ഒഡീസ്സ (Odessa) യിലെ ന്യൂ റഷ്യാ യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്ര വിദ്യാര്‍ഥിയായി ഇദ്ദേഹം 1897-ല്‍ ചേര്‍ന്നു. അധികം വൈകാതെ വിദ്യാഭ്യാസമുപേക്ഷിച്ച് റഷ്യയില്‍ സാര്‍ ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്നു പുറന്തള്ളാന്‍ പ്രയത്നിച്ചു കൊണ്ടിരുന്ന വിപ്ലവ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. ഇതോടെ വിപ്ലവകാരിയായ ഒരു തൊഴിലാളി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി.മാര്‍ക്സിസ്റ്റ് എന്ന കുറ്റം ചുമത്തപ്പെട്ട് 1898-ല്‍ അറസ്റ്റിലായി. തുടര്‍ന്ന് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. അവിടെവച്ച് പ്രതിബദ്ധതയുള്ള മാര്‍ക്സിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയനായി. ഇക്കാലത്താണ് ട്രോട്സ്കിയെന്ന പേര് സ്വീകരിച്ചത്. 1902-ല്‍ 'ട്രോട്സ്കി' (Trotsky / Trotski ) എന്ന വ്യാജപേരിലുള്ള പാസ്പോര്‍ട്ടുമായി സ്വിറ്റ്സര്‍ലിലെത്തി. നാടു കടത്തപ്പെട്ട വിവിധ ദേശക്കാരായ വിപ്ലവകാരികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുവാനായി ലെനിന്‍ നടത്തിയിരുന്ന ഇസ്ക്ര ('തീപ്പൊരി') എന്ന ആനുകാലികത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു. ലനില്‍ വച്ച് ലെനിനെ കുമുട്ടുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 1903-ല്‍ ബോള്‍ഷെവിക്-മെന്‍ഷെവിക് സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ട്രോട്സ്കി മെന്‍ഷെവിക് പക്ഷത്താണ് നിലയുറപ്പിച്ചത്. ലെനിന്റെ നേതൃത്വത്തെപ്പറ്റി ചില പരാതികളും വിമര്‍ശനങ്ങളും തനിക്കുണ്ടായിരുന്നുവെങ്കിലും 1905 -ലെ വിപ്ലവത്തില്‍ ട്രോട്സ്കി ലെനിനോടൊപ്പം നിന്നു. പിന്നീട് 'സെന്റ് പീറ്റേഴ്സ് ബര്‍ഗ് സോവിയറ്റ് ഒഫ് 1905 (തൊഴിലാളികളുടെ കൗണ്‍സില്‍) എന്നറിയപ്പെട്ട സംഘടനയുടെ അധ്യക്ഷപദവിയിലെത്തി. ഇതിന്റെ പേരില്‍ വീണ്ടും അറസ്റ്റിലായി. തുടര്‍ന്ന് സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട ട്രോട്സ്കി അവിടെ നിന്നും രക്ഷപ്പെട്ട് വിയെന്നയില്‍ എത്തി. അവിടെനിന്ന് ഇദ്ദേഹം പ്രവ്ദ എന്ന പ്രസിദ്ധീകരണം നടത്തി. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ ഏതാണ്ട് ദശകത്തിലേറെക്കാലം വിപ്ലവ സാഹിത്യകാരന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവ്ദ കൂടാതെ ആര്‍ബെയ്റ്റര്‍ സെയ്തുങ് എന്ന പ്രസിദ്ധീകരണത്തിന്റെയും ചുമതല വഹിച്ച ഇദ്ദേഹം സ്വന്തനാടുകളില്‍നിന്നും നിഷ്ക്കാസിതരായ വിപ്ലവകാരികളുടെ ആരാധനാപാത്രമായി.

ലിയോണ്‍ ട്രോട്സേകി

1914 -ല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ഒരു പ്രത്യേക സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഈ യുദ്ധം മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കിടയിലെ ഒരു സംഘര്‍ഷം മാത്രമാണെന്നും അതിനാല്‍ഇടതുപക്ഷവാദികള്‍ സമാധാന മാര്‍ഗം സ്വീകരിക്കുകയാണു വേതെന്നും ട്രോട്സ്കി അഭിപ്രായപ്പെട്ടു. ഈ നിലപാടുമൂലം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന രാഷ്ട്രങ്ങള്‍ക്ക് ഇദ്ദേഹം തികച്ചും അനഭിമതനായി. ഇക്കാലത്ത് യൂറോപ്പിലെ പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച ട്രോട്സ്കിയെ ഫ്രാന്‍സും സ്പെയിനും പുറത്താക്കുകയുണ്ടായി. 1917 ജനു. -ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തി.

1917 മാ. -ല്‍ റഷ്യന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമേരിക്കയിലായിരുന്ന ട്രോട്സ്കി ഏറെ ബുദ്ധിമുട്ടി റഷ്യയില്‍ മടങ്ങിയെത്തി. ആശയപരമായി ലെനിനോട് വളരെ അടുത്തു കഴിഞ്ഞിരുന്നു ഇദ്ദേഹം ഇതിനകം. തല്‍ഫലമായി അധികാരം പിടിച്ചെടുക്കുന്നതിലും 1917 ന.-ല്‍ (പഴയ റഷ്യന്‍ കലര്‍ പ്രകാരം ഒക്ടോബര്‍) ഒരു ബോള്‍ഷെവിക്ക് ഗവണ്‍മെന്റ്സ്ഥാപിക്കുന്നതിലും ലെനിനോടൊപ്പം വിജയകരമായി കരുക്കള്‍ നീക്കി. ഇതിനിടയില്‍ മറ്റ് ഇടതുപക്ഷ മെന്‍ഷെവിക്കുകളും ട്രോട്സ്കിയോടൊപ്പം ബോള്‍ഷെവിക്ക് പക്ഷത്തേക്കു ചുവടുമാറി. പെട്ടെന്നുതന്നെ ലെനിന്റെ ചീഫ് ലെഫ്റ്റനന്റ് ആയും അവരോധിതനായി. കെറന്‍സ്കി ഗവണ്‍മെന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുക്കുവാന്‍ ബോള്‍ഷെവിക്കുകള്‍ക്കു കഴിഞ്ഞതിന്റെ പിന്നിലെ ഒരു പ്രധാന ശക്തി പെട്രോഗാര്‍ഡ് സോവിയറ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ എന്ന നിലയില്‍ ട്രോട്സ്കി എടുത്ത നടപടികളാണ്. ലെനിന്റെ നേതൃത്വത്തിലുള്ള പുതിയ സോവിയറ്റ് ഗവണ്‍മെന്റില്‍ ട്രോട്സ്കി വിദേശകാര്യവകുപ്പിന്റെ കോമിസാര്‍ (മന്ത്രിക്കു തുല്യമായ പദവി) ആയി. ആ നിലയില്‍ ബ്രെസ്റ്റ് - ലിറ്റോവ്സ്ക് ഉടമ്പടി തയ്യാറാക്കുന്നതില്‍ റഷ്യന്‍ പ്രതിനിധിയായ ട്രോട്സ്കി നിര്‍ണായകമായ പങ്കു വഹിച്ചു. പക്ഷേ, സമാധാന കരാറിലെ ചില വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് കരാറില്‍ ഒപ്പു വയ്ക്കാതെ സ്വന്തം സ്ഥാനം രാജിവച്ചു. തുടര്‍ന്ന്, 1918-ല്‍ യുദ്ധകാര്യവകുപ്പിന്റെ കോമിസാര്‍ ആയി. ചെമ്പടയെ (Red Army) അച്ചടക്കത്തോടെ ഫലപ്രദമായ രീതില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയാക്കാനായിരുന്നു ഇക്കാലത്ത് (1918-20) ട്രോട്സ്കിയുടെ നിരന്തരശ്രമം. 1918-20 -ലെ ആഭ്യന്തരയുദ്ധകാലത്ത് എല്ലാ സോവിയറ്റ് നീക്കങ്ങളുടെയും നടുനായകത്വം ട്രോട്സ്ക്കിക്കായിരുന്നു. സൈനികകാര്യങ്ങളിലും സാമ്പത്തിക മേഖലയിലും കേന്ദ്രീകൃതമായ ഒരു കടിഞ്ഞാണ്‍ വേണമെന്ന് ട്രോട്സ്ക്കിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ വീക്ഷണഗതിയോട് യോജിക്കാത്തവരുണ്ടായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടത്തില്‍, വിശേഷിച്ച് ജോസഫ് സ്റ്റാലിന്, ട്രോട്സ്ക്കിയോട് കടുത്ത എതിര്‍പ്പുണ്ടായി. 1922-ല്‍ സ്റ്റാലിന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയാവുകയും 1924-ല്‍ ലെനിന്‍ മരിക്കുകയും ചെയ്തതോടുകൂടി ട്രോട്സ്കി-സ്റ്റാലിന്‍ ബന്ധം പൂര്‍വാധികം വഷളായി.

ട്രോട്സ്കി മോസ്ക്കോയിലെ റെഡ് സ് ക്വയരില്‍

ലെനിന്റെ പിന്‍ഗാമി ട്രോട്സ്കി ആയിരിക്കുമെന്നും ഇദ്ദേഹമാവും സോവിയറ്റ് ഗവണ്‍മെന്റിന്റെ അടുത്ത മേധാവി ആവുകയെന്നും പൊതുവേ കരുതപ്പെട്ടിരുന്നു. പക്ഷേ, അതു നടന്നില്ല. ട്രോട്സ്കിയുടെ എതിരാളിയായ സ്റ്റാലിന്‍ അധികാരത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് 1925 -ല്‍ ട്രോട്സ്കിയെ യുദ്ധകാര്യ കോമിസാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുകയും 1927-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു സ്റ്റാലിന്‍. ട്രോട്സ്കിയുടെ 'സാര്‍വകാലികമായ വിപ്ലവം' (Perpetual revolution) എന്ന ആശയത്തെ വിജയകരമായി നേരിടാന്‍ സ്റ്റാലിന്റെ 'ഒരു രാജ്യത്തിലെ സോഷ്യലിസം' ( ' Socialism in one country') എന്ന നിലപാടിനു കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതൃത്യത്തില്‍ ലോകമെമ്പാടും പ്രക്ഷോഭണങ്ങള്‍ തുടങ്ങാന്‍ പ്രേരണ നല്‍കുക എന്നതായിരുന്നു ട്രോട്സ്കിയുടെ ആശയം. 'പ്രോലിറ്റേറിയന്‍ വിപ്ലവത്തിന്റെ മറുനാടുകളിലെ സാധ്യതകളെപ്പറ്റി ആരായും മുമ്പ് റഷ്യയില്‍ നേട്ടങ്ങള്‍ കൊയ്തെടുക്കുക' എന്ന വാദഗതിയുമായാണ് സ്റ്റാലിന്‍ ഇതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത്.

ഗവണ്‍മെന്റിലെയും പാര്‍ട്ടിയിലെയും ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ട്രോട്സ്കി 1928 -ല്‍ സോവിയറ്റ് സെന്‍ട്രല്‍ ഏഷ്യന്‍ പ്രദേശത്തേക്ക്-അല്‍മാനൂറ്റായിലേക്ക്-നാടുകടത്തപ്പെട്ടു. 1929 -ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. 1933 വരെ ടര്‍ക്കിയില്‍ കഴിഞ്ഞ ഇദ്ദേഹം തുടര്‍ന്ന് ഫ്രാന്‍സ് ( 1933-35), നോര്‍വെ (1935-36), മെക്സിക്കോ (1935-40) എന്നിവിടങ്ങളിലാണ് കഴിഞ്ഞുകൂടിയത്. ഇക്കാലയളവിലെല്ലാം സ്റ്റാലിനിസ്റ്റ് ഭരണത്തെ ശക്തമായി വിമര്‍ശിക്കുന്ന രചനകള്‍ പ്രസിദ്ധീകരിച്ചു വന്നു. ഇത് സോവിയറ്റ് ഗവണ്‍മെന്റിന് കടുത്ത അലോസരമുണ്ടാക്കി. 1930-കളില്‍ പാര്‍ട്ടിയില്‍ നിന്ന് അനഭിലഷണീയരായവരെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ക്കിടയില്‍ ട്രോട്സ്കിയുടെ അസാന്നിധ്യത്തില്‍ ആ വിപ്ലവകാരിയുടെ 'വിചാരണ'യും നടന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ (subversion) പേരില്‍ ട്രോട്സ്കിക്ക് വധശിക്ഷയും വിധിക്കപ്പെട്ടു (1936). സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ ഭരണകൂടം ഇത്തരം നടപടികള്‍ കൈക്കൊണ്ടെങ്കിലും അവയൊന്നും ഇദ്ദേഹത്തിന്റെ തൂലികയുടെ മൂര്‍ച്ച കുറച്ചില്ല. സംസ്കാരം, സാഹിത്യം, രാഷ്ട്രമീമാംസ, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, വിപ്ലവത്തിന്റെ തത്ത്വസംഹിതകള്‍ എന്നിവയെ അധികരിച്ചും സ്ത്രീകളെപ്പറ്റിയും ട്രോട്സ്കി നിരന്തരമെഴുതി. മൂന്നു വാല്യങ്ങളുള്ള ഹിസ്റ്ററി ഒഫ് ദ് റഷ്യന്‍ റെവലൂഷന്‍ (1931-33) ഇദ്ദേഹത്തിന്റെ ബൃഹത്തായ ഒരു കൃതിയാണ്. സ്റ്റാലിന്റെ ചെയ്തികളെ തുറന്നു കാട്ടാന്‍ വേണ്ടിയും പല കൃതികളും ചമച്ചു. ദ് റെവലൂഷന്‍ ബിട്രെയ്ഡ് (1937) ആണ് ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്തം. ഇദ്ദേഹത്തിന്റെ അനേകം കൃതികള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. ലെനിന്‍ (1925) ലിറ്ററെച്ചര്‍ ആന്‍ഡ് റെവലൂഷന്‍ (1925), മൈ ലൈഫ് (1930), റ്റെറ്റിസം ആന്‍ഡ് കമ്യൂണിസം (1921, ഇതിന്റെ പരിഷ്ക്കരിച്ച പതിപ്പ് 1935), ഡയറി ഇന്‍ എക്സൈല്‍- 1935 (1958) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. നാടുകടത്തപ്പെട്ട നാളുകളില്‍ ഇദ്ദേഹം എഴുതിയ കത്തുകള്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട് (1980 ജനു.)

അസാമാന്യ മേധാശക്തി പ്രകടമാക്കുന്ന താര്‍ക്കികന്‍,വാക്സാമര്‍ഥ്യമുളള പത്രപ്രവര്‍ത്തകന്‍, ധിഷണാശാലി എന്നീ വിശേഷണങ്ങള്‍ക്കര്‍ഹനായ വിപ്ലവകാരിയാണ് ട്രോട്സ്കി. ഭരണാധികാരി എന്ന നിലയിലും മികവുകാട്ടി. ഇങ്ങനെയെല്ലാം ശക്തമായ ഒരു വ്യക്തിത്വത്തിനുടമയാണ് ട്രോസ്കി. ഇക്കാരണത്താലാണ് രാജ്യഭ്രഷ്ടനായ ട്രോട്സ്കിയെപ്പറ്റി സ്വദേശത്തു ഭയാശങ്കകള്‍ വളര്‍ന്നത്. വ്യക്തികളുടെ നേതൃത്വം, ബ്യൂറോക്രസിയുടെ വര്‍ധിച്ച ശക്തി, വിപ്ലവാനന്തര റഷ്യയില്‍ കമ്യൂണിസത്തിനുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനത്തിനിരയായി. ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ സ്വന്തം രചനകളിലൂടെ സ്വാധീനിക്കാന്‍ കഴിഞ്ഞ ട്രോട്സ്കിയുടെ അന്ത്യം മെക്സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള വസതിയില്‍ വച്ചു സംഭവിച്ചു. സ്റ്റാലിന്റെ പിണിയാളെന്നു പറയപ്പെടുന്ന റാമോന്‍ മെര്‍ക്കാദെര്‍ എന്നയാള്‍ ഇദ്ദേഹത്തെ വധിക്കുകയായിരുന്നു. 1940 ആഗ. 20 -ന് ട്രോട്സ്കിയെ അയാള്‍ മുറിവേല്പ്പിക്കുകയും അടുത്ത ദിവസം ട്രോട്സ്കി മരണത്തിനു കീഴടങ്ങുകയും ചെയ്തു.

(ജയദേവി എം.സി., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍