This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോജന്‍ ഹോഴ്സ്(കംപ്യൂട്ടര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോജന്‍ ഹോഴ്സ്(കംപ്യൂട്ടര്‍)

Trojan horse

ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ അക്സെസ് (access) സംവിധാനത്തിലെ സുരക്ഷാ പാളിച്ചകള്‍ മുതലെടുത്തുകൊണ്ട് പ്രാവര്‍ത്തികമാക്കുന്ന ഒരു കബളിത കംപ്യൂട്ടര്‍ പ്രോഗ്രാം. ഗ്രീക്കുകാര്‍ ട്രോജന്‍ കുതിര ഉപയോഗപ്പെടുത്തി ജനങ്ങളെ കബളിപ്പിച്ച് ട്രോയ് നഗരം പിടിച്ചെടുത്തതുപോലെ ഉപയോക്താവിനെ കബളിപ്പിച്ച് കാര്യങ്ങള്‍ നടത്തുന്നതിനാലാണ് ഇതിന് ഈ പേരു നല്‍കിയിരിക്കുന്നത്. ട്രോജന്‍ ഹോഴ്സ് ഉള്‍പ്പെടുത്തപ്പെടാത്ത യഥാര്‍ഥ പ്രോഗ്രാമിന്റെ വിശ്വസ്തതയെ ചൂഷണം ചെയ്യുന്ന തരത്തില്‍, പ്രസ്തുത പ്രോഗ്രാമിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കൂടി രഹസ്യമായി ചെയ്യാവുന്ന രീതിയില്‍ പ്രോഗ്രാമിനെ പരിഷ്ക്കരിച്ച്, അതിന്റെ സോഴ്സ് കോഡില്‍ ട്രോജന്‍ പ്രോഗ്രാമിന്റെ കോഡു കൂടി ഉള്‍പ്പെടുത്തുന്നു. യഥാര്‍ഥ പ്രോഗ്രാമിന്റേയും ട്രോജന്‍ ഹോഴ്സ് ഉള്‍പ്പെടുത്തിയതിന്റേയും അക്സെസ് രീതികളില്‍ വ്യത്യാസമില്ലാത്തതിനാല്‍ ട്രോജന്‍ ഹോഴ്സിന്റെ സാന്നിധ്യം എളുപ്പത്തില്‍ തിരിച്ചറിയാനാവില്ല. ഉദാഹരണമായി ഒരു കംപ്യൂട്ടര്‍ സിസ്റ്റത്തിലെ ഫയലുകളുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള പ്രോഗ്രാം പ്രസ്തുത ജോലി ചെയ്യുന്നതോടൊപ്പം ഫയലുകളുടെ പകര്‍പ്പുകള്‍ കൂടി രഹസ്യമായി മറ്റൊരു കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ശേഖരിക്കുന്നുവെങ്കില്‍ അതിനര്‍ഥം പകര്‍പ്പു ചെയ്യാനുള്ള നിര്‍ദേശം നല്‍കാനായി അതില്‍ ഒരു ട്രോജന്‍ ഹോഴ്സ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുമെന്നാണ്. ഇതേ രീതിയില്‍ ഒരു സ്ഥാപനത്തിലെ തൊഴിലാളികളുടെ മാസ ശമ്പള ചെക്കുകള്‍ തയ്യാറാക്കുന്ന പ്രോഗ്രാമില്‍ ഒരു ട്രോജന്‍ ഹോഴ്സുള്‍പ്പെടുത്തി ചെക്കുകളുടെ തുകയില്‍ തിരിമറി നടത്താനാകും. ഓരോ ചെക്കിന്റെ തുകയില്‍ നിന്നും ഏതാനും പൈസ കുറവു ചെയ്ത്, അത്തരത്തിലുള്ള തുക മുഴുവന്‍ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നു.

പ്രോഗ്രാമിന്റെ നടത്തിപ്പുമായി നേരിട്ടു ബന്ധമുള്ളവരും വിശ്വസ്തരുമായ വ്യക്തികള്‍ക്കു മാത്രം കൈകാര്യം ചെയ്യാവുന്നതരത്തില്‍ അക്സെസ് നിയന്ത്രണമേര്‍പ്പെടുത്തി പ്രോഗ്രാമുകളില്‍ ട്രോജന്‍ ഹോഴ്സുകള്‍ ഉള്‍പ്പെടുത്തുന്നത് തടയാനാകും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍