This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോക്കോഫോര്‍ ലാര്‍വ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോക്കോഫോര്‍ ലാര്‍വ

Trochophore larva

ജലജീവികളായ നിരവധി അകശേരുകികളുടെ സ്വതന്ത്രമായി ചലിക്കുന്ന ലാര്‍വാഘട്ടം. കടല്‍ ടര്‍ബലേറിയനുകള്‍, ബ്രാക്കിയോപോഡുകള്‍, ബ്രാക്കിയോസോവനുകള്‍, ഫോറോനിഡുകള്‍, മൊളസ്ക്കൂകള്‍, സിപന്‍കുലിഡുകള്‍, അനെലിഡുകള്‍, നെമെര്‍ട്ടിയനുകള്‍ തുടങ്ങിയ ജീവികള്‍ക്കെല്ലാം ഇത്തരത്തിലുള്ള ഒരു ലാര്‍വാഘട്ടം കാണപ്പെടുന്നു.

പമ്പരത്തിന്റെ ആകൃതിയിലുള്ള ലാര്‍വകളുടെ പുറവശത്ത് രണ്ടു വൃത്തങ്ങളിലായി സീലിയകളുണ്ടായിരിക്കും. അപൂര്‍വമായി ഇതിന് ഒന്നോ രണ്ടോ സഹായക സീലിയ വൃത്തങ്ങളും കാണപ്പെടുന്നു. ലാര്‍വയുടെ മുന്നറ്റത്തും, പിന്നറ്റത്തും, ചെറുകൂട്ടങ്ങളായും സീലിയകളുണ്ടായിരിക്കും. ലാര്‍വ ഈ സീലിയകളുടെ സഹായത്താലാണ് വെള്ളത്തില്‍ നീന്തി നടക്കുന്നത്. ലാര്‍വയ്ക്ക് കണ്ണിന്റെ ആകൃതിയിലുള്ള പൊട്ടുകളും കാണപ്പെടുന്നു. ദഹനനാളി വികസിതമാണ്. വിസര്‍ജന നാളികളടങ്ങിയ നെഫ്രീഡിയകള്‍ (വൃക്കകങ്ങള്‍) ജോടികളായിട്ടാണ് കാണപ്പെടുന്നത്. അന്തരാവയവങ്ങള്‍ പേശികളും, നാഡീപേശികളും, സംവേദക അവയവങ്ങളും നാടപോലെയുള്ള മധ്യജനസ്തരവും (mesoderm) ഉള്‍പ്പെട്ടതാണ്. ഓരോ വിഭാഗത്തിലും ഉണ്ടാകുന്ന ഇത്തരം ലാര്‍വകളാണ് അവയുടെ പരിണാമസരണിയെ പ്രകടമാക്കുന്നത്.

ട്രോക്കോഫോര്‍ ലാര്‍വാഘട്ടമുള്ള മിക്കജീവികളും ജലത്തിലാണ് മുട്ടകളിടുന്നത്. ബീജസങ്കലനം ബാഹ്യമാണ്. ബീജസങ്കലനം നടന്ന് 24 മണിക്കൂറിനുശേഷം മുട്ടവിരിഞ്ഞ് ട്രോക്കോഫോര്‍ ലാര്‍വ പുറത്തുവരുന്നു. രണ്ടു ദിവസത്തിനുശേഷം ലാര്‍വകള്‍ സീലിയ നഷ്ടപ്പെട്ട് ജലത്തിനടിയിലേയ്ക്കു നീങ്ങുകയും ഒരാഴ്ചയ്ക്കുള്ളില്‍ അവ പൂര്‍ണ്ണജീവിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. മത്സ്യങ്ങളാണ് ട്രോക്കോഫോര്‍ ലാര്‍വകളുടെ മുഖ്യശത്രുക്കള്‍. ഇവ വന്‍തോതില്‍ ലാര്‍വകളെ ഇരയാക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍