This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രേസി,സ്പെന്‍സര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രേസി,സ്പെന്‍സര്‍

Tracy,Spencer

അമേരിക്കന്‍ ചലച്ചിത്രനടന്‍. രണ്ടുതവണ ഓസ്കാര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1900 ഏ. 5-ന് വിസ്കോണ്‍സിന്‍ സ്റ്റേറ്റിലെ മിന്‍വോക്കിയില്‍ ജനിച്ചു. 1921-ല്‍ റിപണ്‍ കോളേജില്‍ ചേര്‍ന്നെങ്കിലും ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിച്ചു. 1922-ല്‍ നാടകരംഗത്തെത്തി. പിന്നീട് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ അക്കാദമി ഒഫ് ഡ്രമാറ്റിക് ആര്‍ട്സില്‍ ചേരുകയുണ്ടായി. അവിടെനിന്നും ഉള്‍ക്കൊണ്ട നാടകപാഠങ്ങളുമായി നാടകരംഗത്ത് നടനെന്ന നിലയില്‍ ശ്രദ്ധേയനായി. ലാസ്റ്റ്മൈന്‍ (1930) എന്ന നാടകം ഇദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള ചുവടുവയ്പിനു കളമൊരുക്കി. അങ്ങനെ അതേവര്‍ഷംതന്നെ ഹോളിവുഡ് ചിത്രമായ അപ് ദ് റിവറില്‍ (1930) ഇദ്ദേഹം അഭിനേതാവായി.

സ്പെന്‍സര്‍ ട്രേസി

ഏതു കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാനുള്ള കഴിവ് ട്രേസിയെ അക്കാലത്തെ വിശ്വോത്തര നടന്മാരിലൊരാളാക്കി ഉയര്‍ത്തി. 1937-ല്‍ ക്യാപ്ടന്‍സ് കറേജിയസ് എന്ന ചിത്രത്തിലെ വൃദ്ധനായ പോര്‍ട്ടുഗീസ് മുക്കുവനെ യാഥാര്‍ഥ്യമാക്കിക്കൊണ്ട് മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കി. അടുത്തവര്‍ഷം തന്നെ ബോയ്സ് ടൗണ്‍ എന്ന ചിത്രത്തിലൂടെ പുരോഹിതവേഷമണിഞ്ഞ് വീണ്ടും ഓസ്കാര്‍ പുരസ്കാരം കരസ്ഥമാക്കിക്കൊണ്ട് ഇദ്ദേഹം 'നടന്മാരുടെ നടന്‍' എന്ന് പ്രസിദ്ധനായി. 1950-ല്‍ ഫാദര്‍ ഒഫ് ദ് ബ്രൈഡിലെയും 55-ല്‍ ബാഡ് ഡേ ഒഫ് ബ്ലാക്ക് റോക്കിലെയും അഭിനയത്തെത്തുടര്‍ന്ന് ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി. എങ്കിലും ചലച്ചിത്രാഭിനയ കലയ്ക്ക് ഇദ്ദേഹം നല്‍കിയ മികച്ച സംഭാവന ഹെമിങ്വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ് സീ (1958)യുടെ ചലച്ചിത്രഭാഷ്യത്തില്‍ കിഴവനായി അഭിനയിച്ചതാണ്.

ഫ്യൂറി, സാന്‍ഫ്രാന്‍സിസ്കോ എന്നിവയാണ് ട്രേസിയുടെ പ്രശസ്തമായ മറ്റു രണ്ടു ചിത്രങ്ങള്‍. മറ്റുള്ളവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്: വിപ്സാ (1935), മാനിക്യൂന്‍ (1938), ഐ ടേക്ക് ദിസ് വുമണ്‍ (1940), ബ്ളൂം ടൗണ്‍ (1940), പീപ്പിള്‍ എഗെന്‍സ്റ്റ് ഓഹാര (1951), ഇന്‍ ഹെറിറ്റ് ദ് വിന്‍ഡ് (1960), ജഡ്ജ്മെന്റ് ഒഫ് ന്യൂറംബര്‍ഗ് (1961). അവസാനചിത്രമായ ഗസ് ഹു ഈസ് കമിങ് ഫോര്‍ ഡിന്നര്‍ ഇദ്ദേഹത്തിന്റെ മരണാനന്തരം 1968-ലാണ് പുറത്തിറങ്ങിയത്.

നാലു പതിറ്റാണ്ടുകളോളം കാലം ഹോളിവുഡില്‍ ജ്വലിച്ചുനിന്ന താരമാണ് ട്രേസി. ആദ്യകാലത്ത് ചുവന്ന തലമുടിയുമായി ലഘുഹാസ്യ വേഷങ്ങളും ആക്ഷന്‍ വേഷങ്ങളും ചെയ്തിരുന്നപ്പോഴും പിന്നീട് വെളുത്ത തലമുടിയുമായി ഗൗരവമുള്ള കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചപ്പോഴും ട്രേസി തന്റെ അഭിനയപാടവം അദ്ഭുതകരമാം വണ്ണം പ്രകടമാക്കി. സ്പെന്‍സര്‍ ട്രേസി - കാതറിന്‍ ഹെബ്ബേണ്‍ കൂട്ടുകെട്ടും ഹോളിവുഡ് സിനിമയിലെ ഒരവിസ്മരണീയതയാണ്.

1967 ജൂണ്‍ 10-ന് കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍