This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രേഡ് യൂണിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രേഡ് യൂണിയന്‍

Trade Union

അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ രൂപീകരിക്കുന്ന തൊഴില്‍ സംഘടന.

ട്രേഡ് യൂണിയനുകള്‍ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ്, ആധുനിക ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആവിര്‍ഭവിച്ചത്. ഇംഗ്ലണ്ടിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ആദ്യമായി ട്രേഡ് യൂണിയന്‍ രൂപം കൊണ്ടപ്പോള്‍, അവ ക്രിമിനല്‍ സംഘടനകളായിട്ടാണ് ആദ്യം വീക്ഷിക്കപ്പെട്ടത്. അവയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യകാലങ്ങളില്‍ നിയമവിരുദ്ധമായിരുന്നു. 19-ാം ശ. -ത്തിന്റെ അന്ത്യദശകങ്ങള്‍വരെയും ഗവണ്‍മെന്റുകളോ വ്യവസായ മുതലാളിമാരോ യൂണിയനുകളെ അംഗീകരിച്ചിരുന്നില്ല. 1800-ലെ ബ്രിട്ടിഷ് കോമ്പിനേഷന്‍ ആക്ടൂകള്‍ (The British Combination acts of 1800), 1791ല്‍ ഫ്രാന്‍സില്‍ നടപ്പാക്കിയ ലൈ ലെ ഷെപേലിയര്‍ നിയമങ്ങള്‍(Lio Le Chapellier) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

നിയമവിരുദ്ധമായി കരുതപ്പെട്ടിരുന്ന ആദ്യഘട്ടത്തിനു ശേഷമുള്ള, യൂണിയനുകളുടെ വികാസപരിണാമം പല രാജ്യങ്ങളിലും പല രീതിയിലാണ് സംഭവിച്ചത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തിന്‍കീഴിലുള്ള വിശാലമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് യൂണിയനുകള്‍ സംഘടിപ്പിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റേയും ജീവിതനിലവാരത്തിന്റേയും പിന്നോക്കാവസ്ഥമൂലം തൊഴിലാളികള്‍ക്കു സ്വയം സംഘടിക്കുവാനും മുതലാളിവര്‍ഗവുമായി ഫലപ്രദമായി വിലപേശുവാനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ രക്ഷാകര്‍ത്തൃത്വം ആദ്യകാല ട്രേഡ് യൂണിയനുകള്‍ക്ക് ആവശ്യമായി വന്നത്. തൊഴില്‍ സ്ഥാപനങ്ങളിലെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങള്‍ക്കു പുറമേ, പ്രാഥമികമായ പൗരാവകാശങ്ങള്‍പോലും തൊഴിലാളികള്‍ക്ക് ഒരു കാലത്ത് നിഷേധിച്ചിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുംതൊഴില്‍പരവുമായഅവകാശസംരക്ഷണത്തിനുവേണ്ടിയാണ് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. ഈ പ്രസ്ഥാനങ്ങളുടെ അവിഭാജ്യ ഭാഗമായിട്ടാണ് ട്രേഡ് യൂണിയനുകള്‍ വികസിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളിലൂടെ മാത്രമേ തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കാനാവൂ എന്ന് ആദ്യകാല നേതൃത്വം മനസ്സിലാക്കിയിരുന്നു. ഇത്തരം പരിവര്‍ത്തനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയനേതൃത്വം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ട്രേഡ് യൂണിയനുകളുടെ ചരിത്രം പരിശോധിച്ചാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത യൂണിയനുകള്‍ സംഘടിപ്പിച്ചിരുന്നതായി കാണാം. ഇത് ട്രേഡ് യുണിയന്‍ പ്രസ്ഥാനത്തിനുള്ളില്‍ത്തന്നെ പരസ്പര മത്സരത്തിനും വിഭാഗീയതയ്ക്കും കാരണമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ്, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്, കമ്യൂണിസ്റ്റു വിഭാഗങ്ങളായിരുന്നു മുഖ്യമായിട്ടുണ്ടായിരുന്നത്. സ്കാന്‍ഡിനേവിയയില്‍ സോഷ്യലിസ്റ്റ് നീലക്കോളര്‍ യൂണിയനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദഗ്ധ തൊഴിലാളികളെ പ്രതിനിധീകരിച്ചിരുന്ന ഫ്രഞ്ച് സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയ നേതൃത്വത്തെ നിരാകരിച്ചിരുന്നു. സിന്‍ഡിക്കലിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ 'കോണ്‍ഫെഡറേഷന്‍ ജനറല്‍ റ്റു ട്രാവൈലി'ന്റെ നേതൃത്വം കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു.

ക്രമേണ ട്രേഡ് യൂണിയനുകള്‍ കൂടുതല്‍ പദവിയും അംഗീകാരവും ആര്‍ജിച്ചു. യൂണിയനുകളിലെ അംഗസംഖ്യ വന്‍തോതില്‍ വര്‍ധിക്കുകയും യൂണിയനുകള്‍ അവഗണിക്കാനാവാത്ത സംഘടിത ശക്തിയായി വളരുകയും ചെയ്തു. 1906-ല്‍ ജര്‍മനിയിലുണ്ടായ 'മോന്‍ഹൈം ഉടമ്പടി' (Monnheim agreement) യൂണിയനുകള്‍ ആര്‍ജിച്ച രാഷ്ട്രീയശക്തിയുടെ തെളിവാണ്. എന്നാല്‍ ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ സാമൂഹിക പരിഷ്കരണാശയങ്ങളെ നിരാകരിക്കുകയും തൊഴിലാളികളുടെ ദൈനംദിന ജീവിതാവശ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ചാര്‍ട്ടിസ്റ്റു നവോത്ഥാനപ്രസ്ഥാനത്തിന്റെ പരാജയത്തിനു ശേഷമാണ് ഈ യൂണിയനുകള്‍ രൂപം കൊണ്ടത്. എന്നാല്‍ അവിദഗ്ധ തൊഴിലാളികളും സംഘടിക്കാന്‍ തുടങ്ങിയതോടെ, സോഷ്യലിസ്റ്റു നവോത്ഥാനാശയങ്ങള്‍ക്കു സ്വാധീനത ലഭിക്കുകയുണ്ടായി. ബ്രിട്ടിഷ് യൂണിയനുകള്‍ ആദ്യ ഘട്ടങ്ങളില്‍ വ്യക്തിഗത ഫാക്ടറികളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ യൂണിയനുകളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് 1871-ലും 75-ലും തൊഴില്‍ നിയമങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടത്. 1920-കളോടെ യൂണിയനുകളുടെ നിയമ സാധുത്വം അംഗീകരിക്കപ്പെടുകയും ദേശീയാടിസ്ഥാനത്തിലുള്ള തൊഴില്‍ ഉടമ്പടികള്‍ നിലവില്‍ വരുകയും ചെയ്തു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി പ്രധാനമായും തൊഴിലാളി സംഘടനകളുടെ സൃഷ്ടിയാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉപകരണം എന്ന നിലയ്ക്കാണ് ലേബര്‍ പാര്‍ട്ടി രൂപം കൊണ്ടതുതന്നെ. ട്രേഡ് യൂണിയനുകള്‍ ലേബര്‍പാര്‍ട്ടിയില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. വരിസംഖ്യയ്ക്കു പുറമേ യൂണിയനുകള്‍ ഒരു 'രാഷ്ട്രീയ ലെവി' (Political levy)യും നല്‍കിയിരുന്നു.

ട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയ ഉപകരണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി സ്ഥാപിതമായത് 1900-ലാണ്. 1918-ല്‍ സോഷ്യലിസമാണ് ലക്ഷ്യമെന്ന് ലേബര്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1921-22-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയെന്ന പദവി ലേബര്‍ പാര്‍ട്ടിക്കു ലഭിച്ചു. 1924-ല്‍ ജെ.ആര്‍. മക്ഡൊണാള്‍ഡിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. ബ്രിട്ടിഷ് രാഷ്ട്രീയ രംഗത്ത് ട്രേഡ് യൂണിയനുകള്‍ ആര്‍ജിച്ച വമ്പിച്ച സ്വാധീനശക്തിയുടെ തെളിവാണിത്. 1929-ലും മക്ഡൊണാള്‍ഡിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുകയുണ്ടായി. 1940-ലെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മന്ത്രിസഭയിലും ലേബര്‍പാര്‍ട്ടിക്ക് പങ്കാളിത്തമുണ്ടായിരുന്നു. 1945-ല്‍ വീണ്ടും സി.ആര്‍. ആറ്റ്ലിയുടെ ലേബര്‍ പാര്‍ട്ടി മന്ത്രിസഭ അധികാരത്തിലെത്തി. ആറ്റ്ലി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്.

20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഇറ്റലിയിലേയും അമേരിക്കയിലേയും ട്രേഡ് യൂണിയനുകളുടെ മാതൃകയില്‍ റഷ്യയിലെ സാറിസ്റ്റു ഭരണാധികാരികള്‍ ഔദ്യോഗിക യൂണിയനുകള്‍ക്കു രൂപം നല്‍കിയിരുന്നു. എന്നാല്‍, 1905-ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരത്തില്‍, 'വര്‍ക്കേഴ്സ് ഡെപ്യൂട്ടീസിന്റെ സോവിയറ്റ്' എന്ന പേരില്‍ ഒരു സംഘടന രൂപം കൊണ്ടതോടെയാണ്, റഷ്യയിലെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇതേ വര്‍ഷം തന്നെ, റഷ്യന്‍ ട്രേഡ് യൂണിയന്റെ പ്രഥമ കോണ്‍ഗ്രസ് നടന്നു. മോസ്കോയിലേയും ഇതര വ്യവസായ നഗരങ്ങളിലേയും നാല്പതോളം സ്വതന്ത്രയൂണിയനുകള്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തിരുന്നു. 1905-ലെ ജനാധിപത്യ വിപ്ലവത്തിന്റെ പരാജയത്തെത്തുടര്‍ന്ന് സാര്‍ ഭരണകൂടം സ്വതന്ത്ര ട്രേഡ് യൂണിയനുകളെ നിരോധിച്ചു. പിന്നീട് 1917-ലാണ് 'പെട്രോഗ്രാഡ് സോവിയറ്റ്' എന്ന പേരില്‍ തൊഴിലാളികള്‍ സംഘടിച്ചത്. റഷ്യയിലെ ട്രേഡ് യൂണിയന്‍ കൗണ്‍സിലുകളായ സോവിയറ്റുകള്‍, ഇതര രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളില്‍ നിന്നു വ്യത്യസ്തമാണ്. മാര്‍ക്സിസത്തിന്റെ ഭരണകൂട സിദ്ധാന്തമായ 'തൊഴിലാളിവര്‍ഗസര്‍വാധിപത്യം' എന്ന സങ്കല്പത്തിന്റെ സംഘടനാരൂപം എന്ന നിലയ്ക്കാണ് സോവിയറ്റുകള്‍ക്കു രൂപം നല്‍കിയിട്ടുള്ളത്. തൊഴിലാളികളുടെ സാമ്പത്തികാവകാശങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി, തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടകം എന്ന നിലയ്ക്കാണ് സോവിയറ്റുകളെ വിഭാവന ചെയ്തിരുന്നത്. 1917-ല്‍ നടന്ന റഷ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫറന്‍സ്, 15 ലക്ഷം തൊഴിലാളികളുടെ പ്രാതിനിധ്യം അവകാശപ്പെട്ടിരുന്നു. ഈ കാലഘട്ടത്തില്‍ റഷ്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനുള്ളില്‍ മെന്‍ഷെവിക്കുകള്‍ എന്നും ബോള്‍ഷെവിക്കുകള്‍ എന്നുമുള്ള രണ്ടു വിഭാഗങ്ങള്‍ രൂപംകൊണ്ടു. ക്രമാനുഗതമായ പരിഷ്ക്കാരങ്ങളുടെ വക്താക്കളായ മെന്‍ഷെവിക്കുകളെ എതിര്‍ത്ത ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കണമെന്നു വാദിച്ചു. ലെനിനും ട്രോട്സ്കിയുമാണ് ബോള്‍ഷെവിക്കുകള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്.

ഒക്ടോബര്‍ സോഷ്യലിസ്റ്റു വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന്, സോവിയറ്റ് യൂണിയനില്‍ സ്വതന്ത്ര ട്രേഡ് യൂണിയന്‍ എന്ന ആശയം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ഗവണ്‍മെന്റിന്റേയും പാര്‍ട്ടിയുടേയും നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പോഷകസംഘടനകളോ ഏജന്‍സികളോ ആണ് ട്രേഡ് യൂണിയനുകള്‍ എന്ന ഉപകരണ വാദപരമായ സമീപനത്തിനു മുന്‍തൂക്കം ലഭിച്ചു. സ്റ്റാലിന്റെ രഹസ്യപ്പോലീസുകാരാല്‍ വധിക്കപ്പെട്ട ട്രോട്സ്ക്കിയും ആദ്യനാളുകളില്‍ ഇതേ വീക്ഷണം തന്നെയായിരുന്നു പുലര്‍ത്തിയിരുന്നത്. മൈക്കിള്‍ ടോംസ്കിയെപ്പോലുള്ളവര്‍ സ്വതന്ത്ര ട്രേഡ് യൂണിയനുകള്‍ക്കുവേണ്ടി വാദിച്ചിരുന്നു. പക്ഷേ, സ്റ്റാലിന്റെ ഏകാധിപത്യവാഴ്ചയില്‍ ട്രേഡ് യൂണിയനുകളെ സംബന്ധിച്ചുള്ള എല്ലാ ഭിന്നാഭിപ്രായങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. സ്റ്റാലിനിസ്റ്റു സര്‍വാധിപത്യത്തിനെതിരെ, രഹസ്യസംഘടനകള്‍ രൂപീകരിച്ചുകൊണ്ട് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം 'തൊഴിലാളി പ്രതിപക്ഷം' (വര്‍ക്കേഴ്സ് ഓപ്പസിഷന്‍) എന്നാണറിയപ്പെട്ടിരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളും യൂണിയനുകളും തമ്മിലുള്ള ബന്ധം സാര്‍വദേശീയ തൊഴില്‍ സംഘടനകളേയും ബാധിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടേറിയറ്റ് എന്ന പേരിലാണ് ആദ്യമായി സാര്‍വദേശീയ തൊഴിലാളി സംഘടനകള്‍ രൂപം കൊണ്ടത്. ഓരോ വ്യവസായത്തിലേയും തൊഴിലാളികള്‍ പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു സംഘടിച്ചിരുന്നത്. ഇത്തരത്തിലുള്ള സംഘടനകള്‍ ചേര്‍ന്ന് 1889-ല്‍ ആദ്യമായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ രൂപീകരിച്ചു. ദേശീയ ട്രേഡ് യൂണിയന്‍ സെന്ററുകള്‍ 1901-ല്‍ കോപ്പന്‍ഹേഗനില്‍ വച്ച് ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം നടത്തി. എല്ലാ വര്‍ഷവും മേയ് 1-ാം തീയതി ലോക തൊഴിലാളിദിനമായി ആചരിക്കാന്‍ ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റു കോണ്‍ഗ്രസ് തീരുമാനിച്ചതും ഇതേ വര്‍ഷമാണ്. 1890 മേയ് ഒന്നിന് അമേരിക്കയിലെ ഷിക്കാഗോയില്‍ തൊഴില്‍ ദൈര്‍ഘ്യം 8 മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിനുനേരെ നടന്ന അടിച്ചമര്‍ത്തലിനെ അനുസ്മരിക്കാനാണ് ഈ ദിനം തൊഴിലാളി ദിനമായി സ്വീകരിച്ചിട്ടുള്ളത്. ഈ സമ്മേളനം ഒരു ഇന്റര്‍നാഷണല്‍ സെക്രട്ടേറിയറ്റിനു രൂപം നല്‍കുകയും ജര്‍മന്‍ ട്രേഡ് യൂണിയനുകളെ അതിന്റെ ഭരണച്ചുമതല ഏല്‍പിക്കുകയും ചെയ്തു. 1913-ല്‍ ഈ സെക്രട്ടേറിയറ്റ്, ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയന്‍സ് (International Federation of Trade Unions-IFTU) എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍ (American Federation of Labour -AFL) എന്ന സംഘടനയും ഐ എഫ് ടി യു-വില്‍ ചേര്‍ന്നു. അന്താരാഷ്ട്ര തൊഴിലാളി സംഘടന, വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയന്‍സ് (World Federation of Trade Unions-WFTU) ആയി പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ ഫലമായി റഷ്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തുടര്‍ന്ന് കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റു വിരുദ്ധരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഡബ്ലിയു. എഫ്. ടി.യു പിളര്‍ന്നു. കമ്യൂണിസ്റ്റിതര സംഘടനകള്‍ ചേര്‍ന്ന് ബ്രസ്സ ല്‍സ് ആസ്ഥാനമായി 1949-ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ ഫെഡറേഷന്‍ ഒഫ് ഫ്രീ ട്രേഡ് യൂണിയന്‍സ് (International Confederation of Free Trade Unions-ICFTU) എന്ന സംഘടന രൂപീകരിച്ചു.

യൂണിയനുകളുടെ പ്രവര്‍ത്തനരീതി. മിക്ക സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും വ്യക്തിഗത യൂണിയനുകള്‍ ചേര്‍ന്ന് ഫെഡറേഷന്‍ രൂപീകരിക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഈ ഫെഡറേഷന് അവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകള്‍ക്കുമേല്‍ ഗണ്യമായ നിയന്ത്രണവുമുണ്ട്. ബ്രിട്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (Trade Union Congree-TUC) ഒരു പ്രബല ശക്തിയാണ്. തൊഴിലാളികളുടെ സംഘടിതമായ വിലപേശലില്‍ അതിന് നിര്‍ണായക സ്വാധീനമുണ്ട്.

ലെനിന്‍

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനേജ്മെന്റില്‍ തൊഴിലാളിയൂണിയനുകളുടെ പങ്കിനെക്കുറിച്ച് വിപുലമായ സംവാദങ്ങളുണ്ടായി. ദേശസാല്‍ക്കരണം തൊഴിലാളി യൂണിയനുകളുടെ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണ്. ദേശസാല്‍ക്കരിക്കപ്പെട്ട വ്യവസായങ്ങളും മാനേജ്മെന്റില്‍ തൊഴിലാളിസംഘടനകളുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. അതിന്റെ ഫലമായി വ്യവസായങ്ങളുടെ നടത്തിപ്പില്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഗണ്യമായ സ്വാധീനം ചെലുത്താവുന്ന സ്ഥിതി സംജാതമായി,

സംഘടിത വിലപേശലിന്റെ കേന്ദ്രമായിട്ടാണ് ബ്രിട്ടന്‍ വിശേഷിപ്പിക്കപ്പെടുന്നത്. സേവന - വേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നതില്‍ തൊഴിലാളികളെ അവഗണിക്കാനാവില്ല. സേവന- വേതന വ്യവസ്ഥകളെ സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് അംഗീകൃതമായ ഉടമ്പടികള്‍ ആവിഷ്കരിക്കേത് നിയമപരമായിത്തന്നെ തീരുമാനിച്ചിട്ടുണ്ട്.

അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ വിവിധങ്ങളായ സമരമാര്‍ഗങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മുഖ്യമായ സമരായുധമാണ് പണിമുടക്ക്. തൊഴില്‍ശാലകളിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിലൂടെ, മാനേജ്മെന്റിനെ തൊഴിലാളി സംഘടനകളുമായുള്ള ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമാക്കുകയെന്നതാണ് പണിമുടക്കിന്റെ ലക്ഷ്യം. പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന സംഘടനകളുമായുള്ള ഒത്തുതീര്‍പ്പു സംഭാഷണങ്ങളിലൂടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മിക്ക ആധുനിക മാനേജുമെന്റുകളും സന്നദ്ധമാകാറുണ്ട്. സംഘടിതമായ വിലപേശലും അവകാശ സംരക്ഷണവും തൊഴില്‍ശാലകളിലെ വേതന നിര്‍ണയത്തെ പ്രത്യക്ഷമായും ഉത്പന്നവിലകളെ പരോക്ഷമായും സ്വാധീനിക്കുന്നു. വേതനത്തില്‍ വരുത്തുന്ന വര്‍ധനവ്, ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കും. അത് ഉത്പന്നങ്ങളുടെ വില വര്‍ധനവിന് കാരണമാകുന്നു. ട്രേഡ് യൂണിയന്‍ വിലപേശലിലൂടെ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക്, അന്തിമമായി വില നല്‍കേണ്ടി വരുന്നത് ഉപഭോക്താക്കളാണ്.

1960-കളില്‍ മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ക്കുണ്ടായ ഘടനാപരമായ പരിവര്‍ത്തനങ്ങളുടെ ഫലമായി തൊഴിലാളി സംഘടനകള്‍ക്ക് മാനേജ്മെന്റില്‍ വര്‍ധിച്ച പ്രാതിനിധ്യം നല്‍കാന്‍ മുതലാളിമാര്‍ തയ്യാറായി. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയെന്നത് മൂലധന താത്പര്യത്തിന്റെതന്നെ ഭാഗമായിട്ടുണ്ട് എന്നു പറയാം. ട്രേഡ് യൂണിയനുകള്‍ മൂലധന താത്പര്യത്തിന്റെ പങ്കുപറ്റാന്‍ തുടങ്ങുന്നതോടെ, ആദ്യകാലങ്ങളിലുണ്ടായിരുന്ന പുരോഗമന ലക്ഷ്യങ്ങളില്‍ നിന്ന് അകലാനും തുടങ്ങിയിട്ടുണ്ട്. സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്ന ട്രേഡ് യൂണിയനുകള്‍ മുതലാളിത്ത വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതായി പല ചിന്തകരും വിമര്‍ശിക്കുന്നു. വിഭാഗീയമായ താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം തൊഴിലാളികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ പരിണതഫലമാണ് ട്രേഡ് യൂണിയനിസം എന്ന ആധുനിക പ്രതിഭാസം. മൂലധന താത്പര്യങ്ങളില്‍ പരോക്ഷമായി പങ്കുപറ്റുന്നു എന്നതിനു പുറമേ, പിന്നോക്ക രാജ്യങ്ങളില്‍ അത് സംരംഭകത്വ സംസ്കാരത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

ട്രേഡ് യൂണിയനിസം സംരംഭകത്വ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ എന്ന് പൊതുജനാഭിപ്രായമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണോത്സുകമായ ട്രേഡ് യൂണിയനിസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോഷക സംഘടനകളെന്ന നിലയ്ക്ക് ട്രേഡ് യൂണിയനുകളുണ്ട്. സമൂഹത്തിന്റെ പൊതുവായ വ്യാവസായിക വികസന കാഴ്ചപ്പാടുകള്‍ക്കു പകരം, സങ്കുചിതവും വിഭാഗീയവുമായ താത്പര്യങ്ങള്‍ മിക്ക ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളും അവലംബിക്കുന്നു എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക സമ്പദ്ഘടനയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് ആധുനീകരിക്കുന്നതിനും യന്ത്രവല്‍ക്കരിക്കുന്നതിനും മറ്റും തടസ്സം നില്‍ക്കുന്ന കേരളത്തിലെ ട്രേഡ് യൂണിയന്‍ നേതൃത്വം ഇവിടത്തെ ഉത്പാദനരംഗം നേരിടുന്ന മാന്ദ്യത്തിന് കാരണമായിത്തീരുന്നു എന്ന് പല സാമ്പത്തികശാസ്ത്രവിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ അത്യന്താധുനികമായ രീതിയില്‍ നവീകരിക്കുന്നതിനും ലോക കമ്പോളത്തിലെ മത്സരം നേരിടുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനും കഴിഞ്ഞിട്ടില്ല. ലോക വിപണിയെ മുഖ്യമായും ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍ അതുകൊണ്ടുതന്നെ ലോക വിപണിയില്‍ നിന്ന് പുറന്തള്ളപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്. അതുപോലെ തന്നെ കേരളത്തിനു പുറത്തുള്ള വ്യവസായ നിക്ഷേപകര്‍, ഇവിടെ മൂലധനം മുടക്കുന്നതിന് താത്പര്യം കാണിക്കാത്തതിന് ഒരു കാരണം ട്രേഡ് യൂണിയനുകളുടെ സമീപനത്തിലെ സമന്വയമില്ലായ്മയാണ് എന്നും അഭിപ്രായമുണ്ട്. അതുകൊണ്ടാണ് സമീപകാലത്തായി പുതിയൊരു 'വികസനസംസ്കാര'ത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രത്യുത്പാദനമേഖലയുടെ അവികസിതാവസ്ഥ മറികടക്കുന്നതിന് വമ്പിച്ച സ്വകാര്യമൂലധനനിക്ഷേപം ആവശ്യമാണ്. അനുകൂലമായ സംരംഭകത്വ സംസ്കാരം വളര്‍ന്നെങ്കില്‍ മാത്രമേ സ്വകാര്യ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ. പ്രത്യുത്പാദന മേഖല വന്‍തോതില്‍ വികസിച്ചെങ്കില്‍ മാത്രമേ, കേരളത്തിലെ ഉയര്‍ന്ന ജീവിതഗുണനിലവാരം സ്ഥായിയായി നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന കാര്യത്തില്‍ പൊതുവായ അഭിപ്രായ ഐക്യമുണ്ടായിട്ടുണ്ട്. സേവന- വിതരണ മേഖലകളുടെ ആനുപാതികമല്ലാത്ത വളര്‍ച്ചയെ ക്രമപ്പെടുത്തുകയും പ്രത്യുത്പാദനമേഖലകളിലേക്ക് മൂലധനപ്രവാഹത്തെ തിരിച്ചു വിടുകയും ചെയ്യുക എന്നതാണ് പുതിയ വികസനസംസ്കാരം കൊണ്ടുദ്ദേശിക്കുന്നത്.

ട്രേഡ് യൂണിയനുകള്‍ ഇന്ത്യയില്‍. 1890-കളുടെ മധ്യത്തില്‍ കല്‍ക്കട്ടയിലെ പരുത്തിത്തുണി മില്ലുകളില്‍ നടന്ന ലഹളകളെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്. അക്കാലത്ത് ബോംബെയിലേയും കല്‍ക്കട്ടയിലേയും തുണിമില്ലുകളിലെ തൊഴില്‍ സാഹചര്യം മനുഷ്യത്വരഹിതമായിരുന്നു. 1881-ലേയും 1891-ലേയും ഫാക്ടറി ആക്റ്റുകളിലെ വ്യവസ്ഥകള്‍ മിക്ക മില്ലുടമകളും നടപ്പാക്കിയിരുന്നില്ല. ഒരു ദിവസം 15 മുതല്‍ 18 വരെ മണിക്കൂര്‍ പണിയെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായിരുന്നു. ഈ വര്‍ഷങ്ങളില്‍ ബോംബെ, കല്‍ക്കട്ട, അഹമ്മദാബാദ്, സൂററ്റ്, മദ്രാസ്, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിമില്ലുകള്‍, റെയില്‍വേ, തോട്ടങ്ങള്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പല തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന, ഫൂലെയുടെ അനുയായിയായിരുന്ന എന്‍.എം. ലോക്കാ 1880-ല്‍ ദീനബന്ധു എന്ന പേരില്‍ ഒരു വാരിക ആരംഭിക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. തൊഴില്‍ സമയം കുറയ്ക്കണമെന്നാവശ്യപ്പെടുന്ന യോഗങ്ങള്‍ സംഘടിപ്പിക്കുകയും 1890-ല്‍ ബോംബെ മില്‍ ഹാന്‍ഡ്സ് അസോസിയേഷന്‍ രൂപീകരിക്കുകയും ചെയ്തു. തന്നെ സമീപിക്കുന്നവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ലോക്കാ ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിച്ചു. ബ്രഹ്മസമാജ പ്രവര്‍ത്തകനായിരുന്ന ശശിപാദ ബാനര്‍ജി ബംഗാളിലെ തുണിമില്‍ തൊഴിലാളികള്‍ക്കിടയില്‍ സമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൊഴിലാളികള്‍ക്കിടയില്‍ അവകാശബോധം വളര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം 1874-ല്‍ ഭാരത് ശ്രമജീവി എന്നൊരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. തേയിലത്തോട്ടങ്ങളിലെ അടിമത്തപരമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരായി ബംഗാളി ബുദ്ധിജീവിയായ ദ്വാരക്നാഥ് ഗാംഗുലിയുടെ നേതൃത്വത്തില്‍ 1880-ല്‍ വമ്പിച്ച പ്രചാരണം നടന്നു. 1882-നും 1890-നുമിടയില്‍ മദ്രാസിലും ബോംബെയിലും ചെറുതും വലുതുമായ 25-ഓളം പണിമുടക്കുകള്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1899-ല്‍ റെയില്‍വേയിലാണ് ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ പണിമുടക്കു നടന്നത്. ബാലഗംഗാധര തിലകന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന മറാത്ത, കേസരി തുടങ്ങിയ മാസികകള്‍ പണിമുടക്കിനെ പിന്തുണച്ചിരുന്നു. ബംഗാളിലെ സ്വദേശിപ്രസ്ഥാനം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

1905-ല്‍ ബംഗാളിലെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകള്‍ പൊട്ടിപ്പുറപ്പെട്ടു. അതേവര്‍ഷം തന്നെയാണ് പ്രിന്റേഴ്സ് യൂണിയന്‍ നിലവില്‍ വന്നത്. 1906-ല്‍ ഈസ്റ്റ് ഇന്ത്യന്‍ റെയില്‍വേയിലെ ക്ലെറിക്കല്‍ തൊഴിലാളികള്‍ പണിമുടക്കുകയും 'റെയില്‍വേ മെന്‍സ് യൂണിയന്' രൂപം നല്‍കുകയും ചെയ്തു. ബംഗാള്‍ വിഭജനം പ്രാബല്യത്തില്‍ വന്ന 1905 ഒ. 16-ന് ബംഗാളിലുടനീളം പണിമുടക്കുകളും ഹര്‍ത്താലുമുണ്ടായി. ട്രേഡ് യൂണിയനുകള്‍ സാമ്പത്തികാവശ്യങ്ങള്‍ക്കു പുറമേ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങിയത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം ലഭിച്ചതും ഈ കാലയളവിലാണ്. ബാലഗംഗാധര തിലകന്റെ അറസ്റ്റിനെതിരായി ബോംബെയില്‍ നടന്ന പണിമുടക്കു സമരം, ഇന്ത്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. 1920-ല്‍ ആള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (All India Trade Union Congress-AITUC) രൂപീകരിക്കപ്പെട്ടത് എടുത്തുപറയേ സംഭവമാണ്.

എ.ഐ.റ്റി.യു. സി.യുടെ രൂപീകരണത്തിന് തിലകന്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. ലാലാ ലജപത് റായി ആയിരുന്നു ആദ്യ പ്രസിഡന്റ്. 1920- ല്‍ 125-ഓളം യൂണിയനുകളും രണ്ടര ലക്ഷം അംഗങ്ങളുമുണ്ടായിരുന്നു. 1921-ല്‍ വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ബോംബെയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കുകയും തെരുവുപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. 1918-ല്‍ ഗാന്ധിജി രൂപീകരിച്ച അഹമ്മദാബാദ് ടെക്സ്റ്റൈല്‍ ലേബര്‍ അസ്സോസിയേഷനില്‍ 14,000 അംഗങ്ങളുണ്ടായിരുന്നു. 1920-കളുടെ രണ്ടാം പകുതിയിലാണ് ഇടതു ട്രേഡ് യൂണിയനുകള്‍ രൂപംകൊത്. 1927-ല്‍ എസ്.എ. ഡാങ്കെ, മുസഫര്‍ അഹമ്മദ്, പി.സി.ജോഷി തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ക്കേഴ്സ് ആന്‍ഡ് പെസന്റ്സ് പാര്‍ട്ടി(Workers and Peasants Party-WPP) രൂപംകൊണ്ടു. 1928-ല്‍ ബോംബെ തുണിമില്ലുകളില്‍ നടന്ന ആറുമാസം നീണ്ടുനിന്ന സമരത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള യൂണിയനുകള്‍ എ.ഐ.റ്റി.യു.സി.യുടെ നേതൃത്വത്തിലേക്കുയര്‍ന്നു. 1929-ല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എ.ഐ.റ്റി.യു.സി. സമ്മേളനത്തില്‍ വച്ച് എന്‍.എം. ജോഷിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കമ്യൂണിസ്റ്റു സ്വാധീനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ കമ്യൂണിസ്റ്റു സ്വാധീനം ഇല്ലാതാക്കുന്നതിനു വേണ്ടി ബ്രിട്ടിഷ് ഗവണ്‍മെന്റ് പബ്ലിക് സേഫ്റ്റി ആക്ട് (Public Safety Act), ട്രേഡ് ഡിസ്പ്യൂട്ട് ആക്ട് (Trade Dispute Act) തുടങ്ങിയ നിയമങ്ങള്‍ നടപ്പിലാക്കി. തുടര്‍ന്ന് കമ്യൂണിസ്റ്റ് യൂണിയന്‍ നേതൃത്വത്തെ ഒന്നടങ്കം തടവിലാക്കുകയും മീററ്റ് ഗൂഢാലോചനക്കേസില്‍ അവരെ പ്രതികളാക്കുകയും ചെയ്തു. 1931-ല്‍ എ.ഐ.റ്റി.യു.സി.യില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ പുറത്താക്കിയെങ്കിലും 1935-ല്‍ അവര്‍ വീണ്ടും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് എ.ഐ.റ്റി.യു.സി. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഔദ്യോഗിക ട്രേഡ് യൂണിയനായി മാറി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എ.ഐ.റ്റി.യു.സി.യിലും പിളര്‍പ്പുണ്ടായി. സി.പി.ഐ. (എം)-ന്റെ നേതൃത്വത്തില്‍ സി.ഐ.റ്റി.യു. രൂപംകൊണ്ടു. ദീര്‍ഘകാലം സി.ഐ.റ്റി.യു.വിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ബി.ടി. രണദിവെ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും പിന്നീട് സി.പി.ഐ.(എം)-ന്റെയും അഖിലേന്ത്യാ നേതൃനിരയിലെ പ്രമുഖനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ട്രേഡ് യൂണിയനുകള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സര ബുദ്ധിയോടെ തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി തൊഴിലാളികള്‍ക്കിടയില്‍ അനൈക്യവും വിഭാഗീയതയും വളരുകയാണുണ്ടായത്. തൊഴിലാളികളുടെ പൊതുവായ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതിനേക്കാള്‍ തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിപത്യമുറപ്പിക്കുകയെന്നതായിരിക്കുന്നു ഇന്നത്തെ ലക്ഷ്യം.

ട്രേഡ് യൂണിയന്‍ കേരളത്തില്‍. കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് സാമൂഹിക പ്രവര്‍ത്തകരായിരുന്നു. മുതലാളിത്തവ്യവസ്ഥയോടുള്ള താത്ത്വികമായ എതിര്‍പ്പിനേക്കാള്‍ പ്രധാനമായി ഇവരെ ഇതിനു പ്രേരിപ്പിച്ചത് തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളായിരുന്നു. ആധുനികമായ തൊഴില്‍ നിയമങ്ങളോ സേവന വേതന വ്യവസ്ഥകളോ നിലവിലില്ലാതിരുന്ന അക്കാലത്ത്, തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ വര്‍ണനാതീതമായിരുന്നു. തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ലായിരുന്നതിനാല്‍ തൊഴിലാളികള്‍ അതിരാവിലെ തന്നെ ജോലിയില്‍ പ്രവേശിക്കണമായിരുന്നു. രാത്രി വളരെ വൈകും വരെ ജോലി ചെയ്യുകയും വേണം. മുതലാളിമാരുടെ ഏജന്റുമാരായ മേസ്ത്രിയും മൂപ്പനും കങ്കാണിയും പറയുന്നതെന്തും അനുസരിക്കണം. വിസമ്മതിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ ശിക്ഷ കഠിനമായിരുന്നു. ആലപ്പുഴയിലെ കയര്‍ വ്യവസായശാലകളിലാണ് ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. മൂപ്പന്മാരായിരുന്നു ഫാക്ടറികളിലെ സര്‍വാധിപതികള്‍. ശമ്പളദിവസം 'മൂപ്പ്കാശ്' എന്ന പേരില്‍ ഒന്നും രണ്ടും ചക്രം വീതം (ഇരുപത്തെട്ട് ചക്രം = ഒരു രൂപ) തൊഴിലാളികളില്‍ നിന്ന് പിരിവ് നടത്തുകയെന്നത് ഇവരുടെ അലിഖിതമായ അവകാശമായിരുന്നു. നിസ്സാരകുറ്റങ്ങള്‍ക്കുപോലും വലിയ തുക പിഴയിടുകയോ ശാരീരിക പീഡനമേല്‍പ്പിക്കുകയോ ചെയ്യുമായിരുന്നു. തൊഴിലാളികള്‍ നല്ല വസ്ത്രം ധരിക്കാന്‍ പാടില്ലായിരുന്നു. തിരുവിതാംകൂറില്‍ ജാതിയടിസ്ഥാനത്തിലുള്ള വിവേചനവുമുണ്ടായിരുന്നു. ഈഴവര്‍, മുക്കുവര്‍, ഊരാളി, കൊല്ലന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന കൂലി 'ജാതിക്കൂലി' എന്നറിയപ്പെട്ടിരുന്നു. കൊല്ലത്തെ ഓട്ടുകമ്പനികളിലേയും കശുവണ്ടി ഫാക്ടറികളിലേയും സ്ഥിതി വളരെ ദയനീയമായിരുന്നു. മലബാര്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. തൊഴില്‍ സ്ഥലങ്ങളിലെ പീഡനങ്ങള്‍ക്കും ചൂഷണത്തിനുമെതിരായി അസംഘടിതമായ പല പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ സംഘടിതമായ ട്രേഡ് യൂണിയന്‍ ആലപ്പുഴയിലെ 'തിരുവിതാംകൂര്‍ ലേബര്‍ അസ്സോസിയേഷന്‍' ആണ്. പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ആര്‍. സുഗതനായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. 1922 മാ. 31- നാണ് ഈ സംഘടന രൂപീകൃതമായത്. ആദ്യനാമം ലേബര്‍ യൂണിയന്‍ എന്നായിരുന്നു. ജൂല.-യിലാണ് ലേബര്‍ അസ്സോസിയേഷന്‍ എന്ന പേര് സ്വീകരിച്ചത്. തൊഴിലാളികളില്‍ നിന്നു ശേഖരിക്കുന്ന ചെറിയ സംഭാവനകള്‍ ഉപയോഗിച്ച് അവര്‍ക്ക് ചികിത്സാസഹായം നല്‍കുക, വായനശാലകള്‍ സ്ഥാപിക്കുക തുടങ്ങിയവയ്ക്കു പുറമേ വ്യക്തമായ സാമൂഹിക രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഈ സംഘടന മുന്നോട്ടുവച്ചിരുന്നു. അയിത്തം അവസാനിപ്പിക്കുക, നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുക, പള്ളിക്കൂടങ്ങളിലും തൊഴില്‍ശാലകളിലും വൈദ്യപരിശോധന നടത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കുക തുടങ്ങിയവയാണ് ഇതില്‍പ്രധാനം. മാത്രവുമല്ല പില്ക്കാലത്ത് സിവില്‍ നിയമലംഘന പ്രസ്ഥാനത്തേയും പൂര്‍ണ സ്വാതന്ത്ര്യ പ്രമേയത്തേയും അസ്സോസിയേഷന്‍ പിന്തുണച്ചു. 1925-ല്‍ തൊഴിലാളി എന്ന പേരില്‍ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. പി. കേശവദേവ് ഈ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1928 ജൂല.-യില്‍ നടന്ന റെയില്‍വേ പണിമുടക്കിനെത്തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ രൂപം കൊണ്ടും. കേരളത്തിലെ ആദ്യത്തെ പണിമുടക്കുസമരം ഈ റെയില്‍വേ പണിമുടക്കാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ റെയില്‍വേ സമരം തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ പലയിടങ്ങളിലും പ്രാദേശികമായി തൊഴിലാളികള്‍ സംഘടിക്കാനും വില പേശാനും തുടങ്ങിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1930-ല്‍ സന്മാര്‍ഗോദയം കൂലിവേലസംഘം എന്നൊരു സംഘടന മുണ്ടക്കയത്ത് രൂപീകൃതമായി. പൊന്നറ ശ്രീധറിന്റേയും എന്‍.സി. ശേഖറിന്റേയും നേതൃത്വത്തില്‍ 1931-ല്‍ തിരുവനന്തപുരം പ്രസ് വര്‍ക്കേഴ്സ് യൂണിയന്‍ സംഘടിപ്പിക്കുകയുണ്ടായി. മലബാര്‍ പ്രദേശത്ത് കോട്ടണ്‍ മില്ലുകളിലും തേയിലത്തോട്ടങ്ങളിലും മറ്റും ഇക്കാലത്ത് ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.

1932-ല്‍ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ലേബര്‍ യൂണിയന്‍ നിലവില്‍വന്നു. 1931-33 കാലയളവില്‍ കൊച്ചിന്‍ ലേബര്‍ യൂണിയനും രൂപീകൃതമായി. 1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ രൂപീകരണം, കേരള ചരിത്രത്തിലെ നിര്‍ണായകമായൊരു വഴിത്തിരിവാണ്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാരുടെ നേതൃത്വത്തില്‍ മിക്ക സ്ഥലങ്ങളിലും ട്രേഡ് യൂണിയനുകള്‍ സജീവമായി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് 1935 മേയ് മാസത്തില്‍ കോഴിക്കോട്ട് ഒരു സമ്മേളനം നടന്നു. അഖില കേരളാടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയന്റെ പ്രാരംഭം ഈ സമ്മേളനമാണ്. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന ഈ സമ്മേളനം ജോലിസ്ഥിരത, ജോലി സമയം തുടങ്ങിയ ആവശ്യങ്ങള്‍ക്കു പുറമേ കോണ്‍ഗ്രസ്സില്‍ തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കുക, ഇന്ത്യയ്ക്ക് പൂര്‍ണസ്വാതന്ത്ര്യ നല്‍കുക തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ സമ്മേളനത്തിനു ശേഷമാണ് ആലപ്പുഴ ലേബര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍, തൊഴിലാളികളുടെ ജീവിത ദുരിതങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനം തിരുവിതാംകൂര്‍ രാജാവിന് നല്‍കാന്‍ തീരുമാനിച്ചത്. നിവേദനം നല്‍കുന്നതിനുവേണ്ടി ഒരു ജാഥ തിരുവനന്തപുരത്തേക്ക് പോകാനും തീരുമാനിച്ചു. ജാഥയെ നിരോധിച്ചുവെങ്കിലും, തൊഴിലാളികള്‍ക്കിടയില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന പ്രതിഷേധത്തെ അവഗണിക്കാന്‍ തിരുവിതാംകൂര്‍ രാജവാഴ്ചയ്ക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ട്രേഡ് യൂണിയന്‍ ഡിസ്പ്യൂട്ട് ബില്‍, വര്‍ക്മെന്‍ കോംപന്‍സേഷന്‍ ബില്‍ തുടങ്ങിയ നിയമനിര്‍മാണങ്ങള്‍ നടന്നത്.

അഖില കേരള ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ രണ്ടാം സമ്മേളനം 1937-ല്‍ തൃശൂരിലും മൂന്നാം സമ്മേളനം 1939-ല്‍ ആലപ്പുഴയിലും നടന്നു. തിരുവിതാംകൂറിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി 1939-ല്‍ ആലപ്പുഴയില്‍ വച്ച് ഒരു അഖില തിരുവിതാംകൂര്‍ സമ്മേളനവും ചേരുകയുണ്ടായി. ഈ സമ്മേളനങ്ങളിലെല്ലാം തന്നെ എ.ഐ.റ്റി.യു.സി.യുടെ അഖിലേന്ത്യാ നേതാക്കന്മാര്‍ സജീവമായി പങ്കെടുത്തിരുന്നു. കണ്ണൂരിലെ നെയ്ത്തു തൊഴിലാളി യൂണിയന്‍, തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയന്‍, കോഴിക്കോട്ടെ ഓട്ടുകമ്പനികളിലേയും തടിമില്ലുകളിലേയും യൂണിയനുകള്‍ തുടങ്ങിയവ ഈ കാലയളവില്‍ രൂപം കൊണ്ടു പ്രധാന തൊഴിലാളി സംഘടനകളാണ്. തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 1938-ലെ ആലപ്പുഴ തൊഴിലാളി സമരം ശ്രദ്ധേയമാണ്. 40,000- ഓളം തൊഴിലാളികള്‍ പങ്കെടുത്ത ഈ സമരം 25 ദിവസം നീണ്ടുനിന്നു. തൊഴിലാളികളുടെ പല ആവശ്യങ്ങളും ഭാഗികമായി അംഗീകരിക്കപ്പെട്ടു. തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റി നിലവില്‍ വരുകയും ചെയ്തു. രണ്ടാം ലോക യുദ്ധാനന്തരഘട്ടത്തില്‍ കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ സജീവമായി. 1946 സെപ്. ആലപ്പുഴയില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ സമ്മേളനം രാജവാഴ്ചയ്ക്കെതിരായും ഉത്തരവാദ ഭരണത്തി നുവേണ്ടിയും പൊതുപണിമുടക്കു നടത്താന്‍ തീരുമാനിച്ചു. ഒ. 22-ന് ആരംഭിച്ച പൊതുപണിമുടക്കാണ് കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും പൊതുവായ രാഷ്ട്രീയ ചരിത്രത്തിലും ഒരുപോലെ നിര്‍ണായകമായി പരിണമിച്ചത്.

1956 ന. 1-ന് കേരള സംസ്ഥാനം രൂപീകൃതമായി. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. 1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യു. രൂപംകൊണ്ടു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളായ എ.ഐ.റ്റി.യു.സി., ഐ.എന്‍.ടി.യു.സി., യു.ടി.യു.സി., ബി.എം.എസ്. തുടങ്ങിയവയ്ക്കു പുറമേ ചില സ്വതന്ത്രട്രേഡ് യൂണിയനുകളും ഇന്നു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍