This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെവെല്യന്‍, ജോര്‍ജ് മെക്കാളെ (1876-1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രെവെല്യന്‍, ജോര്‍ജ് മെക്കാളെ (1876-1962)

Trevelyan,George Macaulay

ബ്രിട്ടിഷ് ചരിത്രകാരന്‍. ബ്രിട്ടിഷ് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിരുന്ന മെക്കാളെ പ്രഭുവിന്റെ (തോമസ് ബാബിങ്ടണ്‍ മെക്കാളെ) അനന്തരവനും രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായിരുന്ന സര്‍ ജോര്‍ജ് ഓട്ടോ ട്രെവെല്യന്റെ തൃതീയപുത്രനായി ഇദ്ദേഹം 1876 ഫെ. 16 -ന് ഇംഗ്ളിലെ സ്റ്റ്രാറ്റ്ഫോര്‍ഡില്‍ ജനിച്ചു. ഹാരോയില്‍ പഠിച്ചുകൊണ്ടിരിക്കെ വിന്‍സ്റ്റന്‍ ചര്‍ച്ചിലുമായി (പില്ക്കാല ബ്രിട്ടിഷ് പ്രധാനമന്ത്രി) ഉണ്ടായ സൗഹൃദം ആജീവനാന്തം നിലനിര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജിലാണ് ട്രെവെല്യന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒന്നാം ലോകയുദ്ധകാലത്ത് ഇറ്റലിയില്‍ ഒന്നാം ബ്രിട്ടിഷ് ആംബുലന്‍സ് യൂണിറ്റിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1927 മുതല്‍ ട്രെവെല്യന്‍ വിദ്യാഭ്യാസരംഗത്താണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ 1927 മുതല്‍ ഇദ്ദേഹം ആധുനിക ചരിത്രത്തിന്റെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് താന്‍ പഠിച്ചിരുന്ന ട്രിനിറ്റി കോളജില്‍ 1940 മുതല്‍ 51 വരെ മാസ്റ്റര്‍ ആയി ജോലി നോക്കി. ഇതിനിടയ്ക്ക് 1949-ല്‍ ദര്‍ഹാം (Durham) സര്‍വകലാശാലയിലെ ചാന്‍സലറായി നിയമിതനായ ട്രെവെല്യന്‍ ആ പദവിയില്‍ 1957 വരെ തുടര്‍ന്നു.

ജോര്‍ജോ മെക്കാളെ ട്രെവെല്യന്‍

വിഗ് പാരമ്പര്യത്തിലും ലിബറല്‍ ചിന്താഗതിയിലും അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം സ്വരാജ്യമായ ഇംഗ്ലണ്ടിനോട് തീവ്ര വൈകാരിക ബന്ധംപുലര്‍ത്തിപ്പോന്നു. കുടുംബ പാരമ്പര്യവും കേംബ്രിഡ്ജിലെ പ്രഗല്ഭരുമായുള്ള സഹവാസവും ഇദ്ദേഹത്തിന്റെ ചരിത്രരചനയെ ശക്തിയായി സ്വാധീനിച്ചു. ഒരു ചരിത്രകൃതി പൊതുവായ വായനക്കാരനും ചരിത്ര വിദ്യാര്‍ഥിക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ട്രെവെല്യന്‍. ഈ സമീപനം ഇദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങള്‍ക്ക് പൊതുസമ്മതി നേടിക്കൊടുത്തു. നിരവധി ജീവചരിത്രകൃതികളും ട്രെവെല്യന്‍ എഴുതിയിട്ടുണ്ട്. ഇറ്റാലിയന്‍ ദേശീയ നേതാവായ ഗ്വിസെപ്പ് ഗാരിബാള്‍ഡിയുടെ ജീവചരിത്രം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ മിക്ക ചരിത്രകൃതികളും ഇംഗ്ലണ്ടിന്റെ ചരിത്രവുമയി ബന്ധപ്പെട്ടവയാണ്. ഇംഗ്ലണ്ടി ഇന്‍ ദി ഏജ് ഒഫ് വൈക്ളിഫ് (1899), ഇംഗ്ലണ്ടി അര്‍ ദ് സ്റ്റുവെര്‍ട്ട്സ് (1904), ഗാരിബാള്‍ഡീസ് ഡിഫന്‍സ് ഒഫ് ദ് റോമന്‍ റിപ്പബ്ലിക് (1907), ഗാരിബാള്‍ഡി ആന്‍ഡ് ദ് തൗസന്റ് (1909), ഗാരിബാള്‍ഡി ആന്‍ഡ് ദ് മേക്കിങ് ഒഫ് ഇറ്റലി (1911), ബ്രിട്ടിഷ് ഹിസ്റ്ററി ഇന്‍ ദ് നയന്റീന്‍ത്ത് സെഞ്ചുറി 1782 - 1901 (1922), ഹിസ്റ്ററി ഒഫ് ഇംഗ്ലണ്ട് (1926), ഇംഗ്ലണ്ട്അര്‍ ക്വീന്‍ ആന്‍ (മൂന്നു വാല്യം, 1930- 34), ദി ഇംഗ്ളീഷ് റവല്യൂഷന്‍ 1688-1689 (1939), ഇംഗ്ലീഷ് സോഷ്യല്‍ ഹിസ്റ്ററി (1942), ഓട്ടോബയോഗ്രഫി ആന്‍ഡ് അദര്‍ എസ്സേയ്സ് (1949), ദ് സെവന്‍ ഈയേഴ്സ് ഒഫ് വില്യം IV (1952) എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികളില്‍പ്പെടുന്നവയാണ്. 'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' ബഹുമതി നല്‍കി (1930) ഇദ്ദേഹത്തെ രാഷ്ട്രം ആദരിക്കുകയുണ്ടായി. 1962 ജൂല. 21-ന് ട്രെവെല്യന്‍ കേംബ്രിഡ്ജില്‍ നിര്യാതനായി.

(ഡോ. ബി. സുഗീത, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍