This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെവര്‍, വില്യം (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രെവര്‍, വില്യം (1928 - )

Trevor, William

ഐറിഷ് നോവലിസ്റ്റ്. യഥാര്‍ഥനാമം: വില്യം ട്രെവര്‍ കോക്സ്. 1928 മേയ് 24-ന് കൗണ്ടി കോര്‍ക്കിലെ മിച്ചെല്‍സ് ടൗണില്‍ ജനിച്ചു. ഡബ്ലിനിലെ സെന്റ് കൊളംബിയാസ് കോളേജിലും (1942-46) ട്രിനിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1952-53 കാലഘട്ടത്തില്‍ വടക്കന്‍ അയര്‍ലിലെ അര്‍മാഗില്‍ ചരിത്രാധ്യാപകന്‍, 1953-55 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ റഗ്ബിയില്‍ കലാധ്യാപകന്‍, 1955 മുതല്‍ 60 വരെ സമര്‍സെറ്റില്‍ ശില്പി, 1960 മുതല്‍ നാലുവര്‍ഷം ലനില്‍ അഡ്വര്‍റ്റൈസിംഗ് കോപ്പിറൈറ്റര്‍ എന്നീ നിലകളില്‍ ജോലിചെയ്തു. 1972-ല്‍ ഐറിഷ് അക്കാഡമി ഒഫ് ലെറ്റേഴ്സില്‍ അംഗമായി. നിരവധി പുരസ്കാരങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്.

എ സ്റ്റാന്‍ഡേര്‍ഡ് ഒഫ് ബിഹേവിയര്‍ (1958), ദി ഓള്‍ഡ് ബോയ്സ് (1964), ദ് ലവ് ഡിപ്പാര്‍ട്ട്മെന്റ് (1967), മിസിസ് എക്ഡോര്‍ഫ് ഇന്‍ ഓനീല്‍സ് ഹോട്ടല്‍ (1969), മിസ് ഗോമസ് ആന്‍ഡ് ദ് ബ്രദ്രന്‍ (1971), എലിസബെത്ത് എലോണ്‍ (1974) എന്നിവയാണ് വില്യം ട്രെവറിന്റെ പ്രധാന നോവലുകള്‍. ലണ്ടനില്‍ പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലമാണ് ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ സുവര്‍ണദശയെന്നു പറയാം. പദപ്രയോഗവൈഭവം, സംഭാഷണചാതുരി, മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങിയ സവിശേഷതകളെല്ലാം അക്കാലത്താണ് പുഷ്കലത പ്രാപിച്ചത്. ദി ഓള്‍ഡ് ബോയ്സില്‍ ഇദ്ദേഹത്തിന്റെ പ്രതിഭയുടെ മൗലികത്വം തെളിഞ്ഞുകാണാം. വിചിത്രസ്വഭാവക്കാരായ കുറേ വൃദ്ധന്മാരുടെ സംഘം ചേരല്‍ ചിത്രീകരിക്കുന്ന നോവലണ് 1965-ല്‍ പ്രസിദ്ധീകരിച്ച ദ് ബോഡിംഗ് ഹൗസ്. സംഘത്തിലെ മറ്റംഗങ്ങള്‍ക്കും മരണത്തിനുതന്നെയും എതിരായി കരുക്കള്‍ നീക്കുന്ന ഇവര്‍ ജീവിതത്തിന്റെ ആത്യന്തികമായ അര്‍ഥശൂന്യതയെപ്പറ്റിയുള്ള നോവലിസ്റ്റിന്റെ വീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്നു.

ഫലിതത്തിനു മുന്‍തൂക്കമുള്ള ദ് ലവ് ഡിപ്പാര്‍ട്ട്മെന്റില്‍ സ്വാഭാവികമായും യുവാക്കളാണ് കഥാപാത്രങ്ങളില്‍ ഏറെയും. തുടര്‍ന്നുള്ള രണ്ടു നോവലുകളില്‍ നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ ജീവിക്കുന്ന വിചിത്രസ്വഭാവക്കാരാണ് കഥാപാത്രങ്ങള്‍. ഡബ്ലിനിലെ അവഗണിക്കപ്പെട്ട ഒരു തെരുവും ലണ്ടനിലെ ഒരു തരിശുഭൂമിയുമാണ് കഥാരംഗം. രണ്ടു കൃതികളിലെയും കഥാപാത്രങ്ങള്‍ക്കു തമ്മില്‍ ശ്രദ്ധേയമായ സാദൃശ്യം കാണുന്നു. വരത്തനായ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള കഥാകഥനരീതിയിലൂടെ രണ്ടു കൃതികള്‍ക്കും ഒരു ദാര്‍ശനികമാനം നല്‍കാന്‍ ട്രെവര്‍ ശ്രമിച്ചിട്ടുണ്ടെന്നു കാണാം. മിസിസ് എക്ഡോര്‍ഫ് ഇന്‍ ഓനീല്‍സ് ഹോട്ടലില്‍ ഒരു ഫോട്ടോഗ്രാഫറും മിസ് ഗോമസ് ആന്‍ഡ് ദ് ബ്രദ്രനില്‍ ജമൈക്കയില്‍ മുമ്പ് വേശ്യയായിരുന്ന ഒരു പെണ്‍കുട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

ചെറുകഥാരചനയിലും നാടകരചനയിലും കൂടി ട്രെവര്‍ തന്റെ വൈഭവം തെളിയിച്ചിട്ടുണ്ട്. ദ് ഡേ വി ഗോട്ട് ഡ്രങ്ക് ഓണ്‍ കെയ്ക് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1967), ദ് ബാള്‍ റൂം ഒഫ് റൊമാന്‍സ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1972) എന്നിവ ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു. ദി എലിഫന്റ്സ് ഫുട്ട് (1965), ഗോയിംഗ് ഹോം (1972), എ പെര്‍ഫെക്റ്റ് റിലേഷന്‍ഷിപ്പ് (1973) എന്നിവയാണ് നാടകങ്ങളില്‍ പ്രധാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍