This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൂഡോ,പിയറി എലിയറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൂഡോ,പിയറി എലിയറ്റ്

Trudeau,Pierre Elliott

കാനഡയിലെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയും. ക്യൂബെക്കിലെ മോണ്‍ട്രിയേലില്‍ 1919 ഒ. 18-ന് ചാള്‍സ് എമിലി ട്രൂഡോയുടെയും ഗ്രേസ് എലിയറ്റിന്റെയും മകനായി ഇദ്ദേഹം ജനിച്ചു. മോണ്‍ട്രിയേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദമെടുത്തശേഷം 1943-ല്‍ ഇദ്ദേഹം അഭിഭാഷകനായി. പിന്നീട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലും പാരിസ് യൂണിവേഴ്സിറ്റിയിലും ലന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സിലുമായി സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ഉപരിപഠനം നടത്തി. ക്യൂബെക്കില്‍ ഭരണപരിഷ്കാരം നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ 1949-ല്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. 1950-ല്‍ സിറ്റി ലിബര്‍ (Cite Libre) എന്നൊരു പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു

പിയറി എലിയറ്റ് ട്രുഡോ
പ്രവര്‍ത്തിച്ചുതുടങ്ങി. പ്രധാനമന്ത്രി ലെസ്റ്റര്‍ ബി. പിയേഴ്സന്റെ ലിബറല്‍ ഭരണകാലത്ത് 1965-ല്‍ ഇദ്ദേഹം കാനഡയിലെ പാര്‍ലമെന്റില്‍ അംഗമായി. പിയേഴ്സന്റെ പാര്‍ലമെന്ററി സെക്രട്ടറിയായി 1966-67 ല്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1967-ല്‍ കാനഡയിലെ നിയമകാര്യമന്ത്രിയായി സ്ഥാനമേറ്റു. പിയേഴ്സണ്‍ 1967-ല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് 1968 ഏ.-ല്‍ ഒട്ടാവയില്‍ നടന്ന ലിബറല്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍വച്ച് ട്രൂഡോയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയുണ്ടായി. ഇദ്ദേഹം ഏ. 20-ന് കാനഡയിലെ 15-ാമതു പ്രധാനമന്ത്രിയായി ചുമതലയേറ്റു. അതേ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടര്‍ന്നു. 1972-ലെ തെരഞ്ഞെടുപ്പില്‍ ലിബറല്‍ കക്ഷിയുടെ ഭൂരിപക്ഷം കുറഞ്ഞു. എങ്കിലും ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ തലവനായി ഇദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ തുടരുകയാണുണ്ടായത്. ബജറ്റ് പരാജയത്തെത്തുടര്‍ന്ന് 1974 മേയില്‍ ഇദ്ദേഹം പ്രധാനമന്ത്രിപദം ഒഴിഞ്ഞു. പിന്നീട് ജൂല.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തില്‍ വന്നു. 1979 മേയിലെ തെരഞ്ഞെടുപ്പില്‍

ലിബറല്‍ പാര്‍ട്ടിക്ക് പരാജയമുണ്ടാവുകയും ജൂണില്‍ ട്രൂഡോ പ്രധാനമന്ത്രി പദം ഒഴിയുകയും ചെയ്തു. 1980-ല്‍ ലിബറല്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വിജയമുണ്ടായതോടെ ഇദ്ദേഹം ഒരിക്കല്‍ക്കൂടിപ്രധാനമന്ത്രിയായിത്തീര്‍ന്നു. 1984 ഫെ. -ല്‍ പ്രധാനമന്ത്രിപദം രാജിവച്ചു. നല്ലൊരു രാഷ്ട്രമീമാംസകനായ ഇദ്ദേഹം ഫെഡറലിസം ആന്‍ഡ് ഫ്രഞ്ച് കനേഡിയന്‍സ് (1968), കനേഡിയന്‍ വേ: ഷേപ്പിങ് കാനഡാസ് ഫോറിന്‍ പോളിസി (1995), എഗന്‍സ്റ്റ് ദ് കറന്റ് (1996) തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

(പി. സുഷമ, സ. പ. )

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍