This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്

1946-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ടൈറ്റാനിയം ഡൈ ഓക്സൈഡ് ഫാക്ടറി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യരുടെ ശ്രമഫലമായിട്ടാണ് ഈ കമ്പനി സ്ഥാപിതമായത്. ബ്രിട്ടനിലെ ടൈറ്റല്‍ പ്രോഡക്റ്റ്സ് കമ്പനിയുമായുള്ള സഹകരണത്തില്‍ തുടങ്ങിയ ഈ ഫാക്ടറിയുടെ ആദ്യകാല ലക്ഷ്യം പ്രതിദിനം 5 ടണ്‍ ടൈറ്റാനിയം ഉത്പാദിപ്പിക്കുക എന്നതായിരുന്നു. തുടര്‍ന്ന് കമ്പനിയുടെ പ്രതിദിന ഉത്പാദനലക്ഷ്യം 1960-ല്‍ 10 ടണ്ണായും 1963-ല്‍ 18 ടണ്ണായും 1973-ല്‍ 45 ടണ്ണായും ഉയര്‍ത്തി. കമ്പനിയുടെ ഇപ്പോഴത്തെ വാര്‍ഷികോത്പാദനശേഷി 15,000 ടണ്ണാണ്.

കേരളാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രാരംഭകാലത്തെ അംഗീകൃത മൂലധനം 25 കോടി രൂപയായിരുന്നു. അനാറ്റൈസ് ഗ്രേഡ് ടൈറ്റാനിയം ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്ന ഈ ഫാക്ടറിയില്‍ 1400-ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഇവരുടെ ശരാശരി മാസവരുമാനമാകട്ടെ ഉദ്ദേശം 8000 രൂപയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഗവണ്‍മെന്റ് കമ്പനികളിലൊന്നാണിത്. 1999-2000 -ത്തിലെ കണക്കുകളനുസരിച്ച് കമ്പനിയുടെ അറ്റലാഭം 8.33 കോടി രൂപയാണ്. ഉത്പാദനശേഷിയായ 15,000 ടണ്ണിനു പകരം ആ വര്‍ഷം 15,241 ടണ്‍ ടൈറ്റാനിയം ഡൈ ഓക്സൈഡ് ഉത്പാദിപ്പിച്ചു. ആ വര്‍ഷം കമ്പനിയുടെ വില്പന മൂല്യത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കപ്പെട്ടു- അതായത് ഉദ്ദേശം 109 കോടി രൂപ. ഇന്ത്യയ്ക്കാവശ്യമായ മുഴുവന്‍ ടൈറ്റാനിയം ഡൈ ഓക്സൈഡും ഉത്പാദിപ്പിക്കുവാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. ചെറിയ തോതില്‍ ഈ ഉത്പന്നം കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്. ടൈറ്റാനിയം ഡൈ ഓക്സൈഡ് നിര്‍മിക്കുന്നതിനാവശ്യമായ സള്‍ഫ്യൂരിക് ആസിഡ് ഇവിടെത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു. പൊട്ടാഷ്യം ടൈറ്റാനേറ്റ്, വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി ഫോസ്ഫേറ്റ് എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നു. ഉപയോഗശൂന്യമായ ആസിഡും ഇതര മലിനവസ്തുക്കളും പൈപ്പുകളില്‍ക്കൂടി കടലിനടിയില്‍ നിക്ഷേപിക്കുന്നു.

മലിനീകരണപ്രശ്നം. കമ്പനിയുടെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്നതാണ് മലിനീകരണപ്രശ്നം. ദ്രവ്യമാലിന്യ നിര്‍മാര്‍ജനം, അന്തരീക്ഷമലിനീകരണനിവാരണം എന്നിവയില്‍ കമ്പനിയുടെ ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായി പല പദ്ധതികളും കമ്പനി ആവിഷ്ക്കരിച്ചു നടപ്പാക്കി. ഡബിള്‍ കാറ്റലിറ്റിക്ക് ഡബിള്‍ അബ്സോര്‍ബ്ഷന്‍ സിസ്റ്റം (DCDA) എന്ന സമ്പ്രദായം നടപ്പാക്കുന്നതിലേക്കായി കമ്പനി ഒരു പ്ലാന്റ് സ്ഥാപിച്ചു. അന്തരീക്ഷത്തിലേക്ക് പോകുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡിന്റെ അംശങ്ങള്‍ ലഘൂകരിക്കുവാനും അതുവഴി മലിനീകരണം ഒഴിവാക്കുവാനും ഈ പ്ലാന്റിന് കഴിയും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്-തിരുവനന്തപുരം

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള മലിനീകരണപ്രശ്നം, തദ്ദേശവാസികള്‍ക്കു തൊഴില്‍ നല്‍കണമെന്ന വാദം, ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ചൈനീസ് ഉത്പന്നത്തിന്റെ വിലക്കുറവ് എന്നിവ കമ്പനിയെ അലട്ടുന്ന മുഖ്യപ്രശ്നങ്ങളാണ്. പരിസ്ഥിതി മലിനീകരണ കാര്യങ്ങളില്‍ നല്ല അവബോധമുള്ള, സാങ്കേതികമായി മുന്നണിയില്‍ നില്‍ക്കുന്ന വ്യാവസായിക രാജ്യമായ ബ്രിട്ടനില്‍ പോലും പ്രതിദിനം 300 ടണ്‍ ഉത്പാദനശേഷിയുള്ള ടൈറ്റന്‍ ഫാക്ടറിയിലെ മലിനദ്രവ്യങ്ങള്‍ തിരമാലകള്‍ അലയടിക്കുന്ന കടലിലേക്കു വിടുവാന്‍ അനുവദിച്ചിരിക്കുകയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സിലെ ദ്രവ്യമാലിന്യങ്ങള്‍ കോണ്‍ക്രീറ്റ് ബഹിര്‍ഗമന മാര്‍ഗങ്ങളിലൂടെ കടലിലേക്ക് 200 മീ. ദൂരത്തില്‍ 3.5 മീ. താഴ്ച്ചയില്‍ ബഹിര്‍ഗമനസ്ഥാനത്തു നിന്നും ഓരോ വശത്തേക്കും 200 മീ. അകലത്തില്‍ കടലിലേക്ക് തള്ളപ്പെടുന്നു. ഈ മാര്‍ഗം മലിനീകരണം സൃഷ്ടിക്കുമോ എന്ന ഭയമാണ് തദ്ദേശവാസികളുടെ പ്രതിഷേധത്തിനു പിന്നിലുള്ളത്. പ്രശ്നപരിഹാരത്തിനായി കമ്പനി, ഗോവയിലെ ദേശീയ സമുദ്ര പഠന സ്ഥാപനത്തിന്റെ ഉപദേശം തേടുകയുണ്ടായി. കടലിനടിയില്‍ 750 മീ. ദൂരത്തില്‍ പൈപ്പിലൂടെ മലിന വസ്തുക്കള്‍ ഒഴുക്കിക്കളയണമെന്ന നിര്‍ദേശമാണ് ഈ സ്ഥാപനം നല്‍കിയത്. തദ്ദേശവാസികള്‍ ഈ പരിഹാരമാര്‍ഗത്തെയും എതിര്‍ത്തു. മലിനീകരണ ബോര്‍ഡ് ഈ പരിപാടി നടപ്പില്‍ വരുത്തുവാന്‍ ഉപദേശം നല്‍കിയെങ്കിലും ഇതൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല.

ഈ ഫാക്ടറി ആരംഭിച്ചപ്പോള്‍ അതിന്റെ ചുറ്റുപാടുകള്‍ വിജനമായ മണല്‍ പ്രദേശമായിരുന്നു. ജനസംഖ്യാവര്‍ധനയുടെ ഫലമായി തീരദേശത്തെ ജനസാന്ദ്രത കൂടുകയും 'മണ്ണിന്റെ മക്കള്‍ വാദം' പോലെയുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.

സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ്

പ്രകൃതിയില്‍ നിന്നല്ലാതെ നമുക്കു കൃത്രിമമായി ലഭിക്കുന്ന എല്ലാ വെണ്‍മകള്‍ക്കും പിന്നില്‍ ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്ന വെളുത്ത പൊടിയുണട്. കടലാസ്, പലയിനം സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും, പെയിന്റുകള്‍, ചെരുപ്പ്, തുണിത്തരങ്ങള്‍, തുകല്‍-റബ്ബര്‍ ഉത്പന്നങ്ങള്‍, സോപ്പും ഡിറ്റര്‍ജന്റുകളും, സെറാമിക്ക്, പ്രിന്റിങ് മഷി, ടെക്സ്റ്റൈല്‍ പ്രിന്റിംങ്ങ്, സിന്തറ്റിക് ഫൈബറുകള്‍, സിന്തറ്റിക് ഫ്ളോറിങ് തുടങ്ങിയ ഒട്ടുമിക്ക വസ്തുക്കളുടേയും അടിസ്ഥാന ഘടകം ഈ അപൂര്‍വ വസ്തുവാണ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സിന്റെ ഏറ്റവും പുതിയ വെല്ലുവിളി ചൈനയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡ് ഉയര്‍ത്തുന്ന ഭീഷണിയാണ്. ഇന്ന് ഈ ഫാക്ടറി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ അപൂര്‍വ സമ്പത്തായ കറുത്ത ലോഹമണല്‍ അയിര്, ഇവിടെ തൊഴിലില്ലായ്മ സൃഷ്ടിച്ചുകൊണ്ട് വിദേശങ്ങളിലേക്ക് വന്‍തോതില്‍ ചുരുങ്ങിയ വിലയ്ക്ക് കയറ്റി അയയ്ക്കിണ്ടി വന്നേയ്ക്കും.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍