This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാപ്പ

Trapa

ട്രാപ്പേസി (ഹൈഡ്രോകാരിയേസി- Hydrochariaceae) കുടുംബത്തില്‍പ്പെടുന്ന ജലസസ്യം. മൂന്നു സ്പീഷീസുണ്ട്. ട്രാപ്പാ നാറ്റന്‍സ് (Trapa natans) എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. ചെളിയില്‍ വളരുന്ന ഈ സസ്യത്തിന്റെ വേരുകള്‍ക്ക് മൂലാഗ്രമകുടമുണ്ട്.വേരുകള്‍ പലപ്പോഴും ആഗിരണാവയവമെന്നതിനേക്കാള്‍ സസ്യത്തെ ജലത്തില്‍ മറിഞ്ഞുപോകാതെ ലംബമായി നില്‍ക്കുന്നതിനു സഹായിക്കുന്ന സന്തുലന അവയവമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സസ്യഭാഗങ്ങളെല്ലാം തന്നെ വായു അറകളും പാരന്‍കൈമകോശങ്ങളും കൊണ്ട് നിര്‍മിതമാണ്. പാരന്‍കൈമകോശങ്ങള്‍ക്കിടയിലുള്ള അന്തരകോശസ്ഥലം വളരെയധികം വികസിച്ച് വായു സംഭരിക്കുന്നതിനനുയോജ്യമായ ഏരന്‍കൈമ (aerenchyma) കോശങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ട്രാപ്പയ്ക്ക് രണ്ടുവിധത്തിലുള്ള ഇലകളുണ്ട്. ജലത്തില്‍ ഒഴുകി കിടക്കുന്ന ഇലകള്‍ പുഷ്പാകാരികം (rosette shape) ആയി വിന്യസിച്ചിരിക്കുന്നു. 5-10 സെ.മീ. നീളമുള്ള ഇലകളുടെ അഗ്രഭാഗം ദന്തുരമാണ്. ഇലഞെടുപ്പ് നീളം കൂടി സ്പോഞ്ചുപോലെയിരിക്കും. ഞെട്ടില്‍ ലോമങ്ങളുണ്ട്. പത്രവൃന്തത്തിലുള്ള വായുസംഭരണ അറകള്‍ സസ്യത്തെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ജലത്തിനടിയില്‍ വളരുന്ന ഇലകള്‍ അനേകം ചെറുശാഖകളായി വിഭജിക്കപ്പെട്ടിരിക്കും. ജലത്തിനടിയിലെ ശക്തിയേറിയ ഒഴുക്കിനു പ്രതിബന്ധമായി നില്‍ക്കാതിരിക്കുന്നതിനും ഇലകളുടെ ഉപരിതലവിസ്തീര്‍ണം വര്‍ധിച്ച് ശ്വസനം ത്വരിതപ്പെടുത്തുന്നതിനും ഇലകളുടെ ഇത്തരത്തിലുള്ള വിച്ഛേദനം സഹായിക്കുന്നു.

ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് വെള്ള നിറമുള്ള തീരെ ചെറിയ പുഷ്പങ്ങളുണ്ടാകുന്നു. നാലായി വിഭജിക്കപ്പെട്ടിരിക്കുന്ന ബാഹ്യദളങ്ങള്‍ ചിരസ്ഥായിയായിരിക്കും. നാലു ദളങ്ങളും നാലു കേസരങ്ങളുമുണ്ട്. അണ്ഡാശയത്തിന് രണ്ടു ലോക്യൂളുകളുണ്ട്. ഓരോ ലോക്യൂളിലും ഓരോ അണ്ഡം മാത്രമേയുള്ളൂ. ഫലം പമ്പരത്തിന്റെ ആകൃതിയിലുള്ള സാമാന്യം വലിയ ബെറിയാണ്. ഫലത്തില്‍ ഒറ്റ വിത്തു മാത്രമേയുള്ളൂ. മൂപ്പെത്തുംവരെ ഇലകള്‍ക്കിടയിലായിരിക്കുന്നതിനാല്‍ കായ്കളെ പെട്ടെന്നു കാണാന്‍ കഴിയില്ല. മധുരമുള്ള കായ്കള്‍ പാകം ചെയ്യാതെ തന്നെ ഭക്ഷ്യയോഗ്യമാണ്. പാകമാകുമ്പോള്‍ തോടിനു കട്ടികൂടുന്നു. ഫലങ്ങളില്‍ നാലുമുള്ളുകളുണ്ട്. വശങ്ങളിലുള്ള മുള്ളുകള്‍ രണ്ടും ചെറുതായിരിക്കും. വാട്ടര്‍ ചെസ്റ്റ്നട്ട്, ജസ്യൂട്ട്സ് നട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ട്രാപ്പയുടെ കായ്കള്‍ യൂറോപ്പിലെ ജനങ്ങള്‍ വറുത്തു തിന്നാറുണ്ട്. ഇത് അക്വേറിയങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍