This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ് വാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ് വാള്‍

Transvaal

ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍പ്പെട്ട ഒരു മുന്‍ പ്രവിശ്യ. 1944-ല്‍ ട്രാന്‍സ്വാള്‍ പ്രവിശ്യ ഉത്തര ട്രാന്‍സ്വാള്‍, പൂര്‍വ ട്രാന്‍സ്വാള്‍, പ്രിട്ടോറിയ-വിറ്റ്വാട്ടര്‍സ്രാന്‍സ്-വെറീനിജിങ് (Pretoria-Witwatersrond-Vereeniging) എന്നീ മൂന്നു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. കുറുകേ എന്നര്‍ഥമുള്ള ലത്തിന്‍ പദമായ 'ട്രാന്‍സ്', വാള്‍നദി എന്നിവയില്‍ നിന്നാണ് പ്രദേശനാമം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രിട്ടോറിയ, ജൊഹാനിസ്ബര്‍ഗ് എന്നിവ ഇവിടത്തെ പ്രധാന നഗരങ്ങളാണ്.

ലിംപോപോ (Limpopo), വാള്‍ (Vaal) നദികളുടെ ഇടയിലാണ് ട്രാന്‍സ്വാള്‍ പ്രവിശ്യയുടെ സ്ഥാനം. ഉയരം കൂടിയ പ്രദേശമായതിനാല്‍ ഇവിടെ പൊതുവേ സുഖശീതളമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഹിമവര്‍ഷം ട്രാന്‍സ് വാളിലെ ശൈത്യകാലത്തിന്റെ പ്രത്യേകതയാണ്. വര്‍ഷത്തില്‍ 400 മി. മീ. മുതല്‍ 710 മി. മീ. വരെ മഴ ലഭിക്കുന്നു. ജനങ്ങളില്‍ 74 ശ. മാ.-ത്തോളം ആഫ്രിക്കന്‍ ബന്ദുവിഭാഗക്കാരാണ്. 23 ശ. മാ. -ത്തോളം വെള്ളക്കാരും 2 ശ. മാ. സങ്കരവിഭാഗങ്ങളും 1 ശ. മാ. ഏഷ്യാക്കാരുമാണ്.

കിഴക്കന്‍ ട്രാന്‍സ് വാളിലെ ഒരു പ്രകൃതി ദൃശ്യം

ഇരുമ്പ്-വെങ്കല നിര്‍മാണം, എഞ്ചിനീയറിങ്, ധാന്യമില്ലുകള്‍, വീഞ്ഞുത്പാദനം, ഇഷ്ടിക- ഓട്- കളിമണ്‍പാത്ര നിര്‍മാണം, പുകയില, സോപ്പ്- മെഴുകുതിരി നിര്‍മാണം, കോച്ച്- വാഗണ്‍ നിര്‍മാണം, വസ്ത്രനിര്‍മാണം തുടങ്ങിയവയാണ് ട്രാന്‍സ് വാളിലെ മുഖ്യ വ്യാവസായികോത്പാദന പ്രവര്‍ത്തനങ്ങള്‍. വന്യമൃഗസംരക്ഷണത്തിന് ട്രാന്‍സ് വാളില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഒന്‍പതോളം വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍ ഇവിടെ നിലവിലുണ്ട്. ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് (1898) ആണ് ഇതില്‍ ഏറെ പ്രസിദ്ധം. മുഖ്യാഹാരമായ ചോളമാണ് പ്രധാന വിള. വെള്ളക്കാരായ കര്‍ഷകര്‍ ഉപജീവനത്തിനുവേണ്ടി കന്നുകാലിവളര്‍ത്തല്‍ നടത്തിവരുന്നു. ധാതുസമ്പന്നമായ ഈ പ്രദേശത്തെ സ്വര്‍ണ- വജ്രഖനികള്‍ ലോകപ്രശസ്തങ്ങളാണ്. ജാന്‍സ്മട്ട്സ് (Jansmuts) അന്തര്‍ദേശീയ വിമാനത്താവളം പ്രിട്ടോറിയയ്ക്കും ജൊഹാനിസ്ബര്‍ഗിനും മധ്യേ സ്ഥിതിചെയ്യുന്നു.

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്

ചരിത്രം. ബന്ദു ഭാഷ സംസാരിക്കുന്ന നീഗ്രോകളാണ് ഇവിടെ 19-ാം ശ. -ത്തിന്റെ ആരംഭം വരെ വസിച്ചിരുന്നത്. കേപ്പ് കോളനിയിലെ ബ്രിട്ടിഷ് മേധാവിത്വത്തില്‍ നിന്ന് ഗ്രേറ്റ് ട്രെക്ക് എന്നറിയപ്പെട്ട കുടിയേറ്റത്തിലൂടെ ഒഴിഞ്ഞുപോന്ന ബൊയ്റുകള്‍ (Boers) 1830-കളില്‍ ഇവിടെയെത്തി. ഇതിനെത്തുടര്‍ന്ന് 1835-ല്‍ വെള്ളക്കാരുടെ ആദ്യത്തെ കോളനി നിലവില്‍വന്നു. ആഫ്രിക്കക്കാരെ തുരത്തിയോടിച്ചിട്ടാണ് അവര്‍ ഇവിടെ കോളനി സ്ഥാപിച്ചത്. 1852-ലെ സാന്‍ഡ് റിവര്‍ കണ്‍വെന്‍ഷനിലൂടെ ഗ്രേറ്റ് ബ്രിട്ടന്‍ ഇവര്‍ക്ക് സ്വയംഭരണാവകാശം അംഗീകരിച്ചുകൊടുത്തു. 1853-ല്‍ ഈ പ്രദേശം സൗത്ത് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്ന പേര് സ്വീകരിച്ചു. ബൊയ് ര്‍ നേതാവായ ആന്ദ്രിയസ് പ്രിട്ടോറിയസിന്റെ മകന്‍ മാര്‍ട്ടിന്‍ പ്രിട്ടോറിയസ് ആയിരുന്നു ആദ്യ പ്രസിഡന്റ്. ദക്ഷിണാഫ്രിക്കയെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടന്‍ 1877-ല്‍ ദക്ഷിണ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെ ആക്രമിച്ചു കീഴടക്കി. 1880-ഒടുവില്‍ ബൊയ്റുകള്‍ ബ്രിട്ടിഷുകാര്‍ക്കെതിരായി സായുധ വിപ്ലവം നടത്തി. 1881-ല്‍ ഈ പ്രദേശത്തിന് ബ്രിട്ടന്‍ ആഭ്യന്തര സ്വയംഭരണം അനുവദിച്ചു കൊടുത്തു. പോള്‍ ക്രൂഗര്‍ 1883-ല്‍ പ്രസിഡന്റായി. 1886-ല്‍ കൂടുതല്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ ട്രാന്‍സ് വാള്‍ സമ്പന്നമായി. തുടര്‍ന്ന് വിദേശീയര്‍ അധികമായി ഇവിടേക്കെത്തി. ഇവര്‍ എണ്ണത്തില്‍ ബൊയ്റുകളുടെ മുന്നിലെത്തിയതിനെത്തുടര്‍ന്ന് ബൊയ്റുകള്‍ ഇവര്‍ക്ക് രാഷ്ട്രീയാധികാരം നിഷേധിക്കുകയും ഇവരുടെമേല്‍ കൂടുതല്‍ നികുതി ചുമത്തുകയും ചെയ്തു. തത്ഫലമായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എതിര്‍പ്പ് ബൊയ് ര്‍ ഭരണകൂടത്തിന് നേരിണ്ടേടിവന്നു. കേപ്പ് കോളനിയിലെ പ്രധാനമന്ത്രിയായിരുന്ന സെസില്‍ റോഡ്സ്, ബൊയ് ര്‍ ഗവണ്‍മെന്റിനെതിരായി കലാപമുണ്ടാക്കി. ഇതിനെ സഹായിക്കാനായി സര്‍ ലിയര്‍ സ്റ്റാര്‍ ജെയിംസണ്‍ കേപ്പില്‍ നിന്ന് സേനയുമായെത്തി(1895)യെങ്കിലും യുദ്ധം പരാജയപ്പെടുകയും ജെയിംസണ്‍ പിടിയിലാവുകയും ചെയ്തു. 1899-ല്‍ സൗത്ത് ആഫ്രിക്കന്‍ യുദ്ധം (ബൊയ് ര്‍ യുദ്ധം) ഉണ്ടായി. 1900-ല്‍ ബ്രിട്ടിഷുകാര്‍ ഈ പ്രദേശം കൈവശപ്പെടുത്തി. എങ്കിലും ഗറില്ലായുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1902-ലെ വെറീനിറിംഗ് സന്ധിയിലൂടെ യുദ്ധം അവസാനിക്കുകയും ട്രാന്‍സ്വാള്‍ ബ്രിട്ടിഷ് കോളനി ആകുകയും ചെയ്തു. 1906-ഓടെ ട്രാന്‍സ് വാളിന് സ്വയംഭരണം അനുവദിക്കാന്‍ തീരുമാനമായി. ട്രാന്‍സ് വാള്‍ 1910-ല്‍ 'യൂണിയന്‍ ഒഫ് സൗത്ത് ആഫ്രിക്ക'യിലെ ഒരു പ്രവിശ്യയായി. 1961-ല്‍ 'റിപ്പബ്ലിക്ക് ഒഫ് സൗത്ത് ആഫ്രിക്ക'യുടെ ഭാഗമാവുകയും ചെയ്തു. 1994-ലെ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ഭരണപരിഷ്കാരത്തെ തുടര്‍ന്ന് ട്രാന്‍സ് വാള്‍ 4 മേഖലകളായി വിഭജിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍