This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ്-കാനഡ ഹൈവേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ്-കാനഡ ഹൈവേ

Trans-Canada Highway

ബ്രിട്ടീഷ് കൊളംബിയയിലെ വിക്റ്റോറിയയേയും കേപ് ബ്രെട്ടന്‍ (Cape Breton) ദ്വീപിലെ നോര്‍ത്ത് സിഡ്നിയേയും (North Sydney) തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേ. കാനഡയിലെ 10 പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവേയുടെ മൊത്തം നീളം 8000 കി.മീ. ആണ്.

ട്രാന്‍സ് - കാനഡ ഹൈവേ

നോര്‍ത്ത് സിഡ്നിയില്‍നിന്ന് ഒരു കടത്ത് സര്‍വീസ് ന്യൂഫൗണ്ട്ലന്‍ഡിലെ ഹൈവേയുടെ തുടര്‍ച്ച എന്നു പറയാവുന്ന ഭാഗവുമായി ഇതിനെ ബന്ധിപ്പിക്കുന്നു. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു ഇരട്ടവരി മോട്ടോര്‍പാതയായാണ് ട്രാന്‍സ്-കാനഡ ഹൈവേ രൂപകല്പന ചെയ്തിരിക്കുന്നത്. ഹൈവേയുടെ പാര്‍ശ്വങ്ങളില്‍ വിശ്രമസൗകര്യങ്ങളുള്‍പ്പെടെയുള്ള ഒരു പാര്‍ക്കിങ് ശൃംഖലതന്നെയുണ്ട്. ഇവിടത്തെ പ്രവിശ്യകളായിരുന്നു ഹൈവേയുടെ പാത നിശ്ചയിച്ചത്. തുടര്‍ന്ന് പദ്ധതി ഫെഡറല്‍ ഭരണകൂടത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കപ്പെട്ടു. ഓരോ പ്രവിശ്യയിലേയും കി.- പ. ദിശയിലുള്ള ഏറ്റവും നീളംകുറഞ്ഞ പാത എന്നതായിരുന്നു പ്രധാന മാനദണ്ഡം. ഈ മാതൃകയില്‍ പണിതീരാത്ത ഈ പാത മഹാതടാകങ്ങളെ വലംവച്ച് ഒട്ടാവയിലേക്കും, മോണ്‍ട്രീയെലിലേക്കും നീളുന്നു. അവിടെ നിന്ന് സെന്റ് ലോറന്‍സ് മുറിച്ചുകടക്കുന്ന ട്രാന്‍സ്-കാനഡ ഹൈവേ കിഴക്കോട്ടു തിരിഞ്ഞ് ന്യൂബ്രണ്‍സ്വിക്കിലേക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് നോവസ്കോഷയിലെത്തിച്ചേരുന്ന ഹൈവേ കേപ്ബ്രെട്ടണ്‍ ദ്വീപിലേക്കു കടക്കുന്നു. ഇവിടെ നോര്‍ത്ത് സിഡ്നിയിലുള്ള ഫെറി ടെര്‍മിനസില്‍ ഈ പാതയുടെ പ്രധാന കരയിലുള്ള ഭാഗങ്ങള്‍ അവസാനിക്കുന്നു.

1949-ല്‍ കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമാണ് ട്രാന്‍സ്- കാനഡ പദ്ധതിക്കു തുടക്കം കുറിച്ചത്. 1952 ആയപ്പോഴേക്കും ക്യൂബക് ഒഴികെയുള്ള എല്ലാ പ്രവിശ്യകളും ഇതില്‍ പങ്കെടുക്കുവാനുള്ള കരാറില്‍ ഒപ്പുവച്ചു. 1960 വരെ ക്യൂബക് ഈ പദ്ധതിയില്‍ ചേര്‍ന്നില്ല. 1962 ലെ വേനല്‍ക്കാലത്താണ് ട്രാന്‍സ്- കാനഡ ഹൈവേയുടെ ഔദ്യോഗിക ഉത്ഘാടനം നടന്നത്. പാതയുടെ ന്യൂഫൗണ്ട്ലന്‍ഡ് ഭാഗങ്ങളുടെ പണി 1965-66 വര്‍ഷങ്ങളില്‍ പൂര്‍ത്തിയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍