This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ്പോസോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സ്പോസോണ്‍

Transposon

ഒരു ക്രോമസോമിന്റെ ഒരു ഭാഗത്തുനിന്ന് അതേ ക്രോമസോമിന്റെ മറ്റൊരു ഭാഗത്തേക്കോ, അതേ ജീനോമിലെ മറ്റു ക്രോമസോമിലേക്കോ മാറാന്‍ കഴിവുള്ള ഡി എന്‍ എ അനുക്രമങ്ങള്‍. ഇത്തരം ഡി എന്‍ എ അനുക്രമങ്ങള്‍ക്ക് 700 ബേസ്പെയര്‍ (base pair) മുതല്‍ 20kb വരെ നീളമുണ്ടായിരിക്കും. സ്ഥാനചലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇത്തരം ട്രാന്‍സ്പോസോണുകളെ ചാടുന്ന ജീനുകള്‍ (Jumping genes) എന്നും ഗതിശീല ജീനുകള്‍ (mobile genes) എന്നും പറയാറുണ്ട്.

നോബല്‍ സമ്മാനാര്‍ഹനായ ബര്‍ബറാ മെക് ക്ലിന്റോക്ക് മക്കചോളത്തിലെ ജനതിക ശാസ്ത്രപഠനങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് അസ്ഥിരമായ ചില ഉത്പരിവര്‍ത്തിത ജീനുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ കാരണം കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങളാണ് ട്രാന്‍സ്പോസോണുകളെ കണ്ടെത്തുന്നതിനും അവയുടെ ചലന സ്വഭാവം മനസ്സിലാക്കുന്നതിനും ഇടയാക്കിയത്.

പല കാരണങ്ങളാലും സ്വാഭാവിക ഉത്പരിവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ജീനുകളുടെ ചില പ്രത്യേക ഇരിപ്പിടങ്ങളിലും ഉത്പരിവര്‍ത്തനങ്ങളുടെ തോത് കൂടുതലായിരിക്കും.

മെക്ക് ക്ളിന്റോക്ക് നടത്തിയ പരീക്ഷണത്തില്‍ മക്കചോളത്തിന്റെ 9-ാമത്തെ ക്രോമസോമില്‍ ഒരു വിയോജിത (disassociate) ജീന്‍ (DS) ഉള്ളതായും ആ ജീന്‍ എവിടെയുണ്ടോ അവിടെവച്ച് ക്രോമസോം വിച്ഛേദിക്കപ്പെടുന്നതായും കണ്ടെത്തി. എന്നാല്‍ വിയോജിത ജീന്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഒരു സക്രിയ (activated) ജീന്‍ (AC) മറ്റേതെങ്കിലും ക്രോമസോമില്‍ ഉണ്ടായിരിക്കേത് അനിവാര്യമാണ്. ഈ രണ്ടു ജീനും ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ ക്രോമസോം വിച്ഛേദിക്കപ്പെടുകയും അതിന്റെ സ്ഥാനം മാറുകയും ചെയ്യുന്നതിനാല്‍ പ്രത്യക്ഷമായിത്തന്നെ ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.

ഉദാഹരണമായി, മക്കചോളത്തിന്റെ 9-ാമത്തെ ക്രോമസോ മിന്റെ 'C' എന്ന ലോക്കസി (locus) ല്‍ ഐ (I) എന്ന അലീല്‍ (allel) പ്രഭാവി ആയി കാണപ്പെടുമ്പോള്‍ ചോളത്തിന്റെ ബീജാന്നം (kernals) വര്‍ണരഹിതമായിരിക്കും. അപ്രഭാവി ആയിട്ടുള്ള (ii) ബീജാന്നകോശകേന്ദ്രം പ്രഭാവി അലീല്‍ (I) ഉള്ള ഒരു പരാഗവുമായി (pollen) ബീജസങ്കലനത്തിലേര്‍പ്പെടുമ്പോള്‍ വര്‍ണരഹിതമായ ബീജാന്നം ആയിരിക്കും ഉണ്ടാകുന്നത്. എന്നാല്‍ ബീജസങ്കലനത്തിലേര്‍പ്പെടുന്ന പരാഗത്തിന്റെ 'C' ലോക്കസിനടുത്ത് എവിടെയെങ്കിലും വിയോജക-ഉത്തേജക(dissociation activator) ജീന്‍ ഉണ്ടെങ്കില്‍ ബീജാന്നത്തില്‍ നിറമുള്ള പൊട്ടുകളായിരിക്കും കാണപ്പെടുക. ഒരു പ്രത്യേക ഘട്ടത്തില്‍ വര്‍ണരഹിതസ്വഭാവത്തിന് നിദാനമായ പ്രഭാവി ജീന്‍ (I) നഷ്ടപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരു കൂട്ടം ഉത്പരിവര്‍ത്തനങ്ങളുടെ കാരണവും ട്രാന്‍സ്പോസോണുകളാണെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. നിയന്ത്രക ഘടകങ്ങള്‍ (controlling elements) എന്നാണ് മെക്ക് ക്ളിന്റോക്ക് ആദ്യം ഈ ജീനുകളെ നാമകരണം ചെയ്തത്. ട്രാന്‍സ്പോസോണുകള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ വേഗം സ്ഥാനം പിടിക്കുന്നു. അങ്ങനെയുള്ള സ്ഥാനങ്ങളെ 'ബിന്ദുക്കള്‍' (hot spots) എന്നു പറയുന്നു.

ട്രാന്‍സ്പോസോണുകള്‍, പെറ്റൂണിയ, പയര്‍, ഉരുളക്കിഴങ്ങ് തുടങ്ങിയ അനേകം സസ്യങ്ങളിലും സൂക്ഷ്മജീവികളിലും കണ്ടെത്തിയുണ്ട്.

ജൈവ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചതോടെ ട്രാന്‍സ്പോസോണുകള്‍ വെക്ടറുകളായി ഉപയോഗിക്കാമെന്നും കണ്ടുപിടിച്ചു. മക്കചോളത്തിലെ വിയോജക- ഉത്തേജക ജീന്‍ വ്യവസ്ഥയില്‍ ഓരോ ജീനും ഓരോ ട്രാന്‍സ്പോസോണുകളാണ്. ഇതില്‍ ഉത്തേജക ജീന്‍ 4500 ബേസ് പെയര്‍ ഉള്ള ഒരു ഡി എന്‍ എ അനുക്രമമാണ്. അതേ സമയം ഡിസോസിയേഷന്‍ 400 ബേസ് പെയര്‍ മാത്രമുള്ള ഡി എന്‍ എ അനുക്രമമാണുതാനും. ഓരോന്നിലും സ്ഥാനചലനത്തിന് നിദാനമായ ട്രാന്‍സ്പോസേസ് (transposase) എന്‍സൈം ഉത്പ്പാദിപ്പിക്കുന്ന ജീന്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ഇങ്ങനെയുള്ള ട്രാന്‍സ്പോസോണുകള്‍ ഉപയോഗിച്ച് ഡി എന്‍ എയുടെ ഒരു ഭാഗം മറ്റൊരു ഡി എന്‍ എയിലേക്ക് ക്ളോണ്‍ ചെയ്യുവാനും സാധിക്കും.

(ഡോ. ഡി. വിത്സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍