This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാക് റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാക് റ്റര്‍

Tractor

നിര്‍മാണ-ഖനന-കാര്‍ഷിക മേഖലകളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന കര്‍ഷണ വാഹനം (traction vehicle). മറ്റ് യാന്ത്രിക മോട്ടോര്‍ വാഹനങ്ങളുടെ സമാന സ്വഭാവമുള്ള ഈ വാഹനത്തിന് സുഗമ സഞ്ചാര പഥങ്ങളില്ലാത്ത സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ബുള്‍ഡോസറുകള്‍, തുരപ്പന്‍ യന്ത്രങ്ങള്‍, ഖനന യന്ത്രങ്ങള്‍, ഉഴവു യന്ത്ര വാഹനങ്ങള്‍ എന്നീ നിലകളിലെല്ലാം ആധുനിക നിര്‍മാണ-ഖനന-കാര്‍ഷിക മേഖലകളില്‍ വ്യാപകമായി ഇവ ഉപയോഗപ്പെടുത്തി വരുന്നു. ഇതര മോട്ടോര്‍ വാഹനങ്ങളെ അപേക്ഷിച്ച് സഞ്ചാര വേഗത കുറവാണെങ്കിലും ഉയര്‍ന്ന പ്രവര്‍ത്തന ശേഷി ട്രാക്റ്ററുകള്‍ക്കുണ്ട്.

1890 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന നീരാവി ട്രാക്റ്റര്‍

യു. എസ്., ബ്രിട്ടണ്‍, തുടങ്ങിയ രാജ്യങ്ങളില്‍ 19-ാം ശ. -ത്തിന്റെ അവസാന കാലത്താണ് ട്രാക്റ്ററിന്റെ പ്രഥമ രൂപം നിര്‍മിക്കപ്പെട്ടത്. കൃഷി സ്ഥലങ്ങളില്‍ അന്ന് ഉപയോഗിച്ചുവന്നിരുന്ന നീരാവി എന്‍ജിനില്‍ നിന്ന് രൂപം കൊണ്ടതാണ് ട്രാക്റ്റര്‍. 1890-കളോടെ കലപ്പ വലിച്ച് നിലം ഒരുക്കുന്നതിനായി ട്രാക്റ്റര്‍ ഉപയോഗിച്ചു തുടങ്ങി. പെട്രോള്‍ ഇന്ധനമായി പ്രയോജനപ്പെടുത്തുന്ന ട്രാക്റ്റര്‍ നിര്‍മിച്ചത് അയൊവയിലെ ജോണ്‍ ഫ്രൊയിലിച്ച് ആണ് (1892). അയൊവയിലെ ചാള്‍സ് നഗരത്തിലെ സി.ഡബ്ളിയു. ഹാര്‍ട്ടും സി. എച്ച്. പാറും ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ച ട്രാക്റ്റര്‍ നിര്‍മാണം ക്രമേണ വലിയൊരു വിജയമായിത്തീര്‍ന്നു. ഒന്നാം ലോകയുദ്ധത്തോടെ ട്രാക്റ്ററിന് ലോകമെമ്പാടും പ്രചാരം ലഭിച്ചു. ബ്രിട്ടനിലേയും ഫ്രാന്‍സിലേയും സൈനിക ട്രക്കുകളുടെ നിര്‍മാണത്തിനു പിന്നിലെ പ്രചോദനം അക്കാലത്ത് യു.എസ്സില്‍ പ്രചാരത്തിലിരുന്ന ട്രാക്റ്ററുകളായിരുന്നു. ട്രാക്റ്ററിന്റെ വേഗത എത്ര തന്നെയായാലും അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തന വേഗത സ്ഥിരമായ ഒന്നു തന്നെയായിരിക്കും. ആന്തരദഹന യന്ത്ര സംവിധാനമാണ് ആധുനിക ട്രാക്റ്ററുകളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നത്. പെട്രോള്‍, മണ്ണെണ്ണ, എല്‍പിജി, ഡീസല്‍ എന്നിവയിലേതെങ്കിലുമൊന്നായിരിക്കും ഇന്ധനം. എന്‍ജിനില്‍ നിന്നുള്ള ഊര്‍ജം അഥവാ ശക്തി, പ്രൊപ്പെല്ലെര്‍ ഷാഫ്റ്റ്, ഗിയര്‍ ബോക്സ്, ഡിഫെറെന്‍ഷ്യല്‍ ഗിയര്‍, എന്നിവ വഴി പിന്‍വശത്തെ ചാലിത (drive) ചക്രങ്ങളില്‍ എത്തുന്ന തരത്തിലാണ് ട്രാക്റ്ററിലെ ഡ്രൈവിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 12 മുതല്‍ 120 വരെയോ അതില്‍ കൂടുതലോ കുതിരശക്തിയുള്ള എന്‍ജിനുകള്‍ ട്രാക്റ്ററില്‍ ഉപയോഗിച്ചുവരുന്നു.

ആധുനിക ട്രാക്റ്റര്‍

വര്‍ഗീകരണം. ക്യാറ്റര്‍പില്ലെര്‍, ക്രാളെര്‍ ഇനം ട്രാക്റ്ററുകളില്‍ ഓരോ വശത്തും മുന്‍/പിന്‍ ചക്രങ്ങളെ തമ്മില്‍ തുടര്‍ച്ചങ്ങല (endless chain) കൊണ്ട് ബന്ധിപ്പിച്ചിരിക്കും. സാധാരണ ട്രാക്റ്ററെ അപേക്ഷിച്ച് ഉയര്‍ന്ന ആസംജനവും (adhesion) കുറഞ്ഞ ഭൂതല മര്‍ദവും ആണ് (ground pressure) ഇവയ്ക്കുള്ളത്. പൊതുവേ ടൂ-വീല്‍ ഡ്രൈവ് ആണെങ്കിലും ഫോര്‍-വീല്‍ ഡ്രൈവ് ഇനം ട്രാക്റ്ററും പ്രചാരത്തിലുണ്ട്. രണ്ട് ചക്രങ്ങളിലായി ഉന്തിക്കൊണ്ടു പോകുന്ന തരത്തിലുള്ള ഏക-ആക്സില്‍ ട്രാക്റ്ററുകള്‍ ചെറിയവയാണ്. രണ്ടു ചക്രങ്ങള്‍ മാത്രമുള്ള ഇവയുടെ പിന്നാലെ നടന്ന് കൈപ്പിടിയില്‍ പിടിച്ചു കൊണ്ടാണ് ഓപ്പറേറ്റര്‍ ട്രാക്റ്റര്‍ പ്രവര്‍ത്തിപ്പിക്കാറുള്ളത്. കാര്‍ഷിക മേഖലയിലാണ് ഇത്തരം ട്രാക്റ്ററുകള്‍ കൂടുതലായും ഉപയോഗപ്പെടുത്തി വരുന്നത്.

20-ാം ശ. -ത്തിന്റെ ആരംഭത്തോടെ, ഹൈവേകള്‍, ഡാമുകള്‍, പൈപ്പ് ലൈനുകള്‍, വ്യോമഗതാഗത താവളങ്ങള്‍ എന്നിവയോടനുബന്ധിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെയാണ് ട്രാക്റ്ററുകളുടെ ഉപയോഗം വര്‍ധിച്ചത്. 1930 മുതല്‍ 40 വരെയുള്ള കാലത്ത് ഡീസല്‍ എന്‍ജിനുകള്‍ ട്രാക്റ്ററുകളില്‍ പ്രചാരത്തിലായതോടെ ട്രാക്റ്ററുകളുടെ പ്രവര്‍ത്തന ക്ഷമത കൂടുകയും ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്തു. ഇത് ട്രാക്റ്ററുകളുടെ വര്‍ധിച്ച ഉപയോഗത്തിനും കാരണമായിത്തീര്‍ന്നു. ട്രക്കിംഗ് വ്യവസായ രംഗത്ത്, ഒരു ട്രെയിലറിനെ വലിച്ചുകൊണ്ടുപോകുന്ന യന്ത്രസംവിധാനത്തെയും, ട്രാക്റ്റര്‍ എന്നു വിവക്ഷിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍