This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രസ്റ്റ്

Trust

നിയമ വ്യവസ്ഥിതിയില്‍ ഒരു വ്യക്തി മറ്റൊരാളിന്റെ ഗുണത്തിനുവേണ്ടി സ്വത്ത് കൈകാര്യം ചെയ്യുന്ന സമ്പ്രദായം. ഇപ്രകാരമുള്ള സ്വത്തിന്റെ കൈകാര്യക്കാരനെ 'പരിപാലകന്‍' (ട്രസ്റ്റി,trustee) എന്നും പ്രയോജനം സിദ്ധിക്കുന്ന കക്ഷിയെ 'ഗുണഭോക്താവ്' (beneficiary) എന്നും വിളിക്കുന്നു. ട്രസ്റ്റ് രൂപവത്ക്കരിക്കുവാന്‍ മുന്‍കൈ എടുക്കുന്നയാള്‍ 'സ്ഥാപകന്‍' (settlor) എന്നാണ് അറിയപ്പെടുന്നത്.

'ട്രസ്റ്റ്' എന്നാല്‍ 'വിശ്വാസ്യത' എന്നാണര്‍ഥം. വാച്യാര്‍ഥ സൂചകമായ വിശ്വാസ്യതയാണ് ട്രസ്റ്റ് എന്ന സങ്കല്പനത്തിന്റെ അടിസ്ഥാനം. ബ്രിട്ടിഷ് ധാര്‍മിക നീതി സമ്പ്രദായത്തിലും അതിനെ പിന്തുടര്‍ന്നുണ്ടായ അമേരിക്കന്‍ നിയമസമ്പ്രദായത്തിലും ഇന്ത്യന്‍ നിയമസംവിധാനത്തിലും ട്രസ്റ്റ് ഒരു നിയാമകഘടകമായി നിലനില്‍ക്കുന്നുണ്ട്.

ട്രസ്റ്റിന്റെ സ്ഥാപകന്‍, പരിപാലകന്‍, ഗുണഭോക്താവ് എന്നിവരെയും അവകാശങ്ങള്‍, ബാദ്ധ്യതകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയെയും അടിസ്ഥാനപ്പെടുത്തിയാണ് ട്രസ്റ്റ് എന്ന സങ്കല്പനം രൂപംകൊള്ളുന്നത്. ഒരാള്‍ മറ്റൊരാളുടെ ഗുണത്തിനായി ഒരു വസ്തുവിന്റെ നിയന്ത്രണവും പരിപാലനവും നിര്‍വഹിക്കാമെന്ന് സമ്മതിക്കുന്നതിലൂടെ നിലവില്‍ വരുന്ന സ്വത്ത് ഉടമസ്ഥതയാണ് ട്രസ്റ്റ്. നിശ്ചിത വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഗുണത്തിനായി പരിപാലിക്കുവാനും ഉപയോഗിക്കുവാനും നിര്‍ദേശിച്ചുകൊണ്ട് ട്രസ്റ്റിന്റെ സ്ഥാപകന്‍ നിയമപരമായി സ്വത്ത് ട്രസ്റ്റിയെ ഏല്പിച്ചുകൊടുക്കുന്നു. സ്വത്തിന്റെ ഉടമസ്ഥതയ്ക്കും നിയന്ത്രണത്തിനും ഉപയോഗത്തിനും ഉള്ള നിയമപരമായ അവകാശവും ഉത്തരവാദിത്വവും പരിപാലകനില്‍ നിക്ഷിപ്തമാണ്. ഗുണഭോക്താവിനാകട്ടെ ട്രസ്റ്റിന്റെ സ്ഥാപകനാല്‍ ലക്ഷ്യമാക്കപ്പെട്ടിട്ടുള്ള ഗുണഭോഗത്തിനുള്ള ധാര്‍മികാവകാശമാണുള്ളത്.

ട്രസ്റ്റില്‍ ഉള്‍പ്പെട്ട വസ്തു സംബന്ധിച്ച് ദ്വിമുഖ ഉടമസ്ഥത (dual ownership) നിലനില്‍ക്കും. ട്രസ്റ്റ് പരിപാലകനില്‍ നിക്ഷിപ്തമായ നിയാമക ഉടമസ്ഥതയും സമകാലികമായി ട്രസ്റ്റിന്റെ വസ്തുവിന്മേലുണ്ടായിരിക്കും. ഗുണഭോക്താവിന് വസ്തുവകയില്‍ ഉള്ള നേട്ടങ്ങള്‍ അനുഭവിക്കാനുള്ള അവകാശവും പരിപാലകന് അത്തരം നേട്ടം ഉറപ്പാക്കിക്കൊണ്ട് വസ്തുവക വിനിയോഗിക്കാനുള്ള ഉത്തരവാദിത്വവും ഒരേ സമയം നിലനില്‍ക്കും. ട്രസ്റ്റി അഥവാ പരിപാലകന്‍, ട്രസ്റ്റ് വകകള്‍ ഗുണഭോക്താവിന്റെ നേട്ടത്തിനായി ഉത്തമ വിശ്വാസത്തോടെയും സത്യസന്ധതയോടെയും ഉപയോഗിക്കുകയും, പരിപാലിക്കുകയും ചെയ്യണം. എന്നാല്‍ വസ്തുവകകള്‍ എങ്ങനെ ഏതുവിധം വിനിയോഗിക്കണം എന്ന് പരിപാലകനോടു നിര്‍ദേശിക്കുവാന്‍ ഗുണഭോക്താവിന് അവകാശം ഉണ്ടായിരിക്കില്ല. വസ്തുവകയില്‍ നിന്നുള്ള നേട്ടങ്ങള്‍ ഗുണഭോക്താവിന് അനുഭവിക്കാം. തനിക്ക് നേട്ടത്തിനായി വസ്തുവകകള്‍ പരിപാലിക്കപ്പെടുന്നില്ലെന്ന് ഗുണഭോക്താവ് കരുതുന്നുവെങ്കില്‍ നീതിന്യായപരിഹാരം തേടാവുന്നതാണ്.

ബ്രിട്ടനില്‍ നിലനിന്നിരുന്ന സാമാന്യനീതിയുടെയും (Common Law) ധാര്‍മ്മിക നീതിയുടെയും പരികല്പനയും പൊതുനിയമ സമ്പ്രദായവും ആണ് ട്രസ്റ്റിന്റെ ഉറവിടം. ബ്രിട്ടിഷ് നിയമശാസ്ത്ര സങ്കല്പനങ്ങള്‍ സ്വീകരിച്ച ഇതര രാജ്യങ്ങളിലും ഈ രീതി പിന്‍തുടര്‍ന്നു എന്നു മാത്രം. ആംഗ്ലോ - അമേരിക്കന്‍ നിയമശാസ്ത്ര സങ്കല്പനങ്ങളില്‍ സ്വത്തു സംബന്ധിച്ച് നിലവിലുള്ള ഏജന്‍സി, ബെയില്‍മെന്റ്, ഫ്രാഞ്ചൈസി മുതലായവപോലെയുള്ള മറ്റൊരു സ്വത്തവകാശ മാര്‍ഗ്ഗമാണ് ട്രസ്റ്റ്. എന്നാല്‍ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി ട്രസ്റ്റില്‍ സ്വത്തിന്റെ നിയമപരമായ ഉടമസ്ഥത പരിപാലകനിലും ഗുണഭോക്താവിനുള്ള ധാര്‍മികാവകാശം മറ്റൊരാളിലും നിക്ഷിപ്തമായിരിക്കുന്നു.

ബ്രിട്ടിഷ് ഫ്യൂഡല്‍ വ്യവസ്ഥയുടെ സ്വത്തുടമസ്ഥതാ സമ്പ്രദായത്തില്‍ നിന്നാണ് ട്രസ്റ്റിന്റെ തുടക്കം. 12-ാം ശ. -ത്തില്‍ നിന്ന് ട്രസ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നതായി കാണാം. സ്ഥാവരജംഗമ വസ്തുക്കളുടെ ഉടമസ്ഥതയ്ക്കും കൈവശത്തിനും സൂക്ഷിപ്പിനും ഉപയോഗത്തിനും സഹായകമായ ഒരു രീതി എന്ന നിലയിലാണ് ട്രസ്റ്റിന്റെ തുടക്കം. സ്വത്തിന്റെ അവകാശിക്ക് പ്രത്യക്ഷത്തില്‍ നിര്‍വഹിക്കാനാകാത്ത കരണങ്ങള്‍ പരോക്ഷമായി നിറവേറ്റാനുള്ള ഒരു ഉപാധിയായി ട്രസ്റ്റ് പരിണമിച്ചു. ഭൂപ്രഭുത്വകാലഘട്ടത്തില്‍ സ്വത്തുക്കളിന്മേലുള്ള അവകാശപ്രശ്നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗമായും ട്രസ്റ്റ് മാറി. ഒരു കാലത്ത്, വിവാഹിതയായ സ്ത്രീക്ക് കുടുംബസ്വത്തില്‍ അവകാശം ഉണ്ടായിരുന്നില്ല. ആ ഘട്ടത്തില്‍ വിവാഹിതയായ സ്ത്രീയുടെ പിതാവിന് ട്രസ്റ്റി എന്ന നിലയ്ക്ക് അവരുടെ സ്വത്തിന്റെ ഉടമസ്ഥതയും കൈകാര്യകര്‍തൃത്വവും ഏല്പിക്കാനും ഗുണഭോഗം മാത്രം സ്ത്രീയില്‍ നിക്ഷിപ്തമാക്കാനും തക്കവിധം ട്രസ്റ്റ് ഉപയോഗിക്കപ്പെട്ടു. പൗരോഹിത്യ സംവിധാനവും ട്രസ്റ്റ് സമ്പ്രദായത്തെ വലിയ അളവില്‍ ഉപയോഗപ്പെടുത്തി. പില്ക്കാലത്ത് ട്രസ്റ്റിനെപ്പറ്റി രണ്ടുതരം അഭിപ്രായങ്ങള്‍ക്ക് ഇടവന്നു. നിയമപരിഷ്കാരത്തിന്റെ ഒരു ഉപകരണമെന്ന തരത്തിലും മറിച്ച് ഭൂപ്രഭുക്കളുടെ നിക്ഷിപ്ത താത്പര്യസംരക്ഷണത്തിനുള്ള ഗൂഢ ഉപാധി എന്ന നിലയിലും ഉള്ള ഈ വിരുദ്ധ വീക്ഷണങ്ങള്‍ ഇന്നും തുടരുന്നു.

പ്രായോഗികമായി മൂന്ന് വ്യക്തികള്‍ തമ്മിലുള്ള നിയാമകമായ സ്വത്തവകാശ സ്ഥാപനമാണ് ട്രസ്റ്റ്.

1. സ്ഥാപകന്‍. ട്രസ്റ്റ് സ്വത്തുക്കളുടെ ഉടമയും ട്രസ്റ്റിന്റെ രൂപകര്‍ത്താവുമാണ് സ്ഥാപകന്‍. ട്രസ്റ്റ് വകയുടെ ഉടമസ്ഥതയും അവയുടെ ധാര്‍മിക പരിപാലനം, ഗുണപരമായ ഉപയോഗം എന്നിവയ്ക്കുള്ള ഉത്തരവാദിത്വം മറ്റൊരാളെ ഏല്പിക്കുവാനുള്ള സമ്മതവും അതിനുള്ള ആധാരത്തിന്റെ രൂപീകരണവും ട്രസ്റ്റ് സ്ഥാപകനില്‍ നിന്നുണ്ടാകണം. ട്രസ്റ്റിന്റെ രൂപീകരണ പശ്ചാത്തലം, ട്രസ്റ്റ് വകയുടെ വസ്തുനിഷ്ഠ വിവരങ്ങള്‍ എന്നിവയും ട്രസ്റ്റിന്റെ കരണത്തില്‍ ഉണ്ടാകണം. വാക്കാലോ, രേഖാമൂലമോ, നടപടിയിലൂടെയോ ട്രസ്റ്റിനെ പ്രായോഗികമായി സ്ഥാപിക്കാനാവും.

2. ട്രസ്റ്റി (പരിപാലകന്‍). ട്രസ്റ്റ് സ്ഥാപകന്റെ നിയോഗപ്രകാരം ട്രസ്റ്റ് വകകളുടെ ഉടമസ്ഥത, കൈവശം, പരിപാലനം, വിനിയോഗം എന്നിവ അവകാശമായും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുകയും ട്രസ്റ്റ് കരണത്തിനനുസരിച്ചും ഗുണഭോക്താവിന്റെ നേട്ടത്തിനുവേണ്ടിയും അവ നിര്‍വഹിക്കുകയും ചെയ്യുന്നയാളാണ് ട്രസ്റ്റി.

3. ഗുണഭോക്താവ്. ട്രസ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം ആരുടെ നേട്ടമാണോ ലക്ഷ്യമിടുന്നത് അയാള്‍ ആയിരിക്കും ഗുണഭോക്താവ്. ട്രസ്റ്റു വകയുടെ ധാര്‍മിക അവകാശിയും ഗുണഭോക്താവായിരിക്കും. തന്റെ ഗുണത്തിനായി ട്രസ്റ്റ് വക സ്വത്ത് ട്രസ്റ്റി ഉപയോഗപ്പെടുത്തണമെന്നതും അന്യര്‍ക്കെതിരെ ട്രസ്റ്റ് വകകള്‍ക്കുമേലുള്ള ധാര്‍മിക ഉടമസ്ഥതയും ഗുണഭോക്താവിന്റെ അവകാശങ്ങളാണ്.

ട്രസ്റ്റ് വകകള്‍ക്കുമേല്‍, പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കില്‍ ട്രസ്റ്റ് സ്ഥാപകന് പ്രത്യേകം അവകാശങ്ങള്‍ ഒന്നും ഉണ്ടാകില്ല. ആയതിനാല്‍ ആവശ്യമെന്നു തോന്നുന്നപക്ഷം ട്രസ്റ്റിനെ ഭേദഗതിപ്പെടുത്താനും, പിന്‍വലിക്കാനും, പിരിച്ചുവിടാനും മറ്റുമുള്ള അധികാരം ട്രസ്റ്റ് സ്ഥാപകനില്‍ത്തന്നെ നിലനിര്‍ത്തി വ്യവസ്ഥ ചെയ്യാവുന്നതാണ്. പ്രസ്തുത വ്യവസ്ഥകള്‍ പ്രയോഗിക്കുംവരെ ട്രസ്റ്റിന്റെ നിര്‍വഹണത്തെ ഒരു തരത്തിലും അവ ബാധിക്കുകയില്ല.

ട്രസ്റ്റ് രൂപീകരണത്തിന് അനിവാര്യമായ മറ്റൊരു ഘടകം ട്രസ്റ്റ് വകകള്‍ ആണ്. അത്തരം സ്വത്തുക്കള്‍ക്കുമേല്‍ ട്രസ്റ്റിക്കും ഗുണഭോക്താവിനുമുള്ള പ്രായോഗികവും ധാര്‍മികവുമായ അവകാശ വിഭജനവും നിയമപരമായ സ്ഥാപനവുമാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ട്രസ്റ്റ് വകയുടെ നിയാമക അവകാശം ട്രസ്റ്റിക്ക് കൈമാറിക്കൊണ്ടോ ധാര്‍മികമായ ചുമതല മാത്രം കൈമാറിക്കൊണ്ട് നിയാമക ഉടമസ്ഥത തന്നില്‍ നിലനിര്‍ത്തിയോ ട്രസ്റ്റ് സ്ഥാപകന് കരണം ചമയ്ക്കാവുന്നതാണ്. നിയമവിധേയമായ കാര്യങ്ങള്‍ക്കായി മാത്രമേ ട്രസ്റ്റു രൂപപ്പെടുത്താന്‍ കഴിയൂ. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി സ്ഥാപിക്കപ്പെടുന്ന ട്രസ്റ്റുകള്‍ അസാധുവായിരിക്കും. അത്തരം ട്രസ്റ്റുകളുടെ പ്രശ്നങ്ങള്‍ നീതിന്യായ കോടതിവഴി തീര്‍പ്പാക്കാനാവില്ല. ട്രസ്റ്റ് കാലാവധിക്കുശേഷവും നിയമവിധേയമായി ട്രസ്റ്റ് തുടരുന്നു എന്ന വ്യാജേന ട്രസ്റ്റുവകകള്‍ നിലനിര്‍ത്തുക, ആദായവും സ്വത്തും കുന്നുകൂട്ടാനും കേന്ദ്രീകരിക്കാനും ശ്രമിക്കുക, നിയമത്തിന് അജ്ഞാതമായ തരം ട്രസ്റ്റുകള്‍ രൂപപ്പെടുത്തുക, വായ്പ നല്‍കിയവരെ വഞ്ചിക്കാനായി ട്രസ്റ്റുണ്ടാക്കുക, ഗുണഫലം അനുഭവിക്കുന്നുവരെ വഞ്ചിക്കാനോ, വസ്തുക്കളുടെ പ്രയോജനം നിഷേധിക്കാനോ നിയന്ത്രിക്കാനോ തക്കരീതിയില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തുക, അധാര്‍മികത, വഞ്ചന, കളവ് എന്നിവ പ്രോത്സാഹിപ്പിക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന ട്രസ്റ്റ് ഉണ്ടാക്കുക, വിവാഹബന്ധം തടയാനോ, വിവാഹത്തിന്റെ പവിത്രത ഹനിക്കാനോ ഉദ്ദേശിച്ച് ട്രസ്റ്റ് ഉണ്ടാക്കുക, വസ്തുക്കളുടെ സുഗമമായ കൈമാറ്റം തടയാന്‍ ട്രസ്റ്റ് ഉണ്ടാക്കുക തുടങ്ങിയവ ഇങ്ങനെ അസാധുവായി പരിഗണിക്കാവുന്നവയാണ്.

ഇന്ത്യയില്‍ കരാര്‍ നിയമപ്രകാരം സാധുവായ കരാറില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുള്ള ആര്‍ക്കും ട്രസ്റ്റ് രൂപീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മൈനര്‍(പ്രായപൂര്‍ത്തിയാകാത്തവര്‍)മാരുടെ പേരിലുള്ള ട്രസ്റ്റുകള്‍ സിവില്‍ കോടതി അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരുകയുള്ളൂ. എങ്കിലും മൈനര്‍മാര്‍ക്ക് ഗുണഭോക്താവായിരിക്കുന്നതില്‍ തടസ്സമുണ്ടായിരിക്കില്ല. സ്ഥിരബുദ്ധിയില്ലാത്തവരോ ഭദ്രതയില്ലാത്ത മാനസികാവസ്ഥയിലുള്ളവരോ ആയവര്‍ക്കും കോടതി മുഖാന്തിരം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും ട്രസ്റ്റ് രൂപീകരിക്കാനാവില്ല. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍, വിദേശപൗരന്മാര്‍, കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ (അവ നിയമപരമായ വ്യക്തിത്വപദവി ഉള്‍ക്കൊള്ളുന്നതിനാല്‍) മുതലായവര്‍ക്ക് ട്രസ്റ്റുകള്‍ സൃഷ്ടിക്കാവുന്നതാണ്. സര്‍ക്കാരിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിശ്ചിതലക്ഷ്യങ്ങള്‍ക്കായി ട്രസ്റ്റ് രൂപീകരിക്കാം.

ട്രസ്റ്റുവകകള്‍ ഗുണഭോക്താക്കള്‍ക്ക് സ്വതന്ത്രമായി കൈമാറാന്‍ സാധിക്കുന്നതായിരിക്കണം. പിന്തുടര്‍ച്ചാവകാശം അനുസരിച്ചോ ഭാവിയില്‍ പാരമ്പര്യാവകാശ പ്രകാരമോ ബന്ധമുറപ്രകാരമോ ലഭിച്ചേക്കാവുന്ന വസ്തുക്കളോ, സംഭവ്യമായ കാര്യങ്ങളെ ആശ്രയിച്ചു ലഭിക്കാവുന്ന വസ്തുക്കളോ അടിസ്ഥാനമാക്കി ട്രസ്റ്റ് രൂപീകരിക്കാനാവില്ല. നിയന്ത്രിതമായ തരത്തില്‍ വസ്തുവിന്റെ ആദായം വ്യക്തിപരമായി എടുക്കാനുള്ള അവകാശം, ജീവനാംശാവകാശം, ഉദ്യോഗസ്ഥ ശമ്പള അവകാശം, അലവന്‍സ്, പെന്‍ഷന്‍, സ്റ്റൈപ്പന്റ്, ക്ഷേമകാര്യധനസഹായം മുതലായവയെ ആശ്രയിച്ച് ട്രസ്റ്റ് ഉണ്ടാക്കാനാവില്ല. കുടികിടപ്പവകാശ വസ്തുവോ, നികുതി കുടിശ്ശികയുള്ള വസ്തുവോ റിസീവര്‍ ഭരണത്തിലുള്ള വസ്തുവോ അടിസ്ഥാനമാക്കി ട്രസ്റ്റ് സൃഷ്ടിക്കാന്‍ കഴിയില്ല. പൊതുതാത്പര്യത്തിനു വിരുദ്ധമോ നിയമവിരുദ്ധമോ ആയ ട്രസ്റ്റുകളും അനുവദനീയമല്ല. ഭാഗികമായി നിയമവിരുദ്ധസ്വഭാവുമുള്ളവ ആയത് ഒഴിവാക്കാനാകാത്തപക്ഷം പൂര്‍ണമായും അസാധുവാക്കപ്പെടും. ഒരു വ്യക്തിക്കോ, ഒന്നിലേറെപ്പേര്‍ക്കോ കൂട്ടായോ, പൊതുസമൂഹത്തിനോ, അവര്‍ സ്വത്ത് കൈവശം വയ്ക്കാനര്‍ഹതയുള്ളവരാണെങ്കില്‍ ഗുണഭോക്താക്കളാകാം. ഗര്‍ഭാവസ്ഥയിലുള്ള ശിശു, മൃഗങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ ഗുണഭോക്താക്കളായും ട്രസ്റ്റ് നിലവില്‍ വരാം. എന്നാല്‍ ട്രസ്റ്റിന്റെ ഗുണഭോക്താക്കളാരെന്ന് തിട്ടപ്പെടുത്താനാകാത്തപക്ഷം അത് വിഫലമായ ട്രസ്റ്റായിത്തീരും. ട്രസ്റ്റിന്റെ പ്രയോജനം സ്വീകരിക്കാനോ തിരസ്കരിക്കാനോ ഗുണഭോക്താവിന് അവകാശമുണ്ടായിരിക്കും. വിവിധതരം ട്രസ്റ്റുകള്‍ നിലവിലുണ്ട്:

1. സ്ഥാവര വസ്തുക്കള്‍ അടിസ്ഥാനമായ ട്രസ്റ്റ്. അവ വസ്തുവിന്റെ ഉടമയോ ട്രസ്റ്റ് സ്ഥാപകനോ എഴുതിപ്പിടിപ്പിക്കുന്ന രേഖ (ഒസ്യത്ത്) മൂലമോ ട്രസ്റ്റുവകകള്‍ ട്രസ്റ്റിക്ക് കൈമാറുന്ന പ്രക്രിയ മൂലമോ ട്രസ്റ്റ് കര്‍ത്താവിന്റെ സ്വമേധയാ ഉള്ള പ്രഖ്യാപനത്തിലൂടെയോ നിലവില്‍ വരാം. ഇന്ത്യയില്‍ ഇത്തരം ട്രസ്റ്റുകള്‍ രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം.

2. ജംഗമ വസ്തുക്കള്‍ സംബന്ധിച്ച ട്രസ്റ്റ്. ജംഗമങ്ങള്‍ സംബന്ധിച്ച രേഖ ട്രസ്റ്റ് കര്‍ത്താവ് ഒപ്പിട്ട് ട്രസ്റ്റിക്ക് നല്‍കുന്നതിലൂടെയോ, ജംഗമങ്ങള്‍ നേരിട്ട് ട്രസ്റ്റിക്ക് കൈമാറുന്നതിലൂടെയോ അത്തരം ട്രസ്റ്റ് രൂപീകരണത്തിനുള്ള താത്പര്യം തൃപ്തികരമായി സ്ഥാപിക്കാന്‍ തക്ക തെളിവ് ഉറപ്പാക്കിക്കൊണ്ട് ജംഗമ വസ്തുക്കള്‍ സംബന്ധിച്ച ട്രസ്റ്റ് രൂപവത്ക്കരണം നിര്‍വഹിക്കാം. ജീവിച്ചിരിക്കുന്ന രണ്ട് വ്യക്തികള്‍ക്കിടയിലുള്ള വസ്തു കൈമാറ്റത്തിലൂടെയാണ് ഇത്തരം ട്രസ്റ്റുകള്‍ നിലവില്‍ വരുക.

3. രഹസ്യ ട്രസ്റ്റുകള്‍. ഒസ്യത്തിലൂടെയോ പ്രഖ്യാപനത്തിലൂടെയോ ഒരു ട്രസ്റ്റ് യഥാര്‍ഥത്തില്‍ നിലവില്‍ വരുംമുമ്പ് ട്രസ്റ്റ് വസ്തുവകയുടെ ഗുണഭോക്തൃ അവകാശം പരസ്യമായല്ലാതെ ആര്‍ക്കെങ്കിലും ഏല്പിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍, അവ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍ക്കൂടി, സാധുവായി പരിഗണിക്കുകയും അത്തരം ട്രസ്റ്റിനെ രഹസ്യ ട്രസ്റ്റായി കരുതുകയും വേണം.

4. പൊതുട്രസ്റ്റ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നവര്‍ അല്ലാതെ ഒരു ജനവിഭാഗത്തിന് പൊതുവായി പ്രയോജനം ലഭിക്കുന്നതും ഗുണഭോക്താക്കള്‍ കാലാകാലം മാറിക്കൊണ്ടിരിക്കുന്നതുമായ ട്രസ്റ്റുകള്‍ക്ക് പൊതു ട്രസ്റ്റുകള്‍ എന്ന് പറയാം. അവ സ്ഥിരമായി നിലനില്‍ക്കുന്ന ട്രസ്റ്റുകളാണ്.

5. സ്വകാര്യ ട്രസ്റ്റ്. മുന്‍കൂട്ടി നിര്‍ണയിക്കപ്പെടുന്ന വ്യക്തിക്കോ വ്യക്തികള്‍ക്കോ ഒരു നിശ്ചിത കാലയളവിലേക്കോ ജീവിതകാലം മൊത്തമോ പ്രയോജനം ലഭിക്കുംവിധം നിലവില്‍ വരുന്നതാണ് സ്വകാര്യ ട്രസ്റ്റുകള്‍.

6. ധര്‍മസ്ഥാപന ട്രസ്റ്റുകള്‍. ധാര്‍മിക ലക്ഷ്യങ്ങള്‍ക്കായി സ്ഥാപിക്കപ്പെടുന്നതും ലാഭചേത അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്നതും സ്ഥിരമായി നിലനില്‍ക്കുന്നതുമായ ട്രസ്റ്റുകളാണിവ.

7. മത ട്രസ്റ്റുകള്‍. മതാചാര അനുഷ്ഠാനത്തിനായോ, ദൈവകാരുണ്യ പ്രവര്‍ത്തനത്തിനായോ രൂപീകരിക്കപ്പെടുന്ന ട്രസ്റ്റുകളാണിവ. മുസ്ലിം വഖഫ് ട്രസ്റ്റ്, ഹിന്ദുധര്‍മ പരിപാലനട്രസ്റ്റ് മുതലായവ ഈ ഗണത്തില്‍പ്പെടുന്നു.

ഇന്ത്യന്‍ ട്രസ്റ്റ് നിയമം ബ്രിട്ടിഷ് നിയമത്തിന്റെ മാതൃകയില്‍ 1882-ല്‍ ആണ് നടപ്പാക്കപ്പെട്ടത്. ട്രസ്റ്റ് സ്ഥാപനം, ട്രസ്റ്റി, ഗുണഭോക്താവ് മുതലായവരുടെ സ്ഥാനം, അവകാശാധികാരങ്ങള്‍, ബാധ്യതകള്‍, ഉത്തരവാദിത്വങ്ങള്‍, ട്രസ്റ്റിന്റെ പരിപാലനം, നിര്‍വഹണം, സ്വത്തുവകയുടെ ഉപയോഗം, നിയന്ത്രണം, സര്‍ക്കാരിന്റെ ഇടപെടല്‍സാധ്യത തുടങ്ങിയവയെല്ലാം ഇന്ത്യന്‍ ട്രസ്റ്റ് നിയമം പ്രതിപാദിക്കുന്നുണ്ട്. 1975-ല്‍ ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് ഭേദഗതിവരുത്തി നടപ്പാക്കി.

ട്രസ്റ്റിന്റെ വസ്തുവകകളുടെ പരിപാലനം, കൈകാര്യ കര്‍തൃത്വം, ട്രസ്റ്റിന്റെ പ്രാതിനിധ്യം, ക്രയവിക്രയാധികാരം, ബാധ്യതകള്‍ തീര്‍ക്കാനുള്ള ചുമതല തുടങ്ങിയ അവകാശങ്ങള്‍ ട്രസ്റ്റിക്ക് ഉണ്ട്. ട്രസ്റ്റിനുവേണ്ടി നിക്ഷേപങ്ങള്‍ നടത്താനും കണക്കുകള്‍ സൂക്ഷിക്കാനും കൂട്ടുത്തരവാദിത്വം വഹിക്കാനും കൃത്യനിര്‍വഹണം നടത്താനും ട്രസ്റ്റിക്ക് ബാധ്യതയുണ്ട്. ഗുണഭോക്താവിനാകട്ടെ നേട്ടങ്ങള്‍ക്കുള്ള അവകാശം, രേഖകള്‍ പരിശോധിക്കാനും കണക്കുകള്‍ ബോധ്യപ്പെടാനും ഉള്ള അവകാശം, വ്യവഹാരങ്ങളിലേര്‍പ്പെടാനുള്ള അവകാശം തുടങ്ങിയവയും ഉണ്ടായിരിക്കും. ട്രസ്റ്റിന്റെ രൂപീകരണാര്‍ത്ഥം തയാറാക്കുന്ന ധാരണാപത്രത്തില്‍ ഈ വക ലക്ഷ്യങ്ങള്‍, അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ വ്യവസ്ഥപ്പെടുത്തേതാണ്. രൂപീകരണ ലക്ഷ്യം സാധൂകരിക്കപ്പെട്ടു കഴിഞ്ഞാലോ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞാലോ നിയമവിരുദ്ധമാക്കപ്പെട്ടാലോ വസ്തുവകകളുടെ നാശത്താല്‍ ലക്ഷ്യപ്രാപ്തി സാധ്യമല്ലാതാകയാലോ, ഒസ്യത്തുമൂലമോ, ട്രസ്റ്റിന്റെ മൂലവ്യവസ്ഥ പ്രകാരം പിരിച്ചുവിടപ്പെടുന്നതിനാലോ ഒരിക്കല്‍ നിലവില്‍ വന്ന ട്രസ്റ്റ് ഇല്ലാതാകാം. ട്രസ്റ്റ് രൂപീകരണം, രജിസ്ട്രേഷന്‍, നിര്‍വഹണം മുതലായവ സംബന്ധിച്ച വിശദമായ വ്യവസ്ഥകള്‍ ട്രസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(എ. സുഹൃത്കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍