This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രഷറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രഷറി

Treasury

ഖജനാവ്. ഗവണ്‍മെന്റിന്റെ പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനത്തെയാണ് പ്രധാനമായും ഖജനാവ് എന്നു പറയുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ട്രഷറികള്‍ ട്രഷറി വകുപ്പിന്റെ ഭാഗമാണ്. ധനകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് ട്രഷറികള്‍. ഗവണ്‍മെന്റിന്റെ ധനകാര്യ ഇടപാടുകള്‍ നടത്തുന്ന വകുപ്പ് എന്നതിനു പുറമേ, പൊതു ധനസ്ഥിതിയുടെ പ്രദാനവും ചോദനവും നിയന്ത്രിക്കുന്നതിലും അത് സമതുലിതമായി നിലനിര്‍ത്തുന്നതിലും ട്രഷറിക്ക് ഗണ്യമായ പങ്കുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രഷറികള്‍ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടിഷ് ട്രഷറി വകുപ്പിന് 200 വര്‍ഷത്തെ പഴക്കമുണ്ട്. ദേശീയ പൊതു ധനകാര്യം, സാമ്പത്തിക - നാണയ നയം എന്നിവയാണ് ബ്രിട്ടിഷ് ട്രഷറിയുടെ മുഖ്യ പ്രവര്‍ത്തനമേഖലകള്‍. ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, വിദേശധനകാര്യം, ആഭ്യന്തരധനകാര്യം, പൊതുമേഖല എന്നിങ്ങനെ നാലു മണ്ഡലങ്ങളായി ബ്രിട്ടിഷ് ട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ വിഭജിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തികകാര്യ വകുപ്പ് ട്രഷറി വകുപ്പ് എന്നാണറിയപ്പെടുന്നത്. അമേരിക്കയില്‍ ഗവണ്‍മെന്റ് വകുപ്പുകളില്‍ രണ്ടാം സ്ഥാനമാണ് ട്രഷറി വകുപ്പിനുള്ളത്.

ഗവണ്‍മെന്റ് ഹ്രസ്വകാലവായ്പകള്‍ വാങ്ങുന്നതിനു ട്രഷറി ബില്ലുകള്‍ ഉപയോഗിച്ചുവരുന്നു. സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് തുകകള്‍ എടുക്കുന്നതിന് മിക്കപ്പോഴും ബില്ലുകളാണ് സമര്‍പ്പിക്കേണ്ടത്. വാണിജ്യബാങ്കുകളില്‍ നിന്ന് ഗവണ്‍മെന്റ് നിര്‍ബന്ധിതമായി കടം വാങ്ങുന്നത് ട്രഷറി നിക്ഷേപരസീതുകള്‍ (ട്രഷറി ഡിപ്പോസിറ്റ് റസീറ്റ്സ്) എന്നാണറിയപ്പെടുന്നത്.

പ്രാചീന ഗ്രീസില്‍ അമൂല്യങ്ങളായ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനുവേണ്ടി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നിര്‍മിച്ചിരുന്ന കെട്ടിടങ്ങള്‍ക്കും ട്രഷറി എന്നു പേരുണ്ടായിരുന്നു. ഡല്‍ഫി, ഒളിംപിയ, ഡീലോസ് (Delos) എന്നിവിടങ്ങളില്‍ നടന്ന പുരാവസ്തുഖനനത്തില്‍ ഇത്തരം പ്രാചീന ട്രഷറികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 7-ാം ശ. -ത്തോളം പഴക്കമുള്ള ട്രഷറികളുടെ അവശിഷ്ടങ്ങളും അക്കൂട്ടത്തിലുണ്ട്. ഈ ട്രഷറികള്‍ക്ക് പ്രാചീന ഗ്രീക്ക് ആരാധനാലയങ്ങളോട് രൂപസാദൃശ്യമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%B7%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍