This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രംബുള്‍, ജോണ്‍ (1756-1843)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രംബുള്‍, ജോണ്‍ (1756-1843)

Trumbull,John

ജോണ്‍ ട്രംബുള്‍

അമേരിക്കന്‍ ചിത്രകാരന്‍. 1756 ജൂണ്‍ 6-ന് ലെബനോണില്‍ ജനിച്ചു. 1773-ല്‍ ഹാര്‍വാര്‍ഡ് കോളേജില്‍ നിന്നു ബിരുദം നേടിയശേഷം കുറച്ചു കാലം ലെബനോണില്‍, ഒരു വിദ്യാലയത്തില്‍ ചിത്രകലാധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 21 വയസ്സായപ്പോഴേക്കും കേണല്‍ പദവി ലഭിച്ചു. ഇദ്ദേഹം സൈനിക സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് 'അമേരിക്കന്‍ വിപ്ലവം' നടന്നത്. സൈനികവൃത്തിയില്‍ പ്രഗല്ഭനായിരുന്നെങ്കിലും കേണല്‍ പദവി ലഭിച്ച് അല്പകാലം കഴിഞ്ഞതോടെ ആ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട്, ബോസ്റ്റണിലെത്തി ചിത്രരചനയില്‍ മുഴുകി.

ദ് ഡിക്ലറേഷന്‍ ഒഫ് ഇന്‍ഡിപെന്‍ഡന്‍സ്-എണ്ണച്ചായ ചിത്രം

1784-ല്‍ ലണ്ടനില്‍ മടങ്ങിയെത്തിയശേഷം വരച്ച ചരിത്ര ചിത്രങ്ങള്‍ ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കി. നാലു പരമ്പരകളിലായി ചരിത്രമുഹൂര്‍ത്തങ്ങളുടെ, പ്രത്യേകിച്ചും 'അമേരിക്കന്‍ വിപ്ലവ'ത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇവയില്‍ 'ദ് ബാറ്റില്‍ ഒഫ് ബങ്കേഴ്സ് ഹില്‍' (1786), 'ദ് ഡെത്ത് ഒഫ് ജനറല്‍ മോണ്‍ട്ഗോമെറി ഇന്‍ അറ്റാക്ക് ഒഫ് ക്യൂബെക്' (1786) എന്നിവ ഏറെ ശ്രദ്ധേയങ്ങളാണ്. എങ്കിലും 'ദ് ഡിക്ലറേഷന്‍ ഒഫ് ഇന്‍ഡിപെന്‍ഡന്‍സ്' (1786-1994) ആണ് ഇദ്ദേഹത്തെ ചിത്രകലാരംഗത്ത് അവിസ്മരണീയനാക്കിത്തീര്‍ത്തത്. 1794-ല്‍ ഇംഗ്ലണ്ടില്‍ ചേക്കേറിയശേഷം ഇദ്ദേഹം അധികമൊന്നും വരയ്ക്കുകയുണ്ടായില്ല. 1794-ലെ 'ദ് കാപ്ചര്‍ ഒഫ് ദ് ഹെസ്സെയ് ന്‍സ് അറ്റ് ട്രെന്റന്‍' തന്നെയാണ് പ്രസിദ്ധമായ അവസാനത്തെ ചിത്രം.

ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സംഭാവന ഛായാചിത്രരംഗത്തിലേതാണ്. ജോര്‍ജ് വാഷിംഗ്ടന്റെ നിരവധി ഛായാചിത്രങ്ങളടക്കം അപൂര്‍വമായ ഒട്ടനവധി രചനകള്‍ നിര്‍വഹിച്ചിട്ടുള്ളയാളാണ് ഇദ്ദേഹം. ന്യൂയോര്‍ക്കിലെ 'അമേരിക്കന്‍ അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്സി'ന്റെ സ്ഥാപകരിലൊരാളുമാണ് ഈ ചിത്രകാരന്‍. 1843 ന. 1-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍