This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രംപറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രംപറ്റ്

Trumpet

ഒരു സുഷിരവാദ്യം. അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളില്‍ സുഷിരങ്ങളോ വാല്‍വുകളോ ഉള്ളതുമായ കുഴല്‍ ആണ് ഇതിന്റെ മുഖ്യഘടകം. ഉള്ളില്‍ റീഡുകള്‍ ഉണ്ടാവില്ല. മൌത്ത്പീസ് ചുണ്ടുകളോടു ചേര്‍ത്തുവച്ച് കാറ്റൂതിക്കടത്തിയാണ് നാദം പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാല്‍വുകളുടെ നിയന്ത്രണത്തിലൂടെയും നാദവ്യതിയാനം സൃഷ്ടിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ ട്രംപറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്, ഒരു വശം വ്യാസം കുറഞ്ഞതും മറുവശം കോളാമ്പിയുടെ ആകൃതിയിലുള്ളതും മൂന്നു വാല്‍വുകള്‍ ഉള്ളതുമായ പിച്ചള കൊണ്ടുണ്ടാക്കിയ വാദ്യമാണ്. ഇതിന്റെ വാല്‍വില്‍ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളില്‍ വിരലമര്‍ത്തിയാണ് സ്വരനിയന്ത്രണം സാധ്യമാക്കുന്നത്.

പ്രാചീന കൊമ്പുവാദ്യങ്ങളുടെ ശൈലീവല്‍ക്കരിക്കപ്പെട്ട നൂതന മാതൃകയാണ് ട്രംപറ്റുകള്‍ എന്നു പറയാം. കൊമ്പ് വളഞ്ഞിരിക്കുമ്പോള്‍ ട്രംപറ്റ്, താരതമ്യേന, നിവര്‍ന്നിരിക്കുന്നു എന്നതാണ് പ്രാഥമികമായ വ്യത്യാസം. മിക്ക പ്രാചീന സംസ്കൃതികളിലും ട്രംപറ്റിന്റെ ആദിമാതൃകകള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. പൊതുവേ, അവ തടികൊണ്ടോ മുള കൊണ്ടോ ആണ് ഉണ്ടാക്കിയിരുന്നത്. ഒറ്റത്തടികൊണ്ടുണ്ടാക്കിയ ട്രംപറ്റുകള്‍ പ്രാചീനകാലത്തുതന്നെ വ്യാപകമായി നിലവിലിരുന്നു എന്നതിന് ന്യൂഗിനിയയിലും ന്യൂസിലാന്‍ഡിലുമെല്ലാം പുരാവസ്തുക്കള്‍ തെളിവുകളായുണ്ട്. ഹംഗറിയിലും തെക്കേ അമേരിക്കയിലും മുളകൊണ്ടുള്ള ട്രംപറ്റുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. അവിടങ്ങളില്‍ തടിയും ചുരയ്ക്കയും കൊണ്ടു തീര്‍ത്ത മാതൃകകളും നിലനിന്നിരുന്നു. തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ മനുഷ്യന്റെ അസ്ഥികളും മെഴുകും ഉപയോഗിച്ച് ഈ വാദ്യം നിര്‍മിച്ചിരുന്നുവത്രേ. മരപ്പട്ട കൊണ്ടുണ്ടാക്കിയ ട്രംപറ്റുകളാണ് ആദ്യകാല മാതൃകകളില്‍ മറ്റൊരിനം. കൊമ്പുമണികള്‍ കൂടെ ഘടിപ്പിച്ച ട്രംപറ്റുകളാണ് ആഫ്രിക്കയിലും ബൊളീവിയയിലും ഉണ്ടായിരുന്നത്. റോമില്‍ 11 അടി വരെ നീളമുള്ള ട്രംപറ്റുകള്‍ ഉണ്ടായിരുന്നു. അവ വൃത്താകൃതിയിലുള്ളതും ഇടയ്ക്ക് ദണ്ഡുപിടിപ്പിച്ച് തോളത്ത് തൂക്കിയിട്ട് വായിക്കുന്നവയുമാണ്. ന്യൂഗിനിയയിലുണ്ടായിരുന്നതാവട്ടെ, പതിവിനു വിപരീതമായി, വശങ്ങളിലൂടെ ഊതി നാദം പുറപ്പെടുവിക്കുന്ന തരം ട്രംപറ്റുകളാണ്. കളിമണ്ണു കൊണ്ടുള്ള ട്രംപറ്റുകള്‍, ചിലയിടങ്ങളില്‍ അപൂര്‍വമായെങ്കിലും, ഉപയോഗിച്ചുപോന്നു. മ്യാന്‍മറില്‍ ആദ്യം മുതല്‍ തന്നെ ലോഹനിര്‍മിതമായ ട്രംപറ്റുകളാണ് ഉണ്ടായിരുന്നത്.

ട്രംപറ്റുകള്‍ ക്രി. മു. 1500 മുതല്‍ പ്രചാരത്തില്‍ വന്നു എന്നാണ് കരുതപ്പെടുന്നത്. നിര്‍മാണസാമഗ്രിയിലും ആകൃതിയിലും ഉപയോഗരീതിയിലുമെന്നപോലെ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളിലും നിരന്തരം മാറ്റം സംഭവിച്ചുകൊണ്ടിരുന്ന ഒന്നാണ് ഈ വാദ്യത്തിന്റെ ചരിത്രം.

മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഈജിപ്തിലാണ് ഇവ ആദ്യമായി ഉപയോഗത്തില്‍ വന്നതെന്നാണ് അനുമാനം. ഭൂതപ്രേതപിശാചുക്കളെ ഓടിക്കാന്‍ ഈ വാദ്യം മുഴക്കുന്നത് നല്ലതാണെന്ന വിശ്വാസമായിരുന്നു അതിനാധാരം. ചൈനയില്‍ വളരെ നീണ്ട തരം ട്രംപറ്റുകള്‍ ഇപ്പോഴും മരണാനന്തരചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. 13-ാം ശ.-ത്തില്‍ ഇത് പള്ളികളില്‍ ഉപയോഗിച്ചിരുന്നു. മധ്യകാലത്ത് അനുഷ്ഠാനവാദ്യമെന്ന പോലെതന്നെ ട്രംപറ്റുകള്‍ യുദ്ധവാദ്യമായും ഉപയോഗിച്ചു തുടങ്ങി. പില്ക്കാലത്ത് ഇത് യുദ്ധവാദ്യം മാത്രമായി മാറുകയായിരുന്നു. ചിലയിടങ്ങളില്‍ ഇത് കുലീനതയുടെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നു. അവിടങ്ങളില്‍ പ്രഭുക്കന്മാര്‍ വിശേഷതരം ട്രംപറ്റുകള്‍ സ്വന്തമാക്കുകയും പ്രഗല്ഭരായ വാദകരെ തങ്ങളോടൊപ്പം താമസിപ്പിച്ചുവരികയും ചെയ്തു. യൂറോപ്പില്‍ റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഈ വാദ്യം പ്രചാരലുബ്ധമായെങ്കിലും ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിനൊപ്പം ഇത് വീണ്ടും പ്രചാരം നേടി. 17-ാം ശ. -ത്തിന്റെ ആരംഭത്തിലാണ് അനുഷ്ഠാന-യുദ്ധ സന്ദര്‍ഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംഗീതസദസ്സുകളിലും മറ്റും ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഓര്‍ക്കെസ്ട്രയില്‍ 'കെറ്റില്‍ ഡ്രമ്മി'നൊപ്പം ട്രംപറ്റുപയോഗിച്ചു തുടങ്ങുന്ന രീതി ക്രി.പി. 1600-ല്‍ നിലവില്‍ വന്നു. അക്കാലത്ത് 'കോര്‍ട്ട് ട്രംപറ്റ്', 'ഗില്‍ഡ് ട്രംപറ്റ്' എന്നീ സവിശേഷ മാതൃകകളാണ് ഓര്‍ക്കെസ്ട്രക്കായി ഉപയോഗിച്ചിരുന്നത്. ക്രി. പി. 1835-ല്‍ ജാക്വസ് ഹാലെവി, ലാ ജ്യൂവെ എന്ന തന്റെ ഓപ്പറയില്‍ ട്രംപറ്റ് പശ്ചാത്തലവാദ്യമായി ഉപയോഗിച്ചു തുടങ്ങി. 20-ാം ശതകം ആയപ്പോഴേക്കും ഇത് ജാസ് സംഗീതത്തിലെ പ്രധാന വാദ്യങ്ങളിലൊന്നായി മാറി. ഇപ്പോള്‍ ഓര്‍ക്കസ്ട്രയിലും ജാസിലും ഓപ്പറയിലും നൃത്തത്തിലുമെന്നപോലെ സൈനികസംഗീതത്തിലും ഇതുപയോഗിച്ചുവരുന്നു.

ട്രംപറ്റുകളുടെ രൂപപരമായ മാറ്റത്തിന്റെ ചരിത്രം ഇങ്ങനെയാണ്: തടിയിലും മുളയിലും നിര്‍മിക്കപ്പെട്ടിരുന്ന ആദ്യകാല ട്രംപറ്റുകള്‍ക്ക് പൊതുവേ 60 സെ.മീ. വരെയായിരുന്നു നീളം. ദൈര്‍ഘ്യം കൂടുന്തോറും സ്വരവ്യതിയാനത്തിനുള്ള സാധ്യതയും കൂടും എന്ന അറിവായിരുന്നു തുടര്‍ന്നുള്ള രൂപമാറ്റങ്ങള്‍ക്കു നിദാനം. അങ്ങനെ നീളം കൂടിയിരിക്കുകയും എന്നാല്‍ 'കൈപ്പിടി'യിലൊതുങ്ങിയിരിക്കുകയും ചെയ്യുന്നതിനായി ക്രി.പി. 1400-ല്‍ ഇത് 'ട' ആകൃതിയില്‍ ഉണ്ടാക്കപ്പെട്ടു. ബാരോക്, ക്ലാസിക് സംഗീതയുഗങ്ങളിലെല്ലാം ഈ മാതൃകയ്ക്കായിരുന്നു പ്രചാരം. 17-ാം ശ. ആയപ്പോഴേക്കും പിച്ചള കൊണ്ടുണ്ടാക്കിയ ട്രംപറ്റുകള്‍ നിലവില്‍ വരികയും പലരീതിയിലും 'വളഞ്ഞുതിരിഞ്ഞ' നിരവധി മാതൃകകള്‍ പിറക്കുകയും ചെയ്തു. 1818-ല്‍ സ്റ്റോള്‍സെല്ലും ബ്ളൂഹ്മെല്ലും ട്രംപറ്റില്‍ വാല്‍വ് സംവിധാനം ഏര്‍പ്പെടുത്തി. വാല്‍വുകള്‍ അടയ്ക്കുന്നതോടെ കുഴലിന്റെ ദൈര്‍ഘ്യം കൂടത്തക്ക സംവിധാനമായിരുന്നു അത്. മൂന്നു വാല്‍വുകളുള്ളവ നിശ്ചിത രീതിയില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് വിപുലമായ സ്വരവ്യതിയാനം ഉണ്ടാക്കാനുള്ള സാധ്യതയും ഇതോടെ നിലവില്‍വന്നു. 1820-ല്‍ ഇത് ഫ്രാന്‍സിലും ഉപയോഗിച്ചുതുടങ്ങി. സൈനിക സംഗീതത്തിലാണ് വാല്‍വ് ട്രംപറ്റുകള്‍ ആദ്യം പരീക്ഷിക്കപ്പെട്ടത്. 1850-നും 1860-നും ഇടയ്ക്ക് ഇത് സിംഫണിയിലും ഓപ്പറെയിലും ഓര്‍ക്കെസ്ട്രയിലും ഉപയോഗിച്ചുതുടങ്ങി. അക്കാലത്തുതന്നെ കീബട്ടണുകള്‍ ഘടിപ്പിച്ച ട്രംപറ്റുകളും നിലവിലുണ്ടായിരുന്നു. മറ്റൊരു മുഖ്യ മാതൃക 'സ്ളൈഡ് ട്രംപറ്റ്' ആയിരുന്നു. ഇതാണ് പില്ക്കാലത്ത് നിലവില്‍ വന്ന ട്രോംബോണിന്റെ ആദിരൂപം. 'ഹാന്‍ഡ് ട്രംപറ്റു'കളായിരുന്നു മറ്റൊരിനം.

രൂപപരമായ സവിശേഷതകള്‍ കൊണ്ട് പലതരം ട്രംപറ്റുകള്‍ നിലവില്‍ വരികയുണ്ടായിട്ടുണ്ട്. ഗെറ്റ്സെന്‍ രൂപകല്പന ചെയ്ത ബെല്‍ ട്രംപറ്റ്, പിക്കോളൊ ട്രംപറ്റ്, ഹെറാള്‍ഡ് ട്രംപറ്റ് എന്നിവ ഉദാഹരണം. ബെല്‍ ട്രംപറ്റ് ജാസിലും പിക്കോളോ സൈനികസംഗീതത്തിലുമാണ് ഉപയോഗിച്ചിരുന്നത്. ഹെറാള്‍ഡ്, നവോത്ഥാന കാലത്തെ 'ഫാന്‍ ഫെയര്‍' ട്രംപറ്റിന്റെ പരിഷ്കൃത രൂപമാണ്. പിക്കാളോ പില്ക്കാലത്ത് ജെ.എസ്. ബാക്കിന്റെ (1685-1750) സംഗീതത്തിലൂടെ പ്രസിദ്ധി നേടി. വി. മാഹില്ലന്‍ ആണ് ബാക്സംഗീതത്തില്‍ പിക്കോളോ ഉപയോഗിച്ചു തുടങ്ങിയത്. അതോടെ അത് 'ബാക് ട്രംപറ്റ്' എന്നറിയപ്പെട്ടുതുടങ്ങി.

ബീഥോവന്‍, ജെ.എസ്. ബാക്, ജി.എസ്. ഹാന്‍ഡേല്‍, ജെ. ഹൈഡന്‍, കൊപ്ലാന്‍ഡ് തുടങ്ങിയവരൊക്കെ തങ്ങളുടെ രചനകളില്‍ ട്രംപറ്റിന് പ്രാധാന്യം നല്‍കിയിട്ടുള്ളവരാണ്. ഇവരിലൂടെയാണ് ട്രംപറ്റ് നാദം സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രം ഉള്‍ക്കൊണ്ടത്.

ട്രംപറ്റ് വാദകര്‍ പ്രധാനമായി രണ്ടു തരത്തിലാണ് അറിയപ്പെട്ടിരുന്നത് - സൈനിക രംഗത്ത് ട്രംപറ്റ് വായിക്കുന്നവര്‍ ഫീല്‍ഡ് ട്രംപറ്റേഴ്സ്; ഓര്‍ക്കസ്ട്രയിലും മറ്റും വായിക്കുന്നവര്‍ ചേംബര്‍ ട്രംപറ്റേഴ്സ്. ട്രംപറ്റ് സംഗീതത്തിന്റെ മാസ്മരികത ലോകത്തിന് വെളിപ്പെടുത്തിയ വിഖ്യാതവാദകനാണ് ലൂയി ആംസ്ട്രോങ് (1900-1971). 'സാച്മോ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം പ്രസിദ്ധനായത്. ജാസ് സംഗീതത്തിലൂടെ ട്രംപറ്റിന് പുതിയ സമവാക്യങ്ങള്‍ കണ്ടെത്തിയ ഇദ്ദേഹം 'ജാസിന്റെ ഐന്‍സ്റ്റീന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍