This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യെന്‍ഷാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യെന്‍ഷാന്‍

Tienshan

മധ്യേഷ്യയിലെ ഒരു പ്രധാന പര്‍വതശൃംഖല. പാമീറില്‍ നിന്നാരംഭിച്ച് വടക്കു പടിഞ്ഞാറന്‍ ചൈനയിലേക്ക് വ്യാപിച്ചുകിടക്കുന്ന ഈ പര്‍വത ശൃംഖലയുടെ ഭൂരിഭാഗവും ചൈനയിലാണ്. 'ട്യെന്‍ഷാന്‍' എന്ന ചൈനീസ് പദത്തിന് 'പരിപാവനമായ പര്‍വതങ്ങള്‍' എന്നാണര്‍ഥം. നീളം : സു. 2414 കി. മീ; വീതി:320-480 കി.മീ; വിസ്തീര്‍ണം : 1036000 ച.കി.മീ..

പാലിയോസോയിക് കല്പത്തിലുണ്ടായ വലന പ്രക്രിയകളുടെ ഫലമായി ഈ പര്‍വതങ്ങള്‍ രൂപമെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ കി. പ. ദിശയിലാണ് ട്യെന്‍ഷാന്‍ നിരകള്‍ കിടക്കുന്നത്. പാമീറില്‍ നിന്നാരംഭിക്കുന്ന ഈ നിരകള്‍ വടക്കു കിഴക്കന്‍ ദിശയില്‍ കിര്‍ഗിസ്താന്‍, കസാഖസ്താന്‍, ചൈനയിലെ സിങ്കിയാങ്-വൈഗുര്‍ സ്വയംഭരണ പ്രദേശം എന്നിവയുടെ അതിര്‍ത്തിയിലൂടെ കിഴക്കോട്ട് തിരിഞ്ഞ് ചൈനയിലേക്കു പ്രവേശിക്കുന്നു. ചൈനയിലെ ഡുങ്ഹാറിയന്‍-ടാറിം തടങ്ങളെ വേര്‍തിരിക്കുന്നത് ട്യെന്‍ഷാന്‍ നിരകളാണ്.

ട്യെന്‍ഷാന്‍ പര്‍വതനിരകള്‍

ഉറുംചിക്കു തെക്കുഭാഗത്തുള്ള ചുരം ട്യെന്‍ഷാന്‍ പര്‍വതനിരകളെ പടിഞ്ഞാറന്‍ നിരകളെന്നും കിഴക്കന്‍ നിരകളെന്നും രണ്ടായി വിഭജിക്കുന്നു. സു. 4270 മീറ്ററാണ് കിഴക്കന്‍ നിരകളുടെ പരമാവധി ഉയരം. പര്‍വതനിരകളിലെ ഉയരംകൂടിയ കൊടുമുടികള്‍ മുഖ്യമായും പടിഞ്ഞാറന്‍ നിരകളിലാണുള്ളത്. പോബീഡാ (7439 മീ), ഖാന്‍-തേങ്ഗ്റി (6995 മീ) എന്നിവയാണ് മുഖ്യ കൊടുമുടികള്‍. ലോകത്തെ ഏറ്റവും വലിയ ഹിമാനികളില്‍ ചിലത് ഈ പര്‍വതനിരയിലാണ്. ഖാന്‍-തേങ്ഗ്റി കൊടുമുടിയിലെ മുസാറത് ഹിമാനിയാണ് ഇതില്‍ പ്രധാനം. 34 കി.മീ. നീളം ഇതിനുണ്ട്. കൊടുമുടികള്‍ക്ക് തെ. പ.മാറി സു. 1609 മീ. ഉയരത്തില്‍ കിര്‍ഗിസ് തടാകം സ്ഥിതിചെയ്യുന്നു; വിസ്തൃതി; സു. 6099 ച.കി.മീ. ട്യെന്‍ഷാന്‍ പര്‍വത ശൃംഖലയുടെ പടിഞ്ഞാറന്‍ ശാഖകള്‍ ഏതാണ്ട് പൂര്‍ണമായി ഫെര്‍ഗാന താഴ്വരയെ വലയം ചെയ്തു നില്‍ക്കുന്നു. കിഴക്കന്‍ ശാഖകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന ടര്‍ഫാന്‍ നിമ്നതടം സമുദ്ര നിരപ്പില്‍ നിന്ന് സു. 154 മീ. താഴെയായി സ്ഥിതിചെയ്യുന്നു; നീളം സു. 161 കി.മീ. നിരവധി നദികള്‍ ഈ പര്‍വത ശൃംഖലയില്‍ നിന്ന് ഉദ്ഭവിക്കുന്നുണ്ട്. സിര്‍ദാരിയ, യിലി, ചു എന്നിവ പ്രധാനപ്പെട്ടവയാകുന്നു.

ചെങ്കുത്തായ ചരിവുകള്‍ ട്യെന്‍ഷാന്‍ പര്‍വത നിരയുടെ പ്രത്യേകതയാണ്. കനത്ത മഴയും, ഹിമപാതവും അനുഭവപ്പെടുന്ന വടക്കന്‍ ചരിവുകളില്‍ നിരവധി നിത്യഹരിത വനങ്ങളും പുല്‍മേടുകളും കാണാം. ഇവിടെ ഏതാണ്ട് 853 മീ. ഉയരത്തിലായി ഫലഭൂയിഷ്ഠമായ യിലി താഴ്വര സ്ഥിതിചെയ്യുന്നു. പര്‍വത നിരകളുടെ തെക്കന്‍ ചരിവുകള്‍ പൊതുവേ തരിശു പ്രദേശങ്ങളാണ്. ലെഡ്, സിങ്ക്, ആന്റിമണി, മെര്‍ക്കുറി, ടങ്സ്റ്റണ്‍, ചെമ്പ്, പെട്രോളിയം, പ്രകൃതി വാതകം, ആന്ദ്രസൈറ്റ്, മോളിബ്ഡിനം, ഇരുമ്പയിര് എന്നീ ധാതു നിക്ഷേപങ്ങള്‍ ട്യെന്‍ഷാന്‍ നിരകളില്‍ കാണപ്പെടുന്നു. കന്നുകാലി വളര്‍ത്തലാണ് ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍