This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂമര്‍ വൈറസുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂമര്‍ വൈറസുകള്‍

Tumour viruses

മാരകമായതും അല്ലാത്തതുമായ ട്യൂമറുകള്‍ അഥവാ മുഴകള്‍ക്കു നിദാനങ്ങളായ വൈറസുകള്‍. പഠനവിധേയമാക്കപ്പെട്ട മിക്ക ജന്തുസ്പീഷീസിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.

ട്യൂമര്‍ വൈറസുകളെ ഡി ഓക്സിറൈബോന്യൂക്ലിയിക് ആസിഡ് (DNA) വൈറസുകള്‍ എന്നും റൈബോന്യൂക്ലിയിക് ആസിഡ് (RNA) വൈറസുകള്‍ എന്നും രണ്ടിനങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട്. വൈറസുകളുടെ ജനിതകഘടനയിലുള്ള ന്യൂക്ലിയിക് ആസിഡ് ഇനങ്ങളെ ആധാരമാക്കിയാണ് ഇപ്രകാരം വര്‍ഗീകരിച്ചിരിക്കുന്നത്. പുള്ളിപ്പുലി തവളകളില്‍ ലൂക്കെ റീനല്‍ അഡിനോ കാര്‍സിനോമ എന്നയിനം കാന്‍സര്‍ രോഗത്തിനു നിദാനമായ വൈറസുകള്‍, കന്നുകാലികളിലും മനുഷ്യരിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന അരിമ്പാറ പോലുള്ള ചിലയിനം ചെറിയ ട്യൂമറുകളുണ്ടാക്കുന്ന പാപ്പിലോമ വൈറസുകള്‍, സിമിയന്‍ വൈറസ് 40, അഡിനോവൈറസ് 12, പോളിയോമ വൈറസ് എന്നിവ

ഡി എന്‍ എ ട്യൂമര്‍ വൈറസുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ സിമിയന്‍ വൈറസ് 40 സ്വന്തം നൈസര്‍ഗിക ആതിഥേയജീവികളായ റിസസ് കുരങ്ങുകളില്‍ രോഗങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഹാംസ്റ്ററുകളില്‍ (hamsters) മാരകട്യൂമറുകള്‍ക്ക് കാരണമായിത്തീരാറുണ്ട്. അഡിനോ വൈറസ് 12 എന്നയിനം മനുഷ്യരില്‍ നേരിയ തോതിലുള്ള ശ്വാസകോശരോഗങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളു. എന്നാല്‍ ചുണ്ടെലികളിലും മറ്റും മാരകട്യൂമറുകള്‍ ഇവ സൃഷ്ടിക്കാറുണ്ട്. ഗിനിപ്പന്നികള്‍, മുയലുകള്‍, എലികള്‍ എന്നിവയില്‍ കാണപ്പെടുന്ന വിവിധയിനം മാരകട്യൂമറുകള്‍ക്കു നിദാനം ഈ ഇനം അഡിനോ വൈറസുകളാണ്.

പക്ഷികളില്‍ രക്താര്‍ബുദ രോഗമുണ്ടാക്കുന്ന വൈറസുകള്‍, പാമ്പിനങ്ങളില്‍ കാണപ്പെടുന്ന മിക്സോ ഫൈബ്രോമ വൈറസുകള്‍, കോഴിവര്‍ഗങ്ങളില്‍ ട്യൂമറുകളുണ്ടാക്കുന്ന റൌസ് സാര്‍ക്കോമ വൈറസുകള്‍, എലികളിലെ രക്താര്‍ബുദ- സാര്‍ക്കോമ വൈറസുകള്‍, ചുണ്ടെലികളിലെ സ്തന അഡിനോകാര്‍സിനോമ വൈറസുകള്‍, കുരങ്ങുകളിലെ മാസോണ്‍ ഫൈസര്‍ സ്തന ട്യൂമര്‍ വൈറസുകള്‍, ആള്‍കുരങ്ങിനമായ ഗിബ്ബണുകളില്‍ രക്താര്‍ബുദമുണ്ടാക്കുന്ന വൈറസുകള്‍ എന്നിവ ആര്‍ എന്‍ എ വൈറസുകള്‍ക്ക് ഉദാഹരണങ്ങളാണ്.

ട്യൂമര്‍ വൈറസുകളെപ്പറ്റി ആദ്യതെളിവുകള്‍ വെളിപ്പെടുത്തിയത് 1908-ല്‍ വി. എല്ലര്‍മാന്‍, എ. ബാങ്ങ് എന്നീ ശാസ്ത്രകാരന്മാരാണ്. കോഴിക്കുഞ്ഞുങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഇവര്‍ ട്യൂമര്‍ വൈറസുകളെപ്പറ്റി മനസ്സിലാക്കിയത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പി. റൗസ് എന്ന ശാസ്ത്രകാരന്‍ ഇവയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ രംഗത്തെത്തിച്ചതോടെ ട്യൂമര്‍ വൈറസ് പഠനശാഖയുടെ അടിത്തറ ഉറയ്ക്കുകയും ചെയ്തു.

ട്യൂമര്‍ വൈറസുകള്‍ മനുഷ്യരില്‍ കാണപ്പെടുന്ന മാരകങ്ങളായ ചിലയിനം ട്യൂമറുകള്‍ക്കും കാരണക്കാരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മനുഷ്യരുടെ ലസികാഗ്രന്ഥികളെ ബാധിക്കാറുള്ള ബര്‍ക്കിറ്റ്സ് ലിംഫോമ, നാസാ-ഗ്രസനി കാര്‍സിനോമ എന്നീ രോഗങ്ങള്‍ക്കു നിദാനം എപ്സ്റ്റീന്‍ - ബാര്‍ (Epstein-Barr) ഇനം ട്യൂമര്‍ വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഹ്യഭാഗങ്ങളില്‍ ഉണ്ടാവുന്ന സെര്‍വൈക്കല്‍ കാര്‍സിനോമയ്ക്ക് ഹെര്‍പ്പെസ് സിപ്ലെക്സ് ടൈപ്പ്-2 ഇനം വൈറസുകള്‍ ആണു കാരണക്കാര്‍. അതുപോലെ തന്നെ ചിലയിനം കരള്‍ രോഗങ്ങള്‍, രക്താര്‍ബുദങ്ങള്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവയും ട്യൂമര്‍ വൈറസുകള്‍ മൂലമാണ് ഉണ്ടാവുന്നതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സസ്യങ്ങളിലും ചില അധിവളര്‍ച്ചകള്‍ക്കു ചിലയിനം ട്യൂമര്‍ വൈറസുകള്‍ ആണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില ബാക്ടീരിയങ്ങളുമായി ചേര്‍ന്നാണ് ഇവ രോഗമുണ്ടാക്കാറുള്ളത്. സസ്യങ്ങളിലെ 'ക്രൗണ്‍ ഗാള്‍' പോലുള്ള രോഗങ്ങള്‍ ഇതിനുദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍