This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂഡര്‍ വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂഡര്‍ വംശം

Tudor Dynasty

15-ാം ശ. -ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലണ്ടില്‍ ഭരണത്തിലെത്തിയ രാജവംശം. ഇവര്‍ 1485 മുതല്‍ 1603 വരെ അധികാരത്തിലിരുന്നു. ആധുനിക രീതിയിലുള്ള രാജവാഴ്ചാക്രമത്തിന് വ്യവസ്ഥാപിതമായ കെട്ടുറപ്പ് ട്യൂഡര്‍ വംശം ഉറപ്പാക്കി. രാജവംശത്തിന്റെ ഉദ്ഭവം പുരാതന വെല്‍ഷ് കുടുംബത്തില്‍പ്പെട്ട ഓവന്‍ ട്യൂഡറില്‍ (1400-61) നിന്നുമാണെന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകന്‍ റിച്ച്മോണ്ടിലെപ്രഭു (Earl) ആയ എഡ്മണ്ട് ട്യൂഡറിന് (സു. 1430-56) മരണാനന്തരം ജനിച്ച പുത്രനാണ് ഹെന്റി ട്യൂഡര്‍ (ജനനം - 1457). യോര്‍ക്കിസ്റ്റ് വംശത്തിലെ ഭരണാധിപനായ റിച്ചാര്‍ഡ് IIIനെ ബോസ് വെര്‍ത്ത് ഫീല്‍ഡ് യുദ്ധത്തില്‍ ഹെന്റി പരാജയപ്പെടുത്തി (1485). തുടര്‍ന്ന് ഹെന്റി VIIഎന്ന പേരില്‍ ഇദ്ദേഹം ഭരണാധിപനായി. ഇദ്ദേഹമാണ് ട്യൂഡര്‍ വംശത്തിലെ ആദ്യത്തെ രാജാവ്. ഹെന്റി VIIാമന്‍ 1485 മുതല്‍ 1509 വരെ ഭരണം നടത്തി. ഇദ്ദേഹത്തിന്റെ പുത്രന്‍ ഹെന്റി VIIIാമന്‍ (1509-47), ഹെന്റി VIIIാമന്റെ സന്തതികളായ എഡ്വേര്‍ഡ് VIാമന്‍ (1547-53), ഒന്നാമത്തെ മേരി എന്ന മേരി ട്യൂഡര്‍ (1553-58) ഒന്നാമത്തെ എലിസബത്ത് (1558-1603) എന്നിവരാണ് മറ്റു ട്യൂഡര്‍ വംശ രാജാക്കന്മാര്‍.

ട്യൂഡര്‍ രാജാക്കന്മാര്‍ നടപ്പിലാക്കിയ ഭരണരീതി, അധികാരം പൂര്‍ണമായും രാജാവില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. പൗരോഹിത്യ ഭൂപ്രഭുക്കന്മാരുടെ സ്വാധീനത്തില്‍ നിന്ന് ഭരണയന്ത്രം രാജാവിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത. രാഷ്ട്രീയമായ അച്ചടക്കവും രാജസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും നിലനിര്‍ത്തി. രാഷ്ട്രീയവും മതപരവുമായ മുഴുവന്‍ പ്രശ്നങ്ങളും രാജാവില്‍ കേന്ദ്രീകരിച്ച് കേന്ദ്രഭരണം ശക്തിപ്പെടുത്തി. ഇംഗ്ലണ്ടും വെയ് ല്‍സും തമ്മിലുള്ള ലയനം നടന്നു (1536). നവോത്ഥാന കാലത്തെ യൂറോപ്പിലെ വൈജ്ഞാനികാഭിവൃദ്ധി ഇംഗ്ലണ്ടിലും വ്യാപിച്ചു. റോമന്‍ നിയമസംഹിതകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉള്‍പ്പെടുത്തി രാജാധിപത്യത്തെ പൗരോഹിത്യത്തില്‍നിന്ന് മോചിപ്പിച്ച് പുരോഗമനപരമായ ദിശയിലേക്കു നയിച്ചത് ട്യൂഡര്‍ ഭരണാധികാരികളാണ്. 16-ാം ശ.-ത്തിലെ മത നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ജനപിന്തുണയും പരമാധികാരവും വര്‍ധിപ്പിച്ചു. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടും പ്രൊട്ടസ്റ്റാന്റിസവും പ്രചാരത്തിലായി. പാര്‍ലമെന്ററി സമ്പ്രദായത്തെ ഫലപ്രദമാക്കുന്ന ഒട്ടനവധി നടപടികള്‍ക്ക് ഇവര്‍ തുടക്കം കുറിച്ചു. ക്ഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. വ്യാപാരവും വ്യവസായവും വാണിജ്യവും അഭിവൃദ്ധിപ്പെട്ടു. സമുദ്രപര്യവേക്ഷണ യാത്രകള്‍ പ്രോത്സാഹിപ്പിച്ചു. നാവിക സേനയെ സുസജ്ജമാക്കി, ബ്രിട്ടനെ ഒരു പ്രമുഖ യുറോപ്യന്‍ ശക്തിയാക്കി മാറ്റി. പ്രയോഗക്ഷമമായൊരു വിദേശനയം രൂപീകരിച്ചുകൊണ്ട് രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇംഗ്ളണ്ടിനെ ഒരു സാമ്രാജ്യത്വ ശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വാണിജ്യപരവും നാവികവും മതപരവുമായ കാരണങ്ങളാല്‍ സ്പെയിനിനെ പരാജയപ്പെടുത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു (1588). ശാസ്ത്ര- കലാ-സാഹിത്യ-വിജ്ഞാനാദി മേഖലകളില്‍ അഭൂതപൂര്‍വമായ അഭിവൃദ്ധിയുണ്ടായ കാലഘട്ടമാണിത്. എലിസബത്തിന്റെ ഭരണകാലം ഈ വക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധേയമാണ്. എലിസബീത്തന്‍ കാലഘട്ടത്തില്‍ സാഹിത്യത്തിലും ചിത്രകലയിലും മറ്റും ഇംഗ്ലണ്ടിന് ഒരു കുതിച്ചുകയറ്റം നടത്താന്‍ തന്നെ കഴിഞ്ഞു. വില്യം ഷെയ്ക്സ്പിയര്‍ തുടങ്ങി പല പ്രഗല്ഭന്മാരുടെയും കാലമായിരുന്നു ഇത്. എലിസബത്ത് കന്റെ മരണത്തെത്തുടര്‍ന്ന് 1603-ല്‍ ഇംഗ്ലണ്ട് സ്റ്റുവര്‍ട്ട് വംശ ഭരണത്തിന് (ജെയിംസ് I) വഴി മാറി.

(ഡോ. എസ്. ഷറഫുദീന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍