This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂട്ടോണിക് പ്രഭുക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂട്ടോണിക് പ്രഭുക്കന്മാര്‍

Teutonic Knights

മൂന്നാം കുരിശുയുദ്ധവുമായി ബന്ധപ്പെട്ട് 12-ാം ശ. -ത്തില്‍ ജര്‍മനിയില്‍ രൂപപ്പെട്ട ഒരു പ്രഭുഗണം. മതാധിഷ്ഠിത സൈനിക സംഘടനയായി പ്രവര്‍ത്തിച്ച ഇക്കൂട്ടര്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ ഭരണ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇപ്രകാരം പ്രഷ്യയിലും മറ്റും ഇവര്‍ ഭരണം നടത്തുകയുണ്ടായി.

ട്യൂട്ടോണിക് ഓര്‍ഡര്‍ (Teutonic Order) എന്നും ട്യൂട്ടോണിക് നൈറ്റ്സ് ഓഫ് സെന്റ് മേരീസ് ഹോസ്പിറ്റല്‍ ഒഫ് ജറൂസലേം (Teutonic Knights of St.Mary's Hospital of Jerusalem) എന്നുമുള്ള പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. 'ട്യൂട്ടോണിക്' എന്ന പദം 'ജര്‍മനിയിലെ ആളുകള്‍' എന്ന അര്‍ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. 'സേവന -ശുശ്രൂഷാ- സാഹോദര്യ സമിതി'യെന്ന നിലയില്‍ ജര്‍മനിയിലെ കുരിശുയുദ്ധക്കാര്‍ സമാരംഭിച്ച ഈ സംഘടന പിന്നീട് ജര്‍മന്‍ പ്രഭു വര്‍ഗത്തിന്റെ മതാധിഷ്ഠിതമായ സൈനിക സംഘടനയായി മാറി. ഇവര്‍ കുരിശുയുദ്ധങ്ങളിലേര്‍പ്പെടുകയും മധ്യ യൂറോപ്പിലേയും പൂര്‍വ യൂറോപ്പിലേയും ചില പ്രദേശങ്ങള്‍ കീഴടക്കി ഭരണം നടത്തുകയും ചെയ്തു. പ്രഷ്യ, പോളണ്ട്, ബാള്‍ട്ടിക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 13- ഉം, 14- ഉം ശ. -ങ്ങളില്‍ ഇക്കൂട്ടര്‍ ഭരണം നടത്തി. ഇവരുടെ ഭരണത്തില്‍ പ്രഷ്യ ഒരു നാവിക-വാണിജ്യ ശക്തിയായി വളര്‍ന്നു. പോളണ്ടുമായുണ്ടായ ദീര്‍ഘകാലയുദ്ധത്തില്‍, 15-ാം ശ. -ത്തിന്റെ മധ്യത്തോടെ, ഇവര്‍ പരാജിതരായി.

മൂന്നാം കുരിശുയുദ്ധക്കാര്‍ പലസ്തീനിലെ ആക്കറില്‍ (Acre) ആധിപത്യം സ്ഥാപിച്ച ഘട്ടത്തില്‍ (1189-91) രോഗികളാകുന്നവരെ സഹായിക്കുവാനായി 1190-ല്‍ ആരംഭിച്ച 'ആതുര ശുശ്രൂഷാ കേന്ദ്ര'മാണ് ഇതിന്റെ തുടക്കം. ജര്‍മനിയിലെ ബ്രമന്‍ (Bremen) ലുബെക് (Lubeck) എന്നിവിടങ്ങളിലുള്ളവരാണ് ഈ കേന്ദ്രം തുടങ്ങുന്നതിനു നേതൃത്വം നല്‍കിയത്. ഇത് ജറുസലേമിലെ സെന്റ് മേരിയുടെ ജര്‍മന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നു. രോഗികളെ പരിചരിക്കുന്നതിനും സഭയെ സംരക്ഷിക്കുന്നതിനും അവിശ്വാസികള്‍ക്കെതിരെ പടപൊരുതുന്നതിനും ഇതിലെ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. കറുത്ത കുരിശടയാളമുള്ള വെളുത്ത മേലങ്കിയായിരുന്നു ഇവരുടെ അടയാളവസ്ത്രം. ഒരു സാഹോദര്യ സമിതിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്ന ഇവര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ പ്രഭുക്കളുടെ ഒരു ഗണമായി 1198-ഓടെ മാറുകയുണ്ടായി. ഹെന്റി VI (1165-97; ജര്‍മന്‍ ചക്രവര്‍ത്തി) നേതൃത്വം നല്‍കിയ കുരിശു യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന ജര്‍മന്‍കാരാണ് 1198-ല്‍ ഇതിനെ പ്രഭുത്വ പദവിയിലുള്ള ഒരു സൈനിക ഗണമാക്കി മാറ്റിയത്. ജര്‍മന്‍കാര്‍ക്കു മാത്രമേ ഇതില്‍ അംഗത്വം അനുവദിച്ചിരുന്നുള്ളൂ. ഇതിന്റെ ആസ്ഥാനം 1291 വരെ ആക്കറില്‍ തന്നെയായിരുന്നു. പിന്നീട് കുറച്ചുകാലം ആസ്ഥാനം വെനിസ് ആയി. 1309 മുതല്‍ പ്രഷ്യയിലെ മാരിയന്‍ബര്‍ഗായി (Marienburg) ആസ്ഥാനം.

13-ാംശ. -ത്തിന്റെ തുടക്കത്തില്‍ ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ പ്രഷ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹെര്‍മന്‍ വൊണ്‍ സാല്‍സ (Hermann von Salza) ഇവരുടെ മുഖ്യ മേധാവി(ഗ്രാന്‍ഡ് മാസ്റ്റര്‍)ആയെത്തി. ഹംഗറിയിലെ രാജാവ് ആന്‍ഡ്രൂ രണ്ടാമനുവേണ്ടി ഇവര്‍ 1211 -ല്‍ ട്രാന്‍സില്‍വേനിയയില്‍ കുമാണുകള്‍ (Cumans)ക്കെതിരെ പോരാടി. പ്രഷ്യയിലെ അവിശ്വാസികളായ സ്ലാവുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍, 1229-ല്‍, പോളണ്ടിലെ ഡ്യൂക്ക് ഇവരുടെ സഹായം സ്വീകരിച്ചു. ആക്രമിച്ചു കീഴടക്കുന്ന ഭൂപ്രദേശത്തിന്റെ കൈകാര്യകര്‍തൃത്ത്വം ഡ്യൂക്ക് ഇവര്‍ക്കു നല്‍കി. തങ്ങള്‍ കയ്യടക്കിയ പ്രദേശങ്ങളെ പോപ്പിന്റെ ഉടമസ്ഥതയിലുള്ള (fief) തായി പ്രഖ്യാപിച്ചുകൊണ്ട് (1234) ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ അവിടെ ഭരണം നടത്തി. ബാള്‍ട്ടിക് പ്രദേശത്ത് കുരിശുയുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന മറ്റൊരു വിഭാഗമായ ലിവോണിയന്‍ പ്രഭുക്കള്‍ 1237-ല്‍ ട്യൂട്ടോണിക് പ്രഭുക്കള്‍ക്കൊപ്പം ചേര്‍ന്നതോടെ ഇവരുടെ ശക്തി പൂര്‍വാധികം വര്‍ധിച്ചു. അടുത്ത നൂറു വര്‍ഷക്കാലം ബാള്‍ട്ടിക് പ്രദേശത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഇവരുടെ അധീനതയിലായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിലേക്ക് ഇവര്‍ ജര്‍മനിയില്‍ നിന്ന് കര്‍ഷകരേയും കച്ചവടക്കാരേയും കൊണ്ടുവന്ന് താമസിപ്പിച്ചു. 1300-ഓടെ ഇവരുടെ പ്രതാപം ഏറെ വര്‍ധിച്ചു. ഇത് പോളണ്ടിനെയും ലിത്വാനിയയെയും അസ്വസ്ഥമാക്കി. 1386-ല്‍ ലിത്വാനിയയും പോളണ്ടും സംഘടിതശക്തിയായത് ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ക്ക് തിരിച്ചടിയായി. ഈ സഖ്യം ട്യൂട്ടോണിക് പ്രഭുക്കളെ 1410-ല്‍ ടാനന്‍ബര്‍ഗ് യുദ്ധത്തില്‍ തോല്‍പ്പിച്ചു. പ്രഭുക്കന്മാരുടെ രാഷ്ട്രീയ മേല്‍ക്കോയ്മ ഇതോടെ തകരുവാന്‍ തുടങ്ങി. 1466 ആയപ്പോഴേക്കും ട്യൂട്ടോണിക് പ്രഭുക്കളുടെ കൈവശമുണ്ടായിരുന്ന പ്രഷ്യയുടെ പല ഭാഗങ്ങളും പോളണ്ടിന്റെ കീഴിലായി. പോളണ്ടിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊണ്ട് പ്രഭുക്കള്‍ പ്രഷ്യയിലെ ഇതര ഭാഗങ്ങളില്‍ ഭരണം തുടര്‍ന്നു. പ്രഭുക്കളുടെ നേതാവായ ആല്‍ബര്‍ട്ട്, 1525 -ല്‍ തങ്ങളുടേത് ഒരു മതനിരപേക്ഷ പ്രദേശമാണെന്നു പ്രഖ്യാപിച്ചത് ട്യൂട്ടോണിക് പ്രഭുക്കളുടെ ഭരണത്തിന് അന്ത്യം കുറിച്ചു. ഇതോടെ, ഇവരോടൊപ്പമുണ്ടായിരുന്ന ലിവോണിയന്‍ പ്രഭുക്കള്‍ വേര്‍പെട്ടുപോവുകയും ചെയ്തു. അവശേഷിച്ച ട്യൂട്ടോണിക് പ്രഭുക്കന്മാര്‍ 1809 വരെ ജര്‍മനിയില്‍ ചില പ്രദേശങ്ങള്‍ തങ്ങളുടേതായി നിലനിറുത്തിയിരുന്നു. ആസ്ട്രിയക്കെതിരായി യുദ്ധം ചെയ്യവേ നെപ്പോളിയന്‍, 1809-ല്‍ ട്യൂട്ടോണിക് പ്രഭുക്കളുടെ സംഘടന പിരിച്ചു വിട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍