This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യുപിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യുപിയന്‍

Tupian

ട്യുപിയന്‍ ഭാഷ സംസാരിക്കുന്ന തെക്കേ അമേരിക്കന്‍ ഇന്ത്യരായ ഒരു ആദിമ ജനവിഭാഗം. ആമസോണ്‍ നദിയുടെ തെക്കു ഭാഗങ്ങളാണ് ഇവരുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. ട്യുപിയന്‍ ഭാഷ ഉപയോഗിക്കുന്ന പുരാതന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ ആമസോണ്‍ നദീമുഖം തൊട്ട് റയോ ഡി ലാ പ്ളാറ്റ വരെയുള്ള തീരങ്ങളില്‍ കാണാന്‍ കഴിയുന്നു. ഇവരില്‍ ട്രോപ്പിക്കല്‍ മഴക്കാടുകളിലുള്ളവരും, നദീതീരവാസികളും, തീരദേശ നാവികരും ഉണ്ട്. പുനം കൃഷിക്കാരായ ഇവര്‍ മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, പയറിനങ്ങള്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ വലിയ ഇനം കട്ടമരങ്ങളുടെ സഹായത്തോടെ അമ്പും ഹാര്‍പ്പൂണുകളും മറ്റും ഉപയോഗിച്ച് മത്സ്യം, മറ്റു നദിജന്തുക്കള്‍ എന്നിവയെ പിടിക്കുകയും ആമകള്‍, ആമ മുട്ടകള്‍ എന്നിവ ശേഖരിക്കുകയും ചെയ്യുന്നു. മത്സ്യബന്ധനത്തിനായി അവര്‍ ഉപയോഗിച്ചിരുന്നത് സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിച്ച വിഷദ്രാവകങ്ങളാണ്. ട്യുപിയന്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകം മാതാപിതാക്കള്‍, വിവാഹിതരായ സന്തതികള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കൂട്ടുകുടുംബമായിരുന്നു. കാട്ടിലെ ഇലകളും മറ്റും കൊണ്ടുണ്ടാക്കിയതും പന്തല്‍പോലെ കെട്ടി ഉയര്‍ത്തിയതുമായ വലിയ പുരകളിലാണ് ഇവര്‍ താമസിക്കുന്നത്. ചില ട്യുപിയന്‍ വര്‍ഗക്കാര്‍ പിതൃദായക്രമം പിന്തുടരുന്നു. ഗ്രാമങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ സര്‍വസാധാരണമാണ്. മാത്രമല്ല, പോരാട്ടത്തില്‍ പിടിക്കപ്പെട്ടവരെ ഈ വര്‍ഗക്കാര്‍ നിര്‍ദാക്ഷിണ്യം കൊല്ലുകയും അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം കല്‍പിക്കുന്നവരാണ് ഇക്കൂട്ടര്‍.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍